Quantcast

പ്രതിപക്ഷനേതാവുദ്യോഗം അവശ്യസർവീസാണോ?

ഇ.എം.എസ് - പി.ടി ചാക്കോ, നായനാർ‌ - കരുണാകരൻ കാലമല്ലല്ലോ. ആകെ മാറിയല്ലോ. അത് ആദ്യം മനസിലാക്കേണ്ടത് രമേശ് ചെന്നിത്തലയാണ്

MediaOne Logo

  • Published:

    15 April 2020 12:34 PM IST

പ്രതിപക്ഷനേതാവുദ്യോഗം അവശ്യസർവീസാണോ?
X

കാര്യം ശരിയാണ്. പ്രതിപക്ഷനേതാവ് എന്ന പദവി ഭരണഘടനാദത്തമാണ്. കാബിനറ്റ് പദവിയാണ്. അങ്ങനെ നോക്കിയാൽ പാർലമെന്ററി സംവിധാനത്തിൽ പൊതുവേയും നമ്മൾ തുടർന്നുപോരുന്ന വെസ്റ്റ്മിനിസ്റ്റർ സമ്പ്രദായത്തിൽ വിശേഷിച്ചും ഒഴിച്ചുകൂടാനാകാത്തതാണ്. ഭരണവ്യവസ്ഥ അഥവാ നിമമസഭ എന്ന സംവിധാനം പൂർണമാകണമെങ്കിൽ പ്രതിപക്ഷനേതാവ് എന്ന പദവി വേണം. അതിൽ ആളുവേണം.

അതായത് വിമർശനം എന്നത് ഭരണസംവിധാനത്തിന്റെ സഹജമായ, വ്യവസ്ഥാപിതമായ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ ആദരണീയരായ മുഖ്യമന്ത്രിമാർ ഉള്ളപ്പോഴെല്ലാം ബഹുമാന്യരായ പ്രതിപക്ഷനേതാക്കളും ഉണ്ടായിരുന്നു.

അവരൊക്കയും ഗംഭീരമായ പ്രകടനം കാഴ്ചവെച്ചവരുമായിരുന്നു. അവരൊക്കെയും എന്നാൽ, പ്രതിപക്ഷനേതാക്കൾ മാത്രമല്ല. മുഖ്യമന്ത്രിമാരും. ഐക്യകേരളത്തിന്റെ ഭരണചരിത്രം ആരംഭിക്കുന്നതുതന്നെ അങ്ങനെയൊരു പ്രകടനത്തോടു കൂടിയാണല്ലോ.

അഞ്ച് സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടുകൂടി അത്യാവശ്യഭൂരിപക്ഷം കയ്യിലാക്കി കമ്മ്യൂണിസ്റ്റ് പാർട്ടി 1957 ഏപ്രിൽ അഞ്ചിന് മന്ത്രിസഭയുണ്ടാക്കുന്നു. പിൽക്കാലത്ത് ആചാര്യപദവിയിലേക്ക് ഉയർത്തപ്പെട്ട ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നു.

ഇ.എം.എസ്, പി.ടി ചാക്കോ

'കമ്മ്യൂണിസ്റ്റുകാരായ ഞങ്ങൾ, ഞങ്ങളുടെ പാർട്ടിയുടെ നയം നടപ്പാക്കാൻ ശ്രമിക്കുന്നില്ല; അധികാരത്തിൽ വന്നാൽ നടപ്പാക്കുമെന്ന് കോൺഗ്രസ്സ് പറഞ്ഞതും എന്നാൽ അധികാരം കിട്ടിയപ്പോഴൊന്നും നടപ്പാക്കാൻ ശ്രമിക്കാത്തതുമായ കോൺഗ്രസ്സിന്റെ നയങ്ങൾ നടപ്പിലാക്കാണ് ഞങ്ങൾ ശ്രമിക്കുക'

എന്നാണ് നമ്പൂതിപ്പാടിന്റെ ആദ്യ പ്രഖ്യാപനം പുറത്തുവന്നത്. അപ്പോൾതന്നെ വന്നു, പ്രതിപക്ഷ നേതാവായ പി.ടി ചാക്കോയുടെ മറുപടി: 'തിരുമേനിയുടെ പാർട്ടിയുടെ പരിപാടിയൊന്നും നടപ്പാക്കാനില്ലെങ്കിൽ രാജിവെച്ചു പോയ്‌ക്കോളൂ. ഞങ്ങളുടെ നയം ഞങ്ങൾ അധികാരത്തിൽ വന്നിട്ട് നടപ്പാക്കിക്കോളാം' - അങ്ങനെയാണ് അവർ തുടങ്ങിയത്.

