Quantcast

ആർ.എസ്.എസിനെ അറബികൾ തിരിച്ചറിയുമ്പോൾ

പ്രധാനമന്ത്രിയുടെ ഒടുവിലത്തെ ആഹ്വാനവും ജാവദേക്കറിന്റെയും നഖ്‍വിയുടെയുമൊക്കെ പ്രസ്താവനകളും ബി.ജെ.പി സ്വന്തം വർഗീയ നിലപാടുകൾ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണോ മനസ്സിലാക്കേണ്ടത്?

MediaOne Logo

  • Published:

    24 April 2020 4:34 PM IST

ആർ.എസ്.എസിനെ അറബികൾ തിരിച്ചറിയുമ്പോൾ
X

കൊറോണ വൈറസിനേക്കാൾ മാരകമായ വർഗീയ വൈറസ് ആണ് ബി.ജെ.പി രാജ്യത്ത് പരത്തി കൊണ്ടിരിക്കുന്നതെന്ന കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രസ്താവനക്ക് കേന്ദ്രസർക്കാറിന്റെ ഒരു കാബിനറ്റ് മന്ത്രി മണിക്കൂറുകൾക്കകം മറുപടി പറഞ്ഞത് ശ്രദ്ധിക്കുക. ഇത്രയും കാലം ഈ ആരോപണത്തെ കിരീടത്തിലെ പൊൻതൂവലായി കൊണ്ടുനടന്ന പാർട്ടിക്കും കേന്ദ്ര സർക്കാറിനും പൊടുന്നനെ നിലപാടു മാറാൻ തക്കവണ്ണം ലോകത്ത് എന്തൊക്കെയോ സംഭവിക്കുന്നുണ്ട് എന്നർഥം. കോവിഡിന് മതമില്ലെന്ന പ്രധാനമന്ത്രിയുടെ എവിടെയും തൊടാത്ത പ്രസ്താവന പോലും മോദി സർക്കാറിന്റെ ഇപ്പോഴത്തെ ശൈലിയിൽ നിന്നുള്ള നിർണായകമായ ചുവടുമാറ്റുമായിരുന്നു. എന്നാൽ കോവിഡ്ബാധയെ തബിലീഗി ജമാഅത്തുമായി ചേർത്തുകെട്ടി പരസ്യ പ്രസ്താവന നടത്തിയതിന് മുഖ്താർ അബ്ബാസ് നഖ്‍വിയെ ബി.ജെ.പിയോ പ്രധാനമന്ത്രിയോ ശാസിച്ചിരുന്നില്ല. നഖ്‍വിയുടെ പ്രസ്താവനയുടെ ചുവടൊപ്പിച്ച് രാജ്യത്തെ ടെലിവിഷൻ ചാനലുകൾ കോവിഡിന് ഒരു മതസമൂഹത്തിന്റെ മുഖം നൽകി രാജ്യത്ത് കടുത്ത വർഗീയ ഉൻമാദം സൃഷ്ടിച്ചു വരികയായിരുന്നു. സോണിയാ ഗാന്ധിയുടെ പ്രസ്താവനയുടെ രണ്ടുനാൾ മുമ്പെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരെയും പേരെടുത്ത പറയാതെയാണെങ്കിൽ പോലും ചില പൊതു സൂചകങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ നിലപാടുമാറ്റം പ്രഖ്യാപിക്കാൻ നിർബന്ധിതനായത്.

