Quantcast

പൗരത്വ നിഷേധത്തിലെ ഇസ്‍ലാമോഫോബിയ

മുസ്‍ലിമിനെപ്പറ്റി നിശബ്ദമായിക്കൊണ്ടാണ് പൗരത്വ ഭേദഗതി നിയമം വരുന്നത്. പൗരത്വപ്രശ്നത്തെ ആഴത്തില്‍ നിർണയിക്കുന്ന വ്യവഹാരമാണ് ഇസ്‍ലാമോഫോബിയ. അതിലേക്കു ചില സൂചനകള്‍ നല്‍കാനുള്ള ശ്രമമാണ് ഈ ലേഖനം

MediaOne Logo

  • Published:

    11 Feb 2020 12:45 PM GMT

പൗരത്വ നിഷേധത്തിലെ ഇസ്‍ലാമോഫോബിയ
X

പൗരത്വനിഷേധത്തിലെ ഇസ്‍ലാമോഫോബിയ ധാരാളം ചർച്ച ചെയ്യുന്ന സന്ദർഭമാണ് ഇത്. പൗരത്വപ്രശ്നത്തിന്റെ പ്രാഥമികവും പ്രത്യക്ഷവുമായ ലക്ഷ്യം മുസ്‍ലിംകൾ തന്നെയാണ്. പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഒരു വട്ടം വായിച്ചാല്‍ ഈ കാര്യം വ്യക്തമായി മനസ്സിലാവും. മുസ്‍ലിമിനെപ്പറ്റി നിശബ്ദമായിക്കൊണ്ടാണ് സി.എ.എ വരുന്നത്. പൗരത്വപ്രശ്നത്തെ ആഴത്തില്‍ നിർണയിക്കുന്ന വ്യവഹാരമാണ് ഇസ്‍ലാമോഫോബിയയെന്നാണ്‌ മനസ്സിലാവുന്നത്. അതിലേക്കു ചില സൂചനകള്‍ നല്‍കാനുള്ള ശ്രമമാണ് ഈ ലേഖനം.

എന്താണ് ഇസ്‍ലാമോഫോബിയ?

പൊതുവെ വംശീയതയുടെ നിര്‍വചനം തന്നെയാണ് ഇസ്‍ലാമോഫോബിയക്കും നല്‍കാറുള്ളത്. പ്രസ്തുത വീക്ഷണപ്രകാരം വംശീയതയാണ് വംശത്തെ നിർമ്മിക്കുന്നത്. അതായത്, കറുത്തവർ, വെളുത്തവർ, തവിട്ടുനിറക്കാര്‍ അടക്കമുള്ള വംശീയ വിഭാഗങ്ങൾ സ്വാഭാവികമായി ഉണ്ടാവുന്നതല്ല. വംശീയവൽക്കരണ പ്രക്രിയയുടെ പ്രതിഫലനമായിട്ടാണ് കറുത്തവർ, വെളുത്തവർ, തവിട്ട്നിറമുള്ളവർ തുടങ്ങിയ വേര്‍ത്തിരിവുകള്‍ ഉണ്ടാവുന്നത്. പുതിയ രാഷ്ട്രീയ വിഷയി തന്നെയാണ് വംശീയവല്‍കരണ പ്രക്രിയയുടെ ഭാഗമായി സാധ്യമാകുന്നത്.

"നുഴഞ്ഞുകയറ്റക്കാർ", "അഭയാര്‍ഥികള്‍" അടക്കമുള്ള പുതിയ വിളിപ്പേരുകൾ മുസ്‍ലിം രാഷ്ട്രീയ വ്യവഹാരങ്ങളെ നിരന്തരം വേട്ടയാടുന്നു. നേരത്തെ ശീത യുദ്ധാനന്തരം വികസിച്ചതും ഇന്ത്യന്‍ മതേതര ദേശീയ വ്യവഹാരങ്ങളില്‍ പ്രബലമായതുമായ "തീവ്രവാദി", "മൗലികവാദി","ഭീകരവാദി", "വര്‍ഗീയവാദി" തുടങ്ങിയ പ്രയോഗങ്ങളുടെ തുടർച്ചയിലാണ് ഇതിനെയും കാണേണ്ടത്.