ആ കാലം പ്രസിദ്ധമാണല്ലോ. സർക്കാറിന്റെ മുൻപിൻ നോട്ടമില്ലാത്ത നടപടികളും പ്രതിപക്ഷത്തുനിന്നുള്ള അതികഠിനമായ ചെറുത്തുനിൽപ്പുകളുമൊന്നും പരത്തിപ്പറയേണ്ടതില്ല. വിമോചനസമരത്തിന്റെ കാലം എന്ന് ചുരുക്കിപ്പറഞ്ഞാൽ മതി. കേരളം വിറകൊണ്ട ആ കാലത്തുപോലും, ലാത്തിച്ചാർജ്ജുകളും വെടിവെപ്പുകളും നിത്യസംഭവങ്ങളായിരുന്ന ആ നാളുകളിൽപോലും നിയമസഭ തടസ്സമൊന്നുമില്ലാതെ ക്രിയാത്മകമായിത്തന്നെ പ്രവർത്തിച്ചു എന്നതാണ് ആ നേതാക്കളുടെ സാന്നിധ്യംകൊണ്ടുണ്ടായ നേട്ടം. ദിനംപ്രതി വെടിവെപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ പോലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇറങ്ങിപ്പോക്കിന് അപ്പുറം പോയില്ല. അതുകൊണ്ടുതന്നെ നിയമനിർമാണം അടക്കം നിയമസഭയുടെ പ്രവർത്തനങ്ങൾ ഒന്നും തടസ്സപ്പെട്ടിരുന്നില്ല. സംസ്ഥാനം കലുഷിതമായിരുന്ന വിമോചനസമരത്തിന്റെ നാളുകളിൽ നമ്മുടെ നിയമസഭ എങ്ങനെ പ്രവർത്തിച്ചു എന്നറിയാൻ താൽപര്യമുള്ളവർക്ക് സഭാരേഖകൾ ലഭ്യമാണ്.

കെ. കരുണാകരനും ഇ.കെ നായനാരും

ഇ.എം.എസ്സിനു ശേഷം പിന്നെ ഇ.കെ നായനാരാണല്ലോ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രിയായി വന്നത്. ആദരണീയനായ നായനാർക്ക് ഒത്ത പ്രതിപക്ഷനേതാവായിരുന്നു കെ. കരുണാകരൻ. കൊണ്ടും കൊടുത്തും അവരങ്ങനെ ചരിത്രത്തിലേക്ക് കടന്നുകയറി. പലപ്പോഴും കസേര മാറിയുംമറിഞ്ഞും വന്നെങ്കിലും അവരുടെ പാരസ്പര്യത്തിന് മാറ്റമൊന്നും കണ്ടില്ല. നായനാർ മുഖ്യമന്ത്രിയായപ്പോൾ പ്രതിപക്ഷനേതാവായ കരുണാകരൻ അത്രപോരാ എന്ന് മുഖ്യമന്ത്രിക്ക് ഒരിക്കലും തോന്നിയിട്ടില്ല. കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ പ്രതിപക്ഷനേതാവായ നായനാർ വെറുമൊരു തമാശക്കാരനാണ് എന്ന് മുഖ്യമന്ത്രി കരുണാകരന് ഒരിക്കലും തോന്നിയിട്ടില്ല. രാഷ്ട്രീയത്തിലെ പരസ്പര ബഹുമാനത്തിന്റേയും പ്രതിപക്ഷബഹുമാനത്തിന്റേയും മകുടോദാഹരണമാണ് ഇ.കെ നായനാരും കെ. കരുണാകരനും തമ്മിലുള്ള ബന്ധം.