വർഗീയത കഴിഞ്ഞ എത്രയോ വർഷങ്ങളായി പൊതുസമൂഹത്തിൽ പിടിമുറുക്കിയിട്ടും, 2014നു ശേഷം അത് രാജ്യത്തെ പ്രധാന രാഷ്ട്രീയ അജണ്ടയായി മാറാൻ തുടങ്ങിയിട്ടും, പ്രത്യേകിച്ച് എന്തെങ്കിലുമൊരു നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് തോന്നിയിട്ടില്ലാത്ത ഗവൺമെന്റാണ് നരേന്ദ്ര മോദിയുടേത്. മുസ്‍ലിം വിരുദ്ധതയുടെ എല്ലാ മുദ്രാവാക്യങ്ങളും രഹസ്യമായും പരസ്യമായും ഏറ്റു പിടിക്കുകയും അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ ആഘോഷിക്കുകയും അവരെ ഭരണകൂടത്തിന്റെ തണലിൽ സംരക്ഷിച്ചു നിർത്തുകയും ചെയ്യുന്ന ശൈലിയാണ് മോദി സർക്കാർ തുടർന്നുപോന്നത്. പൊതുസമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ തിന്മകളും തെറ്റുകളും മുസ്‍ലിംകളുമായി ബന്ധപ്പെടുന്ന വിഷയങ്ങളിൽ സർക്കാർ തലത്തിൽ തന്നെ പർവതീകരിക്കപ്പെടുകയും പൈശാചികവൽക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ഭൂരിപക്ഷ സമൂഹത്തിന് ചെയ്യാവുന്ന തെറ്റുകളും മുസ്‍ലിം സമൂഹത്തിന് പാടുള്ളവയും തമ്മിൽ ഭയാനകമായ വേർതിരിവ് ഇന്ത്യയിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. മുസ്‍ലിംകൾക്ക് ഇന്ത്യ ഒരു സ്വർഗമാണെന്ന മുഖ്താർ അബ്ബാസ് നഖ്‍വിയുടെ പ്രസ്താവനക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയ അടിമത്തബോധത്തിന്റെ പ്രഖ്യാപനം എന്നതിലപ്പുറം മറ്റ് മാനങ്ങളൊന്നും പ്രായോഗികതലത്തിൽ ഉണ്ടായിരുന്നില്ല. ഡൽഹി കലാപത്തിന്റെ എരിതീ കെട്ടടങ്ങുന്നതിനു മുമ്പെയാണ് നഖ്‍വി ഇപ്പറയുന്നതെന്നോർക്കുക. കലാപത്തിൽ കോടതി പേരെടുത്തു പറഞ്ഞ ബി.ജെ.പി നേതാവിനെ ഇനിയും പിടികൂടാത്ത അമിത് ഷായുടെ പൊലീസ്, യൂണിവേഴ്സിറ്റി വിദ്യാർഥികളെ പോലും കലാപത്തിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്നത് സ്വർഗരാജ്യത്തിന്റെ അടിസ്ഥാന ലക്ഷണമായി കണക്കാക്കാൻ അൽപ്പമൊന്നുമല്ല തലച്ചോറുകളെ വന്ധ്യംകരിക്കേണ്ടി വരിക. കോവിഡ് കാലത്തു പോലും തബ്‌ലീഗി ജമാഅത്തിനു മാത്രമായിരുന്നു അസ്പൃശ്യത ഉണ്ടായിരുന്നത്. അതേ തെറ്റ് ആദിത്യനാഥിനും അദ്ദേഹത്തെ പോലുള്ളവർക്കും ചെയ്യാമായിരുന്നു. നഖ്‍വിയെ പോലുള്ള വിരലിൽ എണ്ണാവുന്നവരെ ഒഴിച്ചു നിർത്തുക. ഇന്ത്യയിൽ എവിടെയെങ്കിലും അസാധാരണമായ ഒരു കുറ്റകൃത്യം നടന്നുവെന്ന് കേൾക്കുമ്പോൾ ചെയ്തത് മുസ്‍ലിമല്ലെന്ന് ഉറപ്പുവരുത്തി ആശ്വസിക്കുന്ന ദുരവസ്ഥയിലാണ് രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷം ഇപ്പോഴും ഉള്ളത്.

