Quantcast

കോവിഡിനാന്തര കാലത്തെ വിമാനയാത്രകള്‍ എങ്ങിനെയായിരിക്കും?

ഭരണകൂട സഹായത്തോടെ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യം ഒരുക്കിയതിന് ശേഷമാകും വ്യോമയാന വ്യവസായം പുനാരംഭിക്കുക.

MediaOne Logo
കോവിഡിനാന്തര കാലത്തെ വിമാനയാത്രകള്‍ എങ്ങിനെയായിരിക്കും?
X

കോവിഡ്19 ബാധയുടെ ഒരു പ്രധാന ഉറവിടം വിമാനങ്ങളാണെന്ന തരത്തിലുള്ള ഒരു പ്രചരണം സമൂഹമാധ്യമങ്ങളും മറ്റും നേരത്തെ ശക്തമായിരുന്നു. എന്നാല്‍ വിമാനയാത്ര വൈറസ് വ്യാപനത്തിന് കാരണമാകുന്നു എന്ന് സ്ഥാപിക്കാനുതകുന്ന കണ്ടെത്തലുകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

പറന്നുയരുന്ന വിമാനങ്ങളിൽ നിന്ന് വൈറസ് ബാധ പകരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും മാസ്ക് ധരിക്കുകയും മറ്റ് സുരക്ഷാ മുന്‍ കരുതലെടുക്കുകുയും ചെയ്യുന്നതിലൂടെ വൈറസ് വ്യാപനസാധ്യത വീണ്ടും കുറയുന്നു. ടെസ്റ്റിംഗ് പ്രോട്ടോക്കോളുകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മറ്റ് പൊതുഗതാഗത മാർഗ്ഗങ്ങളെ അപേക്ഷിച്ച് വിമാന യാത്രയിലൂടെ കോവിഡ് പടരാനുള്ള സാധ്യത വളരെ കുറവാണ് എന്ന വസ്തുതയാണ്. വസ്തുതയെ സാധൂകരിക്കുന്ന തരത്തില്‍ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

മറ്റ് യാത്രകളെ അപേക്ഷിച്ച് വിമാന യാത്രയില്‍ യാത്രക്കാര്‍ അഭിമുഖമായി വരാനുള്ള സാധ്യത വളരെ കുറവാണ് എന്നത് വൈറസ് ബാധ പടരാതിരിക്കാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു.വിമാനത്തിലെ സീറ്റിംഗ് സംവിധാനമാണ് ഇതിന് പ്രധാന കാരണം. വൈറസുകൾ അടക്കമുള്ള സൂക്ഷ്മകണങ്ങൾക്ക് അതിജീവിക്കാൻ കഴിയാത്ത വിധത്തിലാണ് എയർലൈൻ ക്യാബിനുകളുടെ വായുക്രമീകരണം എന്നതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിമാനത്തിന്‍റെ സീലിങ്ങില്‍ നിന്ന് ഫ്ലോറിലേക്കുള്ള വായുപ്രവാഹം വൈറസ് വ്യാപനത്തിന്‍റെ സാധ്യത കുറയ്ക്കുന്നു. ഓരോ രണ്ട്, മൂന്ന് മിനിറ്റിലും വിമാന ക്യാബിനിനകത്തെ വായു മാറ്റിസ്ഥാപിക്കപ്പെടുന്നുണ്ട്. വിമാനത്തിലെ ഉയർന്ന വായു പ്രവാഹ നിരക്ക് മറ്റ് ഇന്‍ഡോര്‍ സാഹചര്യങ്ങളെ അപേക്ഷിച്ച് വൈറസ് വ്യാപനത്തിനുള്ള സാധ്യത തീരേ ഇല്ലാതാക്കുന്നു.

വിമാന എഞ്ചിനുകൾ ശുദ്ധവായു സ്വീകരിക്കുയും ശേഷം 99.97 ശതമാനം മൈക്രോൺ കണങ്ങളെ പിടിച്ചെടുക്കാൻ കഴിയുന്ന ഒരു ഫിൽട്ടറിലൂടെ കടന്നുപോകുന്ന ക്യാബിൻ വായുവുമായി ഇത് കലർത്തുകയും ചെയ്യുന്നു. എച്ച്. ഇ.പി.എ (ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് എയര്‍) എന്ന ഫില്‍റ്റര്‍ ഉപയോഗിച്ചാണ് ഈ പ്രക്രിയ നടക്കുന്നത്. ഈ ഫിൽട്രേഷൻ പ്രക്രിയ വഴി വായുവിൽ നിന്ന് സൂക്ഷ്മാണുക്കൾ ഉൾപ്പെടെയുള്ള 99.997 ശതമാനം കണികകളും ജൈവവസ്തുക്കളും നീക്കംചെയ്യപ്പെടുന്നു. ഇതിലൂടെ വിമാന ക്യാബിനുകളില്‍ ഓപ്പറേറ്റിംഗ് തിയറ്ററിന്‍റെ ഗുണനിലവാരത്തിലേക്ക് ‍ഉയരുന്ന തോതിലുള്ള ശുദ്ധവായു പ്രവാഹത്തിന് കാരണമാകും.

