Quantcast

'എജ്ജാതി' പാട്ടുകള്‍- 'സൂപ്പർ' സുഹൈൽ കോയ സംസാരിക്കുന്നു

''എൻ വീട്ട് തോട്ടത്തിൽ പൂവെല്ലാം കേട്ട്‍പ്പാർ, എൻ വീട്ട് ജന്നൽകമ്പി എല്ലാമെ കേട്ട്‍പ്പാർ എന്ന പാട്ട് നോക്കൂ. ജനൽകമ്പിയെ, ഒരു ടിഎംടി കമ്പിയെ ഇങ്ങനെയൊരു ലവബിള്‍ എന്‍റിറ്റിയാക്കി മാറ്റിയത് കണ്ടില്ലേ തമിഴില്‍. അതെനിക്ക് എപ്പോഴും ഭയങ്കര ഇഷ്ടമുള്ള ഒരു മൂഡാണ്''

MediaOne Logo

മുഹമ്മദ് ശഹീര്‍

  • Updated:

    2022-03-23 10:15:43.0

Published:

23 Jan 2022 11:50 AM GMT

എജ്ജാതി പാട്ടുകള്‍- സൂപ്പർ സുഹൈൽ കോയ സംസാരിക്കുന്നു
X

'ഈ ജാതിക്കാതോട്ടം.. എജ്ജാതി നിന്റെ നോട്ടം..'

ഈ പാട്ട് മൂളിനടക്കാത്ത കൗമാരക്കാരുണ്ടാകില്ല ഇപ്പോൾ മലയാളത്തിൽ. പ്ലസ്ടു പ്രണയവും സ്‌കൂൾ ജീവിതവും മനോഹരമായി പകർത്തിയ ഗിരീഷ് എ.ഡിയുടെ 'തണ്ണീർമത്തൻ ദിനങ്ങളെ' സൂപ്പർ ഹിറ്റാക്കിയത് ആ ചിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ ഗാനങ്ങളും കൂടിയായിരുന്നു. ജാതിക്കാതോട്ടത്തിനു പുറമെ ശ്യാമവർണ്ണരൂപിണീ, ദൈവമേ, പന്ത് തിരയണ്.. അങ്ങനെ ചിത്രത്തിലെ പാട്ടുകളെല്ലാം വലിയ തരംഗമാണുണ്ടാക്കിയത്. ജസ്റ്റിൻ വർഗീസിന്റെ ഹിറ്റ്‌സംഗീതത്തിന് 'അജ്ജാതി' ഓളമുണ്ടാക്കിക്കൊടുത്തത് എഴുത്തുകാരൻ സുഹൈൽ കോയയാണ്.

'മോസയിലെ കുതിരമീനുകളി'ലൂടെ മലയാള സിനിമയിൽ മുഖംകാണിച്ചുപോയ സുഹൈൽ ഇപ്പോൾ പുതുതലമുറയിൽ ഏറ്റവും തിരക്കുള്ള പാട്ടെഴുത്തുകാരിൽ ഒരാളായി മാറിയിരിക്കുന്നു. ഏറ്റവുമൊടുവിൽ ഗിരീഷിന്റെയും ജസ്റ്റിന്റെയും കൂട്ടുകെട്ടിൽ പിറന്ന 'സൂപ്പർശരണ്യ'യും തിയറ്ററുകളിൽ ഹിറ്റാകുമ്പോൾ അതിലെ പാട്ടുകളും പുതുതലമുറ ഏറ്റുപാടി നടക്കുകയാണ്. കുറച്ചുകൂടി വ്യത്യസ്തമായ ശൈലിയിലും ഈണത്തിലും ലാൽജോസിന്റെ 'മ്യാവൂ'വിലും മനോഹരമായ വരികളെഴുതിയിട്ടുണ്ട് സുഹൈൽ.

പാട്ടെഴുത്ത് വഴികളെക്കുറിച്ച് 'മീഡിയവണ്ണിനോ'ട് സംസാരിക്കുന്നു സുഹൈൽ കോയ.

ഒരു ജാതിക്കാതോട്ടത്തിലൂടെ മലയാളി സംഗീതാസ്വാദകരുടെ മനസ്സിലേക്ക് ഓടിക്കയറിയ പേരാണ് സുഹൈൽ കോയ. അതിനു വളരെ വർഷങ്ങൾക്കുമുൻപ് 'മോസയിലെ കുതിര മീനുകളി'ൽ ചെയ്ത 'ഇലാഹി'യും ഒരു ഗംഭീര ഫീലായിരുന്നു. സിനിമയിൽ പാട്ടെഴുതാനുള്ള അവസരം ഒത്തുവന്നത് എങ്ങനെയാണ്? ശരിക്കും സിനിമയിലേക്കുള്ള എൻട്രി എങ്ങനെയായിരുന്നു?

ശരിക്കും സിനിമാമേഖലയുമായി ബന്ധമൊന്നുമുള്ളയാളായിരുന്നില്ല ഞാൻ. വിദേശത്തായിരുന്നു പഠിച്ചതെല്ലാം. ഇടക്ക് ബ്രേക്കെടുത്ത് കുറച്ചുകാലം ഡൽഹിയിൽ താമസമാക്കിയിരുന്നു. ഉറുദു പഠിക്കാനൊക്കെയായിട്ട്. പണ്ട് ഹിന്ദി പാട്ടൊക്കെ കേട്ടിട്ടുള്ള പരിചയമാണ് ഉറുദുവിനോട്. ഹിന്ദിയാണ് കൂടുതൽ കേട്ടുകൊണ്ടിരുന്നത്. ആ പാട്ടുകളിൽ ഉറുദുവും ഹിന്ദുസ്ഥാനിയുമാണ് കൂടുതലും ഉപയോഗിച്ചിരുന്നതെന്നൊന്നും അന്നു മനസ്സിലായിരുന്നില്ല.

യുകെയിൽ ഏഷ്യൻ പോപ്പുലേഷൻ കൂടുതലുള്ള ബിർമിങ്ങാമിലെ Coventry യൂനിവേഴ്സിറ്റിയിലായിരുന്നു പഠിച്ചിരുന്നത്. അന്നൊരു ഏഷ്യൻ കൾച്ചറൽ സെന്ററുണ്ടായിരുന്നു യൂനിവേഴ്സിറ്റിയിൽ. അവിടെ കുറേയാളുകളെ പരിചയപ്പെട്ടു. കൂട്ടത്തിൽ പാകിസ്താനി സ്റ്റുഡന്റ്സുമായി പരിചയമായപ്പോൾ അവരെല്ലാവരും ഖവാലിയും ഗസലുമെല്ലാം ഭയങ്കരമായി കേൾക്കുന്നത് ശ്രദ്ധിച്ചു. അതിന്റെ അർത്ഥവും വിശദീകരണവും ചർച്ചകളുമെല്ലാമായായിരുന്നു വൈകുന്നേരവും ചായകുടിയുമെല്ലാം. നാട്ടിൽനിന്ന് ഇതിനോട് കുറച്ചൊക്കെ interest ഉണ്ടായിരുന്നെങ്കിലും അന്നൊക്കെ നുസ്രത് ഫത്തഹ് അലി ഖാനെപ്പോലുള്ള ഫെയ്മസ് മുഖങ്ങൾ മാത്രമേ അറിയുമായിരുന്നുള്ളൂ. അതിന്റെ deep understanding ഒന്നുമുണ്ടായിരുന്നില്ല. ഗസൽ ഫോമെന്താണ്, ഖയാലെന്താണെന്നൊന്നും അറിയുമായിരുന്നില്ല. ഇവരുടെ കൂട്ടത്തിൽ ചേർന്ന ശേഷമാണ് ഇതിന് deeper meaning ഉണ്ട്, ഇതിനകത്തൊരു devotion ഉണ്ട് എന്നെല്ലാം മനസ്സിലാക്കുന്നത്. ഇത്രയും കാലം ഇതിനെയെല്ലാം ഒരു പ്രേമമായിട്ടങ്ങ് ധരിക്കുവായിരുന്നല്ലോ. അതിന്റെയൊരു മറ്റൊരു element, ഡിവോഷനൽ സൈഡും സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള conversationന്റെ സൈഡുമൊക്കെ ആളുകൾ പറഞ്ഞുതന്നപ്പോൾ നമ്മൾക്ക് interest ആയി.

