'ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിക്കുമ്പോള്‍ സംഘപരിവാര്‍ ആഘോഷമാക്കുന്ന രാഷ്ട്രീയ ഇടമായി കേരളം മാറി'; റിജില്‍ മാക്കുറ്റി

''ബീഫിന്‍റെ പേരിലെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് പശുവിനെ അറുത്ത നടപടിയെല്ലാം തനിക്കെതിരായ മര്‍ദ്ദനം ആഘോഷമാക്കുന്നതിന് കാരണമായിട്ടുണ്ട്''

MediaOne Logo

ഇജാസുല്‍ ഹഖ്

  • Updated:

    2022-01-22 09:01:41.0

Published:

22 Jan 2022 4:39 AM GMT

ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിക്കുമ്പോള്‍ സംഘപരിവാര്‍ ആഘോഷമാക്കുന്ന രാഷ്ട്രീയ ഇടമായി കേരളം മാറി; റിജില്‍ മാക്കുറ്റി
X

ബീഫിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കെതിരെ പശുവിനെ അറുത്ത് പ്രതിഷേധിച്ചതിന് നേരത്തെ പാര്‍ട്ടി നടപടി നേരിട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി പിന്നീട് പി.സി ജോര്‍ജിനെതിരെയും സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയും ഇടതുപക്ഷത്തിനെതിരെയുമുള്ള വിമര്‍ശനങ്ങളോടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരിലെ കെ റെയില്‍ വിശദീകരണ പരിപാടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചതിന് റിജില്‍ മാക്കുറ്റി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വരികയും ചെയ്തു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട മുഖമായി കാണുന്ന റിജില്‍ മാക്കുറ്റിയുമായി ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ അഭിമുഖ സംഭാഷണം.

കണ്ണൂരില്‍ ഇന്നലെ സംഭവിച്ചത്

കെ റെയിലുമായി ബന്ധപ്പെട്ട് പൗരപ്രമുഖരുടെ യോഗം മന്ത്രിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ വിളിച്ചതായിരുന്നു. എല്ലാ സ്ഥലത്തും മുഖ്യമന്ത്രിയാണ് പങ്കെടുക്കാറ്. മുഖ്യമന്ത്രി ഇല്ലാത്ത സാഹചര്യമായതിനാല്‍ എം.വി ഗോവിന്ദന്‍ മാസ്റ്ററാണ് യോഗം വിളിച്ചത്. പൗരപ്രമുഖന്മാര്‍ എന്നുള്ളതില്‍ സി.പി.എമ്മിന്‍റെ ഗുണ്ടകളെയും മറ്റുള്ളവരെയും വിളിച്ച് പൗരപ്രമുഖരാക്കിയാണ് യോഗം നടത്തിയത്. കെ റെയിലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സമരത്തിലാണ്. ഇത്തരമൊരു യോഗം കണ്ണൂരില്‍ നടക്കുമ്പോള്‍ അതില്‍ പ്രതിഷേധം അറിയിക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണല്ലോ. അതുകൊണ്ടാണ് ഇന്നലെ കരിങ്കൊടിയുമായി ഞങ്ങള്‍ പത്ത് പന്ത്രണ്ട് പേര്‍ പ്രതിഷേധം അറിയിക്കാന്‍ പോയത്. അവിടെ വെച്ച് തന്നെ പൊലീസ് ഞങ്ങളെ തടഞ്ഞു. പൊലീസ് അവരുടെ ജോലിയാണ് ചെയ്തത്. പക്ഷേ അവിടെ കൂടിയ ഡി.വൈ.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആളുകള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള ആളുകള്‍, ഇവരുടെ ഡ്രൈവര്‍മാര്‍, ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഞങ്ങളെ ആക്രമിക്കുകയായിരുന്നു. പൊലീസ് ഞങ്ങളെ പിടിച്ചുവെച്ചതോടെ അവര്‍ക്ക് അടിക്കാന്‍ സൗകര്യമായി.

