Quantcast

പടനയിച്ച് എല്‍ഗാര്‍, ദക്ഷിണാഫ്രിക്ക അനായാസ ജയത്തിലേക്ക്

ഒരു വശത്ത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എൽഗാർ പ്രതിരോധക്കോട്ട തീർത്ത് മുന്നേറിയപ്പോൾ മറുവശത്ത് ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചായിരുന്നു ഡസ്സന്റെ പോരാട്ടം

MediaOne Logo

Web Desk

  • Updated:

    2022-01-06 16:25:34.0

Published:

6 Jan 2022 3:37 PM GMT

പടനയിച്ച് എല്‍ഗാര്‍, ദക്ഷിണാഫ്രിക്ക അനായാസ ജയത്തിലേക്ക്
X

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാംദിനം മഴമൂലം ഏറെനേരം കളി തുടങ്ങാൻ വൈകിയപ്പോൾ ഇന്ത്യൻ ആരാധകരെല്ലാം പ്രതീക്ഷയിലായിരുന്നു. മൂന്നാംദിനം ഇന്ത്യ ഉയർത്തിയ 240 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടിന് 118 എന്ന ശക്തമായ നിലയിലായിരുന്നു കളിനിർത്തിയത്. മഹാമേരുവായി ഉറച്ചുനിന്ന നായകൻ ഡീൻ എൽഗാറിന്റെ നേതൃത്വത്തിൽ എട്ടു വിക്കറ്റും രണ്ടു പൂർണദിവസവും കൈയിലുള്ള ദക്ഷിണാഫ്രിക്കയോട് ഇന്ത്യയ്ക്ക് ജയിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കുക തന്നെ വേണമായിരുന്നു. ആ അത്ഭുതമാണോ ഇന്ന് രാവിലെ മഴയുടെ രൂപത്തിലെത്തിയതെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ, മഴ മാറി കളി പുനരാരംഭിച്ചപ്പോൾ ഇന്ത്യയ്ക്ക് ഒരു തരത്തിലുമുള്ള മേധാവിത്വം നൽകാതെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് കുതിക്കുകയാണ്.

മൂന്നാംദിനം നിർത്തിയിടത്തുനിന്നു തുടങ്ങുകയായിരുന്നു എൽഗാറും റസി വാൻ ഡസ്സനും. ഇന്ത്യൻ ബൗളർമാർ തലങ്ങും വിലങ്ങും ബൗൺസറുകളും ഷോർട്ട് ബോളുകളുമെറിഞ്ഞ് പ്രകോപിപ്പിച്ചിട്ടും അജയ്യനായി നായകൻ തന്നെയാണ് ദക്ഷിണാഫ്രിക്കയെ മുന്നിൽനിന്നു നയിച്ചത്. ഒരു വശത്ത് എൽഗാർ പ്രതിരോധക്കോട്ട തീർത്ത് മുന്നേറിയപ്പോൾ മറുവശത്ത് ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചായിരുന്നു ഡസ്സന്റെ പോരാട്ടം. ഇതിനിടയിൽ അർധസെഞ്ച്വറിയും കടന്നു എൽഗാർ.

എൽഗാർ-ഡസ്സൻ കൂട്ടുകെട്ടിൽ വശംകെട്ട ഇന്ത്യയ്ക്ക് ഒടുവിൽ നേരിയതെങ്കിലും ആശ്വസിക്കാനുള്ള വകനൽകി മുഹമ്മദ് ഷമിയുടെ ബ്രേക്ത്രൂ. 92 പന്തിൽ അഞ്ച് ബൗണ്ടറിയോടെ അർധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഡസ്സനെ(40) ഷമി ലെങ്ത് ബൗളിൽ ചേതേശ്വർ പുജാരയുടെ കൈയിലെത്തിച്ചു.

ഡസ്സൻ മടങ്ങിയെങ്കിലും എൽഗാർ ഇളകിയില്ല. അഞ്ചാമനായെത്തിയ തെംബ ബാവുമയെ കൂട്ടുപിടിച്ച് അനായാസ ജയത്തിലേക്ക് ടീമിനെ നയിക്കുകയാണ് എൽഗാർ. ഒടുവിൽ വാർത്ത ലഭിക്കുമ്പോൾ മൂന്നിന് 202 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ജയിക്കാൻ വേണ്ടത് 38 റൺസ് മാത്രം. എൽഗാർ ആറു ബൗണ്ടറിയുമായി 174 പന്തിൽ 74 റൺസെടുത്ത് നിൽക്കുമ്പോൾ 11 റൺസാണ് ബാവുമയുടെ സമ്പാദ്യം.

TAGS :

Next Story