പിന്നീട് അവിടെ ജോലിയിലൊക്കെ കയറിയ ശേഷം, 2010-11 കാലത്ത്, ബാപ്പ മരിച്ച് നാട്ടിൽ വരേണ്ട സാഹചര്യമുണ്ടായി. അങ്ങനെ കുറച്ചുനാൾ ഇവിടെ നിന്നപ്പൊ ഞാനും വൈഫും ഡൽഹിക്ക് പോകാൻ പ്ലാനിട്ടു. കുറച്ച് ബ്രേക്കൊക്കെ എടുത്ത് ഇവരുടെ കൾച്ചറൊക്കെ ഒന്നു കാണുകയും അറിയുമൊക്കെ ചെയ്യാമെന്ന് കരുതിയായിരുന്നു ഞാൻ. അങ്ങനെയാണ് ഡൽഹിയിലൊരു പള്ളിയിൽ ഒരു ഉസ്താദിനെ ബന്ധപ്പെട്ട് ഉറുദുവിലെ നിയമങ്ങളും ബേസിക് കാര്യങ്ങളുമെല്ലാം പഠിച്ചത്.


ആ സമയത്ത് അതിന്റെ വായനയുമൊക്കെയായി നിൽക്കുമ്പോഴാണ് നമ്മുടെ പഴയൊരു സുഹൃത്ത്, അജിത്ത് പിള്ള, 'മോസയിലെ കുതിര മീനുകൾ' എന്നു പറഞ്ഞ് പടമെടുക്കുന്നത്. പുള്ളി അന്നേരത്ത് എന്നെ വിളിച്ചു. ലക്ഷദ്വീപ് ആണ് പ്രമേയം, മുസ്‌ലിം കഥയും കഥാപാത്രങ്ങളുമൊക്കെയാണ്. അതിനകത്തൊരു പാട്ടുണ്ട്. പ്രശാന്ത് പിള്ളയാണ് മ്യൂസിക് ചെയ്യുന്നത്. അതിലൊരു ഉറുദു പരിപാടി, മലയാളം ബ്ലെൻഡ് ചെയ്തു ചെയ്യാൻ പറ്റുമോ എന്നു ചോദിച്ചു. ഞാൻ ട്രൈ ചെയ്തുനോക്കാമെന്നു പറഞ്ഞു. അങ്ങനെയൊരു സാധനം എഴുതിക്കേൾപ്പിച്ചപ്പോൾ അവർക്ക് ഇഷ്ടമാകുകയും ചെയ്തു. മഹാരാഷ്ട്രയിൽനിന്നുള്ള ഒരു സിങ്ങറെ വച്ചാണ് ആ പാട്ട് അവർ പാടിപ്പിച്ചതൊക്കെ. അങ്ങനെയാണ് പാട്ടെഴുത്തിന്റെ തുടക്കം എന്നു പറയാം.

മോസയ്ക്കുശേഷം നീണ്ട ഇടവേള കഴിഞ്ഞ് പിന്നീട് എങ്ങനെയാണ് 'തണ്ണീർമത്തൻദിനങ്ങളി'ലെത്തുന്നത്? അതും ആ പടത്തിലെ മുഴുവൻ പാട്ടുമായി വരുന്നത് എങ്ങനെയാണ്?

2019 കാലഘട്ടത്തിൽ അവധിക്ക് നാട്ടിൽ വന്നപ്പോൾ ആലപ്പുഴയിൽ തന്നെയുള്ള നമ്മുടെ ഒരു സുഹൃത്ത്, സംവിധായകൻ സാജിദ് യഹിയ(ഷൈൻ നിഗം നായകാകുന്ന 'ഖൽബി'ന്റെ സംവിധായകൻ) വിളിക്കുന്നത്. പുള്ളി ആലപ്പുഴ ബീച്ച് ബേസ് ചെയ്‌തൊരു ലൗ സ്റ്റോറി എഴുതിക്കൊണ്ടിരിക്കുകയാണ് ആ സമയത്ത്. ആലപ്പുഴ തീരപ്രദേശത്തെ ഒരു മുസ്‌ലിം ലൗ സ്റ്റോറിയായിരുന്നു പ്ലാനിലുണ്ടായിരുന്നത്.

സാധാരണ ആലപ്പുഴ പറയുമ്പോ എപ്പോഴും കായലും കുട്ടനാടുമൊക്കെയാണല്ലോ പറയുക. എന്നാൽ, ഈ ബീച്ച് സൈഡും ഫോർട്ട് കൊച്ചിയെപ്പോലെ തന്നെ ചരിത്രമുണ്ടായിരുന്ന സ്ഥലമാണ്. ഒരുപാട് കച്ചവടസംഘങ്ങളും പലജാതി മതസ്ഥരുമെല്ലാം വന്നുചേർന്ന സ്ഥലമാണ്. അത് അങ്ങനെ ആരും explore ചെയ്തിട്ടില്ല. ആരും അധികം പറഞ്ഞിട്ടുമില്ല. അതിലേക്ക് ഒന്നുരണ്ട് പാട്ട് വേണം, നമ്മുടെ ഭാഷ സംസാരിക്കുന്ന പാട്ട് വേണമെന്ന് പറഞ്ഞു സാജിദ്. ഉറുദുപോലെയാണ് അതിന്റെ രീതി വേണ്ടത്, എഴുതാൻ പറ്റോ എന്ന് ചോദിച്ചു. ഞാൻ ശരി, നോക്കാമെന്ന് പറഞ്ഞു. മ്യൂസിക് ഡയരക്ടർ പ്രകാശ് അലെക്സ് ആണ് അത് ചെയ്യുന്നത്. ഞാൻ പ്രകാശിനൊപ്പം ഒരു പാട്ട് ചെയ്തുനോക്കി. അത് കേട്ടപ്പോൾ സാജിദിന് ഇഷ്ടപ്പെടുകയും ചെയ്തു.

അന്ന് ആ പടം പ്രൊഡ്യൂസ് ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത് 'പ്ലാൻ ജെ' സ്റ്റുഡിയോസാണ്. ജോമോൻ ടി ജോണും ഷമീർ മുഹമ്മദുമൊക്കെ ചേർന്നുള്ള കമ്പനി. അവരാണ് 'തണ്ണീർമത്തൻദിനങ്ങൾ' പിന്നീട് പ്രൊഡ്യൂസ് ചെയ്തത്. പ്ലാൻ ജെ സ്റ്റുഡിയോസിന്റെ ബാനറിലായിരുന്നു ഈ പടം ഇറങ്ങാനിരുന്നത്. കുറച്ച് സാങ്കേതികപ്രശ്നങ്ങൾ കാരണം അതു പിന്നെ മാറിപ്പോയി. അതിനിടയിൽ അവരുമായി ബന്ധമായി. ഇതേസമയത്തു തന്നെയായിരുന്നു അവർ 'തണ്ണീർമത്തൻ' ചെയ്തിരുന്നത്. പാട്ടെഴുത്ത് കൊള്ളാലോ, നിനക്ക് ഇതിലൊന്ന് ട്രൈ ചെയ്യാമെന്ന് പറഞ്ഞു അവരെന്നോട്. അവരുടെ കൂട്ടിൽനിന്നാണ് ജസ്റ്റിൻ വർഗീസിനെ പരിചയപ്പെടുന്നത്. ജസ്റ്റിൻ അന്ന് 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' കഴിഞ്ഞ് 'തൊട്ടപ്പൻ' സിനിമയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തുകൊണ്ടിരിക്കുകയാണ്. ജസ്റ്റിനുമായുള്ള ആ പരിചയം കൂടിയായാണ് 'തണ്ണീർമത്തനി'ലെത്തുന്നത്.

