ഓസീസിനെ സ്ലെഡ്ജിംങ് പഠിപ്പിച്ച് കോഹ്‌ലി പട, പ്രകോപനത്തില്‍ മുന്നില്‍ പന്ത്
പാറ്റ് കുമ്മിന്‍സിനെ പന്ത് പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ അതിവേഗത്തിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ക്രിക്കറ്റില്‍ സ്ലെഡ്ജിംങ് അഥവാ എതിര്‍ ടീമിനെ വാക്കുകള്‍കൊണ്ട് പ്രകോപിപ്പിക്കുന്നതില്‍ ആശാന്മാരായിരുന്നു പഴയ ആസ്‌ത്രേലിയന്‍ ടീം. കാലം മാറിയതോടെ ഓസീസ് എതിരാളികളെ പ്രകോപിപ്പിക്കുന്നതില്‍ നിന്നും പിന്നോട്ട് പോയപ്പോള്‍ കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം സ്ലഡ്ജിംങില്‍ പുതിയ നേതാക്കളായി മാറുകയാണ്. കോഹ്‌ലി മുതല്‍ ടീമിലെ ഏറ്റവും ജൂനിയറായ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് വരെ ആസ്‌ത്രേലിയന്‍ ബാറ്റ്‌സ്മാന്മാരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണാമായിരുന്നു.
പാറ്റ് കുമ്മിന്‍സിനെ പന്ത് പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ അതിവേഗത്തിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അഞ്ചാം ദിനം തുടക്കത്തിലായിരുന്നു പന്തിന്റെ പ്രകോപനങ്ങള്‍. ആറ് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഏഴാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന കുമ്മിന്‍സിന്റേയും പെയ്‌ന്റേയും കൂട്ടുകെട്ട് പൊളിക്കുക ഇന്ത്യന്‍ ജയത്തിന് അനിവാരമായിരുന്നു. അത്യന്തം ക്ഷമയോടെ ബാറ്റുവീശിയ കുമ്മിന്‍സിനെ പ്രത്യേകിച്ചും. അതിനുള്ള ശ്രമങ്ങള്‍ ബൗളര്‍മാര്‍ തുടരുന്നതിനിടെയാണ് പന്ത് വിക്കറ്റിന് പുറകില്‍ നിന്നുകൊണ്ട് കുമ്മിന്‍സിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
വിക്കറ്റിലെ മൈക്രോഫോണാണ് പന്തിന്റെ പ്രകോപനങ്ങള്‍ പിടിച്ചെടുത്തത്. കമോണ്‍ പാറ്റി... ഇവിടെ ബാറ്റിംങ് എളുപ്പമല്ല... സിക്‌സറടിക്കൂ... കമോണ്‍ കമോണ്‍ ആഷ്(അശ്വിന്‍) എന്നിങ്ങനെ നിരന്തരം പന്ത് പറഞ്ഞുകൊണ്ടിരുന്നു. ആസ്‌ത്രേലിയ നേരിടേണ്ടി വന്ന ഏറ്റവും വെറുപ്പിക്കല്‍ വിക്കറ്റ് കീപ്പറെന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. വ്യക്തിപരമായ അധിക്ഷേപങ്ങളില്ലാതെ പന്തും സംഘവും നടത്തിയ പ്രകോപനങ്ങളെ സോഷ്യല്‍ മീഡിയ വലിയ തോതില്‍ ഏറ്റെടുക്കുകയും ചെയ്തു.
ക്യാപ്റ്റന്‍ കോഹ്#ലിയുടെ തന്ത്രങ്ങളിലൊന്നാണ് പന്തിന്റെ സ്ലെഡ്ജിങ്ങെന്ന് കരുതുന്നവരും കുറവല്ല. എതിര്‍ ടീം ബാറ്റ്‌സ്മാന്മാരുടെ ശ്രദ്ധ ബാറ്റിംങിനിടെ തെറ്റിക്കുകയെന്ന ഉദ്ദേശത്തില്‍ നടത്തുന്ന ഇത്തരം സ്ലെഡ്ജിംങിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ക്രിക്കറ്റ് ലോകത്തു നിന്നു തന്നെയുണ്ട്. കമന്റേറ്ററും മുന്‍ ക്രിക്കറ്റ് താരവുമായ സുനില്‍ ഗവാസ്‌കര്‍ പന്തിന്റെ രീതിയെ എതിര്‍ക്കുകയാണുണ്ടായത്. സ്വന്തം ടീമിലെ ബൗളര്‍മാരെ പ്രചോദിപ്പിക്കുന്നത് അംഗീകരിക്കാമെങ്കിലും എതിര്‍ടീം ബാറ്റ്‌സ്മാനെ പ്രകോപിപ്പിക്കുന്നത് ശരിയല്ലെന്നായിരുന്നു ഗവാസ്‌കറിന്റെ അഭിപ്രായം.
അഡലെയ്ഡില്‍ 11 ക്യാച്ചുകളുമായി വിക്കറ്റിന് പുറകില്‍പന്ത് തിളങ്ങുകയും ചെയ്തു.
സഹ കമന്റേറ്ററും മുന്‍ ഓസീസ് താരവുമായ മൈക്കല്‍ ക്ലാര്‍ക്ക് അപ്പോള്‍ തന്നെ അതിനെ എതിര്‍ത്ത് രംഗത്ത് വരികയും ചെയ്തു.'പന്തിന്റെ സ്ലെഡ്ജിംങ് നല്ലതാണ്. ബാറ്റ്‌സ്മാന്റെ ശ്രദ്ധ തെറ്റിക്കുകയാണ് ഇത്തരം രീതികളുടെ ലക്ഷ്യം. പാറ്റ് കമ്മിന്‍സും ഋഷഭ് പന്തും പരസ്പരം അറിയുന്നവരാണ്. ഐ.പി.എല്ലില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സ് താരങ്ങളാണവര്‍' എന്നായിരുന്നു ക്ലാര്‍ക്കിന്റെ വിശദീകരണം.
Adjust Story Font
16