ഇതേ രീതിയിൽ, മുസ്‍ലിംകളെ സവിശേഷമായി നിര്‍വചിച്ചും അങ്ങിനെ പൗരത്വം നിഷേധിച്ചും രാഷ്ട്രരഹിതരാക്കാനുള്ള നിയമം പുതിയ തരത്തിലുള്ള ഒരു മുസ്‍ലിം രാഷ്ട്രീയവിഷയിയെ നിർമിച്ചെടുക്കാനുള്ള ശ്രമമാണ്. അതാണ്‌ പൗരത്വനിഷേധത്തിലെ ഇസ്‍ലാമോഫോബിയ. അതുതന്നെയാണ് ആർ.എസ്.എസ് തീരുമാനിക്കുന്ന സംഘ്പരിവാർ ഭരണകൂടം ചെയ്യുന്നത്. അതിനു വേണ്ടി ദേശീയതയെയും രാഷ്ട്രീയത്തെയും ഭരണഘടനയെയും നിയമത്തെയും ദേശരാഷ്ട്രത്തെയും അവര്‍ പുനര്‍നിര്‍വചിക്കുന്നു. അതുവഴി സ്വതന്ത്ര രാഷ്ട്രീയ കർതൃത്വമുള്ള മുസ്‍ലിം രാഷ്ട്രീയവിഷയിയുടെ രൂപീകരണത്തെ തടയാൻ സാധിക്കുന്നു. മുസ്‍ലിം ന്യൂനപക്ഷ സമുദായരാഷ്ട്രീയത്തിനു സാധ്യമായ നിയമപരമായ ചട്ടക്കൂടും രാഷ്ട്രീയമായ ഇടവും അതുവഴി അവകാശരാഹിത്യവും സാധ്യമാക്കുന്ന നടപടി എന്ന നിലയിലാണ് പൗരത്വനിഷേധം ഇസ്‍ലാമോഫോബിയയുടെ ഭാഗമാകുന്നത്. ദേശ രാഷ്ട്രത്തിനകത്ത് സാമൂഹിക കരാറുകളുടെ ഭാഗമായി സ്വയം നിർണയാവകാശമുള്ള പൗരനാവുള്ള മുസ്‍ലിമിന്റെ പോരാട്ടത്തെയാണ് ഇസ്‍ലാമോഫോബിയ തടസ്സപ്പെടുത്തുന്നത്. മുസ്‍ലിം സ്വയം നിർണയവകാശത്തെ തടയാനും നിയന്ത്രിക്കാനും പോലീസ് ചെയ്യാനുമാണ് ഇസ്‍ലാമോഫോബിയ എന്ന ഭരണമനോഭാവം വികസികുന്നത്. പൗരത്വനിഷേധത്തിന്റെ സാഹചര്യത്തിൽ ഇതാണ് ഇസ്‍ലാമോഫോബിയയെ രാഷ്ട്രീയമായി പ്രശ്നഭരിതമാക്കുന്നത്.

ഇസ്‍ലാമോഫോബിയയിലെ ഇസ്‍ലാം

പൗരത്വ നിഷേധത്തിന്റെ പൊതുസാഹചര്യത്തില്‍ രണ്ടു രീതിയിലാണ് ഇസ്‍ലാമോഫോബിയ ചര്‍ച്ച ചെയ്യപ്പെട്ടത്. ആദ്യത്തേത് ആ പദം ഉപയോഗിക്കുന്നവര്‍ ഉന്നയിച്ച ചില വാദങ്ങള്‍ ആണ്. രണ്ടാമത്തേത് അതിനെക്കുറിച്ചുള്ള ഒരു സംവാദവുമാണ്.