ജാതിക്കാതോട്ടം ഗിരീഷിന്റെ ചെറിയൊരു ഹിന്റ് മാത്രമായിരുന്നെന്ന് ഒരു അഭിമുഖത്തിൽ പുള്ളി പറയുന്നുണ്ട്. അത് ഈ ജാതി പാട്ടാക്കിക്കേറ്റിയത് സുഹൈലും ജസ്റ്റിനും ചേർന്നാണ്. ഇതുമാത്രമല്ല, ആ സിനിമയിലെ ബാക്കി മൂന്നുപാട്ടും എഴുതിയത് സുഹൈൽ തന്നെയാണ്. ശ്യാമവർണ്ണരൂപിണീ, പന്ത് തിരിയണ്, ദൈവമേ... എല്ലാം.. വെവ്വേറെ ടൈപ് മ്യൂസിക്കും വരികളുമാണ് നാലും. എല്ലാം ഹിറ്റുമാണ്. ആ പടത്തെ ഹിറ്റാക്കിയതിൽ ആ പാട്ടുകൾക്കും വലിയൊരു പങ്കുണ്ട്. എങ്ങനെയായിരുന്നു സുഹൈലിന്റെ തണ്ണീർമത്തൻദിനങ്ങൾ? ആ പാട്ടുകൾ പിറന്ന അനുഭവങ്ങൾ?

പറഞ്ഞല്ലോ, ജസ്റ്റിനുമായുണ്ടായ പരിചയത്തിലൂടെയാണ് 'തണ്ണീർമത്തൻദിനങ്ങൾ' ടീമിലെത്തുന്നത്. ഗിരീഷ് നേരത്തെ പറഞ്ഞ പോലൊരു ബ്രീഫ് തന്നു. വളരെ ലഘുവായി പറഞ്ഞു. അവന്റെ സ്‌കൂളിനടുത്ത് ഒരു ജാതിക്കാതോട്ടമുണ്ടായിരുന്നു. അവിടെയാണ് സ്ഥിരമായി പോയിഇരിക്കാറുണ്ടായിരുന്നെല്ലാം വളരെ casual ആയി പറഞ്ഞതായിരുന്നു. അതെന്റെ മനസിൽ ഇങ്ങനെ കിടന്നു. പിന്നീട് പാട്ടെഴുതാൻ തുടങ്ങിയപ്പോഴാണ് അതു വന്നത്.

ഞാനെഴുതിയത് വളരെ സരസമായാണ്. ചെറിയ കുട്ടികളുടെ സ്റ്റോറിയാണല്ലോ. അതിൽ വളരെ ഡീപ്പായ എഴുത്തൊന്നും വേണ്ട. വളരെ സരസമായി പറഞ്ഞുപോയതാണ്. അങ്ങനെയാണ് ആ 'ജ്ജാതി' ഒക്കെ വരുന്നത്. തൃശൂർ, അങ്കമാലി സൈഡിൽ കോമണായുള്ള വാക്കൊക്കെ വയ്ക്കാമെന്ന് ഞാൻ ജസ്റ്റിനോട് പറഞ്ഞു. അത് ജസ്റ്റിന് ഇഷ്ടപ്പെട്ടു. ജസ്റ്റിൻ പിന്നെ വ്യത്യസ്തമായി ട്യൂൺ ചെയ്ത് അതിനു വേറൊരു കളർ തന്നെ വരുമല്ലോ.

ജസ്റ്റിൻ ട്യൂൺ ചെയ്ത് കേൾപിച്ചു. കേട്ടപ്പൊ ശരിക്കും ഇഷ്ടപ്പെട്ടു. അവരെയും കേൾപ്പിച്ചുനോക്കാമെന്നു പറഞ്ഞു ജസ്റ്റിൻ. കേൾപ്പിച്ചപ്പോൾ എല്ലാവർക്കുമതങ്ങ് ഭയങ്കരമായി പിടിച്ചു.

മലയാളത്തിൽ നവതരംഗം സൃഷ്ടിക്കുന്ന പുതുതലമുറ സംഗീതജ്ഞരിലൊരാളാണ് ജസ്റ്റിൻ വർഗീസ്. എന്നാൽ, പാട്ടുകളുടെ uniquenessന്റെ കാര്യത്തിൽ കുറച്ചുകൂടി മുന്നിലാണെന്നു തോന്നുന്നു ജസ്റ്റിൻ. ഒന്നും ഒന്നിന്റെയും പാറ്റേണല്ല, കോപ്പിയും അല്ല. വേറൊരു വൈബ് ആണ് പുള്ളിയുടെ പാട്ടുകൾക്ക്. ജസ്റ്റിനുമായുള്ള ബന്ധം എങ്ങനെയാണ്? 'തണ്ണീർമത്ത'നു ശേഷം ഇപ്പൊ ഇതാ 'മ്യാവൂ'വിലും 'സൂപ്പർ ശരണ്യ'യിലും ജസ്റ്റിന് വേണ്ടി വരികളെഴുതിയിരിക്കുന്നു. പുള്ളിയുടെ വിശ്വസ്ത എഴുത്തുകാരനായി മാറിയോ?

ഞാനും ജസ്റ്റിനും തമ്മിൽ ഒരു ബ്രദർഹുഡുണ്ട്. ഭയങ്കര ആത്മബന്ധമുണ്ട്. ഞാൻ പറയുന്നത് ജസ്റ്റിന് പെട്ടെന്ന് മനസിലാകും. ആദ്യംമുതലേ, day one മുതലേ നമ്മളതിങ്ങനെ പറയുമ്പോൾ പുള്ളിക്കത് connect ആകും. മലയാളത്തിൽ ഒരു ചേഞ്ച് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നയാളാണ് ജസ്റ്റിൻ. തമിഴിലിപ്പൊ 'ടെലഫോൺ മണിപോൽ' എന്ന പാട്ടിലെ ആ ടെലഫോൺ എന്ന ഇംഗ്ലീഷ് വാക്ക് ശ്രദ്ധിച്ചില്ലേ.. തമിഴിൽ അങ്ങനെ ഇംഗ്ലീഷ് വാക്കുകൾ വച്ചാൽ അതു മുഴച്ചുനിൽക്കില്ല. അതതിനകത്തിങ്ങനെ പതിഞ്ഞുനിൽക്കും. ആ മെൽബോണും മലരുമൊക്കെ ചേർന്നുനിൽക്കുന്നത് കണ്ടില്ലേ. മെൽബോണൊക്കെ ഇങ്ങനെ നമ്മുടെ മലയാളത്തിൽ ചേർത്തുപറഞ്ഞാൽ ഭയങ്കര ബോറാകും.. അപ്പൊ അത് മലയാളത്തിൽ എങ്ങനെ ആ ശൈലി കൊണ്ടുവരാനാകുമെന്ന ആലോചനയിലായിരുന്നു. 'ജാതിക്കാത്തോട്ടം' പാട്ടിലെ മൊബൈൽ, ഫെയ്ൽ ഒക്കെ കൊണ്ടുവരുന്നത് അങ്ങനെയാണ്.


അപ്പൊ ഇത് ബോധപൂർവം, പ്രത്യേക താൽപര്യമെടുത്ത് ചെയ്യുന്നതു തന്നെയാണല്ലേ?

തീർച്ചയായും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാർ, ഹിന്ദിയിൽ അമിതാഭ് ഭട്ടാചാര്യയും ഗുൽസാറുമൊക്കെയാണ്.

