‘അവര്‍ അപമാനിച്ചു, തകര്‍ക്കാന്‍ ശ്രമിച്ചു’ തുറന്നടിച്ച് മിതാലി രാജ്
തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ മിതാലി രാജ് ഈ കളികളില്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് സെമിക്കുള്ള ടീമില്‍ നിന്നും പുറത്താക്കപ്പെട്ടത്...

വനിതാ ട്വന്റി 20 ലോകകപ്പിനിടെ നേരിട്ട ദുരനുഭവങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ബി.സി.സി.ഐക്ക് എഴുതിയ കത്തിലാണ് പരിശീലകന്‍ രമേശ് പവാറിനും, ബി.സി.സി.ഐ ഭരണസമിതി അംഗം ഡയാന എദുല്‍ജിക്കും നേരെ മിതാലി രാജ് ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മിതാലി രാജിനെ കളിപ്പിക്കാതിരുന്നത് വലിയ തോതില്‍ വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു.
ഡയാന എദുല്‍ജി, രമേശ് പവാര്തുടര്ച്ചയായ മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറികള്‍ അടിച്ച് ഫോമില്‍ നില്‍ക്കുമ്പോഴാണ് മിതാലി രാജിനെ ഇംഗ്ലണ്ടിനെതിരായ നിര്‍ണ്ണായക സെമി മത്സരത്തില്‍ നിന്നും ഒഴിവാക്കിയത്. മത്സരം ഇന്ത്യ തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തു. അതിന് ശേഷം ടീം തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുമ്പോഴാണ് കൂടുതല്‍ ആരോപണങ്ങളുമായി മിതാലി രാജ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
20 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ആദ്യമായി അപമാനിക്കപ്പെട്ടതായും പുറകില്‍ നിന്നും വലിച്ചിട്ടതായും തോന്നിയെന്നാണ് ടീമില്‍ നിന്നും ഒഴിവാക്കിയ തീരുമാനത്തെ കുറിച്ച് മിതാലി പറയുന്നത്. അധികാരകേന്ദ്രങ്ങളിലിരിക്കുന്നവര്‍ ഞാന്‍ രാജ്യത്തിനായി നല്‍കിയതൊന്നും വില കല്‍പിക്കുന്നതായി തോന്നിയില്ല. അവര്‍ എന്നെ തകര്‍ക്കാനും ആത്മവിശ്വാസം ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നതെന്ന് തോന്നിയെന്നും ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിയേയും ക്രിക്കറ്റ് ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ സബ കരിമിനേയും അഭിസംബോധന ചെയ്തുള്ള കത്തില്‍ മിതാലി രാജ് പറയുന്നു.

പരിശീലകനും ഡയാന എദുല്‍ജിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും നായിക ഹര്‍മന്‍ പ്രീത് കൗറുമായി കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും മിതാലി കത്തില്‍ പറയുന്നുണ്ട്. ഹര്‍മന്‍ പ്രീത് കൗറുമായി പ്രശ്‌നങ്ങളില്ലായിരുന്നു. എന്നെ ടീമില്‍ നിന്നും പുറത്താക്കാനുള്ള പരിശീലകന്റെ തീരുമാനത്തെ അനുകൂലിച്ചതില്‍ ഒഴികെ ഹര്‍മന്‍പ്രീതുമായി അഭിപ്രായവ്യത്യാസങ്ങളില്ലായിരുന്നു. രാജ്യം ലോകകപ്പ് നേടുന്നതാണ് ഞാന്‍ സ്വപ്‌നം കണ്ടത്. ഒരു സുവര്‍ണ്ണാവസരമാണ് നമ്മള്‍ നഷ്ടപ്പെടുത്തിയതെന്നും മിതാലി രാജ് ഓര്‍മ്മിപ്പിക്കുന്നു.
തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ മിതാലി രാജ് ഈ കളികളില്‍ താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതിന് ശേഷമാണ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടത്. ഇന്ത്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടതിന് പിന്നാലെ ഹര്‍മന്‍പ്രീത് കൗറിന്റെ ടീം തെരഞ്ഞെടുപ്പിലെ പാളിച്ചയും വിമര്‍ശനവിധേയമായിരുന്നു. അപ്പോഴും ടീം തെരഞ്ഞെടുപ്പ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഹര്‍മന്‍പ്രീത് കൗര്‍ ചെയ്തത്. 'ഞങ്ങള്‍ തീരുമാനിച്ചതെല്ലാം ടീമിന്റെ നല്ലതിന് വേണ്ടിയായിരുന്നു. അത് ചിലപ്പോള്‍ ഫലം കാണും. മറ്റുചിലപ്പോള്‍ നടക്കില്ല. കുറ്റബോധമില്ല' എന്നായിരുന്നു ഹര്‍മന്‍പ്രീത് കൗര്‍ മത്സരശേഷം പ്രതികരിച്ചത്.
Adjust Story Font
16

