ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ കാത്തിരിക്കുന്ന അഗ്നിപരീക്ഷണം
അതിഗംഭീരമെന്ന് കോഹ്‌ലി വിശേഷിപ്പിച്ച ഇന്ത്യയുടെ ബൗളിംങ് നിര അത്രയ്ക്ക് ശക്തരാണോ?

വരാനിരിക്കുന്ന ആസ്‌ത്രേലിയയുമായുള്ള ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ബൗളര്‍മാര്‍ക്കുള്ള അഗ്നിപരീക്ഷണമാണ്. ടെസ്റ്റില്‍ എതിര്‍ ടീമിന്റെ 20 വിക്കറ്റും വീഴ്ത്താന്‍ ശേഷിയുള്ളവരെന്ന് ബൗളര്‍മാരെ ക്യാപ്റ്റന്‍ കോഹ്‌ലി പുകഴ്ത്തുമ്പോഴും ബൗളര്‍മാരുടെ ആസ്‌ത്രേലിയയിലെ മുന്‍ പ്രകടനങ്ങള്‍ ആശാവഹമല്ല. സന്ദര്‍ശക ടീമുകളിലെ ബൗളര്‍മാര്‍ക്ക് എക്കാലത്തും ആസ്‌ത്രേലിയയിലെ പിച്ചുകള്‍ വെല്ലുവിളിയായിട്ടുമുണ്ട്.
ടെസ്റ്റിലെ ജയം ബൗളര്‍മാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്നു തന്നെയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ലക്ഷ്മണിനും ഗവാസ്‌കറിനുമുള്ളത്. അതേസമയം വൈവിധ്യമുള്ള ഇന്ത്യന്‍ ബൗളര്‍മാരെ കരുതിയിരിക്കാനാണ് ആസ്‌ത്രേലിയന്‍ ടീമിന് ഗില്‍ക്രിസ്റ്റിന്റേയും ഡാമിയന്‍ ഫ്‌ളെമിംങിന്റേയും ഉപദേശം. താരതമ്യേന പുതുമുഖങ്ങളായ ആസ്‌ത്രേലിയന്‍ ടീമിന് ഇന്ത്യയുമായുള്ള പരമ്പര വെല്ലുവിളി തന്നെയാണ്. എന്നാല്‍ അതിഗംഭീരമെന്ന് കോഹ്‌ലി വിശേഷിപ്പിച്ച ഇന്ത്യയുടെ ബൗളിംങ് നിര അത്രയ്ക്ക് ശക്തരാണോ?
കഴിഞ്ഞ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് പര്യടനങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞത് ഇന്ത്യന്‍ ബൗളര്‍മാരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കൊല്ലം ടെസ്റ്റില്‍ രണ്ടു പ്രാവശ്യം 20 വിക്കറ്റും കൊയ്യാന്‍ ഇന്ത്യന്‍ ബൗളേഴ്‌സിനായി. ഈ വര്‍ഷം എതിര്‍ ടീമുകളുടെ 197 വിക്കറ്റുകള്‍ കരസ്ഥമാക്കി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യ. ഇംഗ്ലണ്ടാണ്(213) ഒന്നാമത്. റണ്‍ വിട്ടുകൊടുക്കുന്നതില്‍ മൂന്നും ശരാശരിയില്‍ നാലാം സ്ഥാനത്തും ഇന്ത്യയുണ്ട്. സാധാരണ വിദേശ പര്യടനത്തില്‍ ബാറ്റ്‌സ്മാന്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ഇന്ത്യ ഇറങ്ങാറെങ്കില്‍ ഇക്കുറി അത് മാത്രമാകില്ലെന്ന് ചുരുക്കം.
അപ്പോഴും ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ ബൗളിംങ്ങ് ചരിത്രം അത്ര ആശാവഹമല്ല. നിലവിലെ ടീമില്‍ ആസ്‌ത്രേലിയയില്‍ ഏറ്റവും കൂടുതല്‍ മത്സരപരിചയമുള്ളത് ഇശാന്ത് ശര്‍മ്മക്കാണ്. പത്ത് ടെസ്റ്റുകളില്‍ 20 വിക്കറ്റ് ഇശാന്ത് വീഴ്ത്തിയിട്ടുണ്ട്. അശ്വിനാകട്ടെ ആറ് ടെസ്റ്റുകളില്‍ നിന്നും 21 വിക്കറ്റ് നേടി. ആസ്‌ത്രേലിയന്‍ മണ്ണില്‍ കുറഞ്ഞത് 2000 ബോളെറിഞ്ഞവരുടെ ബോളിംങ്ങ് ശരാശരി പട്ടികയില്‍ ഇശാന്ത് രണ്ടും അശ്വിന്‍ നാലും സ്ഥാനത്താണുള്ളത്.

ഓവറില്‍ 4.24 റണ്‍ വിട്ടുകൊടുത്തിട്ടുള്ള മുഹമ്മദ് ഷമിയുടെ ബൗളിംങ് ശരാശരിയാണ്(36) ഏറ്റവും മികച്ചത്. ഇഷാന്ത് ശര്‍മ്മ ഓരോ 62 വിട്ടുകൊടുക്കുമ്പോഴുമാണ് ഒരു വിക്കറ്റ് വീഴ്ത്തിയിട്ടുള്ളത്. അശ്വിന്റേത് 54ഉം ഉമേഷ് യാദവിന്റേത് 44 റണ്‍സുമാണ് ബൗളിംങ് ശരാശരി. ഒരൊറ്റ ടെസ്റ്റ് മാത്രം ആസ്‌ത്രേലിയയില്‍ കളിച്ച ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനം 1/168 ആയിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരിലെ പ്രധാനികളായ ബുംറ, ജഡേജ, കുല്‍ദീപ് യാദവ് എന്നിവരുടെ ഓസ്‌ട്രേലിയയിലെ അരങ്ങേറ്റ പര്യടനമാണിത്.
2014ന് ശേഷം വിദേശത്തെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കാന്‍ പോന്നതാണ്. മുഹമ്മദ് ഷാമി(27.7), ഭുവനേശ്വര്‍ കുമാര്‍(16.4), ഇഷാന്ത് ശര്‍മ്മ(24.8), ഉമേഷ് യാദവ് (28.1) എന്നിങ്ങനെ ഓരോ പേസ് ബൗളര്‍മാരും ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് ആസ്‌ത്രേലിയയിലും തുടര്‍ന്നാല്‍ ഇന്ത്യക്ക് പ്രതീക്ഷയേറും.
Adjust Story Font
16

