Quantcast

റുവാണ്ടയിലെ ബലിക്കാക്കകൾ

വെറുപ്പിനും പ്രതികാരത്തിനുമെന്നും ചോരയുടെ മണമാണ്. ക്ഷമിക്കലും പൊറുക്കലുമാണ് സ്‌നേഹത്തിന്റെ പൊരുൾ. അതെ, കൂട്ടിച്ചേർക്കലിന്റെ, ഒരുമിപ്പിക്കലിന്റെ പേരാണ് റുവാണ്ട. റുവാണ്ടയിലെങ്ങും കാണുന്ന കാക്കകൾ ഒരുപക്ഷേ സ്വപ്നം ബാക്കിവച്ച് യാത്രയായവരുടെ ആത്മാക്കളായിരിക്കുമെന്ന് ഓർത്തുപോയി

MediaOne Logo

അഭിഷേക് പള്ളത്തേരി

  • Updated:

    2021-07-03 05:06:25.0

Published:

2 July 2021 5:53 PM GMT

റുവാണ്ടയിലെ ബലിക്കാക്കകൾ
X

ആദ്യമായി കുട്ടികളുടെ പൊട്ടിച്ചിരികൾ അസഹ്യമായി തോന്നി.

അവരുടെ അടക്കംപറച്ചിലുകൾ അരോചകമായി...

നിഷ്‌കളങ്കമായ അവരുടെ തുറിച്ചുനോട്ടങ്ങൾ പേടിപ്പെടുത്തി...

വാരിപ്പുണരാൻ അവർ നീട്ടിയ കൈകൾ കാണാനാവാതെ കണ്ണടച്ചു...

റുവാണ്ടയിലെ കിഗാലി വംശഹത്യാ മ്യൂസിയം സന്ദർശിക്കാൻ അവസരമുണ്ടായപ്പോൾ ലേഖകനുണ്ടായ വികാരമാണ് മുകളിൽ കുറിച്ചത്. ഇവിടെ ആക്രോശങ്ങളും വേദനപൂണ്ട പൊട്ടിക്കരച്ചിലുകളും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ലക്ഷക്കണക്കിന് മനുഷ്യരെ കൊലപ്പെടുത്തിയ, അവരെ മറവുചെയ്ത ശ്മശാനം കണ്ടപ്പോൾ സ്വപ്നങ്ങൾ മാത്രം കണ്ടിരുന്ന, പൊട്ടിച്ചിരിച്ചുല്ലസിച്ചിരുന്ന കുട്ടികളെയാണ് ഓർമവന്നത്. അവരുടെ പൊട്ടിച്ചിരികൾ മാത്രമാണ് അവിടെ മുഴങ്ങിക്കേട്ടത്.

കൊല്ലപ്പെട്ടവരുടെ സ്മാരകമായി പണിത മ്യൂസിയത്തിൽ പൂച്ചെണ്ടുകളർപ്പിക്കാൻ എത്തുന്നവർക്ക് ഒരിറ്റു കണ്ണീരുപൊഴിക്കാതെ അവിടം വിടാൻ സാധ്യമല്ല. കൊല്ലപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങളും ചിത്രങ്ങളും അവരുടെ ഇഷ്ടപ്പെട്ട ഭക്ഷണരീതികളുമെല്ലാം എഴുതിവച്ചിരിക്കുന്നു. രക്തംപുരണ്ട തുണികൾ, തലയോട്ടികൾ, കൊല്ലാൻ ഉപയോഗിച്ച വാളുകൾ എല്ലാം കാണുമ്പോൾ മനസ് മരവിക്കും. അറിയാതെ വന്ന കരച്ചിൽ കാരണം വേഗം നടന്ന് മ്യൂസിയത്തിനു പുറത്തിറങ്ങി.

