ഗില്ലിനെ ചെന്നൈ എങ്ങനെ പിടിച്ചുകെട്ടും? പതിരാനയ്ക്ക് ഗുജറാത്തിനു മറുമരുന്നുണ്ടോ?-ഐ.പി.എല്ലിൽ ഇന്ന് തീപ്പാറും കലാശപ്പോര്

ഒരു ലക്ഷത്തിലേറെ വരുന്ന കാണികളെ ആനന്ദിപ്പിക്കാൻ വൈകീട്ടുമുതൽ നൃത്ത, സംഗീത, ദൃശ്യ വിസ്മയങ്ങളും ബി.സി.സി.ഐ ഒരുക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    28 May 2023 9:39 AM GMT

IPL 2023, CSK vs GT Final Match Preview, MS Dhoni, Hardik Pandya
X

അഹ്മദാബാദ്: ടീമിന് അഞ്ചാം കിരീടം സമ്മാനിച്ചൊരു സമ്മോഹനമായ വിടവാങ്ങൽ. മഹേന്ദ്ര സിങ് ധോണി ഇന്ന് ലക്ഷ്യമിടുന്നത് മറ്റൊന്നുമാകില്ല. ചെന്നൈ ആരാധകർക്കും മറ്റൊരു മോഹമുണ്ടാകില്ല. എന്നാൽ, സമ്പൂർണ ടി20 സെറ്റപ്പുമായി ഐ.പി.എല്ലിൽ പുത്തൻ സെൻസേഷനായിത്തീർന്ന ടീമാണ് ഗുജറാത്ത്. നിലവിലെ ചാംപ്യന്മാാർ. തുടർച്ചയായ രണ്ടാം കിരീടം, അതും സ്വന്തം തട്ടകത്തിൽ. ഹർദിക് പാണ്ഡ്യയും സംഘവും അതുതന്നെയാകും നോട്ടമിടുന്നത്.

ഇന്നു രാത്രി ഏഴരയ്ക്കാണ് അഹ്മദാബാദിലെ മൊട്ടേര സ്‌റ്റേഡയത്തിൽ കലാശപ്പോരിന് തുടക്കമാകുക. ഒരു ലക്ഷത്തിലേറെ വരുന്ന കാണികൾ കലാശപ്പോരിനു സാക്ഷിയാകാനെത്തും. ടോസ് സെഷനുമുൻപായി വൈകീട്ടുമുതൽ നൃത്ത, സംഗീത, ദൃശ്യ വിസ്മയങ്ങളുമായി കാഴ്ചക്കാരെ ആനന്ദിപ്പിക്കാനുള്ള വൻ സജ്ജീകരണങ്ങളും അണിയറയിൽ ഒരുങ്ങുന്നതായാണ് വിവരം. ബോളിവുഡ് താരം രൺവീർ സിങ്, സംഗീതജ്ഞൻ എ.ആർ റഹ്മാൻ, റാപ്പർമാരായ കിങ്, ഡിവൈൻ, കനേഡിയൻ-ഇന്ത്യൻ ഗായിക ജോനിത ഗാന്ധി തുടങ്ങിയവരെല്ലാം കലാനിശയുടെ ഭാഗമാകുമെന്നാണ് വിവരം.

14 മത്സരങ്ങളിൽ പത്തും ജയിച്ച് സർവമേധാവിത്വത്തോടെയാണ് ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫ് കടന്നത്. ആദ്യ ക്വാളിഫയറിൽ പക്ഷെ ചെന്നൈ സൂപ്പർ കിങ്‌സിനോട് തോറ്റു. രണ്ടാം ക്വാളിഫയറിൽ മുംബൈയെ 62 റൺസിന് ആധികാരികമായി തകർത്തുകളഞ്ഞതിന്റെ ആത്മവിശ്വാസവുമായാണ് പാണ്ഡ്യപ്പട ഫൈനലിനെത്തുന്നത്. ഓപണർ ശുഭ്മൻ ഗില്ലിന്റെ അപാരഫോം തന്നെയാണ് ടീമിന്റെ പ്രധാന പ്ലസ്. ഗിൽ ടീമിന്റെ തുറുപ്പുചീട്ടും. ഗിൽ നിറം മങ്ങിയാലും മത്സരം ഒറ്റയ്ക്ക് ജയിക്കാൻ ശേഷിയുള്ള ഡേവിഡ് മില്ലർ, റാഷിദ് ഖാൻ, ഹർദിക് പാണ്ഡ്യ ഉൾപ്പെടെ ഒരുപിടി താരങ്ങൾ സ്‌ക്വാഡിലുണ്ടെന്നതാണ് ആത്മവിശ്വാസം. അഹ്മദാബാദിലെ ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം അതിനു പുറമെയും.

മറുവശത്ത് ഓപണർമാരായ ഡേവോൺ കോൺവേയും ഋതുരാജ് ഗെയ്ക്ക്‌വാദും ചേർന്നു നൽകുമെന്ന മികച്ച തുടക്കത്തിൽ തന്നെയാണ് ചെന്നൈയുടെ പ്രതീക്ഷയത്രയും. അതിൽനിന്ന് കൂറ്റൻ സ്‌കോറിലേക്ക് ടീമിനെ അടിച്ചുയർത്തുന്ന ശിവം ദുബേ, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവർ ടീമിന് ആത്മവിശ്വാസവും. ഏതു ബാറ്റർമാരെയും 'മലിംഗ' ആക്ഷനുമായി കുഴക്കുന്ന മതീഷ പതിരാന തന്നെയാകും നായകൻ ധോണിയുടെ തുറുപ്പുചീട്ട്.

ഗില്ലിനെ തുടക്കത്തിൽ തന്നെ പിടിച്ചുകെട്ടാനുള്ള ആസൂത്രണവുമായായിരിക്കും ചെന്നൈ ഇന്ന് ഇറങ്ങുകയെന്നതുറപ്പ്. മറുവശത്ത്, പതിരാനയ്ക്കുള്ള മറുമരുന്ന് ഗുജറാത്തും കരുതിവയ്ക്കുമെന്നുറപ്പ്. ഇതിനിടയിൽ അവസാന ചിരി ആർക്കായിരിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

സാധ്യതാ ഇലവൻ

ചെന്നൈ: ഡേവോൺ കോൺവേ, ഋതുരാജ് ഗെയ്ക്ക്‌വാദ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മോയിൻ അലി, രവീന്ദ്ര ജഡേജ, മഹേന്ദ്ര സിങ് ധോണി(ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ദീപക് ചഹാർ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.

സബ്‌സ്റ്റിറ്റ്യൂട്ട്: മതീഷ പതിരാന, ശൈഖ് റഷീദ്, മിച്ചൽ സാന്റ്‌നർ, ആകാശ് സിങ്.

ഗുജറാത്ത്: വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പർ), ശുഭ്മൻ ഗിൽ, ഹർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), ഡേവിഡ് വാർണർ, സായ് സുദർശൻ, വിജയ് ശങ്കർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹ്മദ്, മോഹിത് ശർമ.

സബ്‌സ്റ്റിറ്റ്യൂട്ട്: ജോഷുവ ലിറ്റിൽ, അഭിനവ് മനോഹർ, ദാസുൻ ഷനക, ദർശൻ നൽകാണ്ടെ.

Summary: IPL 2023: CSK vs GT Final Match Preview

TAGS :

Next Story