തമിഴിൽ വരുമ്പോൾ വാലിയെയും വൈരമുത്തുവിനെയും പോലെയുള്ളവരുണ്ട്. അവർ ഈ conversational ഭാഷ പാട്ടിലേക്ക് കൊണ്ടുവന്നവരാണ്. Everyday usageകൾ പാട്ടിലേക്ക് കൊണ്ടുവന്നു അവർ. എൻ വീട്ട് തോട്ടത്തിൽ പൂവെല്ലാം കേട്ട്‍പ്പാർ, എൻ വീട്ട് ജന്നൽകമ്പി എല്ലാമെ കേട്ട്‍പ്പാർ എന്ന പാട്ട് നോക്കൂ. ജനൽകമ്പിയെ, ഒരു ടിഎംടി കമ്പിയെ ഇങ്ങനെയൊരു lovable entity ആക്കി മാറ്റിയത് കണ്ടില്ലേ തമിഴിൽ.

അതെനിക്ക് എപ്പോഴും ഭയങ്കര ഇഷ്ടമുള്ള ഒരു മൂഡാണ്. ഹിന്ദിയിൽ ആണേലും ഗുൽസാർ ഇതുപോലെ ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. അമിതാഭ് ഭട്ടാചാര്യ ഇപ്പോൾ ഭയങ്കരമായി ഉപയോഗിക്കുന്നുണ്ട്.

അപ്പൊ അത്തരത്തിലുള്ളൊരു എഴുത്ത് മലയാളത്തിലോട്ട് കൊണ്ടുവരുമ്പോൾ ഇതുവരെ അതിനൊരു പ്രസിഡൻസില്ലാത്തതുകൊണ്ട് ഭാഷ കൈകാര്യം ചെയ്യേണ്ട ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. രണ്ടാമത്, ഇതൊന്ന് എഴുതിയാലും പ്രശ്നമാണ്. മലയാളി ഭയങ്കരമായി പാട്ടുമായി ബന്ധപ്പെട്ടു കിടക്കുന്നവരായതുകൊണ്ട് പെട്ടെന്ന് ക്രിട്ടിസിസം വരും. ഒന്നുകിൽ ഫ്രീക്ക് പാട്ട് എന്ന കാറ്റഗറിയിലേക്ക് പോകും. അല്ലെങ്കിൽ അതങ്ങ് ക്ലിക്കാകുകയും ചെയ്തു. അങ്ങനെയൊരു thin ലൈനാണല്ലോ ഇത്.

അവിടെയാണ് ജസ്റ്റിന്റെ മ്യൂസിക് ഇതിനെ ഭയങ്കരമായി സഹായിക്കുന്നത്. ജസ്റ്റിന് ആരിത് പാടണമെന്നതും പ്രധാനമാണ്. കൺവെൻഷനൽ ആളുകൾ, ഇപ്പോഴത്തെ ഹിറ്റ് ആൾക്കാരെക്കൊണ്ട് തന്നെ പാടിക്കണമെന്ന നിർബന്ധമൊന്നും പുള്ളിക്കില്ല. പുള്ളിക്ക് ഓരോ പാട്ടിനും അതിന്റേതായ ചുവയുള്ള ആളെ വേണം. നമ്മൾ ഓരോ വാക്ക് പറയുമ്പോഴും പുള്ളി ആ യുനീക് സൗണ്ട് ആരാണെന്ന് തേടാൻ തുടങ്ങും. അതെങ്ങനെയെങ്കിലുമാകും. ചിലപ്പോൾ ഫേസ്ബുക്കിൽ റിക്വസ്റ്റ് ഇടും. ചിലപ്പോൾ ക്ലബ്ഹൗസിൽ പോയി പാട്ട് കേൾക്കും. എന്തെങ്കിലും വോയ്സ് ഉണ്ടെങ്കിൽ പറയണേ, പറയണേ എന്ന് എന്നോട് എപ്പോഴും പറയും. അങ്ങനെ കൂട്ടുകാരോടൊക്കെ ചോദിക്കും.

യുനീക് സൗണ്ടിങ്ങുള്ള വോയ്സുകൾ കൊണ്ടുവരാനുള്ള ശ്രമമാണ് ജസ്റ്റിന്റേത്. അതോടൊപ്പം ഇൻസ്ട്രുമെന്റുകളെല്ലാം ലൈവ് വായിപ്പിക്കും. ആ original, authentic മുസ്‍ലിം flavor കിട്ടാൻ വേണ്ടി പുള്ളി ഹൈദരാബാദിൽ പോയി അവിടത്തെ മ്യുസീഷ്യൻസിനെക്കൊണ്ട് തന്നെയാണ് 'മ്യാവ്യൂ'വിലെ ആ പാട്ടൊക്കെ വായിപ്പിക്കുന്നത്. ലാഹൗല വലാ ഖുവ്വ എന്നു തുടങ്ങുന്ന 'മെഹ്ജബി' പാട്ട്.

ഹൈദരാബാദിൽ സന്തൂർ, സിത്താർ പോലെയുള്ള string instruments വായിക്കുന്ന authentic ആൾക്കാരുണ്ടല്ലോ. ആ ഒരു ഫ്ളേവർ കിട്ടാൻ വേണ്ടി പുള്ളി ഹൈദാരാബാദിൽപോയി. ആ ആൾക്കാരെ പാട്ടിലേക്ക് കൊണ്ടുവന്നു. അവരെക്കൊണ്ടാണ് അതിനകത്തൊക്കെ വായിപ്പിച്ചിട്ടുള്ളത്. ആ ഒരു effort പുള്ളി എടുക്കുന്നുണ്ട്. അതുപോലെത്തന്നെയാണ് പെർകഷൻ സൈഡും. പലരെയും കൊണ്ടും ട്രൈ ചെയ്യിച്ചും പല വേർഷൻസ് വായിപ്പിച്ചുനോക്കിയുമെല്ലാമാണ് പുള്ളിയുടെ പാട്ടുകളിൽ ആ കളർ വരുന്നത്.

ജസ്റ്റിന്റെ മ്യൂസിക്കിൽ സംതിങ് ബിഗ് ഇനിയും വരാനിരിക്കുന്നേയുള്ളൂവെന്നു പറയാമല്ലേ അപ്പോൾ?

തീർച്ചയായും. അതിശയോക്തിയില്ലാതെ തന്നെ പറയാം. മലയാളസിനിമയുടെ മ്യൂസിക്കിനെ അടുത്തൊരു തലത്തിലേക്ക് കൊണ്ടുപോകാൻ നൂറുശതമാനം കഴിവുള്ള ഒരാളാണ്. എല്ലാ ജനറേഷനിലും അതുപോലെയുള്ള ഓരോരുത്തർ വന്നിട്ടുണ്ടല്ലോ.. എന്റെ ആത്മബന്ധം കൊണ്ട് പറയുന്നതല്ല ഇത്.

ഇതൊരു റിസ്‌കും കൂടിയാണ്. നമുക്കൊരു ജനപ്രിയ ഗാനം അതിന്റെ സ്ഥിരം പരിപാടിയിൽ പിടിക്കുക എന്നുള്ളത് കുറച്ചുകൂടി എളുപ്പമുള്ള കാര്യമാണ്. നമുക്കറിയാം, ഒരുപാട് പ്രത്യേക രീതികളുണ്ട് ഇവിടെ. മാസിന് പെട്ടെന്ന് ഇഷ്ടപ്പെടുന്ന രീതികളുണ്ട്. മാപ്പിളഗാനങ്ങൾക്ക് എപ്പോഴും അങ്ങനെത്തൊരു സുഖമുണ്ട്. എപ്പോഴും കേട്ടാൽ എല്ലാർക്കും ഇഷ്ടമാണ്. പക്ഷെ, അതിൽനിന്ന് മാറിയിട്ട് ഹിറ്റുണ്ടാക്കുക ഇച്ചിരി പാടുള്ള കാര്യമാണല്ലോ.. അതിനുള്ള ധൈര്യമുണ്ട് പുള്ളിക്ക്. ആളുകളെന്തെങ്കിലുമായിക്കൊള്ളട്ടെ, നമ്മൾക്ക് ഇതാണ് വേണ്ടത്, അത് അതേ ക്വാളിറ്റിയിൽ തന്നെ ഇറങ്ങുമെന്നാണ് പുള്ളി എപ്പോഴും പറയാറുള്ളത്.

