Quantcast

ഒലിവിയർ ഷോക്ക്, മുൻനിര മടങ്ങി; ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

പുറംവേദനയെത്തുടർന്ന് വിരാട് കോഹ്ലിയില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. പകരം കെഎൽ രാഹുലാണ് ടീമിനെ നയിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-03 10:53:52.0

Published:

3 Jan 2022 10:30 AM GMT

ഒലിവിയർ ഷോക്ക്, മുൻനിര മടങ്ങി; ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച
X

ജോഹന്നാസ്ബർഗിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ദക്ഷണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യ സെഷനിൽ തന്നെ ഇന്ത്യയ്ക്ക് മൂന്ന് മുൻനിര ബാറ്റർമാരെ നഷ്ടമായി. മികച്ച ഫോമിലുള്ള മായങ്ക് അഗർവാളും മോശം പ്രകടനം തുടരുന്ന ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയുമാണ് പുറത്തായത്. വിരാട് കോഹ്ലിയുടെ അഭാവത്തിൽ നായകനായി ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന കെഎൽ രാഹുലും ഹനുമാ വിഹാരിയുമാണ് ക്രീസിലുള്ളത്. ലഞ്ചിനു പിരിയുമ്പോൾ മൂന്നിന് 53 എന്ന നിലയിലാണ് ഇന്ത്യ.

പുറംവേദനയെത്തുടർന്നാണ് നായകൻ വിരാട് കോഹ്ലി പുറത്തിരുന്നത്. പകരം രാഹുലാണ് ടീമിനെ നയിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ ടോസ് ലഭിച്ച രാഹുൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിൽ നിർത്തിയേടത്തുനിന്നായിരുന്നു ഓപണിങ് കൂട്ടുകെട്ടിൽ രാഹുലും മായങ്കും തുടങ്ങിയത്. രാഹുൽ കരുതലോടെ നിലയുറപ്പിച്ചു കളിച്ചപ്പോൾ പതിവ് ശൈലിയിൽ ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചായിരുന്നു മായങ്കിന്റെ ബാറ്റിങ്.

മറ്റൊരു മികച്ച ഓപണിങ് കൂട്ടുകെട്ട് പിറക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിടത്ത് മാർക്കോ ജാൻസനാണ് ഇന്ത്യയ്ക്ക് ആദ്യ ഷോക്ക് നൽകിയത്. മായങ്കിനെ വിക്കറ്റ് കീപ്പർ കൈൽ വെറെയ്‌നെയുടെ കൈയിലെത്തിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് ജാൻസൻവക ആദ്യ ബ്രേക്ത്രൂ നൽകി.

തുടർന്നെത്തിയ പുജാര അതീവ ജാഗ്രതയോടെയാണ് ബാറ്റേന്തിയത്. മോശം ഫോമിനെത്തുടർന്ന് ടീമിലെ സ്ഥാനം ഭീഷണിയിലായ താരത്തിൽനിന്ന് ഒരു തിരിച്ചുവരവ് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, തൊട്ടടുത്ത പന്തുകളിൽ ഇന്ത്യയ്ക്ക് ഇരട്ട പ്രഹരം നൽകി ഡ്വുവേൻ ഒലിവിയർ. 33 പന്ത് നേരിട്ട് മൂന്നു റൺസെടുത്തുനിന്ന പുജാരയെയാണ് ഒലിവിയർ ആദ്യം പിടികൂടിയത്. ഷോർട്ട് ലെങ്ത് പന്ത് പ്രതിരോധിക്കാനുള്ള പുജാരയുടെ ശ്രമം തെംബ ബാവുമയുടെ കൈയിൽ അവസാനിച്ചു. തൊട്ടടുത്ത പന്തിൽ മോശം പ്രകടനം തുടരുന്ന രഹാനെ ഗോൾഡൻ ഡക്ക്! ഒലിവിയറുടെ ഷോർട്ട് ലെങ്ത് പന്തിൽ തന്നെയായിരുന്നു രഹാനെയുടെയും മടക്കം. താരത്തെ കീഗൻ പീറ്റേഴ്‌സന്റെ കൈയിലെത്തിച്ച ഒലിവിയർക്ക് 50-ാം വിക്കറ്റ് നേട്ടം.

ലഞ്ചിനു പിരിയുമ്പോൾ 19 റൺസുമായി രാഹുലും നാല് റൺസുമായി വിഹാരിയും ക്രീസിലുണ്ട്. 74 പന്ത് നേരിട്ട രാഹുൽ നാല് ബൗണ്ടറി നേടിയിട്ടുണ്ട്.

TAGS :

Next Story