ഒന്ന്) ഇസ്‍ലാമോഫോബിയ നിർമ്മിച്ച ഇസ്‍ലാമിനെപ്പറ്റിയുള്ള കാഴ്ചപ്പാടും അതിന്റെ പ്രതിരോധമായി മുസ്‍ലിംകൾ നിർമ്മിക്കുന്ന ഇസ്‍ലാമിനെപ്പറ്റിയുള്ള സാമൂഹിക/രാഷ്ട്രീയ കാഴ്ചപ്പാടും രണ്ടു വ്യത്യസ്ത പ്രശ്നങ്ങളായി കാണേണ്ടതുണ്ട്. ഇസ്‍ലാമിനെക്കുറിച്ച് മുസ്‍ലിംകൾ നിർമ്മിക്കുന്ന ധാരണകളും ഇസ്‍ലാമോഫോബിയ നിർമ്മിക്കുന്ന ധാരണകളും തമ്മിൽ കൂട്ടിക്കുഴക്കുമ്പോള്‍ പലപ്പോഴും ഇവ രണ്ടും തമ്മിലുള്ള പ്രവർത്തനമണ്ഡലങ്ങളെ വ്യതിരിക്തമായി കാണാൻ കഴിയാറില്ല. പൗരത്വനിഷേധത്തിൽ അടങ്ങിയ ഇസ്‍ലാമോഫോബിയ ആ അർഥത്തിൽ സവിശേഷമായി വിശകലനം ചെയ്യേണ്ടതാണ് എന്നാണ് മനസ്സിലാവുന്നത്. അതായത്, പൗരത്വപ്രശ്നം ഇന്ത്യൻ ദേശീയതയുടെയും രാഷ്ട്രീയഘടനയുടെയും പ്രശ്നവും പ്രതിസന്ധിയുമാണ്. അതിനു പ്രാഥമികമായും ഇന്ത്യയിലെ മുസ്‍ലിംകളുടെ രാഷ്ട്രീയ ഇടപെടലിന്റെ പ്രത്യേകത എന്നതിനേക്കാൾ ആർ.എസ്.എസിന്റെ വംശീയ ഉന്മൂലന അജണ്ടയുമായാണ് ബന്ധമുള്ളത്.

ഇസ്‍ലാമോഫോബിയ എന്നുള്ളത് നേരത്തെ സൂചിപ്പിച്ചത് പോലെ മുസ്‍ലിംകളെത്തന്നെ പുതിയ രീതിയിൽ നിർമ്മിക്കുകയാണ് ചെയ്യുന്നത്.

ചുരുക്കത്തിൽ മുസ്‍ലിം എന്ന സൂചകത്തെ സവിശേഷമായി പ്രതിനിധാനം ചെയ്യുന്ന അധികാരത്തിന്റെ ഇടപാടുകളുടെ പ്രശ്നമേഖലയാണ് ഇസ്‍ലാമോഫോബിയ. ഇതാവട്ടെ പൗരത്വനിഷേധത്തിന്റെ ഭാഗമായി രൂക്ഷമാകുന്നു. "നുഴഞ്ഞുകയറ്റക്കാർ", "അഭയാര്‍ഥികള്‍" അടക്കമുള്ള പുതിയ വിളിപ്പേരുകൾ മുസ്‍ലിം രാഷ്ട്രീയ വ്യവഹാരങ്ങളെ നിരന്തരം വേട്ടയാടുന്നു. നേരത്തെ ശീത യുദ്ധാനന്തരം വികസിച്ചതും ഇന്ത്യന്‍ മതേതര ദേശീയ വ്യവഹാരങ്ങളില്‍ പ്രബലമായതുമായ "തീവ്രവാദി", "മൌലികവാദി","ഭീകരവാദി", "വര്‍ഗീയവാദി" തുടങ്ങിയ പ്രയോഗങ്ങളുടെ തുടർച്ചയിലാണ് ഇതിനെയും കാണേണ്ടത്.

മുസ്‍ലിമിന്റെ മേലെ വംശീയവല്കരിച്ചുകൊണ്ട് പൌരത്വനിഷേധം നടത്തുന്നു. അതോടെ വ്യക്തിയായും പ്രസ്ഥാനമായും സമുദായമായും മുസ്‍ലിംകള്‍ തുല്യപൗരത്വത്തിനായി ഭരണകൂടത്തോടു വാദിക്കുന്നു. അതോടുകൂടി അവർ ഒരു പ്രത്യേക തരത്തിലുള്ള വംശീയ ആക്രമണങ്ങൾക്ക് വീണ്ടും വിധേയമാകുന്നു. പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നു. ഈ പ്രക്രിയ സൂക്ഷിച്ചു പരിശോധിക്കേണ്ടതുണ്ട്.

രണ്ട്) പൗരത്വപ്രശ്നത്തെ മതവൽകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇസ്‍ലാമോഫോബിയ എന്ന വാക്കുപയോഗിക്കുന്നതെന്നാണ് ആക്ഷേപം.

