Quantcast

പാർഥിവ് പട്ടേലിനൊപ്പം പടിയിറങ്ങുന്ന ഒരു കാലം

അങ്ങനെ വിഖ്യാതമായ ദാദ ആർമിയിലെ അവസാന അംഗവും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പാഡഴിക്കുകയാണ്

MediaOne Logo

  • Published:

    9 Dec 2020 12:01 PM GMT

പാർഥിവ് പട്ടേലിനൊപ്പം പടിയിറങ്ങുന്ന ഒരു കാലം
X

ക്രിക്കറ്റിലെ ബേബി ഫേസ് എന്നിറിയപ്പെട്ട പയ്യൻ , പാര്‍ഥിവ് പട്ടേലിന് 35 വയസ് പിന്നിട്ടെന്നും അദ്ദേഹം ക്രിക്കറ്റിൽ നിന്ന് വിരമിച്ചെന്നും അവിശ്വസനീയതയായി തോന്നിയേക്കാം. ഒരു പക്ഷേ എം എസ് ധോണിയെന്ന ഇതിഹാസ താരം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി തിളങ്ങേണ്ടിയിരുന്ന താരം. 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും രണ്ട് അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരങ്ങളും മാത്രം കളിച്ച് നിശബ്ദനായി അയാളും ക്രിക്കറ്റ് ചരിത്രത്തിന്റെ ഭാഗമാവുകയാണ്. കേവലം 17 വയസ് മാത്രം പ്രായമുള്ളപ്പോൾ ദേശീയ ടീമിന്റെ ഭാഗമാകാൻ അവസരം തന്നവരെ നന്ദിയോടെ ഓ‍ര്‍ത്തുകൊണ്ട്.

കോഴ ആരോപണങ്ങളിൽ ഉഴറിയ ഇന്ത്യൻ ക്രിക്കറ്റിനെ സൗരവ് ഗാംഗുലി എന്ന നായകൻ അതിന്റ പ്രതാപകാലത്തേക്ക് മടക്കിയെത്തിച്ചപ്പോൾ ആരാധകവൃന്തം അദ്ദേഹത്തെ സ്നേഹാദരപൂർവം ദാദ എന്ന് വിളിച്ചു. ദാദയുടെ കുട്ടികളെ ദാദാ ആർമിയെന്നും വിളിച്ചു. പാർഥിവ് പട്ടേലിലൂടെ ദാദാ ആർമിയിലെ അവസാന പോരാളിയും പാഡ് അഴിക്കുകയാണ്.

ഗാംഗുലിക്കൊപ്പം പാർഥിവ്‌

18 വർഷം മുമ്പ് നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ലോർഡ്സിലെ ഒന്നാം ടെസ്റ്റിലെ ആധികാരിക ജയത്തിന് ശേഷം ട്രെന്റ് ബ്രിഡ്ജിലും ജയം ഉറപ്പാക്കാൻ നാസർ ഹുസൈനും സംഘവും തയ്യാറെടുക്കുന്നു. ആദ്യ ഇന്നിംഗ്സിൽ 617 റൺസുമായി ഇംഗ്ലണ്ട് നേടിയത് 360 റൺസിന്റെ കൂറ്റൻ ലീഡ്. രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയുമായി ദ്രാവിഡും അ‍ര്‍ദ്ധസെഞ്ചുറിയുമായി സച്ചിനും ഗാംഗുലിയും പൊരുതിയിട്ടും പരാജയഭീതി ഒഴിഞ്ഞില്ല. ആറിന് 378 എന്ന സ്കോറിൽ അഗാര്‍ക്കറിന് കൂട്ടായി പാര്‍ഥിവ് പട്ടേല്‍ ക്രീസിലേക്ക്. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായ പാര്‍ഥിവിന്റെ ഈസി വിക്കറ്റാവുമെന്ന് ഇംഗ്ലണ്ടിന്റെ പെരുമയുറ്റ ബൗളിംഗ് നിര കരുതി.