ഇക്കൂട്ടത്തിലെ ഒടുവിലത്തെ സംഭവം മാത്രം ഒരുദാഹരണത്തിന് എടുക്കുക. ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും അതിർത്തിയിൽ വരുന്ന പൽഘാറിൽ രണ്ട് ഹിന്ദു സന്യാസിമാരും അവർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറും കോവിഡ് ലോക്ക്ഡൗൺ നടക്കുന്നതിനിടെ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു. സന്യാസിമാർ ഗുജറാത്തിലെ വൽസാഡിലേക്ക് ഒരു ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി യാത്ര പുറപ്പെട്ടതായിരുന്നു. കുട്ടികളെ തട്ടിയെടുക്കാനെത്തിയവരാണ് ഇവരെന്ന് തെറ്റിദ്ധരിച്ച ജനക്കൂട്ടം സംഭവസ്ഥലത്ത് പൊലീസ് നോക്കിനിൽക്കുന്നുണ്ടായിട്ടും വൃദ്ധരായ സന്യാസിമാരെ ക്രൂരമായി മർദ്ദിച്ചു കൊന്നു. എന്നാൽ പിന്നീടുണ്ടായ സംഭവ വികാസങ്ങളാണ് രാജ്യത്തെ അതിനേക്കാളേറെ ആശങ്കപ്പെടുത്തിയത്. ഇത് ചെയ്തത് മുസ്‍ലിംകളാണെന്ന സൂചനയുമായി റിപ്പബ്ളിക് ടി.വി പോലുള്ള ചില മാധ്യമങ്ങളും അവരെ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയയും വ്യാപകമായി രണ്ടു ദിവസത്തോളം വർഗീയത പ്രചരിപ്പിച്ചു. ഉണ്ടായ സംഭവത്തിിന്റെ നിജസ്ഥിതി തിരക്കി കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥും മഹാരാഷ്ട്ര ഗവൺമെന്റിനെ ബന്ധപ്പെട്ടു. കൊല്ലപ്പെട്ടവരും കൊന്നവരും ഒരേ സമുദായത്തിലെ അംഗങ്ങളാണെന്ന് ഒടുവിൽ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്ക് പ്രസ്താവന ഇറക്കേണ്ടി വന്നു. ഈ പ്രസ്താവന പുറത്തുവരുന്നതു വരെ സന്യാസിമാരുടെ വധത്തിൽ പ്രതികാരം ചെയ്യാനായി രക്തം തിളച്ചു മറിഞ്ഞ ഒരുത്തനും പിന്നീട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് 'കുറ്റവാളികളെ' പാഠം പഠിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത് കാണാനുണ്ടായിരുന്നില്ല. അത് തീർത്തും സാധാരണമായ ഒരു കൊലപാതകം മാത്രമായി മാറി. മറിച്ചായിരുന്നു സംഭവമെങ്കിൽ ഇതാവുമായിരുന്നോ പ്രതികരണം?

ആൾക്കൂട്ട കൊലപാതകങ്ങളുടെ ചരിത്രത്തിൽ പൽഘാർ പോലൊരു സംഭവം ആദ്യമായിട്ടാണ് ഇന്ത്യയിൽ നടന്നത്. ഇതുവരെ ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെടുന്നവർ മഹാഭൂരിപക്ഷവും ഒരു പ്രത്യേക മതസമൂഹത്തിൽ പെട്ടവർ മാത്രമായിരുന്നു. വല്ലപ്പോഴുമൊക്കെ ദലിതരും ഇത്തരം ആക്രമണങ്ങളുടെ ഇരകളായി. അന്നൊന്നും അതെ ചൊല്ലി അമിത് ഷായോ ആദിത്യനാഥോ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് അടിയന്തര റിപ്പോർട്ട് തേടിയതായി ഇന്ത്യ കേട്ടിട്ടില്ല. അതേക്കുറിച്ച് പ്രധാനമന്ത്രി അസ്വസ്ഥത രേഖപ്പെടുത്തിയതായും രാജ്യവാസികൾ അറിഞ്ഞിട്ടില്ല.