നിരവധി വംശങ്ങൾ, ജാതികൾ, ലിംഗവിഭാഗങ്ങൾ തുടങ്ങിയ പല തരത്തിലുള്ള സ്വത്വവൈവിധ്യമുള്ള ഒരു സമൂഹമാണ് മുസ്‍ലിംകൾ. അതിനാല്‍ വംശീയവിവേചനത്തിന്റെ പരിധിയിൽ ഇസ്‍ലാമോഫോബിയ പെടില്ല. കാരണം വംശീയ വിവേചനം എന്നുപറയുന്നത് വംശീയമായ ചില പൊതു പ്രത്യേകതയുള്ള വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നടക്കാറുള്ളത്.

പക്ഷേ, ഈ കാഴ്ചപ്പാട് അടിസ്ഥാനപരമായിട്ട് വംശീയതയെപ്പറ്റിയും വംശത്തെപ്പറ്റിയും വംശീയവൽകരണത്തെപ്പറ്റിയും മാത്രമല്ല ഇസ്‍ലാമോഫോബിയയെക്കുറിച്ചുമുള്ള തെറ്റിദ്ധാരണയിൽ നിന്നാണ് ഉണ്ടാവുന്നത്. ശരിയാണ്, മുസ്‌ലിംകൾ ഒരിക്കലും ഒരു മുന്‍‌കൂര്‍ നിര്‍ണയിക്കപ്പെട്ട വംശം അല്ല. മാത്രമല്ല അങ്ങിനെ സ്വാഭാവികമായ വംശം ലോകത്ത് ഒരിടത്തും നിലനില്‍ക്കുന്നുമില്ല. പക്ഷേ, മുസ്‌ലിംകൾ വംശീയവൽക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. വംശീയവൽക്കരണമാണ് മുസ്‍ലിംകളെ വംശീയതയുടെ ലക്ഷ്യവും ഇരകളും ആക്കി മാറ്റുന്നത്. പൗരത്വനിഷേധം എന്നത് മുസ്‍ലിം എന്നു കരുതുന്ന വിഭാഗങ്ങളെ ലക്ഷ്യമിട്ടാണല്ലോ വരുന്നത്. അതു മുസ്‍ലിമിന്റെ വ്യത്യാസങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതുവഴി അത് മുസ്‍ലിംകളെ ഒറ്റതിരിച്ചു ലക്ഷ്യം വെക്കുകയും അവരെ മാറ്റിനിറുത്തി വംശീയവല്കരിക്കുകയുമാണ് ചെയ്യുന്നത്.

ഇവിടെ സംഭവിക്കുന്നതെന്താണ്? മുസ്‍ലിമിന്റെ മേലെ വംശീയവല്കരിച്ചുകൊണ്ട് പൌരത്വനിഷേധം നടത്തുന്നു. അതോടെ വ്യക്തിയായും പ്രസ്ഥാനമായും സമുദായമായും മുസ്‍ലിംകള്‍ തുല്യപൗരത്വത്തിനായി ഭരണകൂടത്തോടു വാദിക്കുന്നു. അതോടുകൂടി അവർ ഒരു പ്രത്യേക തരത്തിലുള്ള വംശീയ ആക്രമണങ്ങൾക്ക് വീണ്ടും വിധേയമാകുന്നു. പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നു. ഈ പ്രക്രിയ സൂക്ഷിച്ചു പരിശോധിക്കേണ്ടതുണ്ട്. സാമൂഹികമായ ഇടങ്ങളിൽ, ദേശീയ സമൂഹങ്ങളിൽ, വംശീയമായ രീതിയിൽ മുസ്‍ലിമിനെ ചിത്രീകരിക്കുന്നു. മുസ്‍ലിമിനെക്കുറിച്ച് വ്യത്യസ്ത രീതിയിലുള്ള പൊതുവ്യവഹാരം വികസിക്കുന്നു. അതിന്റെ ഭാഗമായി ശാരീരികമായ കൈയേറ്റങ്ങള്‍ നടക്കുന്നു, ഭരണകൂട വേട്ട അരങ്ങേറുന്നു.

