Quantcast

ടി20 ധീരന്മാരുടെ ക്രിക്കറ്റാണ്; 'ഏകദിന വസന്തങ്ങളെ' വെളിയിലിരുത്തുമോ ബി.സി.സി.ഐ?

തീതുപ്പും പന്തിനു മുന്നിൽ മുട്ടുവിറക്കുന്ന ബാറ്റര്‍മാരും ബാറ്റിങ് വിസ്ഫോടനത്തില്‍ തളർന്നുവീഴുന്ന ബൗളർമാരും ടി20യില്‍ കളിക്കേണ്ടവരല്ല.

MediaOne Logo

Shaheer

  • Updated:

    2022-11-10 16:03:25.0

Published:

10 Nov 2022 4:00 PM GMT

ടി20 ധീരന്മാരുടെ ക്രിക്കറ്റാണ്; ഏകദിന വസന്തങ്ങളെ വെളിയിലിരുത്തുമോ ബി.സി.സി.ഐ?
X

അഡലെയ്ഡ്: ടി20 'ഫിയർലെസ്' ക്രിക്കറ്റർമാരുടെ മാത്രം ക്രിക്കറ്റാണ്. കുറഞ്ഞ പന്ത്, കുറഞ്ഞ സമയം. അതിനുള്ളിൽ എന്തും സാധിപ്പിച്ചെടുക്കാനുള്ള കരുത്തും കൂസലില്ലായ്മയുമുള്ള താരങ്ങള്‍ക്കേ ആ ഫോർമാറ്റിൽ എന്തെങ്കിലും ചെയ്യാനാകൂ. അത്തരമൊരു ടീമിനേ അവിടെ യഥാർത്ഥ ജയവുമുള്ളൂ. തീതുപ്പും പന്തിനു മുന്നിൽ മുട്ടുവിറക്കുന്ന ബാറ്റര്‍മാരും ബാറ്റിങ് വിസ്ഫോടനത്തില്‍ തളർന്നുവീഴുന്ന ബൗളർമാരും അവിടെ അപ്രസക്തരാണ്.

ടി20 കിരീടസ്വപ്‌നവുമായി സെമി ഫൈനൽ പോരിനിറങ്ങിയ ഇന്ത്യയെ ജോസ് ബട്‌ലറിന്റെ ഇംഗ്ലീഷ് സംഘം നാണംകെടുത്തി നാട്ടിലേക്ക് പറഞ്ഞയക്കുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്. സൂര്യകുമാർ യാദവെന്ന ഒരേയൊരു ടി20 സ്‌പെഷലിസ്റ്റുമായാണ് ഇന്ത്യ ആസ്‌ട്രേലിയയിലേക്ക് ലോകകപ്പിനായി പറന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യയുടെ ടൂർണമെന്റിലെ പ്രകടനം. പവർപ്ലേ തൊട്ട് ഡെത്ത് ഓവർ വരെ ഇന്ത്യൻ ബാറ്റർമാർ തികഞ്ഞ പരാജയമായിരുന്നുവെന്നു തെളിയിക്കാൻ കണക്കുകൾ മാത്രം മതി.

ടി20യിൽ ബാറ്റർമാർക്ക് അഴിഞ്ഞാടാനുള്ള സമയമാണ് പവർപ്ലേ. പരമാവധി റൺ അടിച്ചെടുത്ത് എതിരാളികളെ സമ്മർദത്തിലാക്കുക. ഏതു വലിയ ലക്ഷ്യം മറികടക്കാനും വലിയ ടോട്ടലിലേക്ക് ടീമിന് വഴിയൊരുക്കാനും അടിത്തറയൊരുക്കുക. ഇതാണ് പവർപ്ലേ കൊണ്ടുള്ള പ്രധാന ലക്ഷ്യം. എന്നാൽ, ഈ ലോകകപ്പിലെ ഇന്ത്യയുടെ പവർപ്ലേ സ്‌കോർ നോക്കാം:

പാകിസ്താനെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 31. നെതർലൻഡ്‌സിനെതിരെ ഒരു വിക്കറ്റിന് 32. ദക്ഷിണാഫ്രിക്കയ്‌ക്കെതിര രണ്ടിന് 33. ബംഗ്ലാദേശിനെതിരെ ഒന്നിന് 37. സിംബാബ്‌വേയ്‌ക്കെതിരെ ഒന്നിന് 47. ഇംഗ്ലണ്ടിനെതിരെ ഒന്നിന് 38.

ഇനി പവർപ്ലേയിലെ ഓപണർമാരുടെ സംഭാവന നോക്കാം. കെ.എൽ രാഹുൽ പവർപ്ലേയിൽ 71 പന്ത് നേരിട്ട് 63 റൺസ് ആണ് നേടിയത്. സ്‌ട്രൈക് റൈറ്റ് 88.9. മൂന്നു തവണ പുറത്താകുകയും ചെയ്തു. നായകൻ രോഹിത് ശർമയ്ക്ക് 58 പന്ത് നേരിട്ട് നേടാനായത് 52 റൺസ് മാത്രം. നാലു തവണ പുറത്തായി. സ്‌ട്രൈക്ക് റൈറ്റാണെങ്കിൽ 89.65ഉം.