രണ്ട് പവന്‍റെ സ്വര്‍ണ്ണമാല മോഷണം പോയെന്ന വാര്‍ത്ത

ജയ് ഹിന്ദ് ചാനലിന്‍റെ അസിസ്റ്റന്‍റ് ക്യാമറാമാന്‍ സംഭവം നടക്കുമ്പോള്‍ വീഡിയോ ചിത്രീകരിക്കുന്നുണ്ട്. മറ്റു പ്രധാന ചാനലുകാര്‍ എല്ലാം തന്നെ യോഗ ഹാളിനുള്ളിലായിരുന്നു. അവരെ ഇവര്‍ തടഞ്ഞുവെച്ചതു കൊണ്ട് സംഭവം നടക്കുന്നയിടത്തേക്ക് വരാന്‍ കഴിഞ്ഞില്ല. ഞങ്ങളെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്തുപോകുന്ന ദേഷ്യത്തിന് ജയ് ഹിന്ദ് ജീവനക്കാരനെ അടിക്കുകയും അതിനകത്തുള്ള ആരോ അവന്‍റെ മാല പൊട്ടിക്കുകയും ചെയ്തു. മാലയുടെ ഒരു കഷ്ണം അവന് കിട്ടി, ഒരു കഷ്ണം പോയി. മാലയെന്നത് വലിയ ചെയിനായിരുന്നു. അതിന്‍റെ പകുതി നഷ്ടപ്പെട്ടു. പകുതി അവന് കിട്ടി. സംഭവത്തില്‍ ഞങ്ങള്‍ കേസ് കൊടുത്തിട്ടുണ്ട്.

മര്‍ദ്ദനത്തെ ആഘോഷമാക്കിയ ഇടതു പ്രൊഫൈലുകളും സംഘപരിവാര്‍ പ്രവര്‍ത്തകരും

സംഘപരിവാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഒരാളാണ് ഞാന്‍. പ്രത്യേകിച്ച് അവരുടെ എല്ലാ രാഷ്ട്രീയത്തെയും തുറന്നുകാണിക്കാന്‍ ഒരു മടിയും കാണിക്കാതെ അവരെ നഖശിഖാന്തം എതിര്‍ക്കുകയും പ്രത്യേകിച്ച് ഭക്ഷണത്തിന് വേണ്ടി ആളുകളെ തല്ലികൊല്ലുന്നതിനെതിരെയൊക്കെ പ്രതിഷേധിച്ച ഒരാളാണ് ഞാന്‍. ഹിന്ദുത്വ ഐഡിയോളജിക്കെതിരെ ഹിന്ദു തീവ്രവാദത്തിനെതിരെ ശക്തമായി എല്ലാ പ്ലാറ്റ്ഫോമിലും പ്രതികരിക്കുന്ന ഒരാളാണ്. അപ്പോള്‍ സംഘപരിവാരിന് ഏറ്റവും വിരോധമുള്ള ആളാണ് ഞാന്‍. പല സ്ഥലത്തും എനിക്കെതിരായ വലിയ തോതിലുള്ള ക്യാമ്പയിനുകളും സൈബര്‍ ബുള്ളിയിങ്ങും നടത്താറുണ്ട്. പക്ഷേ എനിക്ക് അക്രമം നേരിട്ട് പരിക്കേറ്റപ്പോള്‍ ഡി.വൈ.എഫ്.ഐക്കാരെ അഭിനന്ദിച്ച് ശശികലയെ പോലുള്ള തനി വര്‍ഗീയ വാദികള്‍ അവര്‍ക്ക് അനുകൂലമായി പോസ്റ്റിടുകയാണ്. സംഘപരിവാര്‍ പ്രൊഫൈലുകള്‍ മുഴുവന്‍ ഡി.വൈ.എഫ്.ഐയെ വാഴ്ത്തി പാടുകയാണ്. ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നു കൊണ്ട് ആര്‍.എസ്.എസ് ആണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന പുതിയ നയം കേരളത്തില്‍ കുറച്ചുകാലമായുണ്ടല്ലോ. സംഘപരിവാരിനെതിരെ പോസ്റ്റിടുന്നവരെ അറസ്റ്റു ചെയ്യുന്ന പൊലീസിന്‍റെയും പിണറായി വിജയന്‍റെയും ഒരു നയമുണ്ടല്ലോ. ആ നയത്തില്‍ സ്വാഭാവികമായും ആര്‍.എസ്.എസുകാര്‍ക്ക് താല്‍പര്യമായിരിക്കും. കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരും യോഗി സര്‍ക്കാരും നല്‍കാത്ത ഒരു പിന്തുണയല്ലേ പിണറായി വിജയന്‍റെ ഭാഗത്ത് നിന്നും കിട്ടുന്നത്. സ്വാഭാവികമായും അവര്‍ തമ്മില്‍ നല്ല ബന്ധത്തിലാണ്.

പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയെ ഇതുപോലെ കൈകാര്യം ചെയ്ത ആളുകളായിരുന്നു അന്ന്. ജയകൃഷ്ണന്‍ മാഷെ കൊന്നവരുമായി അങ്ങോട്ടും ഇങ്ങോട്ടു ഫൈറ്റായിരുന്നു. ജയകൃഷ്ണന്‍ മാഷെ കൊന്ന കേസിനകത്ത് അയാളുടെ അനുസ്മരണം പോലും നടക്കുമ്പോള്‍ സംഘപരിവാര്‍ ഏറ്റവും കൂടുതല്‍ മുദ്രാവാക്യം വിളിച്ചത് സി.പി.എമ്മിനെതിരെയല്ലല്ലോ, ഈ രാജ്യത്തെ ന്യൂനപക്ഷ മുസ്‍ലിംകള്‍ക്കും അവരുടെ പള്ളികള്‍ തകര്‍ക്കുമെന്നല്ലേ അന്ന് പറഞ്ഞത്. അപ്പോള്‍ പുതിയൊരു ബാന്ധവം ഇപ്പോള്‍ കേരളത്തിലുണ്ട്. അതിന്‍റെയൊരു സന്തോഷത്തിലാണ് അവര്‍. അവരുടെ ഇരയാക്കപ്പെട്ട ഒരാളെ ഡി.വൈ.എഫ്.ഐക്കാര്‍ തല്ലുമ്പോള്‍ അവര്‍ക്ക് ഭയങ്കര സന്തോഷമാണ്. അതുകൊണ്ടാണ് അത്രയും അവര് ആഘോഷിച്ചത്. എനിക്ക് ഇതിനകത്ത് സന്തോഷമേയുള്ളൂ. കാരണം ഞാനെടുക്കുന്ന നിലപാടുകളൊക്കെ ശരിയാണെന്ന് ബോധ്യപ്പെടുന്നുണ്ട്. ഡി.വൈ.എഫ്.ഐക്കാര്‍ ആക്രമിക്കുമ്പോള്‍ സംഘപരിവാര്‍ ആഘോഷിമാക്കുന്ന രാഷ്ട്രീയ ഇടമായി കേരളം മാറിയിരിക്കുന്നു.

മനുഷ്യജീവനുകളേക്കാള്‍ വലുതല്ലല്ലോ ഈ പോത്തിന്‍റെയും ആടിന്‍റെയും ജീവിതം. മനുഷ്യജീവനല്ലേ ഏറ്റവും വലുത്

ബീഫിന്‍റെ പേരിലെ കൊലപാതകത്തില്‍ പശുവിനെ അറുത്ത നടപടിയെല്ലാം ഇതില്‍ പ്രതിഫലിച്ചിട്ടുണ്ട്. അന്നത്തെ ഒരു പ്രതിഷേധമായിരുന്നു അത്. നിരപരാധികളായ ആളുകളെ ബീഫ് കഴിച്ചതിന്‍റെ പേരില്‍ തല്ലികൊല്ലുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. കശാപ്പ് നിരോധന നിയമം രാജ്യത്ത് കൊണ്ടുവന്നു. ഇത് വലിയ വേട്ടയാടാനുള്ള ശ്രമമായപ്പോഴാണല്ലോ അന്ന് അത്തരമൊരു സമരമുണ്ടായത്. ആ സമരം എന്‍റെ നേതൃത്വത്തിലാണ് നടത്തിയത്. മനുഷ്യജീവനുകളേക്കാള്‍ വലുതല്ലല്ലോ ഈ പോത്തിന്‍റെയും ആടിന്‍റെയും ജീവിതം. മനുഷ്യജീവനല്ലേ ഏറ്റവും വലുത്. മനുഷ്യനെ തല്ലികൊല്ലുന്നവര്‍ക്ക് പരസ്യ കശാപ്പ് നിരോധിച്ചപ്പോഴാണല്ലോ അത്തരമൊരു സമരവുമായി വരുന്നത്. അന്നുമുതലേ ഇവരുടെ രാഷ്ട്രീയത്തിനെതിരെ ആശയപരമായി എല്ലാ വേദികളിലും പറയാറുണ്ട്. അതവര്‍ക്ക് എന്നോട് കുറേ കാലമായിട്ട് ശക്തമായ രൂപത്തിലുള്ള വെറുപ്പും വിദ്വേഷവുമൊക്കെയായിട്ടുണ്ട്.