ഈ അവസരത്തില്‍ ഇനി വരുന്ന കുറേയധികം നാളുകളില്‍ വിമാന യാത്രയുടെ ഭാവി എങ്ങനെയായിരിക്കും എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം; ഇനിയങ്ങളോട്ടുള്ള ആറു മാസക്കാലത്തോളം വിമാനയാത്രയില്‍ സംഭവിക്കാനിടയുള്ള കാര്യങ്ങള്‍?

മറ്റേതൊരു അവസരത്തിലെയും പോലെ യാത്രക്കാരുടെയും ജീവനക്കാരുടെ സുരക്ഷ ഈ സന്ദര്‍ഭത്തിലും പരമപ്രധാനമാണ്. ഭരണകൂട സഹായത്തോടെ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യം ഒരുക്കിയതിന് ശേഷമാകും വ്യോമയാന വ്യവസായം പൂര്‍ണാടിസ്ഥാനത്തില്‍ പുനാരംഭിക്കുക. യാത്രക്കാർ‌ക്ക് ഫ്ലൈറ്റില്‍ യാത്ര ചെയ്യാനുള്ള ആത്മവിശ്വാസവും ധൈര്യവും കൊടുക്കുക എന്നതായിരിക്കും ആദ്യം എയര്‍ലൈന്‍സ് അധികൃതര്‍ ശ്രദ്ധിക്കുക. അതിനായി വിമാന യാത്രകളിലെ സുരക്ഷിതത്വം യാത്രക്കാര്‍ക്ക് ബോധ്യപ്പെടുന്നതിനുവേണ്ടി മാസ്ക് ധരിക്കുന്നത് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ യാത്രക്കാർക്കും ജീവനക്കാര്‍ക്കും സാധാരണമാക്കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ ശ്രദ്ധിക്കും. ഒരു കൂട്ടരില്ലാതെ മറ്റൊരു കൂട്ടര്‍ക്ക് പ്രയോജനമില്ലെന്ന് പറയുന്നത് പോലെ യാത്രക്കാര്‍ക്ക് ആത്മവിശ്വാസം നൽകുന്നതോടൊപ്പം യാത്രാ ചെലവ് താങ്ങാനാകുന്ന നിലയില്‍ എത്തിക്കേണ്ട ഉത്തരവാദിത്തം എയർലൈൻ‌സിന്‍റെ ഭാഗത്ത് നിന്നുണ്ടാകണം.

സുരക്ഷയുടെ ഭാഗമായ് മുഖം മറച്ചു കൊണ്ടുള്ള മാസ്കുകള്‍ക്കു പുറമേ, താൽ‌ക്കാലിക ബയോസെക്യൂരിറ്റി നടപടികളുടെ ഭാഗമായി കുറച്ചധികം കാര്യങ്ങളും ഇനിയുള്ള വിമാന യാത്രകളില്‍ പരിചിതമാകാന്‍ സാധ്യതകളേറെയാണ്.

  • യാത്രക്കാർ, വിമാനത്താവളത്തിലെ ജീവനക്കാര്‍, മറ്റ് സ്റ്റാഫുകള്‍ എന്നിവരുടെ താപനില പരിശോധനകള്‍ ഇനിയങ്ങോട്ടുള്ള യാത്രകളിലും തുടര്‍ന്നുകൊണ്ടുള്ള നടപടികള്‍ ഉണ്ടായിരിക്കും. മറ്റ് യാത്രക്കാരുമായും ജീവനക്കാരുമായും സമ്പർക്കം കുറയ്ക്കുന്ന തരത്തിലുള്ള കയറ്റ ഇറക്ക രീതികള്‍ നടപ്പിലാക്കും.

  • വിമാനത്തിനുള്ളിലെ അനാവശ്യമായ സഞ്ചാരങ്ങളും സമ്പര്‍ക്കങ്ങളും പരിമിതപ്പെടുത്തുത്താനുള്ള നടപടികള്‍ സ്വീകരിക്കും.

  • - വിമാനത്തിനുള്ളിലെ ക്യാബിനും ഫ്ലോറുകളും വൃത്തിയാക്കുന്നതിന്‍റെ തോത് കൂട്ടും. അതിനൊപ്പം തന്നെ ക്യാബിനിലുള്ള ജീവനക്കാരുടെ സഞ്ചാരങ്ങള്‍ കുറക്കുക, യാത്രക്കാരുമായുള്ള ആശയവിനിമയം കുറയ്ക്കുന്ന തരത്തില്‍ ലളിതമായ കാറ്ററിംഗ് നടപടിക്രമങ്ങൾ ആരംഭിക്കുക തുടങ്ങിയവയും പ്രതീക്ഷിക്കാം.