വേറൊരു രീതിയില്‍ പറഞ്ഞാല്‍ അധികാരമുള്ളവരുടെ കാഴ്ച്ചയുടെ ഭാഗമാണ് മുസ്‌ലിം. അധികാരം എന്നത് നോക്കുന്ന ആളുടെ കാഴ്ചയാണ്. മുസ്‍ലിമിനെ വംശീയമായി നോക്കുന്ന ആളാണ് അക്രമി. അയാളുടെ നോട്ടത്തിന്റെ ഭാഗമായി ചില കാര്യങ്ങൾ/നിഗമനങ്ങൾ മുസ്‍ലികളില്‍ ആരോപിക്കുന്നു. അതിനായി മുസ്‍ലിം എന്ന് കരുതുന്നവരുടെ മേലെ ബലം പ്രയോഗിക്കുന്നു. നോക്കുന്ന ആളുടെ മുസ്‍ലിമിനു മേലെയുള്ള കാഴ്ചയാണ് ഇസ്‍ലാമോഫോബിയ.

നോക്കുന്ന ആൾ എങ്ങനെയാണ് ആ നോട്ടത്തിനു കീഴെ വരുന്ന മുസ്‍ലിമുമായുള്ള അധികാരബന്ധത്തിന്റെ വ്യാകരണം നിര്‍മിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. അതല്ലാതെ നോട്ടത്തിനു വിധേയമാവുന്ന മുസ്‍ലിമിന്റെ ജീവിതത്തിൽ അവര്‍ എന്താണോ എന്നതല്ല പ്രശ്നം. വംശീയ നോട്ടത്തിന്റെയും പ്രയോഗങ്ങളുടെയും, കൈയേറ്റങ്ങളുടെയും ഇടമായി മുസ്‍ലിം കർത്തൃത്വം മാറുന്നതിനെ ഇസ്‍ലാമോഫോബിയ എന്ന് വിളിക്കാം.

മുസ്‍ലിംകൾക്കിടയിലുള്ള സാമൂഹികമായ വൈവിധ്യങ്ങൾ, മതപരവും രാഷ്ട്രീയവുമായ അഭിപ്രായ വ്യത്യാസങ്ങൾ, പ്രദേശപരവും സാമൂഹികപരവും രാഷ്ട്രീയവുമായ വൈജാത്യങ്ങൾ ഇവയുടെ സത്യം ഒരസാധ്യതയാണ്. എന്നാൽ അതിന്റെ നിര്‍ണയനം രാഷ്ട്രീയമായ ഒരു പ്രശ്നമാണ്. വംശീയമായ നോട്ടത്തിലൂടെയും പ്രയോഗത്തിലൂടെയും അധികാരപ്രക്രിയകളിലൂടെയും എങ്ങനെയാണ് ഒരു പ്രത്യേക തരത്തിൽ മുസ്‍ലിം എന്ന സൂചകം നിർമ്മിക്കപ്പെടുകയും നിർണയിക്കപ്പെടുകയും ചെയ്യുന്നതെന്നാണ് ഇസ്‌ലാമോഫോബിയയുടെ പ്രശ്നമണ്ഡലം.

വാക്കുകൾക്ക് യഥാർഥമായ അർഥമല്ല, രാഷ്ട്രീയമായും സാമൂഹികമായും ഉള്ള ഉപയോഗത്തിന്റെ ഭാഗമായി നിർമിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്തതാണ് എന്നുള്ള തിരിച്ചറിവ് വളരെ പ്രധാനമാണ്. അത് വാക്കുകളുടെ തന്നെ രാഷ്ട്രീയമായ ഒരു പ്രത്യേകതയാണ്.

പൗരത്വനിഷേധത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇസ്‌ലാമോഫോബിയയുടെ പ്രശ്നമണ്ഡലം അന്വേഷിക്കുന്നത് മുസ്‍ലിം എന്നതിന്റെ യാഥാര്‍ഥ്യം അല്ല. മറിച്ച് മുസ്‍ലിം എന്നതിനെ നിർണ്ണയിക്കുന്ന രാഷ്ട്രീയ അധികാരത്തിന്റെ പ്രശ്നങ്ങളെയാണ് അന്വേഷിക്കുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്‍ലിംകളുടെ രാഷ്ട്രീയ സ്വയംനിർണയാവകാശത്തിൻറെ പ്രശ്നമണ്ഡലത്തിലാണ് ഇസ്‍ലാമോഫോബിയയെപ്പറ്റിയുള്ള ചർച്ചകൾ നിലകൊള്ളുന്നത്.