പി ജയരാജന്‍റെ സതീശന്‍ കഞ്ഞികുഴി പരാമര്‍ശം

സിബിഐ വരുമ്പോള്‍ മിന്നാരത്തിലെ ജഗതിയെ പോലെ ആംബുലന്‍സിന്‍റെ സൈറണ്‍ നോക്കി പോവുന്ന ജയരാജന് ഇങ്ങനെയൊക്കെ പറയാനുള്ള അധികാരമില്ലല്ലോ. സി.ബി.ഐയുടെ പേര് കേള്‍ക്കുമ്പോള്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ അഡ്മിറ്റാവുന്ന ജയാരാജനാണ് എന്നെ വിമര്‍ശിക്കുന്നത്. ഞങ്ങള്‍ സമരം ചെയ്തത് ശുഐബിനെയും ഷൂക്കൂറിനെയും കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് അവരെ പത്ത് നൂറ് വെട്ട് വെട്ടി കൊലപ്പെടുത്തുകയും പരസ്യമായി അറുത്തുകൊല്ലാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ചോരകൊതിയനായ ജയരാജനെതിരാണ്. ഈ ജയരാജന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഇരിക്കുന്നയിടത്തേക്കാണ് ഞങ്ങള്‍ പോയത്. ഇവിടുത്തെ കുടിയൊഴിപ്പിക്കപ്പെടുന്ന ആയിരക്കണക്കിനും പതിനായിരകണക്കിനും വരുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ ശബ്ദിക്കുന്നത്. ആ ശബ്ദത്തിന്‍റെ ഭാഗമായി നടന്ന പ്രതിഷേധമാണ്. സ്വാഭാവികമായും അവിടെ ആക്രമം ഇവര് അഴിച്ചുവിടുന്നുണ്ട്. അതില്‍ നിന്നും പിറകോട്ടുപോവാനില്ല. ഞങ്ങള്‍ ഓടാനൊന്നും പോയില്ല. ഞങ്ങളെ പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോവുകയായിരുന്നു.

പാര്‍ട്ടി പിന്തുണ വേണ്ടത്ര ലഭിച്ചില്ലെന്ന പരാതിയുണ്ടല്ലോ?

അങ്ങനെയൊന്നു പറയാന്‍ സാധിക്കില്ല. എല്ലാവരും പിന്തുണച്ചിട്ടുണ്ട്. പ്രതിഷേധിച്ചിട്ടുണ്ട്. നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ വലിയ ആള്‍ക്കൂട്ടത്തെ ഉപയോഗിച്ചുള്ള സമരത്തിലേക്ക് പോയിട്ടില്ലായെന്നത് 30ആം തിയതി വരെ പാര്‍ട്ടി ആള്‍ക്കൂട്ട സമരങ്ങള്‍ ഒഴിവാക്കിയത് കൊണ്ടാണ്.

നിലപാടുകള്‍ എടുക്കുമ്പോള്‍ സഹായിക്കാന്‍ പാര്‍ട്ടി കൂടെയുണ്ടോയെന്നല്ല, നമ്മള്‍ നിലപാട് എടുക്കുമ്പോള്‍ ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടിക്ക് അത് ശരിയാണെന്ന് ബോധ്യപ്പെടും

കോണ്‍ഗ്രസിനകത്തെ വേറിട്ട സ്വരമായത് പ്രശ്നമായോ?

പാര്‍ട്ടിക്ക് ഒരു ഐഡിയോളജിയുണ്ട്. ഐഡിയോളജിക്ക് വിരുദ്ധമായ സമരങ്ങള്‍ നടത്തുമ്പോള്‍ പാര്‍ട്ടിക്ക് അതിനെ പിന്തുണക്കാന്‍ പറ്റില്ലായിരിക്കും. പക്ഷേ നമ്മള്‍ ആ നിലപാടില്‍ തന്നെയാണ്. നിലപാടുകള്‍ എടുക്കുമ്പോള്‍ സഹായിക്കാന്‍ പാര്‍ട്ടി കൂടെയുണ്ടോയെന്നല്ല..... നമ്മള്‍ നിലപാട് എടുക്കുമ്പോള്‍ ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടിക്ക് അത് ശരിയാണെന്ന് ബോധ്യപ്പെടും.

പശുവിനെ കശാപ്പ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് സസ്പെന്‍ഷന്‍

സസ്പെന്‍ഡ് ചെയ്തിരുന്നു. ഒരു വര്‍ഷം പാര്‍ട്ടിക്ക് പുറത്തായിരുന്നു. പക്ഷേ ഞാന്‍ പാര്‍ട്ടിക്കാരനായി തുടര്‍ന്നു. പാര്‍ട്ടിക്കെതിരായി നിന്നില്ല. ഞാന്‍ എന്‍റെ നിലപാടുമായി മുന്നോട്ടു പോയി. പാര്‍ട്ടി തിരിച്ചെടുത്തപ്പോള്‍ തന്നെ ഞാന്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍റ് പ്രസിഡന്‍റായി. ഞാന്‍ അന്നെടുത്ത നിലപാടില്‍ നിന്നും ഒരിഞ്ച് പിറകോട്ടുപോയിട്ടില്ല. അത് ഈ രാജ്യത്തിനകത്ത് ഇന്നും സംഘപരിവാര്‍ മുസ്‍ലിംകള്‍ക്കെതിരെയും ദലിതര്‍ക്കെതിരെയും ഈ കഴിഞ്ഞ ക്രിസ്മസില്‍ ക്രിസ്ത്യാനികള്‍ക്കുമെതിരെ നടത്തിയ ആക്രമണങ്ങള്‍ എത്ര ക്രൂരമായിരുന്നു. അതിനെ പ്രതിരോധിക്കുകയെന്നത് ഒരു ശൈലിയാണ്. കോണ്‍ഗ്രസ് ഒരു കാലത്ത് ഗാന്ധി പ്രഖ്യാപിച്ച സമരമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം, ചൗരി ചൗര ഉള്‍പ്പെടെ വന്നപ്പോള്‍ അത് മാറ്റിവെച്ചിട്ടുണ്ട്.