'തണ്ണീർമത്തനി'ൽ നമ്മൾ വിദ്യാദരൻമാഷെക്കൊണ്ട് പാടിച്ചു ഒരുപാട്ട്. 'എന്തു വിധിയിത്' എന്ന പാട്ട്. ആദ്യം മുതലേ ജസ്റ്റിൻ എന്നോട് പറഞ്ഞു, നമുക്കൊരു പ്രാർത്ഥന പോലോത്തൊരു, ദൈവവിളി പോലത്തൊരു പാട്ട് എഴുതണം. ഞാൻ പറഞ്ഞു, ചെയ്യാം. അതൊരു സീരിയസല്ലാതെ എഴുതുകയും വേണമായിരുന്നു. കാരണം, അവരുടെ വിഷമങ്ങളൊക്കെ ഓഡിയൻസിന് ഫണ്ണായി തോന്നുന്നതുകൊണ്ട് അതിലൊരു seriousness വരാനും പാടില്ല. അങ്ങനെയൊരു സാധനം എഴുതി. അതിന് വേറൊരു ശൈലി വന്നു. ഒരു നാടകഗാനത്തിലെ പോലെ, കുറച്ച് ഓവർ ഡ്രമാറ്റിക് സൗണ്ടിങ് പരിപാടികളൊക്കെ ചെയ്തു ജസ്റ്റിൻ. അതിനൊക്കെ പുള്ളിയെടുക്കുന്ന എഫേർട്ട് ഭയങ്കരമാണ്.

ജസ്റ്റിന്റെ അടുത്ത പ്രോജക്ടുകളുടെ ഭാഗമായും സ്വാഭാവികമായും സുഹൈലിനെയും പ്രതീക്ഷിക്കണോ? ഇപ്പോ മലയാള സിനിമയിൽ അങ്ങനെയൊക്കെയാണല്ലോ? ഓരോ സംഗീത സംവിധായകർക്കും വിശ്വസ്തരായ ഓരോ പാട്ടുകാരും എഴുത്തുകാരുമൊക്കെയുണ്ടല്ലോ?

അതൊരു കൺഫർട്ട് ലെവലിന്റെയും കൂടിയാണ്. അതിൽ വേറൊന്നുമില്ല. എല്ലാവരുമായും നല്ല നിലയിലാണ്. എല്ലാവരുമായും നമുക്ക് അടിപൊളിയായിട്ട് പോകാവുന്നതാണ്. എന്നാൽ, ചിലരുമായി പെട്ടെന്നങ്ങ് കണക്ടായി പേഴ്സണൽ രീതിയിലേക്ക് പോകും. ഞാനും ജസ്റ്റിനുമൊക്കെ ഒരേ സ്വഭാവക്കാരും കൂടിയാണ്. അപ്പോൾ കുറച്ചുകൂടി എളുപ്പമാണ് കാര്യങ്ങൾ.


ഓളാ കിനാവേല് കേറിവന്ന പോലെയുള്ള ഒരു വരവാണ് സുഹൈലിന്റെ പാട്ടുകളിലേക്ക് ഈണമുള്ള വാക്കുകളെന്നാണ്, ഗിരീഷ് പുത്തഞ്ചേരി തൊട്ട് റഫീക്ക് അഹമ്മദും വയലാർ ശരത്ചന്ദ്ര വർമ്മ വരെയുള്ളവരുടെയെല്ലാം സംവിധായകനായിട്ടുള്ള ലാൽ ജോസ് ഒരിടത്ത് പറഞ്ഞത്. സുഹൈലിന്റെ പാട്ടുകളിലേക്ക് ഈ ഈണവും നോട്ടിനസ്സും എന്നാൽ അതിലൊക്കെ ഇമ്പവുമുള്ള വാക്കുകൾ കടന്നുവരുന്നത് എവിടുന്നാണ്? വാക്കുകളെ കണ്ടെടുക്കുന്നത് എങ്ങനെയാണ്?

ഞാൻ ഭയങ്കര വല്യ വായനക്കാരനോ ലിറ്ററേച്ചറിൽ വല്യ അറിവുള്ള ആളോ ഒന്നുമല്ല. അത് ഒരു സൈഡിൽ ദോഷം ചെയ്യുമെങ്കിലും ഒരു സൈഡിൽ ഗുണവുമാണ്. കാരണം നമ്മൾ ഒരു പാറ്റേണിൽ പെട്ടുപോകില്ല. രണ്ടാമത്തെ കാര്യം, ചില സമയത്ത് ഇഗ്‌നറൻസ് ഒരു ബ്ലിസാണെന്നു പറയുന്ന പോലെ, ഇങ്ങനെ ഒരു വാക്ക് അവിടെ കൊടുക്കാമോ, അയ്യോ എങ്ങനെ കൊടുക്കും എന്നൊരു പേടിയും നമുക്ക് തോന്നില്ല. അപ്പൊ നമുക്കൊരു ധൈര്യം വരും. നമ്മളെക്കാളും മിടുക്കരായിട്ടുള്ള, അപാരവായനയും അപാര അറിവുമുള്ളവരും, നമ്മൾ എഴുതുന്നതൊക്കെ പത്തു മിനിറ്റ് കൊണ്ട് എഴുതിത്തീർക്കുന്നവരുമെല്ലാമുണ്ട്. പുലികളായിട്ടുള്ള എഴുത്തുകാരാണ് കൂടെയുള്ളവരെല്ലാം.

അപ്പൊ അവിടെയൊരു വ്യത്യാസം നമ്മൾക്ക് കൊണ്ടുവരാൻ പറ്റുന്നത് ഇതുകൊണ്ടാണ്. 'ഓനാ ഹിജാബിയെ കിനാവ് കണ്ട്, ഇരുളിൽ പൊതിഞ്ഞ നിലാവ് കണ്ട്' എന്നൊക്കെ പറയുന്നത് അവർക്ക് വളരെ സിംപിളാണ്. അത്രയും സിംപിൾ വേണോ എന്ന് വിചാരിക്കുമവര്. അവിടെയാണ് നമ്മുടെ അഡ്വന്റേജ്. എന്റെടുത്ത് ശരത്തേട്ടൻ(വയലാർ ശരത്ചന്ദ്ര വർമ) പറയും: എടാ, അതാണ് നിന്റെ സ്വാതന്ത്ര്യം. നിനക്ക് ഭാരമില്ല. ഒന്നിന്റെയും ഒരു വെയ്റ്റില്ല എന്നൊക്കെ.

അങ്ങനെ എഴുത്തുകാരൊക്കെ ശ്രദ്ധിക്കുന്നുണ്ടല്ലേ? ആരെങ്കിലും വിളിച്ച് അഭിനന്ദിച്ചോ?

ഞങ്ങളുടെ, ലിറിസിസ്റ്റുകളുടെ, ഒരു കൂട്ടായ്മയുണ്ട്, 'രചന' എന്നു പറഞ്ഞിട്ട്. ജാതിക്കാതോട്ടം ഒക്കെ ഇറങ്ങിയപ്പോൾ എഴുത്തുകാരൻ വിനായക് ശശികുമാർ വിളിച്ച് അതിലേക്ക് ആഡ് ചെയ്തു. ഭയങ്കര friendly ആയിട്ടുള്ള atmosphere ആണ് അതിനകത്ത്.

അൻവറിക്കയൊക്കെ(കവി അൻവറലി) വിളിക്കും. പുള്ളി പറയുകയും ചെയ്യും, അത് അടിപൊളിയായിരുന്നു, ഇത് ഇച്ചിരി നോക്കാനുണ്ട്, ശ്രദ്ധിക്കണമെന്നെല്ലാം. ഒരു പാട്ട് ഇറങ്ങിക്കഴിഞ്ഞാൽ എല്ലാവരും ആ ഗ്രൂപ്പിൽ നല്ല അഭിപ്രായം പറയും. റഫീഖ് അഹമ്മദ് മെസേജ് ചെയ്യാറുണ്ട്, അടിപൊളിയായിട്ടുണ്ട്, ഇങ്ങനെ തുടരണമെന്നൊക്കെ പറഞ്ഞ്. ഹരിനാരായണൻ അടക്കം പുതിയ എഴുത്തുകാരെല്ലാം വിളിക്കുകയും കാര്യമായി സംസാരിക്കുകയുമെല്ലാം ചെയ്യും. അതിലൊക്കെ ഭയങ്കര സപ്പോർട്ടാണ്.