പൊതുസംവാദങ്ങളിലെ ഇസ്‍ലാമോഫോബിയ

ഇസ്‍ലാമോഫോബിയ എന്നതൊരു തന്ത്രപരമായ ജാർഗൺ ആണെന്നും അത് മുസ്‌ലിംകളെക്കുറിച്ചുള്ള രാഷ്ട്രീയവിമർശനങ്ങളിൽനിന്ന് ഒളിച്ചോടാനുള്ള ഒരു എളുപ്പമാർഗ്ഗം ആണെന്നും വിമര്‍ശനമുണ്ട്. ഏതു തരത്തിലുള്ള പുതിയ വാക്കും സാമൂഹികരാഷ്ട്രീയപ്രയോഗത്തിന്റെ ഭാഗമായും ചിന്താരാഷ്ട്രീയ പ്രയോഗങ്ങളുടെ ഭാഗമായും അവതരിപ്പിക്കുമ്പോൾ സ്വാഭാവികമായി വരുന്ന എതിർപ്പ് ഇസ്‍ലാമോഫോബിയ എന്ന പ്രയോഗത്തെപ്പറ്റിയുമുണ്ട്.

പൗരത്വപ്രശ്നത്തെ മുൻനിര്‍ത്തിയുള്ള സമരങ്ങളിലും ഈ വിമർശനം വന്നു. മുസ്‍ലിം കേന്ദ്രവാദം കൊണ്ടുവരാനുള്ള വഴിയായി പൗരത്വ പ്രക്ഷോഭകർ ഇസ്‍ലാമോഫോബിയയെ ഉപയോഗിക്കുകയാണെന്ന പരാതി ഉയർന്നു. അതിനാൽ തന്നെ ഇസ്‍ലാമോഫോബിയയെക്കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ഒഴിവാക്കാൻ പലയിടത്തും ശ്രമങ്ങൾ ഉണ്ടായി. " തേരേ നാം ഇസ്‍ലാമോഫോബിയ " എന്ന മുദ്രാവാക്യത്തെ ഏറെ പ്രശസ്തമാക്കിയ, ഡൽഹി സര്‍വകലാശാലയിലെ വിദ്യാർഥി നേതാവ്, റാനിയ സുലൈഖ ഒരിക്കൽ പറഞ്ഞതുപോലെ, പലരും പൊതു പ്രകടനങ്ങളിൽ ഇസ്‍ലാമോഫോബിയ എന്ന മുദ്രാവാക്യം സെൻസർ ചെയ്യാൻ ശ്രമിച്ചു. കേരളത്തിൽ ലിബറൽ/ഇടതുപക്ഷ/മതേതരപ്രക്ഷോഭങ്ങൾ ഇസ്‍ലാമോഫോബിയ എന്ന സംജ്ഞ ഒഴിവാക്കണമെന്നു ശഠിച്ചു.

റാനിയ സുലൈഖ, ഐശ റെന്ന

ഒരു പടി കൂടി കടന്നുകൊണ്ട് ഇസ്‍ലാമോഫോബിയ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് ചിലർ വാദിച്ചു. അതായത് ഇസ്‍ലാമിനെ ഭയക്കാൻ സ്വാഭാവികമായും ജനങ്ങൾക്ക് അവകാശമുണ്ട് എന്നും അതുപോലെതന്നെ മുസ്‍ലിംകളെപ്പറ്റിയുള്ള ഏതൊരു വിമർശനത്തിനെതിരെയും ഉന്നയിക്കാവുന്ന ഒരു പ്രതിരോധ ഉപകരണമായി ഇസ്‍ലാമോഫോബിയ മാറുന്നുവെന്നും ചര്‍ച്ച വന്നു. അതിനാൽ തന്നെ പൗരത്വപ്രക്ഷോഭത്തിന്റ ചർച്ചയില്‍ ഇസ്‍ലാമോഫോബിയ എന്ന പരികല്പന കടന്നുവരുന്നത് മുസ്‍ലിം രാഷ്ട്രീയം ഒളിച്ചുകടത്താനുള്ള കുറുക്കുവഴിയാണെന്നും ആരോപണമുയർന്നു. മാത്രമല്ല, ഇസ്‍ലാം എന്ന പദമുള്ള ഒരു സംജ്ഞ മതേതരസമരത്തെ പിറകോട്ടടിക്കുമെന്നും ഈ വാദക്കാര്‍ വിമര്‍ശിച്ചു. അതുപോലെത്തന്നെ രാഷ്ട്രീയശരിയുടെ പ്രശ്നമായി ഇസ്‍ലാമോഫോബിയ എന്ന പ്രയോഗം മാറുമെന്നും അത് അതുവഴി ഇസ്‍ലാമിനെപ്പറ്റി വിമർശനാത്മകമായ ചോദ്യങ്ങൾ ഇല്ലാതാവുന്നുവെന്നും പരാതിയുയര്‍ന്നു.

