നന്ദിഗ്രാമില്‍ മമതയെ നേരിടാന്‍ സിപിഎം; സ്ഥാനാര്‍ഥി മീനാക്ഷി മുഖര്‍ജി
ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്‍റാണ് മീനാക്ഷി.

പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ സിപിഎം രംഗത്തിറക്കുന്നത് മീനാക്ഷി മുഖര്‍ജിയെ. ബംഗാളില്‍ ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്‍റാണ് മീനാക്ഷി. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയാകട്ടെ നേരത്തെ മമതയുടെ വലംകയ്യായിരുന്ന സുവേന്ദു അധികാരിയാണ്.
ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇടതുമുന്നണിയുടെ നിരവധി സ്ഥാനാര്‍ഥികള്‍ 40 വയസ്സിന് താഴെയുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് ഐഷെ ഘോഷ് സ്ഥാനാര്‍ഥിയാണ്. ജാമുരിയില്‍ നിന്നാണ് ഐഷെ ജനവിധി തേടുക. ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ ദിപ്‌സിത ദറും മത്സരിക്കുന്നുണ്ട്.
മമത ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത് കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ സിംഗൂരിലെയും നന്ദിഗ്രാമിലെയും പ്രക്ഷോഭങ്ങളാണ്. 2007ല്‍ നന്ദിഗ്രാമിലുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 14 പേര്‍. 1977 മുതല്‍ നന്ദിഗ്രാമില്‍ അധികാരത്തിലുണ്ടായിരുന്ന സിപിഎമ്മിന്‍റെ തകര്‍ച്ച തുടങ്ങുന്നതും അവിടെ നിന്നാണ്. 2011ലും 2016ലും മമത സര്‍ക്കാര്‍ ബംഗാളില്‍ ഉജ്വല വിജയം നേടി. സിംഗൂര്‍, നന്ദിഗ്രാം പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന സുവേന്ദു അധികാരി തൃണമൂല്‍ വിട്ട് ബിജെപിയിലെത്തി എന്നതാണ് 2021ലെ പ്രത്യേകത.
'നന്ദിഗ്രാമിന് പരദേശിയെ വേണ്ട' എന്നാണ് ബിജെപിയുടെ പ്രചാരണം. ബംഗാളിലെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനെത്തിയ നേതാക്കള്‍ക്കെതിരെ നേരത്തെ തൃണമൂല്‍ നേതാക്കള്‍ പരദേശി പ്രചാരണം അഴിച്ചുവിട്ടിരുന്നു. ഇതേ തന്ത്രം മമത മത്സരിക്കുന്ന മണ്ഡലത്തില്‍ തന്നെ പ്രയോഗിക്കുകയാണ് ബിജെപി. ഏപ്രില്‍ ഒന്നിനാണ് നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ്.
എന്നാല്‍ നന്ദിഗ്രാമില്‍ തനിക്കെതിരെ വരത്തന്‍ പ്രയോഗം ഉന്നയിക്കുന്നവര്‍ നന്ദിഗ്രാമില്‍ നടന്ന സമരത്തെ നിന്ദിക്കുകയാണെന്നും വര്‍ഗീയ കാര്‍ഡ് ഇളക്കി കളിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു. തന്നെ അമ്പതിനായിരം വോട്ടിന് പരാജയപ്പെടുത്തിയില്ലെങ്കില്‍ സുവേന്ദു അധികാരി രാഷ്ട്രീയം വിടാന്‍ തയ്യാറാവണമെന്ന് മമത ബാനര്‍ജി പറഞ്ഞു.
294 അംഗ ബംഗാള്‍ നിയമസഭയിലേക്ക് എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് വോട്ടെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.
Adjust Story Font
16

