ഗുജറാത്ത് കലാപം രാജ്യം മറക്കില്ലെന്ന് സ്റ്റാലിൻ
"ഗുജറാത്തിൽ നിന്നും ഡൽഹിയിലെത്തിയപ്പോൾ മോദിക്ക് ഇതെല്ലാം എങ്ങനെ മറക്കാൻ സാധിക്കും? "

ഗുജറാത്ത് കലാപം രാജ്യത്തെ ജനങ്ങൾ മറക്കില്ലെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ. ഉങ്കൾ തോഗുദിയിൽ സ്റ്റാലിൻ ( നിങ്ങളുടെ മണ്ഡലത്തിൽ സ്റ്റാലിൻ) എന്ന പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച തമിഴ്‌നാട്ടിലെ തിണ്ടിവനത്തിനടുത്ത് തീവനൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"2002 ലെ ഗുജറാത്ത് കലാപം രാജ്യം മറന്നിട്ടില്ല. ഗൂഢാലോചനയിലും ക്രൂരതയിലും ബി.ജെ.പി റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഗുജറാത്തിൽ നിന്നും ഡൽഹിയിലെത്തിയപ്പോൾ മോദിക്ക് ഇതെല്ലാം എങ്ങനെ മറക്കാൻ സാധിക്കും? " അദ്ദേഹം ചോദിച്ചു
തന്റെ പാർട്ടിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും പ്രധാനമന്ത്രി വിട്ടു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്കെതിരെയും പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെയും ക്രൂരമായ അക്രമം അഴിച്ചുവിട്ടത് പ്രധാനമന്ത്രി മറന്നോയെന്നും അദ്ദേഹം ചോദിച്ചു.
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത കാലത്ത് പാർട്ടിയിൽ ചേർന്നവരുടെ പശ്ചാത്തലം കേന്ദ്ര ഏജൻസികളെ വെച്ച് അന്വേഷിക്കുന്നത് മോദിക്ക് നല്ലതാണെന്നും അദ്ദേഹം തുറന്നടിച്ചു. രാജ്യത്തെ നടുക്കിയ ഗുജറാത്ത് വംശഹത്യയുടെ വാർഷികം കൂടിയാണ് ഇന്ന്.
Adjust Story Font
16

