Quantcast

കേരളത്തിലെ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം; പ്രതികരിക്കാതെ സീതാറാം യെച്ചൂരി

തെരഞ്ഞടുപ്പ് സാഹചര്യം പി ബി വിലയിരുത്തുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

MediaOne Logo

  • Published:

    11 March 2021 6:30 AM GMT

കേരളത്തിലെ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം; പ്രതികരിക്കാതെ സീതാറാം യെച്ചൂരി
X

കേരളത്തിലെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധങ്ങളിൽ പ്രതികരിക്കാതെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പി ബി യോഗത്തിനായി എ.കെ.ജി ഭവനിൽ എത്തിയപ്പോഴായിരുന്നു മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാതെ യെച്ചൂരി ഒഴി‍ഞ്ഞുമാറിയത്. തെരഞ്ഞടുപ്പ് സാഹചര്യം പി ബി വിലയിരുത്തുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

സിപിഎം കേരളത്തിലെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. കുറ്റ്യാടിയിലും പൊന്നാനിയിലുമാണ് സിപിഎം പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കുറ്റ്യാടിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഒഴിവാക്കി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ പ്രതിഷേധിച്ച് പരസ്യ പ്രകടനത്തിന് പുറകേ പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. പ്രകടനത്തിനിടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ് കുറ്റ്യാടിയിലെ സ്ഥാനാര്‍ഥിയെ പിന്നീട് അറിയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

പൊന്നാനിയില്‍ സിപിഎം നേതാവ് ടിഎം സിദ്ദിഖിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രകടനം. മണ്ഡലത്തില്‍ പരിഗണിക്കുന്നത് സി.ഐ.ടി.യു നേതാവായ പി. നന്ദകുമാറിനെയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ ടിഎം സിദ്ദിഖിനായി തെരുവിലിറങ്ങിയത്. മണ്ഡലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ജനകീയ സാന്നിധ്യമായ സിദ്ദിഖ് പൊന്നാനി ഏരിയ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ്. കഴിഞ്ഞ രണ്ട് തവണയും സിദ്ദിഖിന് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു. ഒരുപക്ഷെ 2011 ല്‍ വി.എസ് അച്യുതാനന്ദന് സി.പി.ഐ.എം സീറ്റ് നിഷേധിച്ചപ്പോള്‍ കേരളം കണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയില്‍ നിന്നുയരുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് പൊന്നാനി സാക്ഷ്യം വഹിച്ചത്. കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മില്‍ നിന്ന് പാര്‍ട്ടി തീരുമാനത്തിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി ഇത്തരം പ്രതിഷേധങ്ങള്‍ നടത്തുന്നതും അപൂര്‍വമാണ്.

TAGS :

Next Story