പാര്‍ട്ടി സമരത്തില്‍ നിന്നും വ്യത്യസ്ത സമരമായി എന്‍റേത് മാറിയതാണ്. പാര്‍ട്ടി ഐഡിയോളജിക്ക് അനുസരിച്ച് അവര് നടപടിയെടുത്തു. പക്ഷേ അവര് തന്നെ തിരിച്ചെടുത്തു. പിന്നെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റായി തന്നെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ടല്ലോ. എന്‍റെ നിലപാടിലെ ശരി ഏതാണെന്ന് ജനത്തിന് വിട്ടുകൊടുക്കുന്നു. ഞാന്‍ ശരിയുടെ പക്ഷത്തും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും കുടിയിറക്കപ്പെടുന്നവര്‍ക്കും ഒപ്പമാണ്. ഇഷ്ടഭക്ഷണം കഴിച്ചാല്‍ ആളുകളെ തല്ലികൊല്ലുന്നവര്‍ക്കെതിരെയാണ്. അത്തരത്തിലുള്ള ഏത് വിഷയം വന്നാലും അതില്‍ ശക്തമായി ആശയപരമായും സമരത്തിലൂടെയും എന്നാല്‍ കഴിയുന്ന പ്രതികരണവുമായി എന്നുമുണ്ടാകും.

യൂത്ത് കോണ്‍ഗ്രസിന്‍റെ സമരപന്തലിലെത്തിയ പി.സി.ജോര്‍ജിന്‍റെ ഷാള്‍ റിജില്‍ മാക്കുറ്റി നിരസിക്കുന്നു

പി.സി ജോര്‍ജിന്‍റെ ഷാള്‍ നിരസിച്ചത്, ഗാന്ധിയെ ഗോഡ്സെ വധിച്ചു പരാമര്‍ശങ്ങള്‍

ഞാന്‍ ആത്യന്തികമായി സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ആളാണ്. ഈ രാജ്യത്തിന്‍റെ ശത്രുവാണ് ആര്‍.എസ്.എസ് എന്ന് ഉറച്ചുവിശ്വസിക്കുന്ന ആളാണ് ഞാന്‍. കോണ്‍ഗ്രസിന്‍റെയും ദേശീയ അടിസ്ഥാനത്തിലുള്ള ശത്രു ആര്‍.എസ്.എസ് ആണ്. ഇന്ന് ഈ രാജ്യത്ത് നടപ്പാക്കുന്നത് അവരുടെ ഹിന്ദുത്വ ഐഡിയോളജിയാണ്. രാഹുല്‍ ഗാന്ധി പറഞ്ഞ പോലെ ഗോഡ്സെയുടെ സവര്‍ക്കറുടെ ആശയമാണ് അവര്‍ ഇവിടെ നടപ്പിലാക്കുന്നത്. അതല്ല യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സംസ്കാരമെന്നും ഹൈന്ദവ സംസ്കാരം ഇതില്‍ നിന്നുമെല്ലാം വ്യത്യസ്തമാണ്. സഹിഷ്ണുതയും സാഹോദര്യവും കൊടുത്ത സംസ്കാരത്തെയാണ് അവര് അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത്. അതിന്‍റെ ആശയത്തെ കൃത്യമായി ബലാല്‍സംഗം ചെയ്യുന്നവര്‍ ആര്‍.എസ്.എസുകാരാണ്. അതിനെ എതിര്‍ക്കുകയെന്നുള്ളത് ഞങ്ങളുള്‍പ്പെടെയുള്ളവരുടെ ഉത്തരവാദിത്വമാണല്ലോ. അവര് കാണിക്കുന്ന ഈ തോന്നിവാസത്തെയൊക്കെ അംഗീകരിച്ചു കൊടുക്കാന്‍ പറ്റില്ല. ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന് അന്നും ഇപ്പോഴും പറയാറുണ്ടല്ലോ. അതിന്‍റെ പേരില്‍ കേസും കാര്യങ്ങളും വന്നിട്ടുണ്ട്. അത് നമ്മളെ വിഷയമല്ല.

