Quantcast

കലങ്ങി മറിഞ്ഞ് ഗോവയിലെ തെരഞ്ഞെടുപ്പ്: എന്തും സംഭവിക്കും

വോട്ടുകള്‍ ചിതറുമോ എന്ന ആശങ്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ട്, അവരത് പരസ്യമായി അംഗീകരിച്ചില്ലെങ്കില്‍ പോലും. ഇതിന്റെ ആശ്വാസം ഭരണകക്ഷിയായ ബി.ജെ.പിക്കും

MediaOne Logo

റിഷാദ് അലി

  • Updated:

    2022-02-06 13:45:11.0

Published:

6 Feb 2022 12:28 PM GMT

കലങ്ങി മറിഞ്ഞ് ഗോവയിലെ തെരഞ്ഞെടുപ്പ്: എന്തും സംഭവിക്കും
X

40 നിയമസഭാ മണ്ഡലങ്ങളെ ഗോവയില്‍ ഉള്ളൂ. എന്നാല്‍ ഇവിടെ മത്സരിക്കാത്ത പാര്‍ട്ടികളില്ല. തൃണമൂല്‍ കോണ്‍ഗ്രസ് കൂടി എത്തിയതോടെ ചിത്രം മാറി. എന്തും സംഭവിക്കാമെന്ന നിലയിലെത്തി. ഗോവ തെരഞ്ഞെടുപ്പിനെ ഒറ്റയടിക്ക് ഇങ്ങനെ വിശേഷിപ്പിക്കാം. വോട്ടുകള്‍ ചിതറുമോ എന്ന ആശങ്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലുണ്ട്, അവരത് പരസ്യമായി അംഗീകരിച്ചില്ലെങ്കില്‍ പോലും. ഇതിന്റെ ആശ്വാസം ഭരണകക്ഷിയായ ബി.ജെ.പിക്കും. ഗോവ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുവെ പറയാറ്, രാഷ്ട്രീയ പാര്‍ട്ടികളെക്കാളും ഇവിടെ വ്യക്തികള്‍ക്കാണ് പ്രാധാന്യം എന്നാണ്. വസ്ത്രം മാറുന്നത് പോലെയാണ് ഇവിടുത്തെ നേതാക്കള്‍ രാഷ്ട്രീയം മാറുക. ഇന്ന് കോണ്‍ഗ്രസ്, നാളെ ബി.ജെ.പി മറിച്ചും സംഭവിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ പാര്‍ട്ടിയുണ്ടാക്കിയതും സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് തന്നെയും മറ്റു പാര്‍ട്ടികളില്‍ നിന്നും ചാക്കിട്ടാണ്. പാര്‍ട്ടി മാറരുതെന്ന് സ്ഥാനാര്‍ഥികളെകൊണ്ട് സത്യം ചെയ്യിപ്പിച്ച വിചിത്രമായ ആചാരവും അരങ്ങേറിയിട്ടുണ്ട്.

ദിഗംബര്‍ കാമത്ത് vs പ്രമോദ് സാവന്ത്

ഗോവയിലെ തലയെടുപ്പുള്ളവരാണ് കോണ്‍ഗ്രസിന്റെ ദിഗംബര്‍ കാമത്തും ബി.ജെ.പിയുടെ പ്രമോദ് സാവന്തും. മഡ്ഗാവ് മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരിക്കാനാവാത്തതിന്റെ എല്ലാ നീറ്റലും കാമത്തിനും പാര്‍ട്ടിക്കുമുണ്ട്. സ്ഥാനാര്‍ഥികളെ സത്യം ചെയ്യിപ്പിച്ചും മറ്റുമാണ് കാമത്ത് ഇക്കുറി കരുക്കള്‍ നീക്കുന്നത്.

എങ്ങനെയും ഭരണം നിലനിര്‍ത്താനുള്ള ജീവന്മരണ പോരാട്ടത്തിലാണ് ബി.ജെ.പി. അതിന്റെ അമരത്താണ് നിലവിലെ മുഖ്യമന്ത്രി കൂടിയായ പ്രമോദ് സാവന്ത്. സാക്ലി മണ്ഡലത്തില്‍ നിന്നാണ് സാവന്ത് ജനവിധി തേടുന്നത്. 2012ലും 2017ലും നിയമസഭയിലെത്തിയിട്ടുണ്ട് സാവന്ത്. മനോഹര്‍ പരീക്കറുടെ നിര്യാണത്തോടെയാണ് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. മൂന്നാം ജയവും ഭരണത്തുടര്‍ച്ചയും- അതാണ് സാവന്തിന്റെ ലക്ഷ്യം. അത് ഇനി മറ്റു പാര്‍ട്ടികളില്‍ നിന്ന് ആളെ എത്തിച്ചായാലും ശരി, സ്വതന്ത്രരെ ചാക്കിലാക്കിയായാലും ശരി.