ആൾക്കൂട്ട കൊലപാതകങ്ങളുടെ ചരിത്രത്തിൽ പൽഘാർ പോലൊരു സംഭവം ആദ്യമായിട്ടാണ് ഇന്ത്യയിൽ നടന്നത്. ഇതുവരെ ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെടുന്നവർ മഹാഭൂരിപക്ഷവും ഒരു പ്രത്യേക മതസമൂഹത്തിൽ പെട്ടവർ മാത്രമായിരുന്നു. വല്ലപ്പോഴുമൊക്കെ ദലിതരും ഇത്തരം ആക്രമണങ്ങളുടെ ഇരകളായി. അന്നൊന്നും അതെ ചൊല്ലി അമിത് ഷായോ ആദിത്യനാഥോ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് അടിയന്തര റിപ്പോർട്ട് തേടിയതായി ഇന്ത്യ കേട്ടിട്ടില്ല. അതേക്കുറിച്ച് പ്രധാനമന്ത്രി അസ്വസ്ഥത രേഖപ്പെടുത്തിയതായും രാജ്യവാസികൾ അറിഞ്ഞിട്ടില്ല. ഇന്ത്യയിലെ വർഗീയ അസ്വസ്ഥതകൾക്ക് ഒരു രാഷ്ട്രീയമുഖം ഉണ്ട് എന്നതിന്റെ ഈ അവസാനത്തെ തെളിവിൽ നിന്നും പുറകോട്ടു സഞ്ചരിക്കുകയാണെങ്കിൽ മുൻകാല സംഭവങ്ങളിലെ പ്രതികളുടെ ഇപ്പോഴത്തെ ജീവിത ചിത്രവും ഇരകളാക്കപ്പെട്ടവരുടെ ജീവിതവുമൊക്കെ എത്രയെങ്കിലും ഉദാഹരണങ്ങൾ ഈ പട്ടികയിലേക്ക് ചേർത്തുവെക്കുകയും ചെയ്യും. ഒഡീഷയിലെ പ്രമാദമായ ഗ്രഹാം സ്റ്റെയിൻ വധക്കേസിലെ പ്രതി ഇന്നൊരു കേന്ദ്രമന്ത്രിയാണ്. മുസഫർ നഗറിന്റെ പേടിസ്വപ്നമായ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയാണ്. ഇതിനകം രണ്ടു കലാപങ്ങളാണ് ഇങ്ങോരുടെ പട്ടികയിൽ വരവു വെക്കപ്പെട്ടു കഴിഞ്ഞത്. പഹ്ലൂഖാന്റെയും മുഹമ്മദ് അഖ്ലാഖിന്റെയുമൊക്കെ കേസിലെ പ്രതികൾ സർക്കാറിന്റെ കാരുണ്യവായ്പിന്റെ തണലിൽ കേസുകളിൽ നിന്നും ഏതുസമയവും ഊരിപ്പോരും. ചിലരൊക്കെ ഇതിനകം ഊരിപ്പോരുകയും ചെയ്തു. മുഹമ്മദ് അഖ്ലാഖിന്റെ കേസിലെങ്കിലും ജയിലിൽ കഴിയവെ മരിച്ച ഒരു പ്രതിയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഈ കേസിൽ ജാമ്യത്തിലിറങ്ങിയ മിക്ക പ്രതികൾക്കും ദാദ്രിയിലെ എൻ.ടി.പി.സിയിൽ സർക്കാർ ജോലിയും ലഭിച്ചു. ശേഷിച്ച ആൾക്കൂട്ട കൊലപാതകങ്ങളിലെ പ്രതികളെല്ലാം പിൽക്കാലത്ത് ബി.ജെപിയിൽ നേതാക്കളായി മാറുന്നതിനും ഇന്ത്യ സാക്ഷിയായി.