ദുബൈയിലുള്ള സുഹൃത്ത് മുഖാന്തരം റുവാണ്ടയിൽ കാലങ്ങളായി താമസിക്കുന്ന പ്രകാശേട്ടനെ കാണാൻ അവസരം ലഭിച്ചു. റുവാണ്ടയിൽ ലേഖകൻ എത്തിയതിന്റെ പിറ്റേദിവസം പ്രകാശേട്ടൻ പ്രസിദ്ധമായ ഖാന ഖസാന എന്ന ഹോട്ടലിലേക്ക് രാത്രിഭക്ഷണത്തിനു ക്ഷണിച്ചു. റുവാണ്ടയിലെ പ്രമുഖമായ ഒരു സ്ഥാപനത്തിലെ മാനേജറായി ജോലിചെയ്തുവരികയാണ് വടകരക്കാരനായ പ്രകാശേട്ടൻ. സംസാരത്തിനിടയിൽ അന്ന് രാവിലെ കണ്ട വംശഹത്യാസ്മാരകത്തിൽ പോയ വിവരം പ്രകാശേട്ടനുമായി പങ്കുവച്ചു. ആകസ്മികമായി ആ കാലഘട്ടത്തിൽ ഇവിടെ ഉണ്ടായിരുന്നോ എന്ന് ചോദിച്ചു. 1989 മുതൽ ഇവിടെയുള്ള പ്രകാശേട്ടൻ അന്നത്തെ സംഭവങ്ങൾ വിവരിച്ചുതന്നു. ദുരന്തകഥയായതുകൊണ്ട് ചെറിയ രീതിയിൽ മാത്രം ഇവിടെ ഒന്ന് സൂചിപ്പിക്കാം.


ഇന്നലെ നടന്ന പോലെ അദ്ദേഹം ആ ദിവസങ്ങൾ ഓർമ്മിച്ചെടുത്തു.

1994 ഏപ്രിൽ 6, സാധാരണ പോലെ ഒരു ദിവസം. അന്ന് വൈകുന്നേരം Chez Lando എന്ന ഹോട്ടലിൽ സുഹൃത്തിന്റെ കൂടെ ഭക്ഷണം കഴിക്കാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഭാര്യ പ്രസവത്തിനായി നാട്ടിലായിരുന്നു. ഹോട്ടലിൽ പോകാൻ നിൽക്കുമ്പോൾ മറ്റൊരു സുഹൃത്ത് നവീൻ ഫോണിൽ വിളിക്കുകയും വീട്ടിലുണ്ടാക്കിയ പിസ്സ രുചിച്ചുനോക്കാൻ വിളിക്കുകയും ചെയ്യുന്നു. അവിടെ പോയതിനുശേഷം Chez Lando ഹോട്ടലിൽ പോകാമെന്നു കരുതി അവർ നവീന്റെ വീട്ടിൽ പോകുന്നു. സംസാരിച്ചിരുന്നു വൈകിയതിനാൽ അവർ ഹോട്ടലിൽ പോയില്ല. രാത്രി എട്ടുമണിക്ക് ശേഷം രണ്ട് ബോംബ് പൊട്ടുന്ന ശബ്ദം കേൾക്കുന്നു. ചെറിയ രീതിയിലുള്ള തോക്കുകൊണ്ട് വെടിപൊട്ടുന്നത് അക്കാലത്തവിടെ സാധാരണമായിരുന്നു. തിരിച്ചുവരുമ്പോൾ മുൻപെങ്ങുമില്ലാത്ത പട്ടാള വാഹനങ്ങൾ. വീട്ടിലെത്തിയപ്പോഴാണ് പ്രസിഡന്റ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട വിവരമറിയുന്നത്. പതിയെ ടിവിയും റേഡിയോയുമെല്ലാം സംപ്രേഷണം നിറുത്തുന്നു. പിന്നീട് റുവാണ്ട ടി.വി മാത്രമാണ് സംപ്രേഷണം പുനരാരംഭിച്ചത്.

