ഉദ്വേഗം അവസാന പന്തുവരെ; ദക്ഷിണാഫ്രിക്കയോട് തോറ്റ് ഇന്ത്യ ലോകകപ്പ് സെമി കാണാതെ പുറത്ത്
വനിതാ ഏകദിന ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ നായിക മിതാലി രാജ്, ഓപണർമാരായ സ്മൃതി മന്ദാന, ഷെഫാലി വർമ എന്നിവരെല്ലാം അർധശതകം നേടിയിട്ടും ഇന്ത്യ സെമി കാണാതെ പുറത്ത്

അവസാന പന്തുവരെ ഉദ്വേഗം നിറഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതാപടയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഹൃദയഭേദകമായ തോൽവി. നായിക മിതാലി രാജ്, ഓപണർമാരായ സ്മൃതി മന്ദാന, ഷെഫാലി വർമ എന്നിവരുടെയെല്ലാം അർധശതകങ്ങൾ പാഴായപ്പോൾ വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമി കാണാതെ പുറത്ത്. ആദ്യം ബാറ്റ് ചെയ്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഉയർത്തിയ 275 എന്ന വിജയലക്ഷ്യം അവസാനപന്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. മന്ദാന ഒരുവശത്ത് നിലയുറപ്പിച്ച് കളിച്ചപ്പോൾ മറുവശത്ത് ഷെഫാലി സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ചുകളിച്ചു. ഇന്ത്യയെ മികച്ച ടോട്ടലിലേക്ക് നയിക്കുമെന്നുറപ്പിച്ച ഘട്ടത്തിൽ ഷെഫാലി അനാവശ്യ റണ്ണിനോടി പുറത്തായി. 46 പന്തിൽ എട്ട് ബൗണ്ടറി സഹിതം 53 റൺസെടുത്താണ് താരം മടങ്ങിയത്.
മൂന്നാം നമ്പറിലെത്തിയ യാസ്തിക ഭാട്ടിയ വന്ന വഴിക്കുതന്നെ തിരിച്ചുനടന്നു. ദക്ഷിണാഫ്രിക്കയുടെ ഷ്‌ളോ ട്രിയോണിന്റെ പന്ത് ഭാട്ടിയയുടെ പ്രതിരോധം തകർത്തു. തുടർന്നെത്തിയ ക്യാപ്റ്റൻ മിഥാലി രാജുമായി ചേർന്ന് മന്ദാന ഇന്നിങ്‌സ് പരിക്കുകളില്ലാതെ പടുത്തുയർത്തി. മിഥാലി കൂടുതൽ ജാഗ്രതയോടെ കളിച്ചപ്പോൾ മന്ദാന കളിയുടെ ഗതിമാറ്റി. അർധശതകവും കടന്ന് സെഞ്ച്വറിയിലേക്ക് കുതിച്ച സ്മൃതി മന്ദാനയെ മസാബലത ക്ലാസ് വീഴ്ത്തി. ട്രയോണിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 84 പന്തിൽ ആറ് ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 71 റൺസായിരുന്നു മന്ദാനയുടെ സമ്പാദ്യം.
ക്രീസിൽ നിലയുറപ്പിച്ച നായികയ്ക്ക് അഞ്ചാം നമ്പറിലെത്തിയ ഹർമൻപ്രീത് കൗർ മികച്ച പിന്തുണ നൽകി. ഇതിനിടെ ഇന്ത്യയ്ക്ക് വീണ്ടും ക്ലാസിന്റെ പ്രഹരം. മിഥാലിയെ വീണ്ടും ട്രയോണിന്റെ കൈയിലെത്തിച്ച് ക്ലാസ് ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക് ത്രൂ നൽകി. 84 പന്തിൽ എട്ട് ബൗണ്ടറി സഹിതം 68 റൺസെടുത്താണ് ക്യാപ്റ്റൻ മടങ്ങിയത്. ഹർമൻപ്രീത് കൗർ അർധസെഞ്ച്വറിക്ക് രണ്ട് റൺസ് മാത്രം അകലെയും വീണു. 57 പന്തിൽ നാല് ബൗണ്ടറിയോടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പിന്നീടെത്തിയ വാലറ്റത്തിനൊന്നും ഒന്നും ചെയ്യാനായില്ല. ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ ശബ്‌നിം ഇസ്മായിൽ, ക്ലാസ് എന്നിവർ രണ്ടു വിക്കറ്റ് വീതവും അയാബോംഗ ഖാക, ട്രയോൺ എന്നിവർ ഓരോ വിക്കറ്റും നേടി.
ഇന്ത്യൻ സ്‌കോർ പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി. ഓപണർ ലിസ്ലി ലീ രണ്ടക്കം കടക്കുംമുൻപ് പുറത്തായി. എന്നാൽ, ലോറ വോൾവാർട്ട് മൂന്നാം നമ്പറിലെത്തിയ ലാറ ഗുഡാളുമായി ചേർന്ന് ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സ് പടുത്തുയർത്തി. അർധസെഞ്ച്വറിക്ക് ഒരു റൺമാത്രം അകലെ ഗുഡാൾ വീണപ്പോഴും വോൾവാർട്ട് പോരാട്ടം തുടർന്നു. നാലാം നമ്പറിലെത്തിയ നായിക സ്യൂൺ ലൂസ് പോരാട്ടത്തിന് കരുത്തുപകർന്നു. സെഞ്ച്വറിയിലേക്ക് കുതിച്ച വോൾവാർട്ടിനെ ഹർമൻപ്രീത് കൗർ ബൗൾഡാക്കി. പുറത്താകുമ്പോൾ 79 പന്തിൽ 11 ബൗണ്ടറിയുടെ അകമ്പടിയോടെ 80 റൺസെടുത്തിരുന്നു താരം. വോൾവാർട്ട് വീണതോടെ മിഗ്നോൻ ഡു പ്രീസുമായി ചേർന്ന് ക്യാപ്റ്റൻ രക്ഷാപ്രവർത്തനം തുടർന്നു. എന്നാൽ, ലൂസിന്റെ(22) പോരാട്ടവും കൗർ അവസാനിപ്പിച്ചു.
മരീസൻ കാപ്പ്(32), ട്രയോൺ(17) എന്നിവരുമായി ചേർന്ന് പ്രീസ് ദക്ഷിണാഫ്രിക്കയെ വിജയതീരത്തേക്ക് നയിച്ചു. അവസാന ഓവറിലേക്ക് നീണ്ട വാശിനിറഞ്ഞ പോരാട്ടത്തിനൊടുവിൽ പ്രീസ് വിജയറൺ കുറിച്ച് ദക്ഷിണാഫ്രിക്കയെ സെമിയിലേക്ക് നയിച്ചു. ഇന്ത്യൻ ബൗളർമാരിൽ ഹർമൻപ്രീത് കൗർ, രാജേശ്വരി ഗെയ്ക്ക്‌വാദ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.
Summary: IND-W vs SA-W, ICC Women's World Cup: India's campaign ends in heartbreak, West Indies reach semifinal
Adjust Story Font
16