പ്രധാനമന്ത്രിയുടെ ഒടുവിലത്തെ ആഹ്വാനവും ജാവദേക്കറിന്റെയും നഖ്‍വിയുടെയുമൊക്കെ പ്രസ്താവനകളും ബി.ജെ.പി സ്വന്തം വർഗീയ നിലപാടുകൾ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണോ മനസ്സിലാക്കേണ്ടത്? അല്ല എന്നാണ് സത്യസന്ധമായ ഉത്തരം. ഗൾഫ് നാടുകളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ചില രാഷ്ട്രീയ മാറ്റങ്ങളോടുള്ള സമയോചിതമായ പ്രതികരണം മാത്രമാണവ. ഇന്ത്യ എന്ന രാജ്യത്തിന്റെ ചില അടിസ്ഥാന ആവശ്യങ്ങളെ, പ്രത്യേകിച്ചും ഊർജമേഖലയിലെ ഇന്ത്യൻ താൽപര്യങ്ങളെ, സംരക്ഷിച്ചു നിർത്തുക എന്നതിലപ്പുറമുള്ള ഒരു നയംമാറ്റവും ഈ പ്രസ്താവനകളിൽ ഉണ്ടെന്ന് കരുതാനാവില്ല. ആയിരുന്നുവെങ്കിൽ കോവിഡ് ബഹളത്തിന്റെ തിരക്കിനിടയിൽ ഡൽഹി കലാപത്തിന്റെ ബാക്കിയായ അജണ്ടകളെ നടപ്പിലാക്കാൻ അമിത് ഷായുടെ പൊലീസ് രംഗത്തിറങ്ങുമായിരുന്നില്ല. രാജ്യത്തിനകത്ത് ബി.ജെ.പിയും മോദിയും പഴയ അതേ പ്രതിഛായ തന്നെയാണ് കാത്തുരക്ഷിക്കാൻ മെനക്കെടുന്നത്. ദൽഹി കലാപത്തെ ചൊല്ലി കപിൽ മിശ്രയുടെ ദേഹത്തു കൈവെക്കാൻ മടിക്കുന്ന ഡൽഹി പൊലീസ് ഉമർ ഖാലിദും മീരാൻ ഹൈദറും സഫൂറാ സർഗറുമാണ് ദൽഹി കലാപം ആസൂത്രണം ചെയ്തതെന്ന സിദ്ധാന്തം മെനയുന്നത് എന്തിനു വേണ്ടിയാണ്? യഥാർഥത്തിൽ അവരാണോ കലാപം ആസൂത്രണം ചെയ്തത്? അതിനേക്കാളും പ്രകടമായ തെളവികൾ ഉള്ള കേസുകൾ കലാപത്തിന്റെ യഥാർഥ നടത്തിപ്പുകാരുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ മുമ്പിലില്ലേ? പ്രധാനമന്ത്രി നടത്തേണ്ടിവന്ന ആ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ അന്താരാഷ്ട്ര തലത്തിൽ വീര്യം പോയ ഒരു വൃത്തികെട്ട ചിന്താഗതിയുടെ ആക്കം രാജ്യത്തിനകത്തെങ്കിലും പെരുക്കി കൂട്ടുകയല്ലേ അവർ ചെയ്തത്?

