നേപ്പാളിൽ മലയാളികളുടെ ജീവനെടുത്ത കാര്‍ബണ്‍ മോണോക്സൈഡ് ഇത്ര അപകടകാരിയോ?
നിറമോ മണമോ രുചിയോ ഇല്ലാത്ത വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. അതു കൊണ്ടു തന്നെ സാന്നിധ്യം തിരിച്ചറിയാന്‍ വിഷമവും. നിശ്ശബ്ദ കൊലയാളി എന്ന പേരില്‍ അറിയപ്പെടുന്ന വാതകമാണിത്.

നേപ്പാളിലെ മലമുകളില്‍ അതി കഠിനമായ തണുപ്പില്‍ ഹോട്ടല്‍ മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ട് മലയാളി കുടുംബങ്ങളിലെ മുഴുവന്‍പേരും പിടഞ്ഞുമരിച്ച വാര്‍ത്ത കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് കുടുംബങ്ങള്‍ ഒന്നിച്ച് കിടന്നുറങ്ങുകയായിരുന്നു. പഠനകാലത്ത് കോളജില്‍ ഒന്നിച്ചുപഠിച്ച സഹപാഠികള്‍ വിനോദസഞ്ചാരത്തിനായാണ് കുടുംബസമേതം നേപ്പാളിലെത്തിയിരുന്നത്. തിരുവനന്തപുരത്തെ കുടുംബത്തിലെ അച്ഛനും അമ്മയും മൂന്ന് കുഞ്ഞുങ്ങളും കോഴിക്കോട്ടെ കുടുംബത്തിലെ അച്ഛനും അമ്മയും ഒരു കുഞ്ഞും ഉള്‍പ്പെടെ 8 പേരാണ് മരിച്ചത്. തൊട്ടടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു കുട്ടി രക്ഷപ്പെട്ടുവെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.
ശ്വാസം കഴിക്കുമ്പോള്‍ ഓക്സിജനോടൊപ്പം ശരീരത്തിലെത്തുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലരുന്നതാണ് യഥാര്‍ത്ഥ അപകടകാരണം
മലമുകളില്‍ ജീവവായുവായ ഓക്സിജന്‍റെ സാന്ദ്രത കുറവായിരിക്കും. നേപ്പാളിലെ കാഠ്മണ്ഡു ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉയര്‍ന്ന പര്‍വ്വത മേഖലയാണ്. അതികഠിനമായ തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ ചൂട് കിട്ടാനായി ഹോട്ടല്‍മുറിയില്‍ ചുമരില്‍ ഘടിപ്പിച്ചിരുന്ന റൂം ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതിലൂടെ പുറത്തുവന്ന കാര്‍ബണ്‍ മോണോക്സൈഡാണ് എട്ടു ജീവനുകളെ ക്ഷണനേരം കൊണ്ട് ഇല്ലാതാക്കിയത്.

കാര്‍ബണ്‍ മോണോക്സൈഡ് വാതകം
നിറമോ മണമോ രുചിയോ ഇല്ലാത്ത വാതകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. അതുകൊണ്ടുതന്നെ സാന്നിധ്യം തിരിച്ചറിയാന്‍ വിഷമം. മൂലകങ്ങളായ കാര്‍ബണിന്‍റെയും ഓക്സിജന്‍റെയും സംയുക്തമാണ് കാര്‍ബണ്‍ മോണോക്സൈഡ്. ഇവ രണ്ടിന്‍റെയും ഓരോ ആറ്റങ്ങള്‍ ചേര്‍ന്നാണ് കാര്‍ബണ്‍ മോണോക്സൈഡിന്‍റെ ഒരു തന്മാത്രയുണ്ടാവുന്നത്. തന്മാത്രാവാക്യം – CO. തന്മാത്രാഭാരം 28.01 ഗ്രാം/മോള്‍. നിശ്ശബ്ദ കൊലയാളി എന്ന പേരില്‍ അറിയപ്പെടുന്ന വാതകമാണിത്.
സാധാരണഗതിയില്‍ ഇന്ധനങ്ങള്‍ വായുവില്‍ കത്തുമ്പോള്‍ പുറത്തുവരുന്ന വാതകം കാര്‍ബണ്‍ ഡയോക്സൈഡാണ്. എന്നാല്‍ പൂര്‍ണജ്വലനമല്ല നടക്കുന്നതെങ്കില്‍ പുറപ്പെടുവിക്കുന്നത് കാര്‍ബണ്‍ മോണോക്സൈഡ് ആയിരിക്കും. നമ്മുടെ ശ്വസനവായുവില്‍ അന്തരീക്ഷത്തിലടങ്ങിയ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ സാന്നിധ്യവും ഉണ്ടാകും.
അപകടമുണ്ടാകുന്നതെപ്പോള്‍
സാധാരണ അന്തരീക്ഷ വായുവില്‍ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ അളവ് ഏതാണ്ട് 10 പിപിഎം (part per million) ആയിരിക്കും. ആ അളവ് 35 പി.പി.എം (part per million) ല്‍ താഴെയെങ്കില്‍ അപകടകരമല്ല. എന്നാല്‍ അതിനേക്കാള്‍ കൂടുന്തോറും അപകടനിരക്കും വര്‍ധിക്കും. സാധാരണ അളവിലുള്ള വാതകം ദീര്‍ഘനേരം ശ്വസിക്കാനിടയായാല്‍ അത് അപകടകരമാകാം.
കാര്‍ബണ്‍ മോണോക്സൈഡിന്‍റെ അളവ് 350–400 ppm എത്തിയാല്‍ തലവേദനയും തുടര്‍ന്ന് തലകറക്കവും ഉണ്ടാകാം. ഈ സ്ഥിതി ഏതാനും മിനുട്ടുനേരം നീണ്ടുനിന്നാല്‍ പതിയെ തലകറക്കത്തിലേക്ക് എത്തിച്ചേരാം. 3,500 ppm എത്തിയാൽ അബോധാവസ്ഥയിലേക്ക് നീങ്ങാം. 12,500 ppm കടന്നാല്‍ മരണം വരെ സംഭവിക്കാം. ഇത്രയും അളവ് കാര്‍ബണ്‍ മോണോക്സൈഡ് അഞ്ച് മിനുട്ടെങ്കിലും വേണ്ടത്ര വായുസഞ്ചാരമില്ലാത്ത ഒരു മുറിയില്‍ കുടുങ്ങിക്കിടക്കുകയാണെങ്കില്‍ മരണം സംഭവിക്കുമെന്നുറപ്പ്.
ഇനി, ചെറിയ അളവിലാണെങ്കില്‍ പോലും അടച്ചിട്ട മുറിയില്‍ ദീര്‍ഘനേരം കഴിയുകയാണെങ്കില്‍ രക്തത്തില്‍ ഇതിന്‍റെ അളവ് ക്രമേണ വര്‍ധിച്ചുവന്ന് മരണത്തില്‍ കലാശിക്കാം.