കാലംപോയി. ഇ.എം.എസ്സും പി.ടി ചാക്കോയും പോയതുപോലെ, ഇ.കെ നായനാരും കെ. കരുണാകരനും തിരശ്ശീലക്ക് പിന്നിൽ മറഞ്ഞു. പിന്നെ വി.എസ് അച്യുതാനന്ദനാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രിയായി വന്നത്. കാര്യങ്ങളിൽ ചില്ലറമാറ്റങ്ങൾ കണ്ടുതുടങ്ങി. പ്രധാനമാറ്റം, വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എതിർപക്ഷത്തുനിന്ന് പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല എന്നതാണ്. മുഖ്യമന്ത്രിയെ ക്രോസ്‌ചെക്ക് ചെയ്യാൻ സ്വന്തം പാർട്ടി തന്നെ വ്യവസ്ഥാപിതമായ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പാർട്ടി തന്നെയായിരുന്നു പ്രധാന പ്രതിപക്ഷം. നിയമസഭയിലെ പ്രതിപക്ഷനേതാവുമായി ഏറ്റുമുട്ടിയതിനേക്കാൾ പാർട്ടിക്കകത്തെ പ്രതിപക്ഷവുമായണല്ലോ അച്യുതാനന്ദൻ ഏറ്റുമുട്ടിയത്. അതിൽ ഏറെ പരിക്കുപറ്റിയതും അദ്ദേഹത്തിനുതന്നെ. എങ്കിൽതന്നെയും നിയമസഭയിലെ പ്രതിപക്ഷനേതാവിന് ആ പദവി അർഹിക്കുന്ന ബഹുമാനം അച്യുതാനന്ദൻ വകവെച്ചു കൊടുത്തിരുന്നു. തിരിച്ചും അങ്ങനെതന്നെ. ഉമ്മൻചണ്ടി മുഖ്യമന്ത്രിയും അച്യുതാന്ദൻ പ്രതിപക്ഷനേതാവുമായ കാലവും കേരളം കടന്നുപോയല്ലോ.

വി.എസ് അച്യുതാനന്ദനും ഉമ്മൻ ചാണ്ടിയും

അതൊന്നും ഇനി പറഞ്ഞിട്ടും കരഞ്ഞിട്ടും കാര്യമില്ല. കാലം പരിപൂർണമായി മാറിയിട്ടുണ്ട്. വാഷിങ്ടണ്ണിലായായും ദില്ലിയിലായാലും തിരുവനന്തപുരത്താണെങ്കിലും മാറ്റം മാറ്റംതന്നെയാണ്. മാറിക്കഴിഞ്ഞു എന്ന് മനസ്സിലാക്കേണ്ടത് റിസീവിങ്ങ് എൻഡിൽ നിൽക്കുന്നവരാണ്. തലയ്ക്ക് മുകളിൽ ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിക്കുന്ന സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തുകയും അതിൽ തെളിയുന്ന വെളിച്ചമനുസരിച്ച് ഗതാഗതം നിയന്ത്രിക്കപ്പെടുകയും ചെയ്യുമ്പോൾ പിരിച്ചുവിടപ്പെട്ട ട്രാഫിക് പോലീസുകാരൻ പഴയശീലത്തിന് ആ കവലയിൽപോയി നിൽക്കുന്നുണ്ടെങ്കിൽ അയാൾ അവഹേളിക്കപ്പെടും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. അങ്ങനെയൊരു കവലയിലാണ് കേരളത്തിന്റെ പ്രതിപക്ഷനേതാവ് നിൽക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് അദ്ദേഹത്തിന് ഇപ്പോഴെങ്കിലും തോന്നേണ്ടതാണ്.

പറഞ്ഞല്ലോ, പ്രതിപക്ഷനേതാവ് എന്ന പദവി ഭരണഘടനാദത്തമാണ്. അതേസമയം അത് ജനാധിപത്യ മര്യാദയുമായി ബന്ധപ്പെട്ടതുമാണ്. ഭരണഘടനയിൽ അങ്ങനെയൊരു വ്യവസ്ഥയുണ്ട്. എന്നുവെച്ച് പ്രതിപക്ഷ നേതാവിന്റെ പണി അവശ്യസർവീസാണോ? അല്ലെന്നാണ് മനസ്സിലാവുന്നത്, ചരിത്രത്തിലും വർത്തമാനത്തിലുമുള്ള തെളിവുകൾ പറയുന്നത് അല്ലെന്നാണ്.