മതപരമായ അഭിപ്രായ വ്യത്യാസങ്ങളെ മാറ്റി നിർത്തി, മാനവിക മൂല്യങ്ങളിൽ മാത്രം വിശ്വസിച്ച് ഇത്രയും കാലം ജീവിച്ച അറബികൾക്ക് സോഷ്യൽ മീഡിയാ യുഗത്തിൽ സംഭവിച്ചു കൊണ്ടിരുന്ന രാഷ്ട്രീയ പരിവർത്തനങ്ങളുടെ കൂടി പ്രതിഫലനമാണ് ഇത്രയെങ്കിലും പ്രതികരിക്കാൻ ഇന്ത്യയെ നിർബന്ധിതമാക്കിയതെന്നും കാണാതിരുന്നു കൂടാ. നരേന്ദ്ര മോദിയുടെ കാലത്തെ ഇന്ത്യയെ അവർ ശരിയായി വിലയിരുത്തുന്നുണ്ട്. ഇന്ത്യക്കാരായ മുസ്‍ലിമിനെ പോലും 'ഹിന്ദു' എന്ന് വിശാലമായ അർഥത്തിൽ വിശേഷിപ്പിച്ചു പോന്ന ഒരു പഴയ തലമുറയിൽ നിന്നും മോദി കാലത്തെ 'ഹിന്ദു'വിനെ മാത്രമല്ല 'ഹിന്ദുത്വ'ത്തെ കൂടി തിരിച്ചറിയാൻ തുടങ്ങിയ ഒരു പുതിയ തലമുറ ഗൾഫിൽ രൂപപ്പെട്ടിരിക്കുന്നു. അവരുടെ മതത്തിനും സംസ്‌കാരത്തിനും നേർക്ക് ആർ.എസ്.എസ് കേന്ദ്രീകരിച്ച് നടന്നുവരുന്ന ആക്രമണങ്ങളെ തിരിച്ചറിയാനും അതിനോട് പ്രതികരിക്കാനുമൊക്കെ ഇന്ന് ഗൾഫിൽ പുതിയൊരു കൂട്ടം അറബികളുണ്ട്. ഈ തലമുറ ഇന്ത്യയിൽ നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളെ സാകൂതം വീക്ഷിക്കാനും അറബ് സാമൂഹിക മാധ്യമങ്ങളിൽ അത് ചർച്ച ചെയ്യാനും തുടങ്ങിയിരിക്കുന്നു. റേഡിയോകളിൽ നടക്കുന്ന മിക്ക ചാറ്റ്ഷോകളിൽ ഇന്ത്യയെ കുറിച്ച ഇത്തരം ചോദ്യങ്ങളുമായി എത്തുന്ന അറബികളുടെ എണ്ണം കൂടിവരികയാണ്. വർഗീയ തിമിരം ബാധിച്ച ബങ്കലൂരുവിലെ ബി.ജെ.പി നേതാവ് വോട്ടുകിട്ടാൻ പറയുന്ന വിടുവായത്തം സ്വന്തം അഭിമാനത്തിന് ക്ഷതമേൽപ്പിക്കുമ്പോൾ അയാളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഗൾഫിലെ സ്ത്രീകൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. ശൈഖ ഹിന്ദ് വെറുമൊരു സ്ത്രീ എന്നതിലപ്പുറം രാജ കുടുംബാംഗം കൂടിയാണെന്ന് മറക്കരുത്. തേജസ്വി സൂര്യക്കെതിവെരയുള്ള ശൈഖയുടെ പ്രതികരണം മുഴുവൻ അറബ്ലോകത്തും പ്രത്യാഘാതമുണ്ടാക്കാൻ പോന്ന വിധം ശക്തമാണ്.

ഗൾഫിൽ ജോലി ചെയ്യുകയും ഇസ്‍ലാമിനും മുസ്‍ലിംകൾക്കുമെതിരെ വികലമായ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന സംഭവങ്ങൾ തുടർച്ചയായി ഉയരുന്നത് അറബികൾ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അബൂദാബിയിലെ ക്ഷേത്ര നിർമ്മാണമടക്കം മറ്റൊരു വീക്ഷണകോണിലൂടെ അവരുടെ റഡാറിൽ പതിയാൻ തുടങ്ങിയിട്ടുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ. ഹിന്ദുക്കളെ മൊത്തത്തിൽ കരുതലോടെ വീക്ഷിക്കാനുള്ള പുതിയ സാഹചര്യം യു.എ.ഇയിൽ മാത്രമല്ല അറബ് രാജ്യങ്ങളിൽ പൊതുവെ രൂപപ്പെടുന്നതിന് ദൽഹി കലാപം പോലുളള സംഭവങ്ങൾക്കും പങ്കുണ്ട്. ആർ.എസ്.എസിന്റെ വംശീയ സിദ്ധാന്തങ്ങളെയും മതവെറിയെയും ലോക മുസ്‍ലിം രാജ്യങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് സൂചനകൾ. ആർ.എസ്.എസിനെതിരെ അന്താരാഷ്ട്ര വേദികൾ ഉപയോഗിച്ച് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ നടത്തിയ പ്രസംഗങ്ങളും ഈ സംഘടനയെ കുറിച്ച് പഠിക്കാൻ അറബ് ലോകത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇസ്‍ലാമോഫോബിയ നിലനിൽക്കുന്നുണ്ടെന്നും മസ്ജിദുകളും മുസ്‍ലിംകളുടെ സ്വത്തുവകകളും ആക്രമിക്കപ്പെടുന്നുണ്ടെന്നും മുസ്‍ലിം രാജ്യങ്ങളുടെ അന്താരാഷ്ട്രവേദിയായ ഒ.ഐ.സി (ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കൺട്രീസ്) കുറ്റപ്പെടുത്തുന്നത് ഇതാദ്യമായിട്ടായിരുന്നു. ഐക്യരാഷ്ട്ര സഭ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര കൂട്ടായ്മ 57 അംഗരാജ്യങ്ങളുള്ള ഒ.ഐ.സിയാണെന്ന് ഓർക്കുക. ഇത്തരം വേദികളിലൊക്കെ പാകിസ്ഥാൻ കയറി നിരങ്ങുന്ന സാഹചര്യമാണ് ദൽഹി കലാപം, സി.എ.എ നിയമം, കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളയൽ മുതലായവ വിഷയങ്ങളിലെ മോദി സർക്കാറിന്റെ നിലപാടുകൾ വഴിയൊരുക്കിയത്.

