Quantcast

ആത്മവിശ്വാസത്തിന്റെ പരകോടിയില്‍ കോഹ്‌ലിയും ടീം ഇന്ത്യയും

ചരിത്രത്തിലാദ്യമായി ആസ്‌ത്രേലിയക്കെതിരെ അവരുടെ നാട്ടില്‍ വെച്ച് ടെസ്റ്റില്‍ മുന്നിലെത്തിയതിന്റെ സന്തോഷം മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും കോഹ്‌ലി മറച്ചുവെച്ചില്ല.

MediaOne Logo

Web Desk

  • Published:

    10 Dec 2018 7:27 AM GMT

ആത്മവിശ്വാസത്തിന്റെ പരകോടിയില്‍ കോഹ്‌ലിയും ടീം ഇന്ത്യയും
X

ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ തുടങ്ങാനായതിന്റെ ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്‌ലിയും ടീം ഇന്ത്യയും. ചരിത്രത്തിലാദ്യമായി ആസ്‌ത്രേലിയക്കെതിരെ അവരുടെ നാട്ടില്‍ വെച്ച് ടെസ്റ്റില്‍ മുന്നിലെത്തിയതിന്റെ സന്തോഷം മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും കോഹ്‌ലി മറച്ചുവെച്ചില്ല. നഷ്ടപ്പെടുവാനൊന്നുമില്ലാതെയാണ് ഇവിടേക്ക് എത്തിയിരിക്കുന്നതെന്നും ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂവെന്നുമായിരുന്നു കോഹ്‌ലിയുടെ വാക്കുകള്‍.

ആദ്യമായാണ് ഇന്ത്യ ആസ്‌ത്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പരയില്‍ മുന്നിലെത്തുന്നത്. ഒരു ടെസ്റ്റ് പരമ്പര പോലും ആസ്‌ത്രേലിയയില്‍ വെച്ച് നേടാനാവാത്തതിന്റെ നാണക്കേടും തിരുത്താനുറച്ചാണ് കോഹ്‌ലിയും സംഘവും ഇറങ്ങിയത്. അഡലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ നേടിയ 31 റണ്‍സിന്റെ വിജയം ഇന്ത്യന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അഞ്ച് ദിവസവും ആസ്‌ത്രേലിയക്ക് മേല്‍ക്കൈ നല്‍കാതെയാണ് ഇന്ത്യ വിജയം പിടിച്ചെടുത്തതെന്നത് ആവേശം ഇരട്ടിയാക്കുന്നു.

തങ്ങളുടെ പദ്ധതിക്കനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയതിലുള്ള സന്തോഷവും കിംങ് കോഹ്‌ലി മറച്ചുവെച്ചില്ല. നാല് ബൗളര്‍മാരും കഠിനാധ്വാനമാണ് ചെയ്തത്. അതിനുള്ള ഫലമാണ് അവര്‍ക്ക് ലഭിച്ചത്. 20 വിക്കറ്റുകള്‍ നാല് ബൗളര്‍മാര്‍ ചേര്‍ന്ന് വീഴ്ത്തുകയെന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. ചെറിയ ചില പോരായ്മകളുണ്ട്. വരും മത്സരങ്ങളില്‍ അതും പരിഹരിക്കുമെന്നായിരുന്നു കോഹ്ലി പറഞ്ഞത്.

അവസാന ദിവസം ഇന്ത്യക്ക് തലവേദനയായത് ഓസീസിന്റെ വാലറ്റമായിരുന്നു. ചെറിയ ചെറിയ കൂട്ടുകെട്ടുകളിലൂടെ നിരന്തരം അവര്‍ ഇന്ത്യക്ക് തലവേദനസൃഷ്ടിച്ചു. അവസാന മൂന്നുവിക്കറ്റുകളില്‍ 104റണ്‍സാണ് ഓസീസ് ബാറ്റ്‌സ്മാന്മാര്‍ കൂട്ടിച്ചേര്‍ത്തത്. ആദ്യ അഞ്ച് വിക്കറ്റുകള്‍ 56 ഓവറില്‍ വീണപ്പോള്‍ പിന്നീടുള്ള അഞ്ച് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്ക് 63ലേറെ ഓവറുകള്‍ എറിയേണ്ടി വന്നുവെന്നുകൂടി ഓര്‍ക്കണം. ഈ ചെറുത്തു നില്‍പ്പ് പ്രതീക്ഷിച്ചതാണെന്നും കളി കൈവിടാതെ കാക്കാന്‍ ബൗളര്‍മാര്‍ക്കായെന്നു കോഹ്‌ലി ഓര്‍മ്മിപ്പിച്ചു.

ഇഷാന്ത് ശര്‍മ്മയുടെ നിര്‍ണ്ണായക ഘട്ടത്തിലെ നോ ബോളുകളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ടീമിലെ ഏറ്റവും മുതിര്‍ന്ന താരമാണ് ഇഷാന്ത്. ടെസ്റ്റ് ജയിച്ചതോടെ എല്ലാവരും ആഘോഷിക്കുമ്പോഴും ഇഷാന്ത് വിഷമത്തിലായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഈ നോബോളുകളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ആ പന്തുകള്‍ നോ ബോളുകളല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ വിക്കറ്റ് ലഭിക്കുകയും മത്സരം നേരത്തെ തീരുകയും ചെയ്യുമായിരുന്നു. തെറ്റ് സംഭവിക്കുക സ്വാഭാവികമാണ്. അത് തിരുത്തി മുന്നേറാനുള്ള മനോഭാവമാണ് പ്രധാനമെന്നും കോഹ്‌ലി പറഞ്ഞു.

ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ ആസ്ത്രേലിയക്ക് കാര്യങ്ങള്‍ ഇനി എളുപ്പമാകില്ലെന്ന് ക്യാപ്റ്റന്‍ ടിം പെയ്നും സമ്മതിച്ചു. പതിവിനു വിപരീതമായി പോരാട്ടവീര്യമില്ലാത്ത സംഘമാണ് ഓസീസിന്‍റേതെന്ന വിമര്‍ശനങ്ങള്‍ സച്ചിന്‍ അടക്കമുള്ളവര്‍ ആദ്യ ടെസ്റ്റിനിടെ തന്നെ ഉന്നയിച്ചിരുന്നു. മത്സരപരിചയമില്ലാത്തതാണ് അതിന്‍റെ കാരണമെന്നായിരുന്നു പരിശീലകന്‍ ജെസ്റ്റിന്‍ ലാംഗര്‍ ഇതിന് നല്‍കിയ മറുപടി.

അഡലെയ്ഡിലെ അഡാറ് ജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി. പെര്‍ത്തില്‍ ഡിസംബര്‍ 14 മുതലാണ് രണ്ടാം ടെസ്റ്റ്.

TAGS :

Next Story