ഇസ്‍ലാമോഫോബിയ എന്ന പ്രയോഗത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കുമ്പോൾ, ആധുനിക രാഷ്ട്രീയത്തിൽ വികസിച്ചിട്ടുള്ള മറ്റുള്ള പല വാക്കുകളെയും പോലെ അതിനൊരു സാമൂഹിക നിർമിതിയുടെ സ്വഭാവമുണ്ട്. ഭാഷയും അധികാരവും തമ്മിലുള്ള ബന്ധം പറയുന്നത് വാക്കുകൾ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുകയല്ല; നിർമിക്കുകയാണ് എന്നാണ്. അർഥം നിരന്തരം മാറ്റിവെക്കുന്ന ഒരു പ്രക്രിയയാണ്. വാക്കിന്റെ സത്യം അല്ല അതിന്റെ രാഷ്ട്രീയമാണ് പ്രധാനം.

വംശീയത, ബ്രാഹ്മണിസം, സെക്സിസം, ആൻറി സെമിറ്റിസം, കാസ്റ്റിസം, ഹോമോഫോബിയ തുടങ്ങി വിവേചനത്തെ കുറിക്കുന്ന നിരവധി പദങ്ങൾ രാഷ്ട്രീയമായി നിർമ്മിക്കപ്പെട്ടതാണ്. അവ സ്വാഭാവികമായതോ തനതോ ആയുള്ളവയല്ല. ആ അർഥത്തിൽ നോക്കുമ്പോള്‍ സാമൂഹിക രാഷ്ട്രീയപ്രശ്നങ്ങളെ മനസ്സിലാക്കാൻ പുതിയ വാക്കുകള്‍ നിർമ്മിക്കുക എന്നതിൽ പ്രത്യേകിച്ച് കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ ജാർഗൺ ഒരു കുഴപ്പം പിടിച്ച കാര്യമല്ല. വാക്കുകൾക്ക് യഥാർഥമായ അർഥമല്ല, രാഷ്ട്രീയമായും സാമൂഹികമായും ഉള്ള ഉപയോഗത്തിന്റെ ഭാഗമായി നിർമിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്തതാണ് എന്നുള്ള തിരിച്ചറിവ് വളരെ പ്രധാനമാണ്. അത് വാക്കുകളുടെ തന്നെ രാഷ്ട്രീയമായ ഒരു പ്രത്യേകതയാണ്.

ഇസ്‍ലാമോഫോബിയ എന്ന വാക്ക് രാഷ്ട്രീയവും സാമൂഹികവുമായ ഒരു നിർമിതി എന്നുള്ള നിലയിൽ തന്നെ പ്രാധാന്യമുള്ളതാണ്. അതുപയോഗിക്കുന്ന മുസ്ലിംകള്‍ ആ വാക്കിനു നല്‍കുന്ന പ്രാധ്യാന്യം തന്നെയാണ് ആ വാക്കിനെ നിലനിറുത്തുന്നത്. അത് മുസ്ലിംകളുടെ വ്യത്യാസത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നിടത്തോളം കാലം രാഷ്ട്രീയപരമായി ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് മനസ്സിലാവുന്നത്.