'മ്യാവൂ'വിലേക്ക് എത്തുന്നതും ജസ്റ്റിൻ വഴിയാകുമല്ലേ? എങ്ങനെയാണ് ലാൽജോസുമായുള്ള ബന്ധം?

ലാൽ ജോസ് സാറുമായി നല്ല ബന്ധമാണ്. പുള്ളി ഒരിക്കൽ എന്നോടും ജസ്റ്റിനോടും പുള്ളിയുടെ വീട്ടിലേക്ക് വരാൻ പറഞ്ഞു. ഒറ്റപ്പാലത്ത് ഭാരതപ്പുഴയുടെ തീരത്ത് മനോഹരമായൊരു വീടുണ്ട് സാറിന്. അവിടെ ഞങ്ങളെ രണ്ടുമൂന്നു ദിവസം കൊണ്ടുപോയി താമസിപ്പിച്ചു. വർക്കിനൊന്നുമല്ല, ജസ്റ്റ് വന്നു താമസിച്ച് നമ്മൾക്ക് വ്യക്തിപരമായി അടുക്കാനുള്ള ഒരു അവസരമായിക്കണ്ടാൽ മതിയെന്നാണ് പുള്ളി പറഞ്ഞത്. അങ്ങനെയൊന്നും ആരും ചെയ്യാറില്ലല്ലോ.. എല്ലാവരും സ്റ്റുഡിയോയിലാണ് കാണാറ്. പിന്നെ ഹോട്ടൽ റൂമെടുത്ത് താമസിച്ചൊക്കെയാകും എഴുത്തൊക്കെ. ഭാര്യയും മക്കളുമൊക്കെയുള്ള സ്ഥലത്തേക്കൊന്നും ആരും കൊണ്ടുപോകാറില്ല.

ഇത് നമ്മൾക്കൊരു വിശ്വാസം തന്നു. പുള്ളി നമ്മളെ അത്രയും ഇഷ്ടപ്പെടുന്നതുകൊണ്ടാണല്ലോ അങ്ങനെ ചെയ്തത്. ഞങ്ങൾ രണ്ടുപേരും അവിടെ ചെന്നു താമസിച്ചു. ഞങ്ങൾ കുറേകാര്യം, സിനിമ, ലിറ്ററേച്ചർ ഒക്കെ ഡിസ്‌കസ് ചെയ്തു. ഇതൊക്കെ കഴിഞ്ഞ് തിരിച്ചുവന്ന നേരം പെട്ടെന്നൊരു ആത്മബന്ധവും പുള്ളിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സംഗീതവും, അദ്ദേഹത്തിന്റെ കല ആവശ്യപ്പെടുന്ന സംഗീതവുമെല്ലാം പെട്ടെന്ന് മനസ്സിലായി.

വിദ്യാസാഗറായിരുന്നല്ലോ പുള്ളിയുടെ പടങ്ങൾ ഏറ്റവും കൂടുതൽ ചെയ്തിരുന്നത്. പണ്ട് വിദ്യാജിയും ഗിരീഷേട്ടനും(ഗിരീഷ് പുത്തഞ്ചേരി) സാറും പടങ്ങൾ ചെയ്യുന്നതിനുമുൻപ് നാലഞ്ചു ദിവസം എവിടേലും പോയി താമസിക്കും. അദ്ദേഹത്തിന് പടം മെയ്ക്കിങ്ങിൽ ഏറ്റവും ഇഷ്ടമുള്ള സമയം അതാണെന്നാണ് പറയാറ്. ആ ഒരു അഞ്ചാറ് ദിവസമാണ് എനിക്ക് ആകെപ്പാടെ സമാധാനം കിട്ടുന്നതെന്ന് പറയും. പിന്നെപ്പിന്നെ തിരക്കാകുമല്ലോ! ആ സമയത്ത് ഭയങ്കര റിലാക്സ് ചെയ്ത് പാട്ടൊക്കെയുണ്ടാക്കി, പാടി അങ്ങനെയൊരു മൂഡാണ്. അത് ഭയങ്കരമായി മിസ് ചെയ്യുന്നെന്നൊക്കെ പറഞ്ഞു.

പുള്ളി അങ്ങനെ ഭയങ്കര നല്ലൊരു പേഴ്സണാണ്. വിളിക്കുകേം സംസാരിക്കേം ഓരോ കാര്യവും പറയുകയുമെല്ലാം ചെയ്യും. നമ്മൾ ഒരു വരി എഴുതി അയച്ചാൽ പുള്ളി അപ്പൊ തന്നെ വായിച്ചുവിളിക്കും. പുള്ളിക്ക് വരികളും ഭയങ്കര ഇംപോർട്ടന്റാണ്. വിളിച്ചിട്ട് പറയും, അത് കൊള്ളാംട്ടോ, ഇതു കൊള്ളാം, അത് അടിപൊളിയാണ് എന്നൊക്കെ. 'ഇരുളിൽ പൊതിഞ്ഞ നിലാവ്' എന്ന് എഴുതിയപ്പോ പുള്ളിക്ക് ഭയങ്കര ഇഷ്ടായി. അത് ഭയങ്കര ഒബ്യസാണ്, പക്ഷെ ആരും ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു. പുള്ളി അങ്ങനെ complement അപ്പൊത്തന്നെ തരുമ്പോ ഭയങ്കര സന്തോഷം തോന്നുമല്ലോ?!

അശുഭമംഗളകാരി സുഹൈൽ ഉണ്ടാക്കിയ വാക്കാണെന്നാണ് 'സൂപ്പർ ശരണ്യ'യുടെ ഗിരീഷ് എഡി പറഞ്ഞത്. ആലോചിച്ചുനോക്കുമ്പോ അങ്ങനെയൊരു ഓക്സിമൊറോൺ മലയാളത്തിൽ മുൻപ് ആരെങ്കിലും ഉപയോഗിച്ചതായി അറിവില്ല. വണ്ട് തിന്ന പൂവൊരുത്തി, തണ്ടൊടിഞ്ഞ ചെമ്പരത്തി, തോറ്റടിഞ്ഞ ഝാൻസി റാണി, പാട്ടൊഴിഞ്ഞാകാശവാണി.. അങ്ങനെ പോകുന്നു ഓക്സിമൊറോൺ പൂരം. ആ ഹിറ്റ് പാട്ടുകളുണ്ടായതെങ്ങനെ? 'സൂപ്പർ ശരണ്യ' ടീമുമൊത്തുള്ള അനുഭവങ്ങൾ?

ഗിരീഷുമായി നല്ല വൈബാണെന്നു പറഞ്ഞല്ലോ. ഗിരീഷിനും ഇങ്ങനെത്തെ ചെയ്ഞ്ച് ഓഫ് സൗണ്ടും ചെയ്ഞ്ച് ഓഫ് വോയ്‌സും ഭയങ്കര ഇഷ്ടാണ്. അതിങ്ങനെ സിനിമാറ്റിക്കാകില്ലല്ലോ എന്ന ഭയമൊന്നും പുള്ളിക്കില്ല. പുള്ളി എന്റെടുത്ത് കഥ പറയുമ്പോൾ, flimsy ആയിട്ടുള്ളൊരു പെൺകുട്ടി, കാണാൻ അടിപൊളിയാണ്, പഠിക്കാനും അടിപൊളിയാണ്, എല്ലാത്തിലും മിടുക്കിയാണ്. പക്ഷെ, പുള്ളിക്കാരി എവിടേലും ഇരുന്നാ അവിടെ ഉറങ്ങിപ്പോകും. ബസിലിരുന്ന് ഉറങ്ങിപ്പോയി വേറെ സ്റ്റോപ്പിൽ ചെന്നിറങ്ങും. എന്ത് ചെയ്താലും അബദ്ധത്തിൽ ചെന്നുചാടും. ഇങ്ങനെയാണ് വിശദീകരിച്ചത്.