പിറ്റേന്ന് രാവിലെ നവീൻ വിളിച്ചുപറഞ്ഞ വാർത്തകേട്ട് സ്തംഭിച്ചിരുന്നുപോയി കുറച്ചുനേരം. അവർ പോകാൻ ഉദ്ദേശിച്ചിരുന്ന chez lando ഹോട്ടലിലുണ്ടായിരുന്ന വെള്ളക്കാരെയും മറ്റുമെല്ലാം വേടിവച്ച് കൊന്നെന്നതായിരുന്നു ആ വാർത്ത.

പ്രകാശേട്ടനുമുൻപേ റുവാണ്ടയിലെത്തിയ ചേട്ടനും ഏകദേശം അടുത്തുതന്നെയായിരുന്നു താമസം. വീട്ടുവേലക്കാരൻ വരാതിരുന്നതിനാൽ ഭക്ഷണം കഴിക്കാൻ പ്രകാശേട്ടന്റെ വീട്ടിൽ വന്നിരുന്നു. വൈകിയതുകൊണ്ടും എന്താണ് ഇനി സംഭവിക്കുകയെന്ന് അറിയാത്തതുകൊണ്ടും അന്നവിടെത്തന്നെ തങ്ങി. പിറ്റേന്ന് രാവിലെ മറ്റൊരു സുഹൃത്തിനെ ചേട്ടൻ ഫോണിൽ വിളിക്കുമ്പോൾ പെട്ടെന്നൊരു വെടിശബ്ദം കേൾക്കുകയും തലയ്ക്കു തൊട്ടുമുകളിലൂടെ ഉണ്ട പാഞ്ഞു വാതിലിന്റെ ഫ്രെയിമിൽ തറയ്ക്കുകയും ചെയ്തു. ജനൽ തകർന്നുവീണു. ഉണ്ട തറച്ച പാട് ഇപ്പോഴും അവിടെയുണ്ട്.

അതോടുകൂടി സംഗതിയുടെ ഗൗരവം അവർക്കു മനസിലായി. ഇന്ത്യക്കാരും പാകിസ്താനികളും ശ്രീലങ്കക്കാരുമായി 250ൽ താഴെ ആളുകൾ മാത്രമേ അന്ന് കിഗലിയിൽ ഉണ്ടായിരുന്നുള്ളു. അഞ്ചോ ആറോ മലയാളി കുടുംബങ്ങളുണ്ടായിരുന്നു. അവരെല്ലാം പരസ്പരം ബന്ധപ്പെടുകയും യു.എസ് എംബസ്സിയുടെ സഹായത്തോടെ അയൽരാജ്യമായ ബുറുണ്ടിയിലേക്കു രക്ഷപ്പെടുകയും ചെയ്യുന്നു. പ്രകാശേട്ടനടക്കം നാലുപേർ മാത്രം കിഗലിയിൽ തങ്ങി. പ്രശസ്തമായ കമ്പനിയായതുകൊണ്ടും യുവത്വത്തിന്റെ ധൈര്യവുമായിരുന്നു അവരെ അതിനു പ്രേരിപ്പിച്ചത്.

എന്നാൽ അടുത്ത ദിവസം അവർ താമസിക്കുന്ന പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നറിഞ്ഞു. ഇനി ഇവിടെ നിൽക്കുന്നത് കൂടുതൽ അപകടമാണെന്ന് മനസിലാക്കിയ അവർ കോംഗോയിൽ പോകാൻ തീരുമാനിച്ചു. രണ്ട് കാറുകളിലായി അത്യാവശ്യം വേണ്ട വെള്ളവും മറ്റു സാധനങ്ങളുമായി രാവിലെത്തന്നെ ഇറങ്ങി. വിവരിക്കാൻ സാധിക്കാത്ത തക്ക അത്ര ഭീതിദമായ, ഏറ്റവും പ്രശ്‌നബാധിതമായ ഏഴ് കിലോമീറ്റർ ദൂരം രണ്ടരമണിക്കൂർ കൊണ്ടാണ് അവർ താണ്ടിയത്.