പക്ഷേ 60 പന്ത് പ്രതിരോധിച്ച പട്ടേൽ 19 റൺസുമായി പുറത്താകാതെ നിന്നു. അതിലും ഉപരി ഒൻപതാം വിക്കറ്റിൽ സഹീര്‍ ഖാനുമൊത്ത് 28 റൺസിന്റെ കൂട്ടുകെട്ട്. സമനില ഉറപ്പാക്കി കളി മതിയാക്കുമ്പോള്‍ പാര്‍ഥിവിനെ ആദ്യം അഭിനന്ദിച്ചത് എതിരാളികൾ തന്നെ. സഹതാരങ്ങളും ഗാലറിയും കയ്യടികളോടെ പാര്‍ഥിവിനെ കയ്യടികളോടെ ഡ്രെസിംഗ് റൂമിലേക്ക് ആനയിച്ചു.

17 വയസും 153 ദിവസവും മാത്രം പ്രായമുള്ള ആ പയ്യന്റെ ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നു അത്. നയൻ മോംഗിയക്ക് ശേഷം മികച്ചൊരു വിക്കറ്റ് കീപ്പറിനായി കാത്ത ഇന്ത്യൻ ടീമും ആരാധകരും പാര്‍ഥിവ് പട്ടേലിൽ പ്രതീക്ഷവെച്ചു..

ആറാം വയസിൽ കതകിന് ഇടയിൽപെട്ട് ഇടതുകൈയുടെ ചെറുവിരൽ നഷ്ടമായ പാര്‍ഥിവ് ഇന്ത്യയുടെ വിക്കറ്റ്കീപ്പറായതിന് പിന്നിൽ പ്രതിഭമാത്രമല്ല അദ്ദേഹത്തിന്റെ സമ‍ര്‍പ്പണവും കാരണമാണ്... വിക്കറ്റ് കീപ്പിങ് ഗ്ലൌവിനുള്ളിൽ തന്റെ പാതി മുറിഞ്ഞ ചെറുവിരൽ പന്ത്കൊണ്ട് നൊമ്പരപ്പെടുമ്പോള്‍ ടേപ്പ് ചുറ്റി പരിഹാരം കണ്ടെത്തുമായിരുന്നു പാര്‍ഥിവ്. ഇടം കൈ ബാറ്റ്സ്മാന്റെ കവ‍ര്‍ ഡ്രൈവുകള്‍ സൌരവ് ഗാംഗുലിയുടെതിന് സമാനമായി കളി നിരീക്ഷക‍ര്‍ വാഴ്ത്തി. കൗമാരം വിടുന്നതിന് മുമ്പ് ടീമിൽ എത്തിയ പാര്‍ഥിവിന് മത്സര പരിചയത്തിലൂടെ തന്റെ കരിയര്‍ രൂപപ്പെടുത്താൻ സാധിച്ചില്ലെന്നതാണ് സത്യം. 2003 ലോകകപ്പിൽ രാഹുൽ ദ്രാവിഡിനെ വിക്കറ്റ് കീപ്പിങ് ചുമതലയേൽപ്പിച്ചപ്പോള്‍ ടീമിൽ ഉണ്ടായിട്ടും പാര്‍ഥിവ് കാഴ്ചക്കാരനായി. ദ്രാവിഡ് തന്റെ ദൌത്യം തുട‍ര്‍ന്നപ്പോള്‍ മോശം ഫോമും വിക്കറ്റ് കീപ്പിങിലെ വീഴ്ചകളും പാര്‍ഥിവിനെ ടീമിന് പുറത്തേക്കുള്ള വഴി തുറന്നു. ടീമിൽ വന്നും പോയും നിന്ന പാര്‍ഥിവിന്റെ സാധ്യതകള്‍ ധോണിയുടെ രംഗപ്രേവശത്തോടെ ഏതാണ്ട് അടഞ്ഞു.