ചരിത്രത്തിലേക്ക് നോക്കുമ്പോൾ, ആദ്യത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ത്യയുടെ പാർലമെന്റ് ചേർന്നപ്പോൾ നമുക്ക് പ്രതിപക്ഷനേതാവ് ഉണ്ടായിരുന്നില്ലല്ലോ. കോൺഗ്രസ്സിന് അതിഭയങ്കര ഭൂരിപക്ഷം കിട്ടി. ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയാവുകയും ചെയ്തു. എന്നാൽ കോൺഗ്രസ്സിനെ എതിർത്തു മത്സരിച്ച സോഷ്യലിസ്റ്റ് പാർട്ടിക്കോ കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ ഹിന്ദുമഹാസഭക്കോ ഗണനീയമായ അംഗങ്ങളെ പാർലിമെന്റിലേക്ക് അയക്കാൻ പറ്റിയില്ല. നിശ്ചിത ശതമാനം അംഗങ്ങളുടെ പിന്തുണയില്ലാത്തതിനാൽ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക പദവി ആർക്കും അനുവദിക്കാനാവില്ല എന്നായിരുന്നു പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻറേയും കോൺഗ്രസ്സ് പാർട്ടിയുടേയും നിലപാട്. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാർലിമൻറ്റി പാർട്ടി നേതാവായ എ.കെ.ജിക്ക് പ്രതിപക്ഷനേതാവിൻറെ പദവി ലഭിക്കാതെ പോയത്. 'പ്രതിപക്ഷ ഗ്രൂപ്പിൻറെ നേതാവ്' എന്ന് അറിയപ്പെടേണ്ടിവന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ മാത്രമല്ല തുടർന്നുവന്ന തെരഞ്ഞെടുപ്പിലും അതുതന്നെയാണ് സംഭവിച്ചത്.

ചരിത്രത്തിൽ കോൺഗ്രസ്സ് എ.കെ.ജിക്ക് കൊടുത്തതുതന്നെയാണ് ഇപ്പോൾ മോദിയിൽ നിന്ന് കോൺഗ്രസ്സിന് തിരിച്ചുകിട്ടിയത്. 50 അംഗങ്ങളുടെ പിന്തുണയില്ലാത്തതിനാൽ കോൺഗ്രസ്സിന് പ്രതിപക്ഷനേതാവിന്റെ പദവി കൊടുക്കാനാകില്ല എന്നാണല്ലോ മോദി സർക്കാറിൻറെ നിലപാട്. അതുകൊണ്ടാണല്ലോ അധീർ രഞ്ജൻ ചൗധരി കോൺഗ്രസ് കക്ഷിനേതാവ് മാത്രമായി ഗണിക്കപ്പെടുന്നത്. അതാണ് പറഞ്ഞത്, ഭരണഘടനയിൽ അങ്ങനെയാരു പദവിയുണ്ട് എന്നതുകൊണ്ടുമാത്രം പ്രതിപക്ഷനേതാവ് ഉണ്ടായിക്കൊള്ളണമെന്നില്ല. അത് ഭൂരിപക്ഷം കയ്യാളുന്നവരുടെ ഔചിത്യബോധവുമായിക്കൂടി ബന്ധപ്പെട്ട കാര്യമാണ്. പ്രതിപക്ഷനേതാവിന്റെ പദവി അവശ്യസർവീസല്ല എന്ന് ഭരിക്കുന്നവർക്ക് തോന്നിയാൽ, അല്ല. അത്രയേയഉള്ളൂ കാര്യം.