ഓരോ ചെറിയ ടൗണിലും 15ഉം 18ഉം വയസുവരുന്ന പെൺകുട്ടികൾ പോലും അവരെ തടഞ്ഞുനിറുത്തി വലിയ നീളമേറിയ വാക്കത്തി കഴുത്തിൽവച്ച് പൈസയും വെള്ളവുമെല്ലാം ബലമായി പിടിച്ചുവാങ്ങിച്ചു. ഇതിനിടയിൽ തൊട്ടടുത്ത മറവിൽ വെടിയൊച്ചയും പ്രാണൻ വെടിയുന്ന നടുങ്ങുന്ന ശബ്ദവും കേൾക്കാമായിരുന്നു. വിവരിക്കാൻ സാധിക്കാത്ത അനുഭവങ്ങളിലൂടെയാണ് ചെറിയ ദൂരമെങ്കിലും വളരെ സമയമെടുത്ത് കടന്നുപോയത്. എന്തോ പുണ്യം കൊണ്ടും ഇന്ത്യക്കാരെന്നുള്ള കനിവുകൊണ്ടും ആ കൊലക്കളത്തിൽനിന്ന് അവർക്കു രക്ഷപ്പെടാൻ പറ്റി.

മുന്നോട്ടുപോകുന്തോറും ആളുകൾ കൂട്ടമായി കുട്ടികളെയും ഒക്കത്തിരുത്തി തലയിൽ ഭാണ്ഡവുമായി പലായനം ചെയ്യുന്ന കാഴ്ച കണ്ടു. സമയം വൈകുന്നതുകൊണ്ടും കോംഗോ അതിർത്തി എത്താൻ ദൂരക്കൂടുതലുള്ളത് കൊണ്ടും അവർ ബുറുണ്ടിയിൽ പോകാൻ തീരുമാനിച്ചു. അതിർത്തി അടച്ചിരുന്നെങ്കിലും പ്രത്യേക അഭ്യർത്ഥനയും മാനുഷിക പരിഗണനയുംവച്ച് ഇവരെ മാത്രം കടത്തിവിട്ടു.

ബുറുണ്ടിയിലെ അടുത്ത പട്ടണത്തിൽ നോവോട്ടൽ ഹോട്ടലിൽ മുറിയെടുത്തു. ബാലുശ്ശേരിക്കാരനായ ഒരു സുഹൃത്ത് അവിടെയൊരു സോപ്പ് നിർമാണ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇവരെ നിർബന്ധിച്ച് കൊണ്ടുപോയി. അക്കാലത്ത് റുവാണ്ടയിൽനിന്ന് ഏറെ ദുഃഖകരമായ വാർത്തകളാണ് കേട്ടുകൊണ്ടിരുന്നത്. ഹുട്ടു-ടുട്‌സി വിഭാഗങ്ങൾ അയൽരാജ്യങ്ങളായ ബുറുണ്ടിയിലും കോംഗോയിലും ഉഗാണ്ടയിലുമെല്ലാം ധാരാളമുണ്ടായിരുന്നു. ഇത് എല്ലായിടത്തും അസ്വസ്ഥതകൾ സൃഷ്ടിച്ചു.

കുറച്ചുദിവസം അവർ സുഹൃത്തിന്റെ കൂടെ താമസിച്ചു. ഏപ്രിൽ 23നു ജോലിക്കുപോയ സുഹൃത്ത് വരാൻ വൈകിയത് അവരെ ഉത്ക്കണ്ഠാകുലരാക്കി. ബുറുണ്ടിയിലും കലാപത്തിന്റെ അലയൊലികൾ കേട്ടുതുടങ്ങിയിരുന്നുവെന്നതുതന്നെ കാരണം. അപ്രതീക്ഷിതമായി ഒരു ഫോൺ വിളി അവരെ ഞെട്ടിച്ചുകളഞ്ഞു; സുഹൃത്ത് വെടിയേറ്റു മരിച്ചെന്ന്. മുതലാളിയുടെ പോലെത്തന്നെ താടിവളർത്തിയതിനാൽ തെറ്റിദ്ധാരണമൂലമാകാം അദ്ദേഹം കൊല്ലപ്പെട്ടതെന്നറിഞ്ഞു. അടുത്ത ദിവസം പ്രകാശേട്ടനും കൂട്ടർക്കും കെനിയ വഴി ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിച്ചു.