ഐപിഎല്ലിനറെ വരവോടെയാണ് പാര്‍ഥിവ് പട്ടേലിന്റെ സ്ഫോടനാത്മക ബാറ്റിങ് ശൈലിയെ ക്രിക്കറ്റ് ലോകം അടുത്തറിയുന്നത്. ചെന്നൈ സൂപ്പ‍ര്‍ കിങ്സിൽ മാത്യു ഹെയ്ഡനൊപ്പം ഓപ്പണറായ പാര്‍ഥിവ് തുട‍ര്‍ച്ചയായ നാല് സീസണില്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. 2011 ല്‍ കൊച്ചി ടസ്കേഴ്സ് കേരളയില്‍ എത്തിയ പാര്‍ഥിവ് ഒരു മത്സരത്തില്‍ ടീമിനെ നയിക്കുകയും ചെയ്തു.. പിന്നീട് ഡെക്കാൻ ചാര്‍ജേഴ്സ്, ഹൈദരാബാദ്, ബാംഗ്ലൂര്‍, മുംബൈ ടീമുകള്‍ക്കായും കളിച്ചു. 2018 ല്‍ വീണ്ടും ബാംഗ്ലൂര്‍ ടീമിൽ എത്തി. കഴിഞ്ഞ ഐപിഎല്ലിൽ ഒരു മത്സരത്തിൽ പോലും പാര്‍ഥിവിന് അവസരം ലഭിച്ചില്ല.

ധോണിക്കൊപ്പം

അന്താരാഷ്ട്ര മത്സരങ്ങളിൽ അവസരം ലഭിച്ചില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത് ടീമിന്റെ നെടുംതൂണായിരുന്നു. 2016 ല്‍ ഗുജറാത്ത് കന്നി രഞ്ജി ട്രോഫി കിരീടം നേടിയപ്പോള്‍ ആദ്യ ഇന്നിംഗിസിൽ 90 റൺസുമായും രണ്ടാം ഇന്നിംഗ്സിൽ 143 റൺസുമായും തിളങ്ങിയത് ടീം ക്യാപ്ടനായ പാര്‍ഥിവായിരുന്നു. ആ സീസണിൽ മാത്രം പാര്‍ഥിവ് നേടിയത് 763 റൺസാണ്. 194 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ച പാര്‍ഥിവ് 27 സെഞ്ചുറികൾ അടക്കം നേടിയത് 11,240 റൺസ്. ദേശീയ ടീം അംഗത്വം ധോണി എന്ന കാരണത്താൽ അകന്നുനിന്നപ്പോഴും പാര്‍ഥിവ് പരിഭവപ്പെട്ടില്ല. ധോണിക്ക് മുമ്പ് തന്നെ ടീമിൽ സ്ഥിരമാകാൻ തനിക്ക് അവസരം കിട്ടിയിരുന്നെന്നും തനിക്കത് മുതലാക്കാൻ കഴിഞ്ഞില്ലെന്നും സ്വയം പഴിച്ചു .വിക്കറ്റ് കീപ്പ‍ിങിലെ തന്റെ പരിമിതി ഉള്‍ക്കൊണ്ട് ബാറ്റിങിൽ ശ്രദ്ധ കേന്ദ്രീകരിച്ച പാര്‍ഥിവ് ഒരു ഓപ്പണിങ് ബാറ്റ്സ്മാനായി തിളങ്ങി. 2018ലെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പാര്‍ഥിവ് വീണ്ടും ടീമിൽ എത്താനുള്ള കാരണവും ഇതാണ് തന്റെ 36മത് പിറന്നാളിന് മൂന്ന് മാസം കൂടി അവശേഷിക്കെയാണ് ക്രിക്കറ്റ് മതിയാക്കാനുള്ള പാര്‍ഥിവിന്റെ തീരുമാനം.

ദേശീയ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവോ ഒരു ഐപിഎല്‍ മത്സരമോ പാര്‍ഥിവ് ഇനി പ്രതീക്ഷിക്കുന്നില്ല. വിദേശ ക്രിക്കറ്റ് ലീഗുകളോ പരിശീലകനോ കമന്റേറ്ററോ ആയി പാര്‍ഥിവിനെ ഇനി പ്രതീക്ഷിക്കാം.

TAGS :

Next Story