അങ്ങനത്തെ കൊച്ചുകൊച്ചു സാധനങ്ങളുണ്ടല്ലോ.. അത് ഗിരീഷിന് ഭയങ്കര ഇഷ്ടാണ്. അങ്ങനെ പറഞ്ഞപ്പോഴാണ് രണ്ടിനെയും juxtapose ചെയ്തുവച്ചാലോ, ഈ ഓക്‌സിമൊറോണുകളെ ചേർത്തുവച്ചാലോ എന്നൊക്കെ തോന്നിയത്. നല്ലതിനെയും ചീത്തതിനെയും എടുത്തുവച്ച് ഒരു വാക്ക്. അങ്ങനെയാണ് അശുഭവും മംഗളവും ചേർത്ത് അശുഭമംഗളകാരി എന്ന വാക്കുണ്ടാക്കുന്നത്. നല്ല എലമന്റിനെ ഇങ്ങനെ ചീത്തയായി കളിയാക്കുന്ന രീതി. റാപ്പിങ്ങിൽ ഡിസ്സിങ് എന്നൊരു പരിപാടിയുണ്ട്. പരസ്പരം കളിയാക്കുന്ന ഒരു രീതി. ഇതിൽ രണ്ടുപേർക്കും പരസ്പരം ഈക്വൽ റൈറ്റുണ്ട്. അതൊന്നു പിടിക്കാമെന്ന് ആലോചിച്ചു ഞാൻ. അങ്ങനെയാണ് ആകാശവാണിയാണ്, പക്ഷെ പാട്ടില്ല, ഝാൻസി റാണിയാണ് പക്ഷെ തോറ്റുപോയി എന്നൊക്കെയുള്ള ഉപമകൾ വച്ച് എഴുതുന്നത്.

ശാരൂ, ശാരൂ ആദ്യമൊരു ബാക്ക്ഗ്രൗണ്ട് സ്‌കോറായി ഉപയോഗിക്കാൻ വേണ്ടി ചെയ്ത പാട്ടായിരുന്നു. പിന്നെ ചെയ്തുവന്നപ്പോൽ വളരെ ഭംഗിയായി തോന്നി അതങ്ങനെ ഫുൾ പാട്ടായി തന്നെ എടുക്കുകയായിരുന്നു. നമ്മടെ നാട്ടിൽ അന്യസംസ്ഥാന തൊഴിലാളികളൊക്കെ പറയുന്ന ഒരു രീതിയുണ്ടല്ലോ, മലയാളവും ഹിന്ദിയൊക്കെ ചേർത്ത്. അങ്ങനെ പിടിച്ചാലോ എന്ന് ആലോചിച്ചാണ് അത് ചെയ്യുന്നത്. ശരണ്യയെ ശാരു ആക്കി. സിംപിൾ ഹിന്ദി മതി എന്നു പറഞ്ഞിരുന്നു ജസ്റ്റിൻ. ശാരൂ കോ നീന്ദ് നഹി ആതീ എന്നൊക്കെ പറഞ്ഞാൽ എല്ലാർക്കും മനസില്ലാകും. കല്യാണത്തലേന്നൊക്കെ പെണ്ണുങ്ങളെല്ലാം കൂടിയിരുന്നു പാടുന്നതും അതിനിടയിൽ വച്ചു. ജസ്റ്റിനും ഗിരീഷുമൊക്കെ ഇങ്ങനത്തെ interpretationകളോട് ഓപണാണ്. നമ്മളൊരു ഫിക്‌സഡ് സ്ഥലത്ത് ഇങ്ങനെ ഇരിക്കില്ല. അങ്ങനെ പലതും ട്രൈ ചെയ്യാനുള്ള ഒരു അവസരം കിട്ടി ആ പടത്തിലൂടെ.

സംഗീതാത്മകമാകുന്നതിനൊപ്പം പ്രാസനിബദ്ധവുമാണ് വരികൾ. എന്നാൽ അതങ്ങനെ ചെടിപ്പിക്കുന്നുമില്ല.. ഭാഷാ അതിർത്തികളൊന്നുമില്ലാതെ വാക്കുകളിങ്ങനെ കണ്ടെടുത്ത്, മനോഹരമായി അടുക്കിവെക്കുന്നത് എങ്ങനെയാണ്? ഒരു അന്വേഷണത്തിൽ തോന്നിയതാണ്.. ഇഖ്ബാൽ, കാഫ്ക, ഫൈസ് അഹ്‌മദ് ഫൈസ്, നെരൂദ, റൂമി, ഹാഫിസ്, സൈദ്.. അങ്ങനെയാണോ വായന/ഇഷ്ടങ്ങളെല്ലാം?

അതെ അതെ. ഒരു ഘട്ടത്തിൽ സീരിയസ് പോയട്രിയോട് ഭയങ്കര താൽപര്യമുണ്ടായിരുന്നു. ഇഖ്ബാലിന്റെയും ഫൈസിന്റെയുമൊക്കെ രാഷ്ട്രീയവും അവർ മുന്നോട്ടുവയ്ക്കുന്ന ദാർശനികതയുമെല്ലാം ഭയങ്കര ഇഷ്ടമാണ്. നമ്മളെ ഇൻഫ്ളുവൻസ് ചെയ്തിട്ടുള്ളതുമാണ്. നമ്മൾ ഇത്തരത്തിലുള്ളൊരു പൊളിറ്റിക്കൽ അറ്റ്മോസ്ഫിയറിൽ നിൽക്കുന്നയാളാണല്ലോ..

കേരളത്തിൽ അങ്ങനത്തെ വലിയ മുന്നേറ്റം 920നുശേഷം നടക്കാതിരുന്നതുകൊണ്ടുതന്നെ, നമ്മൾക്ക് അതിനെ റിലേറ്റ് ചെയ്യാൻ പറ്റിയ വ്യക്തികളോ കവിതകളോ കവികളോ ഒന്നുമുണ്ടായിരുന്നില്ല. മലബാറിൽ നിൽക്കുന്ന വ്യക്തിയല്ല ഞാൻ. ആ നിലയ്ക്ക് എന്നെ കാണരുത്. അവിടെ ഈ കൾചർ എന്നുമുണ്ടല്ലോ.. തെക്കൻ കേരളത്തിലേക്ക് വരുമ്പോൾ ഇത് വളരെ കുറവാണ്. ഇപ്പൊ മോയിൻകുട്ടി വൈദ്യരെ വരെ വളരെ ലേറ്റായിട്ടാണ് സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ അറിയുന്നതു തന്നെ. വല്ല കലോത്സവത്തിനൊക്കെ പോകുന്ന കുട്ടികൾക്കൊക്കെ അറിയാമെന്നു മാത്രമേയുള്ളൂ. മലബാർ വിട്ടുകഴിഞ്ഞാൽ മാപ്പിളപ്പാട്ടൊക്കെ അതിന്റെ ക്ലാസി ഫോമിൽ, ജനകീയ ഫോമിൽ വളരെ കുറവാണെന്നാണ് തോന്നുന്നത്. തെക്കൻ കേരളത്തിൽ അത് completely absent ആണ് എന്നുതന്നെ പറയാം.

