Quantcast

'ജീവിതം കഷ്ടപ്പാട് തന്നെ, പ്രിയപ്പെട്ടവരിലും ബന്ധുക്കളിലുമൊന്നും പ്രതീക്ഷയില്ല'; ഒളികാമറാ വിവാദത്തിനുശേഷം ആദ്യമായി ചേതൻ ശർമ

ഒളികാമറാ വെളിപ്പെടുത്തൽ ഏറെ കോളിളക്കം സൃഷ്ടിച്ചതോടെ ബി.സി.സി.ഐ ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയായിരുന്നു ചേതൻ ശർമ

MediaOne Logo

Web Desk

  • Published:

    18 May 2023 3:25 PM GMT

Ex-BCCI Chief Selector Chetan Sharma first response after sting operation, Chetan Sharma sting operation,  Ex-BCCI Chief Selector, Chetan Sharma,
X

ന്യൂഡൽഹി: ഒളികാമറാ വിവാദത്തിനുശേഷം ആദ്യമായി പരസ്യ പ്രതികരണവുമായി മുൻ ബി.സി.സി.ഐ മുഖ്യ സെലക്ടർ ചേതൻ ശർമ. താരങ്ങൾ മരുന്ന് ഉപയോഗിക്കുന്നു, സൗരവ് ഗാംഗുലി കാരണമാണ് വിരാട് കോഹ്ലിക്ക് ക്യാപ്റ്റൻസി നഷ്ടമായത് എന്നതുൾപ്പെടെ ഒളികാമറയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയതിനു പിന്നാലെ ചേതൻ ശർമയ്ക്ക് പദവി രാജിവയ്‌ക്കേണ്ടിവന്നിരുന്നു. ഇപ്പോൾ ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ജീവിതം ഇതുവരെ കഷ്ടപ്പാട് നിറഞ്ഞതാണ്. പ്രിയപ്പെട്ടവരിൽനിന്നും ബന്ധുക്കളിൽനിന്നും ഒരു പ്രതീക്ഷയുമില്ല. റാണി മാതാ അനുഗ്രഹിക്കുമെന്നാണ് പ്രതീക്ഷ'-പരോക്ഷ സൂചനകളടങ്ങിയ ചേതൻ ശർമയുടെ ട്വീറ്റ് ഇങ്ങനെയാണ്.

പൂർണ കായികക്ഷമതയ്ക്കു വേണ്ടി ചില താരങ്ങൾ ഡോപ്പിങ് ടെസ്റ്റിൽ കണ്ടുപിടിക്കാൻ കഴിയാത്ത മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്ന് 'സീ ന്യൂസ്' നടത്തിയ ഒളികാമറ ഓപറേഷനിൽ ചേതൻ ശർമ വെളിപ്പെടുത്തിയിരുന്നു. രോഹിത് ശർമ-വിരാട് കോലി ശീതസമരത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'രോഹിതും കോലിയും തമ്മിൽ പിണക്കമില്ല. എന്നാൽ ഇവർ തമ്മിൽ ഈഗോ പ്രശ്‌നങ്ങളുണ്ട്. അത് വലുതാണ്. ഒരാൾ അമിതാഭ് ബച്ചനെയും മറ്റൊരാൾ ധർമേന്ദ്രയെയും പോലെ. ഇരുവർക്കും ടീമിൽ സ്വന്തം ഇഷ്ടക്കാരുണ്ട്. മുൻ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി കാരണമാണ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായതെന്ന് കോഹ്‌ലി കരുതുന്നു. ഗാംഗുലിയുടെ പല നിർദേശങ്ങളും കോഹ്‌ലി കേൾക്കുമായിരുന്നില്ല. കളിയെക്കാൾ വലിയ ആളാണ് താനെന്നാണ് കോഹ്‌ലിയുടെ ഭാവം.'- ഒളികാമറയിൽ ചേതൻ ശർമ വെളിപ്പെടുത്തി.

ഏറെ വൈകാതെ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാണ്ഡ്യ തന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. മലയാളി താരം സഞ്ജു സാംസണെ കുറിച്ചും അദ്ദേഹം സംസാരിച്ചു. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ട്വിറ്ററിൽ വെടിപൊട്ടുമെന്നാണ് ശർമ പറഞ്ഞത്. സഞ്ജുവിനെ ടീമിൽനിന്ന് തഴയുന്ന വേളയിലെല്ലാം നടക്കുന്ന ട്വിറ്റർ ചർച്ചകളെ കുറിച്ചായിരുന്നു ഇദ്ദേഹത്തിൻറെ പരാമർശം.

വിഷയത്തിൽ ഇതുവരെ ബി.സി.സി.ഐ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ഒളികാമറാ വെളിപ്പെടുത്തൽ തിരുത്താൻ ചേതൻ ശർമ തയാറായതുമില്ല. ഏറെ കോളിളക്കങ്ങൾക്കൊടുവിൽ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായ്ക്ക് രാജിനൽകി ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയായിരുന്നു.

Summary: "Life has been very tough...": Ex-BCCI Chief Selector Chetan Sharma's first response after sting operation row

TAGS :

Next Story