പറയുമ്പോൾ, കേരളത്തിലിപ്പോൾ അങ്ങനെയാരു അവസ്ഥയില്ല. പ്രതിപക്ഷനേതാവിന്റെ പദവി അംഗീകൃതമാണ്. കാബിനറ്റ് വിലയുണ്ട്. നിയമസഭ ചേരുമ്പോൾ പ്രതിപക്ഷനേതാവ് എഴുന്നേറ്റുനിന്നാൽ സംസാരിക്കാനുള്ള അവസരം സ്പീക്കർ ഒരുക്കിക്കൊടുക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷനേതാവ് അവിടെനിന്നങ്ങനെ പറഞ്ഞുകൊള്ളട്ടെയെന്നാണ് പിണറായി വിജയന്റെ നിലപാട് എങ്കിൽ കാര്യങ്ങൾ മാറിത്തുടങ്ങി എന്ന് രമേശ് ചെന്നിത്തല മനസ്സിലാക്കണം. ഔചിത്യം പാലിക്കണം. വിലകിട്ടാത്തിടത്ത് ഉണങ്ങാൻ കിടക്കരുത്. പതിയെ പിൻവാങ്ങണം.

എന്നുവെച്ച് കേരളത്തിനോ കേരളത്തിന്റെ ഭരണസംവിധാനത്തിനോ കുറവൊന്നും സംഭവിക്കാൻ പോകുന്നില്ല. ഇതിനുമുമ്പ് കേരളം കണ്ട കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരെപ്പോലെ കപട ജനാധിപത്യവാദിയല്ല പിണറായി വിജയൻ. ബൂർഷ്വാ ജനാധിപത്യത്തിൽ വിശ്വാസമുണ്ടെന്ന് ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യം ആ സഖാവിനില്ല. ലക്ഷണമൊത്ത മാർക്‌സിസ്റ്റ്- ലെനിനിസ്റ്റാണ് അദ്ദേഹം. ഒരു മാർക്‌സിസ്റ്റ് - ലെനിനിസ്റ്റിനെ സംബന്ധിച്ച് വിമർശനങ്ങളിൽ ഏറ്റവുംവലിയ വിമർശനം സ്വയം വിമർശനമാണ്. ബൂർഷ്വാ ജനാധിപത്യം മാത്രം ശീലിച്ച ഒരു സാമ്പ്രദായിക പ്രതിപക്ഷനേതാവിന്റെ വിമർശനം വിമർശനത്തിനുവേണ്ടിയുള്ള വിമർശനവും രാഷ്ട്രീയപ്രചാരവേലയും മാത്രമായിരിക്കും എന്ന പൂർണബോധ്യം പിണറായി വിജയനുണ്ട്. അതുകൊണ്ടുതന്നെ അതിനു ചെവികൊടുക്കുന്നതും മറുപടികൊടുക്കുന്നതും സമയനഷ്ടം മാത്രമേ വരുത്തിവെക്കൂ എന്ന് അദ്ദേഹത്തിന് അറിയാം. വാഴ നനക്കണം എന്ന് കർഷകനെ ഓർമിപ്പിക്കുന്നതുമുതൽ പ്രവാസികളെ തിരിച്ചുകൊണ്ടുവരണം എന്ന് പ്രധാനമന്ത്രിയെ ഓർമിപ്പിക്കുന്നതുവരെയുള്ള സകലമേഖലകളിലും സമഗ്രമായ കരുതലുള്ള ഒരാൾക്ക് അങ്ങനെ പാഴാക്കാൻ സമയമുണ്ടാവില്ല എന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു.

വിമർശനപടുവായ ഒരു പ്രതിപക്ഷനേതാവിനെ ശ്രദ്ധിക്കാൻ ഭരണനിപുണനായ ഒരു മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നുവരും. അങ്ങനെവരുമ്പോൾ ആ ജോലി മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലുമായിരിക്കും ചെയ്യുന്നത്. അത് ചിലപ്പോൾ പ്രതിപക്ഷനേതാവിന്റെ പദവിയ്ക്ക് ചേർന്ന തരത്തിലായില്ലെന്നും വരും. അതിനൊന്നും പതംപറഞ്ഞിട്ട് ഫലമില്ല. വിനാശകാലേ വിമർശനബുദ്ധി എന്നു കരുതിയാൽ മതി.

