Quantcast

''എന്തിനാണച്ഛാ....?'' ആ രണ്ടുമാസക്കാരി ചോദിക്കുന്നു; അതും ഈ അച്ഛന്മാരുടെ ദിനത്തില്‍

അച്ഛന്‍മാരെ ആദരിക്കുന്ന ഈ ദിവസം ഒരച്ഛനെ കല്ലെറിയേണ്ട ഗതികേടിലാണിന്ന് കേരള സമൂഹം. പറഞ്ഞുവരുന്നത് അങ്കമാലിയില്‍ നവജാത ശിശുവിനെ കൊല്ലാക്കൊല ചെയ്ത വില്ലന്‍ പരിവേഷം പൂണ്ട അച്ഛനെക്കുറിച്ചാണ്.

MediaOne Logo

  • Published:

    21 Jun 2020 8:46 AM GMT

എന്തിനാണച്ഛാ....? ആ രണ്ടുമാസക്കാരി ചോദിക്കുന്നു; അതും ഈ അച്ഛന്മാരുടെ ദിനത്തില്‍
X

കുട്ടിക്കാലത്ത് അച്ഛനെപ്പോലെ സംരക്ഷണം നല്‍കാന്‍ മറ്റാര്‍ക്കുമാവില്ലെന്ന് പറഞ്ഞത് വിഖ്യാത മനഃശാസ്ത്രജ്ഞന്‍ സിംഗ്മണ്ട് ഫ്രോയിഡാണ്. മാനവരാശിയില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നതും അങ്ങനെ തന്നെ. പ്രത്യേകിച്ച് പെണ്‍മക്കള്‍ക്ക്, അച്ഛനോളം വരില്ല ഏതൊരാളുടെയും കരുതല്‍. എതൊരു അച്ഛനും തന്‍റെ മകള്‍ ഒരു രാജകുമാരിയായിരിക്കും എന്നാണ് പറയുന്നത്. ഇന്ന് അച്ഛന്മാരുടെ ദിനമായിട്ട് അച്ഛന്‍ മഹത്വമാണ് സോഷ്യല്‍മീഡിയകളുടെ ചുവരുകള്‍ നിറയെ...

എന്നാല്‍ അച്ഛന്‍മാരെ ആദരിക്കുന്ന ഈ ദിവസം ഒരച്ഛനെ കല്ലെറിയേണ്ട ഗതികേടിലാണിന്ന് കേരള സമൂഹം. പറഞ്ഞുവരുന്നത് അങ്കമാലിയില്‍ നവജാത ശിശുവിനെ കൊല്ലാക്കൊല ചെയ്ത വില്ലന്‍ പരിവേഷം പൂണ്ട അച്ഛനെക്കുറിച്ചാണ്.

വെറും 54 ദിവസം പ്രായമായ കുഞ്ഞിന്‍റെ ഇളംശരീരത്തെ വലിച്ചെറിഞ്ഞും തലക്കടിച്ചും തീര്‍ക്കാന്‍ ശ്രമിച്ച കണ്ണില്ലാത്ത ക്രൂരതയെക്കുറിച്ചാണ്.

എന്തിനാണച്ഛാ എന്ന് പോലും ചോദിക്കാനാകാത്ത ഇളം പൈതലിന്‍റെ ശ്വാസം നേര്‍ത്തുതുടങ്ങിയിരിക്കുകയാണ്. ജീവിതത്തിലേക്ക് മടങ്ങുമോ എന്നുറപ്പില്ലാതെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് കുഞ്ഞ്.

ഫേസ്‍ബുക്ക് പ്രണയവും നേപ്പാളി കല്യാണവും...

അങ്കമാലിയില്‍ നവജാത ശിശുവിനെ കൊല്ലാന്‍ ശ്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ സ്വദേശി ഷൈജു തോമസിന്‍റെ ജീവിതത്തെക്കുറിച്ച് ആര്‍ക്കും അധികമൊന്നുമറിയില്ല. അങ്കമാലി ജോസ്‍പുരത്ത് വാടകക്ക് താമസിച്ചിരുന്ന കുടുംബം പരിസരവാസികളോട് ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. 10 മാസം മുമ്പാണ് ഇവര്‍ ഇവിടെ എത്തിയത്.

