‘കോഹ്‌ലിയെ പൂട്ടാനാവും, പക്ഷേ അദ്ദേഹത്തെ പ്രകോപിപ്പിക്കരുത്’ ഓസീസ് ക്യാപ്റ്റന്‍
നേരത്തെ രണ്ട് തവണ ആസ്‌ത്രേലിയയില്‍ പര്യടനം നടത്തിയപ്പോഴും മൈതാനത്തെ പ്രകോപനങ്ങള്‍ കോഹ്‍ലിയെ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ക്ക് സഹായിക്കുക മാത്രമാണ് ചെയ്തത്...

ഇന്ത്യന്‍ ക്യാപ്റ്റനും റണ്‍ മെഷീനുമായ വിരാട് കോഹ്‌ലിയെ പൂട്ടാനുള്ള വഴി ഞങ്ങളുടെ പേസര്‍മാര്‍ക്കറിയാമെന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍. എന്നാല്‍ കോഹ്‌ലിക്കെതിരെ അതിവൈകാരികമായി പ്രതികരിക്കരുതെന്നും പെയ്ന്‍ സ്വന്തം താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഡിസംബര്‍ ആറിനാണ് ഇന്ത്യ ആസ്‌ത്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം അഡലെയ്ഡില്‍ ആരംഭിക്കുക.
'ഞങ്ങളുടെ പേസ് ബൗളിംങ് മികച്ചതാണ്. കഴിവിനൊത്ത പ്രകടനം നടത്തിയാല്‍ അവര്‍ക്ക് കോഹ്‌ലിയെ പൂട്ടാനാകും. കളിക്കളത്തില്‍ചിലപ്പോഴെല്ലാം ഞങ്ങള്‍ അതിവൈകാരികമായി പെരുമാറാറുണ്ട്. അവിടെയാണ് പിഴവ് പറ്റാറ്. അമിത വൈകാരിക പ്രകടനങ്ങളിലല്ല ബൗളിംങിലെ കൃത്യതയിലാണ് ശ്രദ്ധിക്കേണ്ടത്. ശാന്തത കൈവെടിയാതെ കളിക്കാനായാല്‍ ഞങ്ങള്‍ക്ക് മികച്ച സാധ്യതയുണ്ട്' എന്നായിരുന്നു ടിം പെയ്‌ന്റെ പ്രതികരണം. cricket.com. auവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഓസീസ് ക്യാപ്റ്റന്റെ പ്രതികരണം.
എതിരാളികള്‍ക്കെതിരെ സ്ലഡ്ജിംങ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന അധിക്ഷേപങ്ങളിലൂടെയും പ്രകോപിപ്പിക്കലുകളിലൂടെയും മേല്‍ക്കൈ നേടിയെടുക്കാന്‍ ശ്രമിക്കുന്നത് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ വര്‍ഷങ്ങളായുള്ള പതിവാണ്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും പിടിയിലായതോടെ ക്രിക്കറ്റ് ടീമിന്റെ മൈതാനത്തെ മര്യാദവിട്ടുള്ള പെരുമാറ്റങ്ങളും ചര്‍ച്ചയായിരുന്നു. കളിയിലെ മദ്യാദ മൈതാനത്ത് കൈവിടരുതെന്ന് നിലവിലെ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറും ആസ്‌ത്രേലിയന്‍ സംഘത്തെ ഓര്‍മ്മിപ്പിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആസ്‌ത്രേലിയന്‍ ടീമിന്റെ സമീപനത്തില്‍ തന്നെ മാറ്റങ്ങള്‍ വരുന്നുവെന്ന സൂചനയാണ് ഇത് നല്‍കിയത്.
അതേസമയം മൈതാനത്തെ പ്രകോപനങ്ങളെ ഇഷ്ടപ്പെടുന്ന കോഹ്‌ലിയുടെ ശൈലിയും ഒരു പരിധി വരെ ആസ്‌ത്രേലിയയെ സ്വാധീനിച്ചിരിക്കാം. നേരത്തെ രണ്ട് തവണ ആസ്‌ത്രേലിയയില്‍ പര്യടനം നടത്തിയപ്പോഴും മൈതാനത്തെ പ്രകോപനങ്ങള്‍ കൂടുതല്‍ മികച്ച പ്രകടനങ്ങളിലേക്കാണ് കോഹ്ലിയെ നയിച്ചിട്ടുള്ളത്. ആദ്യം പ്രകോപിപ്പിക്കില്ലെന്നും ആരെങ്കിലും അതിന് മുതിര്‍ന്നാല്‍ വെറുതെയിരിക്കില്ലെന്നും വിരാട് പരമ്പരക്ക് മുമ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു. മുന്‍കാല ഓര്‍മ്മകളുള്ളതുകൊണ്ടാകണം 'ഇത്തരം പ്രകോപനങ്ങള്‍ ഇഷ്ടപ്പെടുന്നയാളാണ് വിരാട് കോഹ്‌ലി'യെന്ന് പെയ്ന്‍ തന്നെ പറഞ്ഞത്.
Adjust Story Font
16