ബി.ജെ.പിക്ക് തലവേദനയായി പരീക്കറുടെ മകന്‍

അന്തരിച്ച ഗോവ മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉല്‍പ്പല്‍ പരീക്കറിന് പനജി സീറ്റ് ബി.ജെ.പി നിഷേധിച്ചതോടെ അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയാണ്. പാര്‍ട്ടിയെക്കാളും വ്യക്തിബന്ധങ്ങളുടെ വില മനസിലാക്കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉല്‍പ്പലിനെ സ്വന്തം മുന്നണിയിലെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ഉല്‍പ്പലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകഴിഞ്ഞു. ഏറ്റവും രസകരമായ കാര്യം ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത് മുന്‍ കോണ്‍ഗ്രസ് നേതാവ് അറ്റാന്‍സിയോ മൊണ്‍സെരറ്റയെയാണ്. മറ്റു മണ്ഡലങ്ങള്‍ ഉല്‍പ്പലിന് മുന്നില്‍ ബി.ജെ.പി നേതൃത്വം വെച്ചെങ്കിലും അദ്ദേഹം അതെല്ലാം സ്നേഹപൂര്‍വം നിരസിക്കുകയായിരുന്നു.

വിശ്വാസം അതല്ലെ എല്ലാം

ഗോവയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിത് വെറുമൊരു പരസ്യവാചകമല്ല. ആരെയും വിശ്വസിക്കാന്‍ പറ്റില്ലെന്നതാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുദു:ഖം. അത് സ്വന്തം മുന്നണിയില്‍ നിന്നായാലും. കൂറുമാറ്റവും പാര്‍ട്ടിമാറലും എങ്ങനെയും സംഭവിക്കാമെന്ന തോന്നലില്‍ നിന്നാണ് കോണ്‍ഗ്രസ് അവരുടെ സ്ഥാനാര്‍ഥികളെ കൊണ്ട് സത്യം ചെയ്യിച്ചത്. സംഭവം വന്‍ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു. എന്നാല്‍ ആരെക്കൊണ്ടും നിര്‍ബന്ധിപ്പിച്ച് സത്യം ചെയ്യിച്ചിട്ടില്ലെന്നും ജനങ്ങളുടെ വിശ്വാസം നേടാന്‍ ഈ പ്രവൃത്തി ഉപകരിക്കുമെന്നുമാണ് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ദിഗംബര്‍ കാമത്ത് വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ 36ലധികം വരുന്ന സ്ഥാനാര്‍ഥികളാണ് ക്ഷേത്രത്തിലും ക്രിസ്ത്യന്‍ മുസ്‍ലിം പള്ളികളിലുമായി കൂറുമാറില്ലെന്നും പാര്‍ട്ടിയോട് വിശ്വസ്തത പുലര്‍ത്തുമെന്നും സത്യം ചെയ്തത്.

തൃണമൂലിന്റെ സാന്നിധ്യത്തില്‍ ചങ്കിടിപ്പ് ആര്‍ക്ക്? ഒപ്പം വമ്പന്‍ പ്രകടനപത്രികയും

ഭരിക്കാനല്ല, ദേശീയ പാര്‍ട്ടി പദവിക്ക് വേണ്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നാണ് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിക്കുന്നത്. ഇലക്ഷന്‍ കഴിഞ്ഞാല്‍ തൃണമൂല്‍ പെട്ടിയും മടക്കി കൊല്‍ക്കത്തയ്ക്ക് മടങ്ങുമെന്നാണ് മമതയെ ഉന്നമിട്ട് മറ്റുപാര്‍ട്ടികള്‍ പറഞ്ഞുനടക്കുന്നത്. നാലുമാസം മുമ്പാണ് മുന്‍മുഖ്യമന്ത്രി ലുസീഞ്ഞോ ഫെലെയ്റോയെ സംസ്ഥാന നേതാവാക്കി ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചത് തന്നെ.

തെരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായപ്പോള്‍ 39 മണ്ഡലങ്ങളിലേക്കും തൃണമൂല്‍ ആളെ നിര്‍ത്തിയിട്ടുണ്ട്. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാണ് തൃണമൂലിന്റെ ഗോവയിലെ കന്നിയങ്കം. കോണ്‍ഗ്രസിന്റെ പഴയ നേതാക്കളെയും തലയെടുപ്പുള്ളവരെയുമൊക്കെ പാളയത്തിലെത്തിച്ചാണ് തൃണമൂല്‍ പോരിനിറങ്ങുന്നത്. കോണ്‍ഗ്രസുമായുള്ള സഖ്യം സാധ്യമാകാതെ പോയതും ഇതുകൊണ്ടാണ്. തങ്ങളുടെ നേതാക്കളെ അടര്‍ത്തിയെടുത്തതിലുള്ള ദേഷ്യം കോണ്‍ഗ്രസ് തുടക്കം മുതലെ പ്രകടിപ്പിക്കുന്നുണ്ട്.

ആരുടെയൊക്കെ കഞ്ഞിയില്‍ തൃണമൂല്‍ മണ്ണുവാരിയിടും എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ മണ്ണുവാരിയിടാനല്ല ഒരുങ്ങിത്തന്നെയാണ് തൃണമൂലിന്റെ പുറപ്പാട്. വമ്പന്‍ വാഗ്ദാനങ്ങളാണ് തൃണമൂല്‍ മുന്നോട്ടുവെക്കുന്നത്. ഗോവയില്‍ ആദ്യം പ്രകടനപത്രിക പുറത്തിറക്കിയതും തൃണമൂലാണ്. വീട്ടമ്മമാര്‍ക്ക് മാസം 5000 രൂപ വീതം നല്‍കുന്ന ഗൃഹലക്ഷ്മി കാര്‍ഡ്. യുവാക്കള്‍ക്ക് 20 ലക്ഷം രൂപ നാലുശതമാനം നിരക്കില്‍ വായ്പ നല്‍കുന്ന യുവശക്തികാര്‍ഡ്. വീടില്ലാത്തവര്‍ക്ക് അരലക്ഷം വീടു നിര്‍മിച്ചുനല്‍കാന്‍ 'എന്റെ വീട് ' പദ്ധതി തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍.



സഖ്യങ്ങള്‍ സഖ്യങ്ങള്‍, നേട്ടം കൊയ്യാന്‍ സഖ്യങ്ങള്‍

ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായി (ജിഎഫ്പി) സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നേരത്തെ ബി.ജെ.പി സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്നു ജി.എഫ്.പി. ശിവസനേയും എന്‍.സി.പിയും പിന്തുണക്കാമെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നെങ്കിലും കോണ്‍ഗ്രസ് സ്വീകരിച്ചില്ല. 2012ലും 2017ലും ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസുമായി ചേര്‍ന്നാണ് മത്സരിച്ചത്. എന്നാല്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സഖ്യത്തിനായിരുന്നില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസ് മാറിചിന്തിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഒഴിഞ്ഞെങ്കിലും ശിവസേനയും എന്‍.സി.പിയും ഒന്നിച്ചാണ് മത്സരിക്കുന്നത്. 12 വീതം സീറ്റുകളിലാണ് ഇരുവരും മത്സരിക്കുന്നത്.

അതേസമയം 38 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ റവല്യൂഷനറി ഗോവന്‍ പാര്‍ട്ടി അല്‍ഡോണ, പ്രൊവോറിം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ട്. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി(എം.ജെ.പി)യുമായി സഖ്യം ചേര്‍ന്നാണ് തൃണമൂലിന്റെ ഗോവയിലെ കന്നിയങ്കം. 39 സീറ്റുകളില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി ബിച്ചോലിം മണ്ഡലത്തില്‍ സ്വതന്ത്രനെ പിന്തുണക്കും. തൃണമൂല്‍ കോണ്‍ഗ്രസ് 26 മണ്ഡലങ്ങളിലും, സഖ്യകക്ഷി മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടി 13 സീറ്റിലുമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.



എന്നാല്‍ കാര്യമായ സഖ്യങ്ങളില്ലാതെയാണ് ബി.ജെ.പി ഗോവയില്‍ അങ്കത്തിനിറങ്ങുന്നത്. പ്രതിപക്ഷത്തിന്റെ ഭിന്നിപ്പിലാണ് ബി.ജെ.പിയുടെ പ്രതീക്ഷകളത്രയും. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നിച്ചാല്‍ സംശയം ഒന്നും വേണ്ട, നേട്ടം ബി.ജെ.പിക്ക് തന്നെയാണ്. പിന്നെ കേന്ദ്രം ഭരിക്കുന്നു എന്ന ആത്മവിശ്വാസവും. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയിട്ടും ഭരിക്കുകയും, പൊട്ടലും ചീറ്റലുമുണ്ടായെങ്കിലും ഭരണം അഞ്ച് വര്‍ഷം കൊണ്ടുപോകുകയും ചെയ്‌തെങ്കില്‍ ബിജെപിക്ക് പിന്നെ സഖ്യമെന്തിന്? ഇപ്പോള്‍ സഖ്യമായി ചേര്‍ന്നവര്‍ തന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബി.ജെ.പി പാളയത്തില്‍ എത്തില്ലാ എന്ന് ഉറപ്പൊന്നും പറയാനും പറ്റില്ല.

