Quantcast

'പുജാരയെയും കോഹ്ലിയെയും പുറത്താക്കാൻ പന്തുചുരണ്ടി; ആരും മിണ്ടുന്നില്ല'-ആസ്‌ട്രേലിയയ്‌ക്കെതിരെ ആരോപണം

'15-20 ഓവറിലൊക്കെ ഡ്യൂക്ക് ബൗൾ റിവേഴ്‌സ് സ്വിങ് ചെയ്യാറുണ്ടോ? കുക്കാബുര പന്ത് സ്വിങ് ചെയ്യാൻ പിന്നെയും സാധ്യതയുണ്ട്. എന്നാൽ, ഡ്യൂക്ക് ബൗൾ സ്വിങ് ചെയ്യാൻ 40 ഓവർ വരെ സമയമെടുക്കും.'

MediaOne Logo

Web Desk

  • Updated:

    2023-06-10 08:35:32.0

Published:

10 Jun 2023 8:22 AM GMT

Former Pakistan cricketer Basit Ali accuses Australia of ball tampering, Australia ball tampering against Virat Kohli and Cheteshwar Pujara, Australia ball tampering in World Test Championship final, 2023 WTC, Cricket Australia, Basit Ali
X

ലണ്ടൻ: ആസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരെ വീണ്ടും പന്തുചുരണ്ടൽ ആരോപണം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിയെയും ചേതേശ്വർ പുജാരയെയും പുറത്താക്കാൻ ആസ്‌ട്രേലിയൻ താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം ഉയരുന്നത്. മുൻ പാകിസ്താൻ താരം ബാസിത് അലിയാണ് യൂട്യൂബ് ചാനലിലൂടെ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സിൽ 15-ാം ഓവറിനുമുൻപായിരുന്നു ആസ്‌ട്രേലിയൻ ടീമിന്റെ ദുരൂഹനടപടിയെന്നാണ് ബാസിത് ചൂണ്ടിക്കാട്ടുന്നത്. 15-20 ഓവറുകളിലെല്ലാം പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാറുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു. 'ഇത് ഡ്യൂക്ക് ബൗൾ കൂടിയാണെന്നു നോക്കണം. കുക്കാബുര പന്ത് സ്വിങ് ചെയ്യാൻ പിന്നെയും സാധ്യതയുണ്ട്. എന്നാൽ, ഡ്യൂക്ക് ബൗൾ സ്വിങ് ചെയ്യാൻ 40 ഓവർ വരെ സമയമെടുക്കും.'-ബാസിത് അലി ചൂണ്ടിക്കാട്ടി.

'ആസ്‌ട്രേലിയ കൃത്യമായും പന്തുകൊണ്ടുകളിച്ചിട്ടും ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല. എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ഒരു ബാറ്റർക്കും ആശ്ചര്യവുമില്ല. പന്ത് ഒഴിവാക്കിവിടുമ്പോഴും ബാറ്റർമാർ ബൗൾഡാകുന്നതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. മത്സരത്തിൽ ഷമി 54-ാം ഓവർ എറിയുന്നതുവരെ പന്തിനു പുറത്ത് തിളക്കമുണ്ടായിരുന്നു. സ്മിത്തിനുനേരെ തിരിഞ്ഞുവരികയും ചെയ്തു അത്. ഇത് റിവേഴ്‌സ് സ്വിങ് അല്ല. പന്തിനകത്ത് തിളക്കമുണ്ടാകുമ്പോഴാണ് റിവേഴ്‌സ് സ്വിങ് സംഭവിക്കുക.'

16, 17, 18 ഓവറുകൾ നോക്കുക; വിരാട് കോഹ്ലി ഔട്ടായ പന്തിന്റെ തിളക്കവും. സ്റ്റാർക്ക് പന്തെറിയുമ്പോൾ തിളക്കമുള്ള ഭാഗം പുറത്തേക്കായിരുന്നു. എന്നാൽ, നേരെ എതിർദിശയിലേക്കാണ് പന്ത് തിരിഞ്ഞത്. ജഡേജ ഓൺസൈഡിലേക്ക് അടിച്ചപ്പോൾ പോയിന്റിനു മുകളിലൂടെയാണ് പന്ത് പറന്നത്. ഗ്രീൻ പുജാരയെ ബൗൾഡാക്കിയ പന്തിന്റെ തിളക്കം അകത്തേക്കായിരുന്നു. എന്നാൽ, പ്രതീക്ഷിക്കാതെയാണ് അത് തിരിഞ്ഞത്-ബാസിത് അലി ആരോപിച്ചു.

അംപയർമാർക്ക് കണ്ണുകാണുന്നില്ലേ? ഇത്രയും നിസ്സാരസംഭവങ്ങൾ പോലും കാണാനാകാത്തവരാണോ അവിടെ ഇരിക്കുന്നത്. ഇത്രയും വലിയ ക്രിക്കറ്റ് ബോർഡായിട്ടും ബി.സി.സി.ഐ ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ? അവർ ക്രിക്കറ്റിലല്ല ശ്രദ്ധിക്കുന്നതെന്നാണ് ഇതിൽനിന്ന് മനസിലാകുന്നത്. ഇന്ത്യ ഫൈനലിലെത്തിയതു തന്നെ അവർക്ക് മതിയെന്നാണ് തോന്നുന്നതെന്നും മുൻ പാകിസ്താൻ ബാറ്റർ ബാസിത് അലി കുറ്റപ്പെടുത്തി.

2018ലാണ് ആസ്‌ട്രേലിയൻ ക്രിക്കറ്റിന് ഒന്നാകെ നാണക്കേടായ പന്തുചുരണ്ടൽ വിവാദം നടക്കുന്നത്. കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു സംഭവം. അന്ന് വിവാദത്തിൽ അകപ്പെട്ടവരിൽ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഇപ്പോഴും ടീമിന്റെ ഭാഗമാണ്. സ്മിത്തിനും വാർണർക്കുമൊപ്പം മുൻ നായകൻ കാമറോൺ ബാൻക്രോഫ്റ്റിനെയും സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇവർക്ക് 12 മാസത്തെ സസ്‌പെൻഷനും ഏർപ്പെടുത്തിയിരുന്നു.

അതേസമയം, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ 296 റൺസുമായി ആസ്‌ട്രേലിയ ഡ്രൈവിങ് സീറ്റിലാണുള്ളത്. ആദ്യം ബാറ്റ് ചെയ്ത കങ്കാരുക്കൾ 469 റൺസ് അടിച്ചെടുത്തപ്പോൾ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 296ൽ അവസാനിച്ചു. അജിങ്ക്യ രഹാനെയുടെയും ഷർദുൽ താക്കൂറിന്റെയും അർധസെഞ്ച്വറികളാണ് ഇന്ത്യയെ ഫോളോഓൺ ഭീഷണിയിൽനിന്ന് രക്ഷിച്ചത്. രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ആസ്‌ട്രേലിയ നാലിന് 123 എന്ന നിലയിലാണ്.

Summary: Former Pakistan cricketer Basit Ali accuses Australia of ball tampering against Virat Kohli and Cheteshwar Pujara

TAGS :

Next Story