രമേശ് ചെന്നിത്തലയും പിണറായി വിജയനും

അതുകൊണ്ട് വിമർശനപടുവായ ഒരു പ്രതിപക്ഷനേതാവിനെ ശ്രദ്ധിക്കാൻ ഭരണനിപുണനായ ഒരു മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നുവരും. അങ്ങനെവരുമ്പോൾ ആ ജോലി മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലുമായിരിക്കും ചെയ്യുന്നത്. അത് ചിലപ്പോൾ പ്രതിപക്ഷനേതാവിന്റെ പദവിയ്ക്ക് ചേർന്ന തരത്തിലായില്ലെന്നും വരും. അതിനൊന്നും പതംപറഞ്ഞിട്ട് ഫലമില്ല. വിനാശകാലേ വിമർശനബുദ്ധി എന്നു കരുതിയാൽ മതി. ബൗദ്ധിക ബൗൺസർമാരുടെ അതിരൂക്ഷ പ്രതികരണദംശനം ഏൽക്കാതെ രക്ഷപ്പെടുകയും വേണം, എന്നാൽ കാബിനറ്റു പദവിയുള്ള പ്രതിപക്ഷനേതാവായി ഇരിക്കുകയും വേണമെങ്കിൽ പ്രതിപക്ഷനേതാവ് പ്രതിപക്ഷത്തിന്റെ ശൈലിയൊന്നു മാറ്റണം. പിന്താങ്ങിപ്രതിപക്ഷം എന്നൊരു ഏർപ്പാടുണ്ട്. അതൊന്നു ശീലിക്കണം. തടിരക്ഷപ്പെടുത്താം.

അങ്ങനെയൊക്കെയാവുമ്പോൾ ഒട്ടും വിമർശനംതട്ടാതെ ഭരണകൂടം കേടുവരില്ലേ എന്നു ചിന്തിക്കുന്നവരുണ്ടാകും. മാർക്‌സിസം - ലെനിനിസത്തിൽ നിന്ന് ഭരണം സ്റ്റാലിനിസത്തിലേക്ക് ചായുമോ എന്ന ഭയമുള്ളവരുണ്ടാകാം. അതൊന്നുമുണ്ടാകില്ല. വിമർശനത്തിന് വ്യവസ്ഥാപിതമായ ഒരു സംവിധാനം മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടാക്കാവുന്നതേയുള്ളു. ഒരു ക്രിയേറ്റീവ് ക്രിട്ടിക്ക് സെക്രട്ടറിയറ്റ് മുഖ്യമന്ത്രിയുടെ ഓഫീസിൽ രൂപംകൊടുക്കാം. വിമർശിക്കണമെന്നുള്ളവർക്ക് വിമർശനങ്ങൾ അവിടെ സമർപ്പിക്കാം. അവിടെ നിന്ന് പരിശോധിച്ച് അനുമതി കിട്ടുന്ന വിമർശനങ്ങൾ പൊതുമാധ്യമങ്ങൾ വഴി പുറത്തുവിട്ടാൽ മതി. എന്നാൽ ചിലയിനം കേസുകളും ഒഴിവാക്കാവുന്നതാണ്. അനിഷ്ടകരമായ വിമർശനങ്ങളെ ഉറവിടത്തിൽ വെച്ചുതന്നെ സംസ്‌കരിക്കാം.

വിമർശനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നൊരു പ്രശ്‌നമാണ് പിന്നെയുള്ളത്. അതൊരു ഉപദേശകനെ വെച്ചാൽ തീരാവുന്നതേയുള്ളൂ. അതിനു പറ്റിയ ഒരു പ്രൊഫണൽ വിമർശകനെ എവിടെക്കിട്ടും എന്നോർത്ത് തലപുകയണ്ട. അതു നമുക്ക് സംസാരിക്കാം.

ये भी पà¥�ें- ചെകുത്താന്റെ വേദപുസ്തകത്തിൽനിന്ന് അറിവുതേടുമ്പോൾ

ये भी पà¥�ें- നടപ്പുദീനപ്പോലീസ്

ये भी पà¥�ें- പോലീസ് തമാശ പറയുമോ?

Next Story