ഇടക്ക് അൻവറിക്ക വിളിച്ചുചോദിക്കും, എടാ.. നിനക്ക് ആലപ്പുഴയിലുണ്ടായിരുന്ന റംല(റംലാ ബീഗം) എന്നൊരാളെ അറിയുമോ എന്ന്. അയ്യായിരത്തോളം പാട്ടുകൾ പുള്ളിക്ക് കാണാതെ അറിയുമായിരുന്നു. അതൊന്നും ആർക്കൈവ് ചെയ്യപ്പെട്ടിട്ടില്ല എന്നൊക്കെ അൻവറിക്ക സങ്കടത്തോടെ പറയും. അത്തരത്തിലുള്ളൊരു ആർക്കൈവിങ്ങും അറിവുള്ളവരുമൊന്നും ഇവിടെയില്ല. ചിലപ്പോൾ ഉണ്ടാകും, നമ്മൾക്ക് പരിചയമില്ലാത്തതുകൊണ്ടാകാം. എങ്കിലും അങ്ങനെ നടന്നിട്ടില്ല എന്നാണ് അൻവറിക്ക പറഞ്ഞത്.

ഏതായാലും ആ സംഗതി നമ്മളിലേക്ക് വരാഞ്ഞതുകൊണ്ട്, അല്ലെങ്കിൽ നമ്മളിലേക്ക് എത്താഞ്ഞതുകൊണ്ട്, അത് ലുക്കപ്പ് ചെയ്യാൻ വേണ്ടിയാണ് ഇഖ്ബാലിനെയും ഫൈസിനെയുമൊക്കെ ഫോളോ ചെയ്യുന്നത്. അങ്ങനെ കുറച്ച് വായനയുണ്ടായി. പിന്നെ ലാറ്റിനമേരിക്കൻ എഴുത്തുകാരോടൊക്കെ താൽപര്യമുണ്ട്. ഇവിടെ വളരുന്നതുകൊണ്ട്, ഇവിടെ ഭയങ്കരമായൊരു കമ്മ്യൂണിസ്റ്റ് പൊതുബോധം ഉള്ളതുകൊണ്ട്, വളർന്നുവരുമ്പോൾ അവരൊക്കെ കൊള്ളാമല്ലോ എന്ന തോന്നലുണ്ടായി. പിന്നെ കാര്യങ്ങൾ കുറച്ചൂടെയൊക്കെ മനസിലായിത്തുടങ്ങിയപ്പോൾ കൂടുതൽ വായനയായി. ഇഷ്ടമുള്ള ആൾക്കാരെയും കവികളെയുമൊക്കെ വായിക്കാൻ തുടങ്ങി.

ആരാണ് ഈ സുഹൈലെന്ന് എല്ലാവരെയും പോലെ ആദ്യം തപ്പിയത് ഫേസ്ബുക്കിലാണ്. സുഹൈൽ കോയ എന്ന പേരിൽ ഒരു ഐഡി കണ്ടില്ല. അവസാനം സജീവമല്ലാത്തൊരു അക്കൗണ്ട് വേറൊരു പേരിൽ കണ്ടു. ഇൻസ്റ്റഗ്രാമിൽ അടുത്തായാണ് സജീവമാകുന്നതെന്നു തോന്നുന്നു. ആർക്കും പിടികൊടുക്കാതെ നടക്കുന്ന പ്രകൃതക്കാരനാണോ? നാടും പഠനവും കൂട്ടുമൊക്കെ എവിടെയാണ്?

അത് ശരിയാണ്. നമ്മുടെ വർക്ക് സ്വന്തം പബ്ലിസിറ്റി ചെയ്യുന്നതിൻരെ ഒരു ഇതൊക്കെയില്ലേ.. ഇൻസ്റ്റഗ്രാമിൽ ഇപ്പൊ ജസ്റ്റിനൊക്കെ നിർബന്ധിച്ചാണ് സജീവമാകുന്നത്. അതില്ലാതെ പറ്റില്ല ഇപ്പോൾ.

ആലപ്പുഴക്കാരനാണ് ഞാൻ. ജനിച്ചുവളർന്നതുമെല്ലാം ഇവിടെ ആലപ്പുഴ കൈചൂണ്ടിയിലാണ്. ഉമ്മയും ബാപ്പയും അനുജനും സഹോദരിയുമാണുള്ളത്. ഇവിടെ യുഐടി എന്നു പറഞ്ഞ് കേരള യൂനിവേഴ്സിറ്റിയുടെ ഒരു കോളേജുണ്ട്. അവിടെ ബിബിഎ ചെയ്തു. പിന്നീടാണ് ലണ്ടനിൽ പോകുന്നത്. പഠനം കഴിഞ്ഞ് അവിടെ ജോലിക്കും കയറി. യൂനിവേഴ്‌സിറ്റിയിലെ സുഹൃത്തിനെയാണ് കല്യാണം കഴിച്ചതും. ഒരു മകളുമുണ്ട്. ആക്ച്വലി അവിടെ സെറ്റിൽഡാണ് ഞങ്ങൾ. വൈഫ് ജോലിയുമൊക്കെയായി മോൾക്കൊപ്പം അവിടെത്തന്നെയാണ്. ഞാനിപ്പൊ ഈ വർക്കൊക്കെയായി പോയും വരവുമാണ്.

പുതിയ പ്രോജക്ടുകൾ എന്തൊക്കെ? എന്തെങ്കിലും ഡ്രീം പ്രൊജക്ടുകൾ മനസിലുണ്ടോ?

നേരത്തെ പറഞ്ഞ 'ഖൽബ്'ന്റെ സ്‌ക്രിപ്റ്റ് ഉണ്ട്. അതാണിപ്പോ മുന്നിലുള്ളത്. കോവിഡ് വന്ന് സ്റ്റക്കായി നിൽക്കായിരുന്നു.


'ഖൽബ്' ഡ്രോപ് ചെയ്തു എന്നു കേട്ടിരുന്നല്ലോ?

ഇല്ല ഡ്രോപ് ചെയ്തിട്ടൊന്നുമില്ല. ഷെയിൻ നിഗമാണ് അതിൽ അഭിനയിക്കുന്നത്. ഡേറ്റും ഉണ്ട്. എല്ലാം ഓപണാണ് സംഭവം. കുറച്ച് വല്യ ഷൂട്ടും ഉത്സവങ്ങളും ബീച്ച് ഫെസ്റ്റിവലും അങ്ങനെ കുറേ പരിപാടികൾ കാണിക്കേണ്ടതായിട്ടുണ്ടായിരുന്നു സ്‌ക്രിപ്റ്റില്. കോവിഡ് വന്നപ്പോ ഇതൊന്നും ഇപ്പൊ നടപടിയല്ലാതായി. അതുകൊണ്ട് സ്‌ക്രിപ്ട് ഒന്ന് trim down ചെയ്ത് വല്യ പരിപാടികളൊക്കെ മാറ്റി ഇപ്പോഴത്തെ സാഹചര്യത്തിനൊത്ത് എങ്ങനെ ചെയ്യാൻ പറ്റുമെന്നുള്ള ആലോചനയിലാണ്. അതൊരു മാർച്ച്, ഏപ്രിലൊക്കെ ആകുമ്പോ അപ്പാക്കണമെന്നാണ് വിചാരിക്കുന്നത്.

പാട്ടിന്റെ കാര്യത്തിൽ പ്ലാൻ ജെ ചെയ്യുന്ന ഒരു പടമുണ്ട്, 'വിശുദ്ധ മെജോ' എന്നു പറഞ്ഞിട്ട്. അത് റെഡിയാണ് സംഭവം. അവർ അനൗൺസ് ചെയ്തിട്ടേ ഉള്ളൂ. ഷൂട്ടൊക്കെ കഴിഞ്ഞിട്ടുണ്ട്. അതിൽ തണ്ണീർമത്തനിൽ അഭിനയിച്ച ഡിനോയ് ആണ് അഭിനയിക്കുന്നത്. ജസ്റ്റിൻ തന്നെയാണ് മ്യൂസിക്. കോവിഡ് ആയി സ്റ്റക്ക് ആയി പോയി എന്നേയുള്ളൂ. പിന്നെ ഒന്നുരണ്ടെണ്ണമൊക്കെ ഡിസ്‌കഷൻ നടക്കുന്നേയുള്ളൂ.

TAGS :

Next Story