Quantcast

അവസാന ടി20 ഇന്ന്; കത്തിക്കയറാന്‍ സഞ്ജു, പരമ്പര തൂത്തുവാരാന്‍ ഇന്ത്യ

ഇന്ന് കൂടി ജയിച്ചാല്‍ ക്യാപ്റ്റനായുള്ള രോഹിതിന്‍റെ മൂന്നാമത്തെ ടി20 വൈറ്റ് വാഷായിരിക്കും ഈ പരമ്പര

MediaOne Logo

Web Desk

  • Updated:

    2022-02-27 12:46:20.0

Published:

27 Feb 2022 12:37 PM GMT

അവസാന ടി20 ഇന്ന്; കത്തിക്കയറാന്‍ സഞ്ജു, പരമ്പര തൂത്തുവാരാന്‍ ഇന്ത്യ
X

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങും. രണ്ട് കളി ജയിച്ച ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരാനാകും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ശ്രമം. മറുവശത്ത് ആശ്വാസ ജയം തേടിയാകും ശ്രീലങ്കന്‍ ടീം ഇറങ്ങുക..

ഇന്ന് കൂടി ജയിച്ചാല്‍ ക്യാപ്റ്റനായുള്ള രോഹിതിന്‍റെ മൂന്നാമത്തെ ടി20 വൈറ്റ് വാഷായിരിക്കും. ന്യൂസിലന്‍ഡിനെതിരായ പരമ്പര 3 - 0 ത്തിന് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ വിന്‍ഡീസിനെതിരയ പരമ്പര ഇന്ത്യ 2 - 0 നും വിജയിച്ചിരുന്നു. ഇപ്പോള്‍ ശ്രീലങ്കക്കെതിരായ പരമ്പരയിലും ഇന്ത്യ 2 - 0 ന് മുന്നിലാണ്. ഇന്നും കൂടി ജയിച്ച് ഈ പരമ്പരയും വൈറ്റ് വാഷ് ആയാല്‍ രോഹിതിന്‍റെ കീഴില്‍ തുടര്‍ച്ചയായ മൂന്ന് വൈറ്റ് വാഷ് പരമ്പരകള്‍ എന്ന നേട്ടവും ഇന്ത്യന്‍ ടീമിന് സ്വന്തമാകും.

പരമ്പര ഇതിനകം സ്വന്തമാക്കിയതിനാല്‍ ഇന്ത്യ ഇന്ന് പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും. ഇന്നലെ തകര്‍ത്തടിച്ച മലയാളി താരം സഞ്ജു സാംസണിന് ഇന്നും അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ആദ്യ കളിയില്‍ ബാറ്റിങ് ലഭിച്ചില്ല, രണ്ടാം മത്സരത്തില്‍ സഞ്ജുവിന്‍റ തകര്‍പ്പന്‍ അടി

ആദ്യ മത്സരത്തില്‍ ടീമിലുണ്ടായിട്ടും ബാറ്റിങിനറങ്ങാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ അതിന്‍റെ എല്ലാ പരിഭവവും തീര്‍ക്കുന്ന പ്രകടനമായിരുന്നു രണ്ടം ടി20 യില്‍ സഞ്ജുവിന്‍റേത്. കഴിഞ്ഞ മത്സരത്തില്‍ ആദ്യ12 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്‍റെ അക്കൌണ്ടില്‍. ലഹിരു കുമാര പതിമൂന്നാം ഓവര്‍ എറിയാനെത്തുമ്പോള്‍ സഞ്ജുവിന്‍റെ അക്കൗണ്ടില്‍ 21 പന്തില്‍ 19 റണ്‍സ് മാത്രവും. എന്നാല്‍ ആ ഓവറില്‍ സഞ്ജുവിന്‍റെ ബാറ്റ് തീ തുപ്പി. കുമാരയെ മൂന്ന് തവണയാണ് സഞ്ജു ഗ്യാലറിക്ക് മുകളിലൂടെ പറത്തിയത്. മൂന്ന് സിക്സറുമായി കത്തിക്കയറുന്നതിനിടെ സഞ്ജു അപ്രതീക്ഷിമായി വിക്കറ്റാകുകയായിരുന്നു. ഓവറിലെ അവസാന പന്തില്‍ സ്ലിപ്പില്‍ ബിനുര ഫെര്‍ണാണ്ടോയുടെ അത്ഭുത ക്യാച്ചിലാണ് സഞ്ജു പുറത്താകുന്നത്. പുറത്താകുമ്പോള്‍ 25 പന്തില്‍ 39 റണ്‍സ് സഞ്ജു തന്‍റെ അക്കൌണ്ടില്‍ ചേര്‍ത്തിരുന്നു.

വിജയം, രോഹിതിന് ലോകറെക്കോർഡ്

കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ക്യാപ്റ്റൻ രോഹിത് ശർമ ഒരു ലോകറെക്കോർഡ് നേടിയിരുന്നു. സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ ടി20 വിജയം നേടിയ നായകനെന്ന നേട്ടമാണ് രോഹിതിനെ തേടിയെത്തിയത്. 17 മത്സരങ്ങളിൽനിന്നായി 16 വിജയമാണ് രോഹിതിന് കീഴിൽ ഇതോടെ ഇന്ത്യ നേടിയിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഇയാൻ മോർഗനും ന്യൂസിലാൻഡിന്റെ കെയ്ൻ വില്യംസണും 15 വിജയങ്ങളുമായി തൊട്ടു പുറകിലുണ്ട്.

ഇന്ത്യൻ ക്യാപ്റ്റന്മാർക്കിടയിൽ രോഹിതിന് കോഹ്ലിയേക്കാൾ മൂന്നും ധോണിയേക്കാൾ ആറും വിജയങ്ങൾ സ്വന്തം തട്ടകത്തിൽ സ്വന്തമാക്കാനായിട്ടുണ്ട്. ടി20 ക്യാപ്റ്റനായി കരിയറിലാകെ 25 മത്സരങ്ങളിൽ 23 വിജയങ്ങൾ രോഹിത് നേടിയിട്ടുണ്ട്. തുടർച്ചയായ 11ാം വിജയവും തുടർച്ചയായ മൂന്നാം പരമ്പര വിജയവും കഴിഞ്ഞ മത്സരത്തോടെ ഹിറ്റ് മാന്റെ കീഴിൽ ഇന്ത്യക്ക് നേടി.

TAGS :

Next Story