Quantcast

വീണ്ടും ബോസായി ജോസ്, തകർത്തടിച്ച് സഞ്ജു; ഗുജറാത്തിന് ഫൈനലിലേക്ക് 189 റൺസ് ദൂരം

അർധശതകത്തിന് വെറും മൂന്ന് റൺസകലെ സായ് കിഷോറിനെ ഗാലറിയിലേക്ക് പറത്താനുള്ള സഞ്ജുവിന്റെ ശ്രമം അതിർത്തിയിൽ ജോസഫ് അൽസാരിയുടെ കൈയിൽ അവസാനിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-05-24 16:28:17.0

Published:

24 May 2022 4:07 PM GMT

വീണ്ടും ബോസായി ജോസ്, തകർത്തടിച്ച് സഞ്ജു; ഗുജറാത്തിന് ഫൈനലിലേക്ക് 189 റൺസ് ദൂരം
X

കൊൽക്കത്ത: തകർത്തടിച്ചു കളിച്ച സഞ്ജു സാംസൺ ഒരിക്കൽകൂടി വലിയ ഇന്നിങ്‌സ് കാണാനാകാതെ പുറത്തായി. അർധശതകത്തിനു തൊട്ടരികെ വീണ നായകന്റെയും(47) സെൻസിബിൾ ഇന്നിങ്‌സിലൂടെ തുടങ്ങി ഒടുക്കം ആളിക്കത്തിയ സൂപ്പർ താരം ജോസ് ബട്‌ലറി(89)ന്റെയും കരുത്തിൽ ആദ്യ പ്ലേഓഫ് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് മികച്ച സ്‌കോർ. ഫൈനലില്‍ കടക്കാൻ ഗുജറാത്ത് ടൈറ്റൻസിന് 189 റൺസാണ് വിജയലക്ഷ്യം.

13-ാം തവണയും ടോസ് നിർഭാഗ്യം സഞ്ജുവിനെ പിടികൂടിയപ്പോൾ ഹർദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ ആദ്യം ബൗൾ ചെയ്യാനുള്ള പാണ്ഡ്യയുടെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഗുജറാത്തിന്റെ തുടക്കം. മികച്ച ഫോമിലുള്ള രാജസ്ഥാന്റെ ഓപണിങ് ബാറ്റർ യശസ്വി ജയ്‌സ്വാളിനെ മത്സരത്തിലെ രണ്ടാം ഓവറിൽ യാഷ് ദയാൽ തിരിച്ചയച്ചു. മൂന്നു റൺസുമായി വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് ക്യാച്ച് നൽകിയായിരുന്നു ജയ്‌സ്വാൾ മടങ്ങിയത്.

ഒരറ്റത്ത് താളം കണ്ടെത്താൻ ജോസ് ബട്‌ലർ വിഷമിക്കുന്നത് കണ്ട മൂന്നാമനായെത്തിയ സഞ്ജു ആദ്യ പന്തുതൊട്ടു തന്നെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമണം തുടങ്ങി. ഗുജറാത്തിന്റെ സ്പിൻ മാന്ത്രികൻ റാഷിദ് ഖാനെ ബഹുമാനിച്ച്, മറ്റുള്ളവരെ തിരഞ്ഞുപിടിച്ച് അതിർത്തിയിലേക്ക് പറത്തുകയായിരുന്നു സഞ്ജു. നായകന്‍റെ വെടിക്കെട്ടിനു മുന്‍പില്‍ മറുവശത്ത് കാഴ്ചക്കാരനായി നിൽക്കുകയായിരുന്നു ബട്‌ലർ.

ഒടുവിൽ അർധശതകത്തിന് വെറും മൂന്ന് റൺസകലെ സായ് കിഷോറിനെ ഗാലറിയിലേക്ക് പറത്താനുള്ള സഞ്ജുവിന്റെ ശ്രമം പാളി. ഉയർത്തിയടിച്ച പന്ത് അതിർത്തിയിൽ ജോസഫ് അൽസാരിയുടെ കൈയിൽ ഭദ്രം. വെറും 26 പന്തിൽ അഞ്ച് ബൗണ്ടറിയുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 47 റൺസ് അടിച്ചെടുത്താണ് താരം മടങ്ങിയത്.


നാലാം നമ്പറിലെത്തിയ ദേവ്ദത്ത് പടിക്കലും രണ്ടുവീതം സിക്‌സും ബൗണ്ടറിയും സഹിതം മികച്ച ഇന്നിങ്‌സിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ നായകൻ ഹർദിക് പാണ്ഡ്യയുടെ പന്തിൽ ബൗൾഡായി പുറത്ത്. 20 പന്തിൽ 28 റൺസെടുത്തായിരുന്നു മടക്കം. തുടർന്നാണ് ബട്‌ലർ കളിയുടെ ഗിയർ മാറ്റിയത്. 15 ഓവർ വരെയും തപ്പിത്തടഞ്ഞുകളിച്ച ബട്‌ലർ പിന്നീട് ആളിക്കത്തുകയായിരുന്നു. തുടരെത്തുടരെ ഗുജറാത്ത് ബൗളർമാരെ അതിർത്തിയിലേക്ക് പറത്തി ബട്‌ലർ. മറ്റൊരു ശതകത്തിലേക്ക് കുതിച്ച ബട്‍ലറിന്‍റെ പോരാട്ടം അവസാന ഓവറില്‍ അവസാനിക്കുമ്പോള്‍ 56 പന്തിൽ 12 ബൗണ്ടറിയും രണ്ടു സിക്‌സും പറത്തി 89 റൺസ് വാരിക്കൂട്ടിയിരുന്നു.

ഗുജറാത്ത് ബൗളർമാരിൽ റാഷിദ് ഖാനല്ലാത്തവരെല്ലാം അടി വാങ്ങിക്കൂട്ടി. റാഷിദ് വിക്കറ്റൊന്നും നേടിയില്ലെങ്കിലും നാല് ഓവറിൽ വെറും 15 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. മുഹമ്മദ് ഷമി, യാഷ് ദയാൽ, സായ് കിഷോർ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Summary: IPL 2022: Jos Buttler's late acceleration gives Rajasthan 188 in GT vs RR Qualifier 1

TAGS :

Next Story