Quantcast

വെല്ലലഗെ ട്രിപ്പിള്‍ സ്‌ട്രൈക്ക്; ഗില്‍, കോഹ്ലി, രോഹിത് പുറത്ത്- ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

ആദ്യ പത്ത് ഓവർ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും പോകാതെ മികച്ച നിലയിലായിരുന്നു ടീം ഇന്ത്യയെങ്കിലും സ്പിന്നര്‍മാര്‍ വന്നതോളെ കളിമാറി

MediaOne Logo

Web Desk

  • Published:

    12 Sep 2023 11:00 AM GMT

വെല്ലലഗെ ട്രിപ്പിള്‍ സ്‌ട്രൈക്ക്; ഗില്‍, കോഹ്ലി, രോഹിത് പുറത്ത്- ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച
X

കൊളംബോ: ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിലെ രണ്ടാം പോരാട്ടത്തിൽ മികച്ച തുടക്കത്തിനു ശേഷം ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഇന്നലെ പാകിസ്താനെതിരെയുള്ള ഏകപക്ഷീയമായ വിജയത്തിനുശേഷമാണ് ഇന്ത്യ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിൽ ഇറങ്ങിയിരിക്കുന്നത്. ആദ്യ പത്ത് ഓവർ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും പോകാതെ മികച്ച നിലയിലായിരുന്നു ടീം ഇന്ത്യ. എന്നാല്‍, സ്പിന്നര്‍മാര്‍ വന്നതോളെ കളിമാറി.

മൂന്നു മുന്‍നിര വിക്കറ്റുകള്‍ പിഴുത് ലങ്കയുടെ യുവസ്പിന്നര്‍ ദുനിത് വെല്ലലഗെ ഇന്ത്യയുടെ നട്ടെല്ലൊടിച്ചു. ഓപണർ ശുഭ്മൻ ഗിൽ, സൂപ്പർ താരം വിരാട് കോഹ്ലി, ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എന്നിവരെയാണ് താരം വീഴ്ത്തിയത്. തുടര്‍ച്ചയായി രണ്ടാം അര്‍ധസെഞ്ച്വറിയുമായി മികച്ച ഫോമില്‍ നിന്ന രോഹിത് കൂടി വീണതോടെ ഇന്ത്യന്‍ ക്യാംപ് പ്രതിരോധത്തിലാണ്.

ടോസ് നേടിയ രോഹിത് ശർമ ഒരിക്കൽകൂടി ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്നലെ പാകിസ്താനെതിരെ കളിച്ച ടീമിൽ ഒരു മാറ്റവുമില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ദസുൻ ഷനക നയിക്കുന്ന ശ്രീലങ്കൻ സംഘത്തിലും കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഇന്നത്തെ മത്സരവും ജയിച്ചാൽ ഇന്ത്യയ്ക്ക് ഫൈനൽ ഉറപ്പിക്കാം.

ഞായറാഴ്ച പാകിസ്താനെതിരെ പുറത്തെടുത്ത അതേ പ്രകടനം ആവർത്തിക്കുകയാണ് ഇന്ത്യൻ ഓപണർമാർ. കഴിഞ്ഞ മത്സരത്തിൽ ആക്രമിച്ചു കളിച്ച ശുഭ്മൻ ഗിൽ അൽപം കരുതലോടെയാണ് ഇന്നു തുടങ്ങിയതെന്നു മാത്രമാണു മാറ്റമുള്ളത്. പതിഞ്ഞുതുടങ്ങിയ രോഹിത് ശർമയ്ക്ക് കെട്ടഴിച്ചുവിടാനുള്ള അവസരമൊരുക്കിയത് ലങ്കൻ ക്യാപ്റ്റൻ. ഷനക എറിഞ്ഞ പത്താം ഓവർ ആരംഭിക്കുമ്പോൾ 31 പന്തിൽ 23 റൺസെടുത്ത് കരുതലോടെ കളിക്കുകയായിരുന്നു രോഹിത്.

എന്നാൽ, പത്താം ഓവറിൽ കളി മാറി. ഷനകെ തുടരെ ബൗണ്ടറി കടത്തി ഉഗ്രരൂപം പുറത്തെടുത്തു രോഹിത്. നാല് ഫോറടക്കം 17 റൺസാണ് രോഹിത് അടിച്ചെടുത്തത്. മതിഷാ പതിരാനയെ സിക്‌സർ പറത്തി എതിരാളികൾക്കൊരു മുന്നറിയിപ്പ് നൽകി ഇന്ത്യൻ നായകൻ. എന്നാൽ, സ്പിന്നർ ദുനിത് വെല്ലലഗെയെ വിളിച്ച് ഷനക ഓപണിങ് കൂട്ടുകെട്ട് പൊളിച്ചു. വെല്ലലഗെയുടെ ആദ്യ പന്തുതന്നെ ഗില്ലിന്റെ പ്രതിരോധം തകർത്തു കുറ്റിയും പിഴുതാണു കടന്നുപോയത്. 25 പന്ത് നേരിട്ട് 19 റൺസുമായാണ് ഗിൽ മടങ്ങിയത്.

13-ാം ഓവറിൽ പതിരാനയെ അതിർത്തികടത്തി രോഹിത് തുടർച്ചയായ രണ്ടാം അർധസെഞ്ച്വറി കുറിച്ചു. കരിയറിലെ 51-ാമത് അർധശതകം കൂടിയാണിത്. ഇത്തവണ ഏഷ്യാ കപ്പിലെ റൺവേട്ടക്കാരിലും മുന്നിലാണ് താരം. രണ്ടാം ഓവറിനെത്തിയ വെല്ലലഗെ വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. പാകിസ്താനെതിരെ കിടിലൻ സെഞ്ച്വറിയുമായി മികച്ച ഫോമിലിരിക്കുന്ന സൂപ്പർ താരം വിരാട് കോഹ്ലിയെ പുറത്താക്കിയായിരുന്നു ഇത്തവണ വെല്ലലഗെയുടെ സ്‌ട്രൈക്ക്. ലങ്കൻ ക്യാപ്റ്റൻ ഷനകയ്ക്ക് ക്യാച്ച് നൽകി വെറും മൂന്ന് റൺസുമായാണ് കോഹ്ലി മടങ്ങിയത്. അടുത്ത ഓവറില്‍ വീണ്ടും വെല്ലലഗെ ഞെട്ടിച്ചു. ഓവറിലെ ആദ്യ പന്തു തന്നെ രോഹിതിനെയും കടന്നു കുറ്റി തെറിപ്പിച്ചാണു കടന്നുപോയത്. 48 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 53 റൺസെടുത്താണ് താരം മടങ്ങിയത്.

Summary: Asia Cup 2023 Super 4: India vs Sri Lanka Live Updates

TAGS :

Next Story