Quantcast

മക്കല്ലത്തിന്‍റെ ആറാട്ടില്‍ തകര്‍ന്നടിഞ്ഞ ബാംഗ്ലൂര്‍... ആദ്യ ഐ.പി.എല്‍ മത്സരത്തിന് ടോസ് വീണിട്ട് 14 വര്‍ഷം

കൊല്‍ക്കത്തയുടെ ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ ബാറ്റിങ് വെടിക്കെട്ടിലാണ് ഇന്നും ആ മത്സരം ഓര്‍മിക്കപ്പെടുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ നാല് ഭാഗവും മക്കല്ലം സിക്സര്‍ പറത്തി. എന്ത് പ്രതീക്ഷിച്ചാണോ കാണികള്‍ എത്തിയത് അതിന്‍റെ പത്തിരട്ടി നല്‍കാന്‍ ന്യൂസിലന്‍ഡില്‍ നിന്നുള്ള വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കായി.

MediaOne Logo

Web Desk

  • Updated:

    2022-04-18 07:54:23.0

Published:

18 April 2022 7:39 AM GMT

മക്കല്ലത്തിന്‍റെ ആറാട്ടില്‍ തകര്‍ന്നടിഞ്ഞ ബാംഗ്ലൂര്‍... ആദ്യ ഐ.പി.എല്‍ മത്സരത്തിന് ടോസ് വീണിട്ട് 14 വര്‍ഷം
X

ലോകത്തെ ക്രിക്കറ്റ് വിപണിയെ തന്നെ മാറ്റിമറിച്ച വിപ്ലവമായിരുന്നു ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ലോകക്രിക്കറ്റിന് ഇന്ത്യ സംഭാവന ചെയ്ത ഏറ്റവും വലിയ പണക്കൊഴുപ്പിന്‍റെ മേള. ക്രിക്കറ്റിന്‍റെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുന്നതില്‍ ഐ.പി.എല്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് ടൂര്‍ണമെന്‍റായി ഐ.പി.എല്‍ അതിവേഗമാണ് ആരാധകശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്ന് ഐ.പി.എല്‍ അതിന്‍റെ പതിനഞ്ചാം സീസണില്‍ ചെന്നെത്തിനില്‍ക്കുമ്പോള്‍ എട്ട് ടീമുകളുണ്ടായിരുന്ന ടൂര്‍ണമെന്‍റ് പത്ത് ടീമുകളായി വീണ്ടും വലുതായി.

2007 ടി20 ലോകകപ്പിന് ശേഷമാണ് ടി20 ക്രിക്കറ്റിന്‍റെ സാധ്യതയും അതിനായി ഒരു ലീഗും തുടങ്ങാനുള്ള പദ്ധതി തയ്യാറാകുന്നത്. 2008 ഏപ്രിലിൽ 18 ന് ആരംഭിച്ച പ്രഥമ ഐ.പി.എല്‍ 44 ദിവസങ്ങളിലായാണ് നടന്നത്. ആകെമൊത്തെ 59 മത്സരങ്ങളായിരുന്നു ആദ്യ സീസണില്‍ നടന്നത്. 13 കോടി രൂപയായിരുന്നു ജേതാക്കള്‍ക്കുള്ള സമ്മാനത്തുക. എല്ലാ ടീമിലും എട്ട് അന്താരാഷ്ട്ര താരങ്ങളും, 22 വയസ്സിൽ താഴെയുള്ള നാല് അംഗങ്ങളും ഉണ്ടാകണമെന്നായിരുന്നു നിബന്ധന. ആകെ എട്ട് ടീമുകളായിരുന്നു മത്സരിച്ചത്.

ആദ്യ ഐ.പി.എല്‍ മത്സരം

താരനിര കൊണ്ടും സ്പോണ്‍സര്‍ഷിപ്പ് കൊണ്ടും പ്രഥമ ഐ.പി.എല്ലിലെ ഏറ്റവും വലിയ ഗ്ലാമര്‍ ടീമുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ബാംഗൂര്‍ റോയല്‍ ചാലഞ്ചേഴ്സും തമ്മിലായിരുന്നു ടൂര്‍ണമെന്‍റിലെ ആദ്യ മത്സരം. അന്ന് വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ വിജയ് മല്യയുടെ ടീമായിരുന്നു ബാംഗ്ലൂര്‍. ഇപ്പുറത്ത് കൊല്‍ക്കത്തയാകട്ടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖിന്‍റെ സ്വന്തം ടീം. കൊല്‍ക്കത്തയുടെ ഐക്കണ്‍ പ്ലേയറായി സൌരവ് ഗാംഗുലിയും ബാംഗ്ലൂരിന്‍റെ ഐക്കണ്‍ താരമായി രാഹുല്‍ ദ്രാവിഡും. അതുകൊണ്ട് തന്നെ ഉദ്ഘാടന മത്സരത്തില്‍ ഗ്യാലറി പൂരപ്പറമ്പായി. ടിവിയിലും കളി കാണാന്‍ കോടിക്കണക്കിന് ആരാധകരുണ്ടായി.

ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. ടോസ് ലഭിച്ചത് ബാംഗ്ലൂരിന്. പക്ഷേ ബൌള്‍ ചെയ്യാനായിരുന്നു നായകന്‍ ദ്രാവിഡിന്‍റെ തീരുമാനം. ആ തീരുമാനത്തില്‍ ഒരുപക്ഷേ ഇന്നും രാഹുല്‍ ദ്രാവിഡ് ഖേദിക്കുന്നുണ്ടാകും. കൊല്‍ക്കത്തയുടെ ഓപ്പണര്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ ബാറ്റിങ് വെടിക്കെട്ടിലാണ് ഇന്നും ആ മത്സരം ഓര്‍മിക്കപ്പെടുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ നാല് ഭാഗത്തേക്കും മക്കല്ലം അന്ന് സിക്സര്‍ പറത്തി. എന്ത് പ്രതീക്ഷിച്ചാണോ കാണികള്‍ എത്തിയത് അതിന്‍റെ പത്തിരട്ടി നല്‍കാന്‍ ന്യൂസിലന്‍ഡില്‍ നിന്നുള്ള വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കായി. ആദ്യ ഓവറില്‍ തുടങ്ങിയ അടി മക്കല്ലം അവസാന ഓവറായിട്ടു പോലും നിര്‍ത്തിയില്ല. പ്രവീണ്‍ കുമാറിനും സഹീര്‍ ഖാനും ജാക് കാലിസിനുമെല്ലാം അടി കിട്ടി. സ്കൂള്‍ ക്രിക്കറ്റ് കളിക്കുന്ന ലാഘവത്തിലാണ് മക്കല്ലം അന്ന് ബാറ്റ് വീശിയത്. അദ്ദേഹത്തിന്‍റെ ബാറ്റില്‍ നിന്ന് ആ മത്സരത്തില്‍ പറന്നത് 13 സിക്സറുകളാണ്. 73 പന്തില്‍ 158 റണ്‍സ് വാരിക്കൂട്ടിയ മക്കല്ലം കൊല്‍ക്കത്തയുടെ അവസാന ഓവര്‍ കഴിയുമ്പോഴും പുറത്താകാതെ നില്‍പ്പുണ്ടായിരുന്നു. ടീം സ്കോറില്‍ സിംഹഭാഗവും മക്കല്ലത്തിന്‍റെ ബാറ്റില്‍ നിന്നായിരുന്നു. അന്നത്തെ 'മക്കല്ലം ഷോ'യില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയത് 223 റണ്‍സിന്‍റെ വിജയലക്ഷ്യം.

മറുപടി ബാറ്റിങിനിറങ്ങിയ ബാംഗ്ലൂരിന് നായകന്‍ ദ്രാവിഡിന്‍റെ വിക്കറ്റ് ആദ്യ ഓവറില്‍ തന്നെ നഷ്ടമായി. ഇഷാന്ത് ശര്‍മയുടെ പന്തില്‍ ക്ലീന്‍ ബൌള്‍ഡ് ആയി ദ്രാവിഡ് മടങ്ങി. പിന്നീട് കണ്ടത് ബാംഗ്ലൂര്‍ ബാറ്റര്‍മാരുടെ ഡ്രസിങ് റൂമിലേക്കുള്ള ഘോഷയാത്രയാണ്. വിക്കറ്റുകള്‍ തുരുതുരെ വീണു. ഒടുവില്‍ വെറും 82 റണ്‍സില്‍ ബാംഗ്ലൂരിന്‍റെ ഇന്നിങ്സ് അവസാനിച്ചു. അങ്ങനെ ആദ്യ ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്തക്ക് 140 റണ്‍സിന്‍റെ ചരിത്ര ജയം. അന്നത്തെ മത്സരത്തില്‍ ബാംഗ്ലൂരിന്‍റെ സ്കോര്‍കാര്‍ഡില്‍ ടോപ് സ്കോററുടെ സ്ഥാനത്ത് 'എക്സ്ട്രാസ്' ആയിരുന്നു. 19 റണ്‍സാണ് എക്സ്ട്രാസ് ഇനത്തില്‍ ബാംഗ്ലൂരിന് ദാനം ലഭിച്ചത്. ബാറ്റര്‍മാരില്‍ രണ്ടക്കം കടന്നത് പ്രവീണ്‍ കുമാര്‍ മാത്രം. മുന്‍നിരയെല്ലാം പരാജയപ്പെട്ടപ്പോള്‍ വാലറ്റക്കാരനായ പ്രവീണ്‍കുമാര്‍ 18 റണ്‍സാണ് നേടിയത്. അങ്ങനെ ആദ്യ ഐ.പി.എല്‍ മത്സരം സംഭവബഹുലമായി അവസാനിച്ചു. നിലവില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് ടീമിലുള്ള വിരാട് കോഹ്‌ലി അന്നും ആർ.സി.ബി പ്ലേയിംഗ് ഇലവന്‍റെ ഭാഗമായിരുന്നു.

2008ലെ പ്രഥമ സീസണില്‍ കറുത്ത കുതിരകളായത് ഷെയ്ന്‍ വോണിന്‍റെ നേതൃത്വത്തിലെത്തിയ രാജസ്ഥാന്‍ റോയല്‍സാണ്. എല്ലാവരേയും ഞെട്ടിച്ച് ആദ്യ ഐ.പി.എല്‍ കിരീടം വോണും കൂട്ടരും ഉയര്‍ത്തി. ഫൈനലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍കിങ്സിനെ അവസാന ബോളിലാണ് രാജസ്ഥാന്‍ മറികടക്കുന്നത്. 56 റണ്‍സും മൂന്ന് വിക്കറ്റും നേടി രാജസ്ഥാനെ ജയത്തിലേക്ക് നയിച്ച യൂസുഫ് പത്താനായിരുന്നു കളിയിലെ താരം

TAGS :

Next Story