പൗരത്വപ്രക്ഷോഭം അത്തരത്തിലുള്ള സൂചനകളെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇസ്‍ലാമോഫോബിയ എന്ന സംജ്ഞ വികസിപ്പിച്ചത്. അതിലൂടെ മുസ്‍ലിംകള്‍ അനുഭവിക്കുന്ന പൗരത്വനിഷേധത്തെ സവിശേഷമായി അഭിസംബോധന ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

വിവേചനവും വംശീയ ഉന്മൂലനവും

സമൂഹത്തിൽ നടക്കുന്ന എല്ലാ വിവേചനങ്ങളും ഇസ്‍ലാമോഫോബിയയാണെന്ന് പറയാൻ പറ്റില്ല എന്നതൊരു വസ്തുതയാണ്. കാരണം, എല്ലാ സന്ദര്‍ഭങ്ങളിലും മുസ്‍ലിംകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇസ്‍ലാമോഫോബിയ ആണെന്ന് പറയുകയാണെങ്കിൽ പിന്നെ പ്രസ്‍തുത വാക്കിന് പ്രത്യേകിച്ച് ഒരു അർത്ഥം ഉണ്ടാവില്ല. അതിനാല്‍ തന്നെ നേരത്തെ സൂചിപ്പിച്ചതുപോലെ മുസ്‍ലിംകളുടെ മേലെ നടക്കുന്ന അധികാരത്തിന്റെ ഇടപാടായി ഇസ്‍ലാമോഫോബിയയെ മനസ്സിലാക്കേണ്ടതുണ്ട്. മുസ്‍ലിംകളെ വംശീയമായി നിര്‍മിക്കുന്ന രീതികളെക്കുറിച്ചുള്ള അന്വേഷണമാണ് ഇസ്‍ലാമോഫോബിയ എന്ന വ്യവഹാരം സാധ്യമാക്കുന്നത്.

വംശീയത, ബ്രാഹ്മണിസം, സെക്സിസം, ആൻറി സെമിറ്റിസം, കാസ്റ്റിസം, ഹോമോഫോബിയ തുടങ്ങി വിവേചനത്തെ കുറിക്കുന്ന നിരവധി പദങ്ങൾ രാഷ്ട്രീയമായി നിർമ്മിക്കപ്പെട്ടതാണ്. അവ സ്വാഭാവികമായതോ തനതോ ആയുള്ളവയല്ല. ആ അർഥത്തിൽ നോക്കുമ്പോള്‍ സാമൂഹിക രാഷ്ട്രീയപ്രശ്നങ്ങളെ മനസ്സിലാക്കാൻ പുതിയ വാക്കുകള്‍ നിർമ്മിക്കുക എന്നതിൽ പ്രത്യേകിച്ച് കുഴപ്പമുണ്ടെന്നു തോന്നുന്നില്ല.

എന്നാൽ, പൗരത്വ നിഷേധം ഒരു കേവല വംശീയ വിവേചന പ്രശ്നമല്ല; അതൊരു വംശീയ ഉന്മൂലനപ്രശ്നമാണ്. ആർ.എസ്.എസ് നിർണയിക്കുന്ന നാസി സ്വഭാവമുള്ള സവര്‍ണാധിപത്യ ദേശരാഷ്ട്രത്തിന്റെ അജണ്ട വംശീയ ഉന്മൂലനമാണ്. അതിനാൽ തന്നെ ഇസ്‍ലാമോഫോബിയയെക്കുറിച്ചുള്ള ചര്‍ച്ച പൗരത്വനിഷേധത്തിന്റെ സാഹചര്യത്തിൽ വംശീയ ഉന്മൂലനത്തിന്റെ പ്രശ്നമായി മനസ്സിലാക്കേണ്ടതുണ്ട്. അതിനെ പല തരത്തിലുള്ള വിവേചന അജണ്ടയുടെ പ്രശ്നമാക്കി ചുരുക്കരുത്. ഇസ്‍ലാമോഫോബിയയുടെ മറ്റു വിവേചന ആവിഷ്ക്കാരങ്ങളിൽനിന്ന് പൗരത്വനിഷേധം വളരെ വ്യത്യസ്തമാവുന്നത് അതുകൊണ്ടാണ്. കാരണം പൌരത്വനിഷേധം മുസ്‍ലിം വിവേചനം മാത്രമല്ല; അത് മുസ്‍ലിം ഉന്മൂലനത്തിലേക്കുള്ള നിയമപരമായ ചുവടുവെപ്പുകൂടിയാണ്.

TAGS :

Next Story