കെ റെയില്‍ സമരത്തില്‍ പ്രതിഷേധക്കാരെ മാവോയിസ്റ്റുകളായും ജമാഅത്തെ ഇസ്‍ലാമി ഉള്‍പ്പെടെയുള്ള ആളുകളെ വെച്ച് വിഷയം മറ്റു തലത്തിലേക്ക് കൊണ്ടു പോവുകയാണ്. കൃത്യമായി വര്‍ഗീയ രാഷ്ട്രീയമാണ് പിണറായി വിജയന്‍ നടത്തുന്നത്.

സി.പി.എം നടത്തുന്നത് വര്‍ഗ ഫാസിസമാണ്. മറ്റേത് വര്‍ഗീയ ഫാസിസമാണ്. ഇവ രണ്ടും ശരിക്കും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്. നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേ നിലപാടാണ്. കര്‍ഷക സമരം നടക്കുമ്പോള്‍ അവരെ തീവ്രവാദികളും മാവോയിസ്റ്റുകളുമാക്കി ചിത്രീകരിക്കുമ്പോള്‍ അവര്‍ ഒരു തരത്തില്‍ ആക്രമിക്കപ്പെടുന്നു. കെ റെയില്‍ സമരത്തില്‍ പ്രതിഷേധക്കാരെ മാവോയിസ്റ്റുകളായും ജമാഅത്തെ ഇസ്‍ലാമി ഉള്‍പ്പെടെയുള്ള ആളുകളെ വെച്ച് വിഷയം മറ്റു തലത്തിലേക്ക് കൊണ്ടു പോവുകയാണ്. കൃത്യമായി വര്‍ഗീയ രാഷ്ട്രീയമാണ് പിണറായി വിജയന്‍ നടത്തുന്നത്. മോദിയുടെ മറ്റൊരു പതിപ്പാണ് ഇവിടെ നടപ്പാക്കുന്നത്. പ്രത്യേകിച്ച് അവര് ശത്രുക്കളെ പ്രഖ്യാപിക്കുകയാണ്. ഇതിനകത്ത് മാവോയിസ്റ്റുകളുണ്ടെന്നും ജമാഅത്തെ ഇസ്‍ലാമിയുണ്ടെന്നും പറയുമ്പോള്‍ അതിനകത്തൊരു സ്പേയ്സുണ്ട്. ആര്‍.എസ്.എസ് പറയുന്നത് മറ്റൊരു തലത്തിലാണ് പിണറായി വിജയന്‍റെ സ്റ്റാന്‍റ്. കേരളത്തിലൊരു കമ്മ്യൂണല്‍ പോളറൈസേഷനിലേക്ക് മാറ്റുന്ന നിലപാടുകളാണ് അതൊക്കെ. കുറച്ചു കാലങ്ങളായി സിപിഎം എടുക്കുന്ന നിലപാടിതാണ്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ സമയത്ത്, ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ ശശികലയും സുരേന്ദ്രനും പറഞ്ഞ കാര്യങ്ങളാണ് കോടിയേരി പറഞ്ഞത്. ഹസനും അമീറും കുഞ്ഞാലിക്കുട്ടിയും എന്ന് പറയുന്നതിലെ സന്ദേശമെന്താണ്. ഭൂരിപക്ഷ വര്‍ഗീയതയെ ഉയര്‍ത്തുക, അത് പറഞ്ഞു വോട്ട് വാങ്ങുക. ഇപ്പോള്‍ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോവുകയാണ്. കൃത്യമായ രൂപത്തില്‍ വര്‍ഗീയത പറയാന്‍ ഒരു മടിയുമില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം. പ്രത്യേകിച്ച് കെ റെയില്‍ അടക്കമുള്ള വിഷയങ്ങളില്‍ അത്തരം നിലപാടുകളിലേക്ക് അവര് പോവുന്നുണ്ട്. മൃദു ഹിന്ദുത്വ ലൈനിലേക്കും ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്നതിലേക്കുമാണ് നേരത്തെ സൂചിപ്പിച്ച പല വിഷയങ്ങളും അവര്‍ എടുത്തിട്ടുള്ളത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് ശശികലയും സുരേന്ദ്രനും പറഞ്ഞ കാര്യങ്ങളാണ് കോടിയേരി പറഞ്ഞത്. ഹസനും അമീറും കുഞ്ഞാലിക്കുട്ടിയും എന്ന് പറയുന്നതിലെ സന്ദേശമെന്താണ്. ഭൂരിപക്ഷ വര്‍ഗീയതയെ ഉയര്‍ത്തുക, അത് പറഞ്ഞു വോട്ട് വാങ്ങുക