ഷൈജുവിന്‍റെ ഭാര്യ നേപ്പാളുകാരിയാണ്... ഒരു കുഞ്ഞുണ്ട്... അങ്കമാലിയിലെ ഒരു ചെറിയ പ്രാര്‍ഥനാലയത്തില്‍ കൂട്ടപ്രാര്‍ഥനക്ക് നേതൃത്വം കൊടുക്കാനെത്തുന്ന പാസ്റ്ററാണെന്ന് പറയപ്പെടുന്നു.... ഷൈജുവിനെക്കുറിച്ച് അന്വേഷിച്ച് ചെല്ലുമ്പോള്‍ പരിസരവാസികള്‍ക്ക് പറയാനുളളത് ഇത്രമാത്രം

കുഞ്ഞിന് ശ്വാസതടസ്സമുണ്ട്... ഒന്ന് വേഗം ആശുപത്രിയിലെത്തിക്കൂ എന്ന് തന്നോട് പറഞ്ഞെന്ന് സമീപവാസിയായ ഓട്ടോ ഡ്രൈവര്‍ പറയുന്നു‍. ഇതില്‍ക്കൂടുതലൊന്നും ആര്‍ക്കുമറിയില്ല.

ഫേസ്‍ബുക്ക് വഴി പ്രണയത്തിലായ നേപ്പാള്‍ സ്വദേശിയുമായി നേപ്പാളില്‍ വെച്ചാണ് ഷൈജു വിവാഹിതനായത്. വിവാഹം കഴിഞ്ഞ് അധികനാളാകും മുമ്പ് കേരളത്തിലെത്തി. അങ്കമാലിയില്‍ വാടകക്ക് താമസിക്കാന്‍ തുടങ്ങിയിട്ട് 10 മാസം മാത്രമേ ആയുളളൂ.

പെണ്ണായതിനാലാണോ കൊല്ലാനൊരുങ്ങിയത്?

കുഞ്ഞ് ജനിച്ചത് മുതല്‍ വളരെയധികം നിരാശലയിലായിരുന്നു ഷൈജു. കുഞ്ഞ് പെണ്ണായിപ്പോയി എന്ന കാരണത്താല്‍ കുടുംബകലഹവും. പെണ്ണായത് കൊണ്ടാണ് കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് അമ്മയുടെ മൊഴി.

ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയവും പെണ്‍കുഞ്ഞുണ്ടായതിന്‍റെ നിരാശയുമാണ് തന്നെ ഈ ക്രൂരത ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ഷൈജുവിന്‍റെ മൊഴി.

അത്യാസന്ന നിലയില്‍ കഴിയുന്ന കുഞ്ഞിന്‍റെ നില അതീവ ഗുരുതരമാണ്. തലക്ക് ക്ഷതമേറ്റതിനെത്തുടര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. കുഞ്ഞിന്‍റെ തലയോട്ടിക്കുള്ളിൽ രക്തസ്രാവം ഉണ്ടായെന്നാണ് ഡോക്ടർമാർ പറയുന്നത്.

കഴിഞ്ഞ പതിനെട്ടാം തീയതിയാണ് സംഭവം. പുലർച്ചെ കരഞ്ഞെണീറ്റ കുഞ്ഞിനെ ഷൈജു വായുവിൽ ഉയർത്തി വീശുകയും. ബോധം നഷ്ടമായപ്പോൾ കുഞ്ഞിനെ കട്ടിലിൽ എറിയുകയായിരുന്നു. പിതാവ് തന്നെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അബദ്ധത്തിൽ കുഞ്ഞ് താഴെ വീണു എന്നാണ് ആശുപത്രി അധികൃതരോടും ഇയാള്‍ പറഞ്ഞത്. സംശയം തോന്നിയ അധികൃതർ പൊലീസിനെ വിവരമറിയിച്ചതോടെയാണ് കണ്ണില്ലാത്ത ക്രൂരത പുറംലോകമറിയുന്നത്.

TAGS :

Next Story