സ്വതന്ത്രരുടെ പട, ഒപ്പം സീറ്റ് മോഹികളുടെയും

വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം കഴിഞ്ഞപ്പോള്‍ 587 പേരാണ് പത്രിക സമര്‍പ്പിച്ചത്. ഇതില്‍ വിമതനുള്‍പ്പെടെ 367 പേര്‍ സ്വതന്ത്രരാണ്. ഗോവയില്‍ സ്വതന്ത്രരുടെ വില എന്തെന്ന് അറിയണമെങ്കില്‍ തെരഞ്ഞെടുപ്പൊന്ന് കഴിയണം. ആര് ഭരിക്കണം എന്നൊക്കെ ഒരു പക്ഷേ സ്വതന്ത്രന്‍ തീരുമാനിക്കും. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കറാണ് സ്റ്റാര്‍ സ്വതന്ത്രന്‍. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ലക്ഷ്മീകാന്ത് പര്‍സേക്കറാണ് മറ്റൊരു പ്രമുഖന്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക തയാറാക്കുന്ന ചുമതല കൂടി ലക്ഷ്മികാന്തിനുണ്ടായിരുന്നു. അതിനിടെയിലാണ് സീറ്റ് കിട്ടാത്തതിന് പാര്‍ട്ടിവിടുന്നത്.

ക്രിസ്ത്യന്‍ വിഭാഗത്തെ കൂടെ നിര്‍ത്താന്‍ ബി.ജെ.പി

ക്രിസ്ത്യന്‍ വിഭാഗത്തെ കൂടെനിര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ബി.ജെ.പി പയറ്റുന്നത്. ഇപ്രാവശ്യം 12 കത്തോലിക്കന്‍ സ്ഥാനാര്‍ഥികളെയാണ് ഗോവയില്‍ ബി.ജെ.പി നിര്‍ത്തിയിരിക്കുന്നത്. 2012ലെ തെരഞ്ഞെടുപ്പിനേക്കാളും ഇരട്ടി. അന്ന് ആറ് പേരെ നിര്‍ത്തി എല്ലാവരെയും വിജയിപ്പിച്ചു. 2017ല്‍ ഏഴ് പേരെ നിര്‍ത്തി എല്ലാവരെയും വിജയിപ്പിച്ചു. 2022ലേക്ക് എത്തുമ്പോള്‍ നിര്‍ത്തിയ 12 പേരെയും വിജയിപ്പിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. 2019ല്‍ 10 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ബി.ജെ.പിയില്‍ എത്തിയത്. അതോടെ ബി.ജെ.പിയില്‍ കത്തോലിക്കരായ എം.എല്‍.എമാരുടെ എണ്ണം 15 ആയി. എന്നാല്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അഞ്ച് പേര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് വിവിധ പാര്‍ട്ടികളിലേക്ക് ചേക്കേറി. ഇതോടെ ബി.ജെ.പി ഒന്ന് അമ്പരന്നെങ്കിലും ഇക്കുറി 12 പേര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കി തിരിച്ചടിച്ചു.

ബി.ജെ.പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍.സി.പി തുടങ്ങി ഇന്ത്യയിലെ പ്രമുഖന്മാരെല്ലാം ഗോവയിലെ 40 അംഗ അസംബ്ലിയിലേക്ക് ഒറ്റക്കായും കൂട്ടമായും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. ബി.ജെപിക്കോ അല്ലെങ്കില്‍ കോണ്‍ഗ്രസിനോ എളുപ്പത്തില്‍ കിട്ടുമായിരുന്ന ഭരണം ഇക്കുറി എങ്ങനെയാകും എന്ന് ഒരുറപ്പുമില്ല. ഭരണവിരുദ്ധ വികാരം ബി.ജെ.പിക്കെതിരെ സംസ്ഥാനത്ത് എമ്പാടുമുണ്ട്. എന്നാല്‍ ആ ഭരണ വിരുദ്ധ വികാരത്തിന്റെ ഗുണം കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഇത്തവണ കിട്ടില്ല.

TAGS :

Next Story