ശരീരത്തില്‍ വരുത്തുന്ന മാറ്റം
ശ്വാസം കഴിക്കുമ്പോള്‍ ഓക്സിജനോടൊപ്പം ശരീരത്തിലെത്തുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലരുന്നതാണ് യഥാര്‍ത്ഥ അപകടകാരണം.
രക്തത്തിലെ ചുവന്ന രക്താണുക്കള്‍ (Red Blood vessels) കാര്‍ബണ്‍ മോണോക്സൈഡിനെ വേഗത്തില്‍ ആഗിരണം ചെയ്യുന്നു. ഓക്സിജന്‍ ആഗിരണം ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍. അതുകാരണം ശരീരത്തില്‍ ഓക്സിജന്‍റെ അളവ് ക്രമേണ കുറഞ്ഞുവരും. അതോടെ ശ്വാസം കഴിച്ചുകൊണ്ടിരിക്കെ അബോധാവസ്ഥയിലേക്ക് നീങ്ങും. കാരണം ജീവവായുവായ ഓക്സിജന്‍റെ അളവ് കുറഞ്ഞുവരികയും അപകടകാരിയായ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ അളവ് കൂടിവരികയും ചെയ്യും. പലപ്പോഴും ഉറക്കത്തിനിടയിലാണ് മരണം സംഭവിക്കുക. കുറഞ്ഞ അളവില്‍ ക്രമേണ ഇതിന്‍റെ സാന്നിധ്യം രക്തത്തില്‍ വര്‍ധിച്ചുവരികയാണ് ചെയ്യുക. ഇത് അപകടത്തിലേക്ക് നയിക്കും. അപകടത്തില്‍ പെട്ടയാളെ എത്രയും പെട്ടെന്ന് ശുദ്ധവായു ലഭ്യത കൂടിയ സ്ഥലത്തേക്ക് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്.

അപകടം എവിടെയൊക്കെ
ചൂളകള്‍, മണ്ണെണ്ണ ഹീറ്ററുകള്‍, ഗാരേജുകള്‍, ഗ്യാസ് അടുപ്പുകള്‍, പോര്‍ട്ടബിള്‍ ജനറേറ്ററുകള്‍, മരം കത്തിച്ചുള്ള പുക തുടങ്ങിയവയില്‍ നിന്നൊക്കെ കാര്‍ബണ്‍ മോണോക്സൈഡ് പുറത്തുവരാനുള്ള സാധ്യത കൂടുതലാണ്. വായുസഞ്ചാരമില്ലാത്ത ഇടങ്ങളില്‍വെച്ച് ഇവ പ്രവര്‍ത്തിക്കുമ്പോള്‍ അപകട സാധ്യത കൂടും.
ലക്ഷണങ്ങള്‍
തലവേദന, തലകറക്കം, ബലഹീനത, ഓക്കാനം, ഛര്‍ദ്ദി, നെഞ്ചുവേദന, ബോധക്ഷയം എന്നിവ ക്രമേണ ഉണ്ടാകുന്നു.

എന്തൊക്കെ മുന്‍കരുതലുകളെടുക്കാം
ഹോട്ടല്‍മുറികളിലും ഫ്ളാറ്റുകളിലും മറ്റും കാര്‍ബണ്‍ മോണോക്സൈഡ് അലാമുകള്‍ ഘടിപ്പിക്കണമെന്ന് ഇപ്പോള്‍ കര്‍ശനമായി നിഷ്കര്‍ഷിക്കാറുണ്ട്. ഹീറ്ററുകളില്‍ നടക്കുന്ന ജ്വലനം കൃത്യമായി ഉറപ്പുവരുത്തുകയും ക്വാളിറ്റിയുള്ള ഹീറ്ററുകളാണ് ഉപയോഗിക്കുന്നതെന്ന് നിഷ്കര്‍ഷിക്കുകയും വേണം.
മദ്യപിച്ചിരിക്കുന്ന അവസ്ഥയിലും ഉറങ്ങിക്കിടക്കുമ്പോഴാണ് പലപ്പോഴും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായതായി രേഖപ്പെടുത്തിയിരിക്കുന്നത്. വിനോദയാത്രയിലും മറ്റും ഏറെ ശ്രദ്ധ ഇക്കാര്യങ്ങളില്‍ ഉണ്ടാകണമെന്ന് ഈ അപകടം നമ്മെ ഓര്‍മിപ്പിക്കുന്നു.
Adjust Story Font
16