അതില്‍ പ്രധാന വിഷയമാണ്, അലന്‍ താഹക്കെതിരെ മാവോയിസ്റ്റ് ബന്ധമുള്ളവരായി ചിത്രീകരിച്ചത്. പുസ്തകം വായിച്ചതിന്‍റെ പേരിലാണ് യു.എ.പി.എ ചുമത്തിയത്. ആ ചുമത്തിയ അതേ രണ്ടു ചെറുപ്പക്കാര്‍ രാജ്യത്ത് മാവോയിസം കൊണ്ടുവരുന്നുവെന്നാണ് പറഞ്ഞത്. അവര് ചായകുടിക്കാന്‍ പോയതിനല്ലല്ലോ പിടിച്ചത് എന്ന് പിണറായി വിജയന്‍ ആക്ഷേപിച്ചതും ഓര്‍മ്മയുണ്ടല്ലോ. പക്ഷേ പരസ്യമായി പള്ളിതകര്‍ക്കുമെന്നും നിസ്കരിക്കാന്‍ വിടില്ലെന്നും പറഞ്ഞ ആര്‍.എസ്.എസുകാര്‍ക്കെതിരെ എടുത്ത കേസേതാണ്. ഞാന്‍ യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. പക്ഷേ സര്‍ക്കാര്‍ യു.എ.പി.എ ചുമത്താന്‍ തയ്യാറായില്ലല്ലോ. എന്തു കൊണ്ട് തയ്യാറായില്ല. വളരെ കൃത്യമായി സംഘപരിവാരിനും ആര്‍.എസ്.എസിനും അനുകൂലമായ നിലപാടിലേക്ക് പിണറായി വിജയന്‍റെ ഭരണം മാറിയിട്ടുണ്ട്. ഞങ്ങള്‍ ആക്ഷേപിക്കുന്നതല്ലല്ലോ, ആനി രാജയെ പോലുള്ളവര്‍ പരസ്യമായി പറഞ്ഞിട്ടുണ്ടല്ലോ. സിപിഎമ്മിന്‍റെ ജില്ലാ സമ്മേളനങ്ങളില്‍ ബഹുഭൂരിപക്ഷം പ്രതിനിധികളും ആഭ്യന്തര വകുപ്പിനെതിരെ ഉന്നയിക്കുന്ന ആരോപണമല്ലേ.

കെ റെയില്‍ സമരങ്ങളുടെ ഭാവി. പ്രതിഷേധങ്ങള്‍ക്ക് സംഭവിക്കുക?

നന്ദിഗ്രാമില്‍ ഇതുപോലെ പ്രതിഷേധമുണ്ടായി. ആ പ്രതിഷേധത്തെ ഭരണകൂടത്തെയും പാര്‍ട്ടി കേഡറുകളെയും ഗുണ്ടകളെയും ഉപയോഗിച്ചാണല്ലോ ഇല്ലാതാക്കിയത്. ആയിരകണക്കിന് ആളുകളെ ആക്രമിച്ച് ഇല്ലാതാക്കിയല്ലോ. ഇന്ന് ബംഗാളില്‍ സി.പി.എമ്മിന്‍റെ അവസ്ഥയെന്താണ്. കേരളത്തില്‍ ആയിരകണക്കിന് ആളുകള്‍ കുടിയിറക്കപ്പെടുന്ന വിഷയമാണ്. എന്നെ സംബന്ധിച്ച് എന്‍റേയോ യൂത്ത് കോണ്‍ഗ്രസിന്‍റെയോ വീടോ സ്ഥലമോ ഒന്നും പോവുന്നില്ല. ഞങ്ങള്‍ ഈ സമരത്തിന് മുമ്പില്‍ നില്‍ക്കുന്നത് ഇത്തരം ആളുകള്‍ക്ക് വേണ്ടിയാണ്. ഒരു കാലത്ത് ഡി.വൈ.എഫ്.ഐ, ''കുടിയിറക്കപ്പെടും കൂട്ടരെ, പറയുവിന്‍ പറയുവിന്‍'' എന്നീ പാട്ടുകളൊക്കെ പാടിയിട്ടാണല്ലോ സമരങ്ങളൊക്കെ നടത്തിയത്. ഇതില്‍ ഡി.വൈ.എഫ്.ഐ ഇന്ന് ആരോടൊപ്പമാണ്. ഈ കുടിയിറക്കപ്പെടുന്ന ആളുകള്‍ക്ക് വേണ്ടി ശബ്ദിച്ചിരുന്ന ഡി.വൈ.എഫ്.ഐ ഇന്നിപ്പോള്‍ സമരം ചെയ്യുന്ന ആളുകള്‍ക്കെതിരെ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയല്ലേ. പാര്‍ട്ടിയും പ്രതിപക്ഷ നേതാവും പ്രഖ്യാപിച്ചതുപോലെ ഇതിനെതിരെ ഞങ്ങള്‍ പോരാടും. അത് കുറ്റിപറിച്ചാലും ഞങ്ങള്‍ സമരം ചെയ്യും. പൊലീസ് അറസ്റ്റു ചെയ്യുമായിരിക്കും, സിപിഎം ഗുണ്ടകള്‍ ആക്രമിക്കുമായിരിക്കും, പിറകോട്ടുപോവില്ല. ഞങ്ങള്‍ മാത്രമല്ല. ആയിരകണക്കിന് ആളുകളുണ്ടല്ലോ. അവരുടെ കിടപാടം നഷ്ടപ്പെടും, പാരിസ്ഥിതിക മേഖല ആകെ തകരും, കേരളത്തിന് ഒരു തരത്തിലും ഗുണകരമല്ലാത്ത ഒരു പദ്ധതിയല്ലേ, അതിനോട് എങ്ങനെ യോജിക്കാന്‍ കഴിയും.