ഏകദേശം 100 ദിവസം നീണ്ടുനിന്ന കൂട്ടക്കൊല... പത്തുലക്ഷത്തോളം പേർ കൊല്ലപ്പെടുന്നു. വെട്ടിക്കൊലപ്പെടുത്തപ്പെട്ട ശവശരീരങ്ങൾ ട്രക്കിലോ ബസിലോ കയറ്റി പുഴയിലെറിയുന്നു. അത് ഒഴുകി ഉഗാണ്ടയിലെ വിക്ടോറിയ തടാകംവരെ എത്തിയിരുന്നു. അവിടെ ആ മൃതശരീരങ്ങൾ കൂട്ടമായി സംസ്‌കരിച്ചു.


1994 ജൂലൈ നാലിന് ആര്‍പിഎഫ് പട്ടാളം തലസ്ഥാനമായ കിഗാലിയും റുവാണ്ട രാജ്യം മൊത്തമായും കീഴ്‌പ്പെടുത്തുന്നു. ജൂലൈ 14നു വെടിനിർത്തൽ പ്രാബല്യത്തിൽ വരികയും പ്രകാശേട്ടൻ ജൂലൈ 17നു തിരിച്ച് റുവാണ്ടയിലെത്തുകയും ചെയ്തു. കലാപസമയത്ത് രക്ഷപ്പെടാൻ സാധിച്ചത് ഭാഗ്യവും ആത്മബലവും കൊണ്ടാണെങ്കിൽ ഇത്രയും പെട്ടെന്ന് അങ്ങോട്ട് തിരിച്ചുപോകാനെടുത്ത തീരുമാനത്തിന് സാഹസികമെന്നേ പറയാൻ സാധിക്കു.

എല്ലാം മറക്കാൻ പഠിച്ച റുവാണ്ടൻ ജനത വർഷത്തിലൊരിക്കൽ ഏപ്രിൽ ഏഴിന് വംശഹത്യാദിനമായി ആചരിക്കാറുണ്ട്. അന്നവർ ഈ റോഡരികിലിരുന്ന് പൊട്ടിക്കരയുമത്രെ... തങ്ങളുടെ ഉറ്റവർ കൊലചെയ്യപ്പെട്ട അതേസ്ഥലത്ത്...

വെറുപ്പിനും പ്രതികാരത്തിനുമെന്നും ചോരയുടെ മണമാണ്. അതവർ ഏറെ അനുഭവിച്ചതാണ്. ക്ഷമിക്കലും പൊറുക്കലുമാണ് സ്‌നേഹത്തിന്റെ പൊരുൾ. അതെ, കൂട്ടിച്ചേർക്കലിന്റെ, ഒരുമിപ്പിക്കലിന്റെ പേരാണ് റുവാണ്ട. റുവാണ്ടയിലെങ്ങും കാണുന്ന കാക്കകൾ ഒരുപക്ഷേ സ്വപ്നം ബാക്കിവച്ച് യാത്രയായവരുടെ ആത്മാക്കളായിരിക്കുമെന്ന് ഓർത്തുപോയി. അവിടത്തെ സ്മാരകത്തിൽ കൊത്തിവച്ചിരിക്കുന്ന വംശഹത്യയിൽനിന്നു രക്ഷപ്പെട്ട ഒരു കുട്ടിയുടെ വാക്ക് പങ്കുവച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം.

At the beginning, each and every person considered his own suffering as the biggest, but when we shared our own pain, we began to feel compassion for others. We understood how people suffered on the other side. Now we look at what people need, not at who they are

Evariste-a survivor of Rwandan Genocide

TAGS :

Next Story