ബി.ആർ ഷെട്ടി നരേന്ദ്ര മോദിയോടൊപ്പം

ബില്യൺ കണക്കിന് ഡോളറുകൾ വഞ്ചിച്ച് ദുബൈയിൽ നിന്നും ഇന്ത്യയിലേക്ക് മുങ്ങിയ പഴയ ജനസംഘം നേതാവ് ബി.ആർ ഷെട്ടിയും ഇപ്പോഴത്തെ നിലപാടു മാറ്റങ്ങളിൽ എവിടെയോ നിർണായക ഘടകമായി മാറുന്നുണ്ട്. നരേന്ദ്ര മോദിയെയും യു.എ.ഇ ഭരണകൂടത്തെയും കൂട്ടിയോജിപ്പിക്കുന്നതിൽ കാര്യമായ പങ്കു വഹിച്ച ഇന്ത്യൻ വ്യവസായികളിലൊരാളായിരുന്നു ഷെട്ടി. ഇദ്ദേഹം പാലൂട്ടി വളർത്തിയ സംരംഭങ്ങളിൽ പലതും സംഘ്പരിവാറിന്റെ വംശീയ അജണ്ടകൾക്ക് ഒളിസേവ നടത്തുന്നവയായിരുന്നുവെന്ന് വൈകിയെങ്കിലും ദുബൈ ഗവൺമെന്റ് തിരിച്ചറിഞ്ഞതായി സൂചനകളുണ്ട്. അറബ് രാജ്യത്ത് ചില പ്രത്യേക കമ്പനികളും കെട്ടിട സമുച്ചയങ്ങളുമൊക്കെ ആർ.എസ്.എസിന്റെ പൂർണ നിയന്ത്രണത്തിൽ നടക്കുന്നവയായി മാറിയതിനു പിന്നിൽ ഇത്തരം കോടിപതികളുടെ കൈകളുണ്ടായിരുന്നു. മോദി സർക്കാർ അധികാരത്തിലേറിയതോടെ ഇന്ത്യ തന്നെയാണ് ലോകമെന്ന് തെറ്റിദ്ധരിച്ച സംഘ്പരിവാറിനുള്ള തിരിച്ചടികളാണ് പ്രത്യക്ഷത്തിൽ ഇതൊക്കെ. എന്നാൽ മഹത്തായ പാരമ്പര്യമുള്ള ഒരു വലിയ രാജ്യത്തിന്റെ പ്രതിഛായയും ഇതിനിടയിൽ അവർ ഇടിച്ചു താഴ്ത്തുന്നുണ്ട്.

TAGS :

Next Story