കണ്ണൂരിലെ കെ റെയില്‍ വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചതിന് പൊലീസ് അറസ്റ്റു ചെയ്ത റിജില്‍ മാക്കുറ്റിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് ഭരണം വന്നാല്‍ കെ റെയിലിന്‍റെ ഭാവി...

ഞങ്ങള്‍ ഈ ബുള്ളറ്റ് ട്രെയിനും മറ്റും കേരളത്തില്‍ പറഞ്ഞിരുന്നു. അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ സാഹചര്യമല്ലല്ലോ ഇന്ന് കേരളത്തിലുള്ളത്. ഇന്ന് കാലാവസ്ഥാ വ്യതിയാനം വന്ന് കേരളം പാരിസ്ഥിതികമായി ഏറ്റവും ലോല പ്രദേശമായി മാറുകയല്ലേ. 2011ലും 2015ലും പറയുന്ന ആ ചിത്രമേയല്ല ഇന്ന് കേരളം. അപ്പോള്‍ സാമൂഹികമായി ആ പ്രൊജക്ട് കേരളത്തിന്‍റെ പാരിസ്ഥിതിക ആവാസ സാമ്പത്തിക സ്ഥിതി നോക്കുമ്പോള്‍ ഒരിക്കലും പറ്റില്ലല്ലോ. അതു കൊണ്ടാണല്ലോ ഞങ്ങള്‍ ഇതിനെ എതിര്‍ക്കുന്നത്. ഞങ്ങള്‍ ഈ പ്രൊജക്ട് കൊണ്ടുവന്നപ്പോള്‍ തന്നെ ശക്തമായി വിമര്‍ശനം ഉയര്‍ത്തിയ ഒരു പദ്ധതിയല്ലേ. അതുകൊണ്ടാണല്ലോ ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നത്. ആത്യന്തികമായി കേരളത്തിനെ എല്ലാ വിധത്തിലും ദോഷം ചെയ്യുന്ന ഒരു പദ്ധതിയാണിത്. ഞങ്ങളുടെ സര്‍ക്കാര്‍ വന്നാലും ഈ പദ്ധതി നടപ്പിലാക്കില്ല.

സമരം എന്താണെന്ന് പിണറായി വിജയന്‍ കാണാന്‍ പോവുന്നേയുള്ളൂ

സമരം നടത്താന്‍ കോണ്‍ഗ്രസിന് ശക്തിയില്ലേ?

സമരം വരുമ്പോള്‍ നമുക്ക് കാണാം. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ശക്തി എന്താണെന്ന് ആലുവയില്‍ സമരം നടന്നപ്പോള്‍ കണ്ടില്ലേ. കോണ്‍ഗ്രസിന്‍റെ രീതി സമരത്തിന്‍റെ രൂപവും ഭാവവും മാറുമ്പോള്‍ കാണും. അത് പിണറായി വിജയന്‍ കാത്തിരുന്നാല്‍ മതി. ഇവര് ആളുകളെ കൊല്ലുകയും ആക്രമിക്കുകയും ഒക്കെയല്ലേ ചെയ്യുക. അതിനെയൊക്കെ എതിരിടാനുള്ള സംഘടനാ സംവിധാന രീതി ഇന്ന് കോണ്‍ഗ്രസിനുണ്ട്. സമരം എന്താണെന്ന് പിണറായി വിജയന്‍ കാണാന്‍ പോവുന്നേയുള്ളൂ.

TAGS :

Next Story