  • -യാത്രക്കാര്‍ക്കായി കോവിഡ് പരിശോധന നടത്തുകയോ അല്ലെങ്കിൽ ഇമ്മ്യൂണിറ്റി പാസ്‌പോർട്ടുകള്‍ പരിശോധന ഏര്‍പ്പെടുത്തുകയോ ചെയ്തേക്കാം. ഇതെല്ലാം താല്‍ക്കാലിക ബയോസെക്യൂരിറ്റി നടപടികളായി കണക്കാക്കാവുന്നതാണ്.

ഇതുവരെ പുറത്തുവന്ന തെളിവുകൾ അടിസ്ഥാനപ്പെടുത്തിയുള്ള നിഗമനങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് വിമാന യാത്രയിലൂടെ ഒരു യാത്രികനില്‍ നിന്ന് മറ്റൊരു യാത്രികനിലേക്ക് കോവിഡ് പടര്‍ന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലയെന്നതാണ്.

ചൈനയിൽ നിന്ന് കാനഡയിലേക്ക് ഫ്ലൈറ്റില്‍ യാത്ര ചെയ്ത കോവിഡ് രോഗലക്ഷണമുള്ള വ്യക്തിയില്‍ നിന്ന് വിമാനത്തിലെ മറ്റൊരാള്‍ക്കും കോവിഡ് വ്യാപനം ഉണ്ടായിട്ടില്ല എന്ന് കോണ്‍ടാക്റ്റ് ട്രേസിങ്ങിലൂടെ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

ലോകത്തെ ധാനപ്പെട്ട 18 എയര്‍ലൈന്‍സ് കമ്പനികളുടെ വിമാനങ്ങളില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന്‍ (അയാട്ട) നടത്തിയ അനൌദ്യോഗിക സര്‍വേ പ്രകാരം മൂന്ന് കേസുകളില്‍ മാത്രമാണ് കോവിഡ് 19 പടര്‍ന്നതായി കണ്ടത്. ആ കേസുകളില്‍ രോഗം ബാധിച്ചതാകട്ടെ യാത്രക്കാരില്‍ നിന്ന് ജീവനക്കാരിലേക്കാണ്. യാത്രക്കാരില്‍ നിന്ന് യാത്രക്കാരിലേക്ക് രോഗം പകര്‍ന്നതായി കാണാന്‍ കഴിഞ്ഞില്ല. അതിന് ശേഷം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് കേസുകളിലും പറക്കലിനിടയിലോ ശേഷമോ പൈലറ്റില്‍ മറ്റൊരു പൈലറ്റിലേക്കാണ് രോഗബാധ പടര്‍ന്നത്. അപ്പോഴും യാത്രക്കാരിലേക്ക് രോഗം പകരുന്നതായി കാണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന്‍ തന്നെ നടത്തിയ മറ്റൊരു സര്‍വേ പ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് കോവിഡ് ബാധിതരായ 1100 യാത്രക്കാരാണ് വിവിധ വിമാനങ്ങളില്‍ സഞ്ചരിച്ചത്. എന്നാല്‍, ഇവര്‍ക്കൊപ്പം യാത്രചെയ്ത ഒരു ലക്ഷത്തില്‍പ്പരം മറ്റ് സഹയാത്രികരില്‍ ഒരാള്‍ക്കുപോലും രോഗം പടർന്നതായി കണ്ടെത്തിയിട്ടില്ല. സെക്കന്‍ഡറി ട്രാന്‍സ്മിഷന്‍ ആയി ആകെ രോഗം പടര്‍ന്നു എന്ന് പറയാന്‍ സാധിക്കുന്ന രണ്ട് പോസിറ്റീവ് കേസുകളിലും വിമാന ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്ക് ആയിരുന്നില്ല എന്നതും ഇതിനോട് ചേർത്തുവായിച്ചാല്‍ വിമാനയാത്ര ഇപ്പോഴും ഇനിയുള്ള കാലങ്ങളിലും, ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നയത്ര ഭയാനകമായ കാര്യമല്ല എന്ന് മനസ്സിലാക്കാം.

(എയർക്രാഫ്റ്റ് എഞ്ചിനീയറായ ലേഖകൻ ഓസ്‌ട്രേലിയയിലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏവിയേഷൻ സ്ട്രാറ്റജി ആന്റ് ഡെവലപ്‌മെന്റ് അസി. പ്രൊജക്ട് മാനേജറാണ്. എമിറേറ്റ്‌സ് ഗ്രൂപ്പിലും യു.എസ്.എയിലെ നാസ റിസർച്ച് പാർക്കിലുള്ള കാർനജി മെലൺ യൂണിവേഴ്‌സിറ്റിയിലും ഇന്റേൺ ആയിരുന്നു.)

TAGS :

Next Story