ഇനി ഓപണർമാരെ കുറച്ചുകൂടി വിശദമായി പരിശോധിക്കാം. 101 പന്ത് നേരിട്ട് 123 റൺസാണ് ഈ ലോകകപ്പിൽ രാഹുലിന്റെ സമ്പാദ്യം. സ്‌ട്രൈക്ക് റൈറ്റ് 121. ശരാശരി 24.6ഉം. പാകിസ്താനെതിരെ ആദ്യ മത്സരത്തിൽ നേടിയത് ഏഴു പന്തിൽ നാല്. നെതർലൻഡ്‌സിനെതിരെ 12 പന്തിൽ ഒൻപത്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 14 പന്തിൽ 15, ബംഗ്ലാദേശിനെതിരെ 32 പന്തിൽ 50, സിംബാബ്‌വേയ്‌ക്കെതിരെ 35 പന്തിൽ 51. സെമിയിലെ നിർണായക മത്സരത്തിൽ അഞ്ചു പന്തിൽ അഞ്ചുമായി പുറത്ത്.

രോഹിത് ടൂർണമെന്റിലുടനീളം 81 പന്ത് നേരിട്ട് ആകെ നേടിയത് 89 റൺസ്. 17 ശരാശരിയും 109 സ്‌ട്രൈക്ക് റൈറ്റും. നെതർലൻഡ്‌സിനെതിരെ 39 പന്തിൽ 53, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ എട്ടു പന്തിൽ രണ്ട്, ബംഗ്ലാദേശിനെതിരെ എട്ടു പന്തിൽ രണ്ട്, സിംബാബ്‌വേയ്‌ക്കെതിരെ 13 പന്തിൽ 15, സെമിയിൽ രോഹിത് ശർമ 28 പന്തിൽ 27. ഇതൊക്കെയാണ് നായകന്റെ സംഭാവന.

ഇനി ടൂർണമെന്റിലെ റൺവേട്ടക്കാരിൽ മുന്നിലുള്ള ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലിയുടെ സ്‌ട്രൈക്ക്‌റൈറ്റ് കൂടി നോക്കേണ്ടതുണ്ട്. പാകിസ്താനെതിരെ 53 പന്തിൽ 82, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 11 പന്തിൽ 12, ബംഗ്ലാദേശിനെതിരെ 44 പന്തിൽ 64, സിംബാബ്‌വേയ്‌ക്കെതിരെ 25 പന്തിൽ 26, ഇംഗ്ലണ്ടിനെതിരെ 40 പന്തിൽ 50. ഇങ്ങനെയാണ് കോഹ്ലിയുടെ ഇന്നിങ്‌സ്. ഓപണർമാരുടെയും മധ്യനിരയുടെയും പരാജയത്തിൽ ടീമിനെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷിച്ചത് കോഹ്ലിയാണെന്നത് വസ്തുതയാണ്. എന്നാൽ, അപ്പോഴും കളിയിൽ ടച്ചിലായിട്ടും ഗിയർ മാറ്റുന്ന കാര്യത്തിൽ കോഹ്ലി പരാജയമായിരുന്നു. പാകിസ്താനെതിരായ ആദ്യ മത്സരത്തിലെ അവിസ്മരണീയമായ ഇന്നിങ്‌സ് ഒഴികെ മിക്ക കളികളിലും കോഹ്ലി പരമാവധി പന്തുകൾ നേരിട്ട് വലിയൊരു ഇന്നിങ്‌സ് നേടാനാകാതെയാണ് കോഹ്ലി ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇന്ത്യൻ മുൻനിരയുടെയും മധ്യനിരയുടെയും പരാജയത്തിന്റെ മറവിൽ കോഹ്ലിയുടെ ഇന്നിങ്‌സിന്റെ 'ടി20' നിലവാരം വിമർശിക്കപ്പെടാതെ രക്ഷപ്പെടും.

സൂര്യകുമാർ യാദവ് എന്നൊരു സൂപ്പർ താരമില്ലെങ്കിൽ ഈ ലോകകപ്പിൽ ഇന്ത്യ വലിയ നാണക്കേടിൽ ആദ്യ ഘട്ടത്തിൽ തന്നെ നാട്ടിലെത്തേണ്ടതായിരുന്നു. ഒരേയൊരു സൂര്യ മാത്രമാണ് ടി20 ശൈലിയിൽ കളിക്കുന്നത് കണ്ടത്. ഡെത്ത് ഓവറിൽ കളിക്കാനായി മാത്രം ടീമിലെടുത്ത ദിനേശ് കാർത്തിക്കും കിട്ടിയ അവസരങ്ങളിലെല്ലാം അമ്പേ പരാജയമായിരുന്നു.

ഇനി ഇന്ത്യ പുറത്തിരുത്തിയ യുവ ബാറ്റർമാരെ നോക്കൂ. സഞ്ജു സാംസൺ, ഇഷൻ കിഷൻ, പൃഥ്വിഷാ. എതിരാളികളെ കൂസാതെ കളിക്കുന്ന സൂപ്പർ ടി20 താരങ്ങളാണ് മൂന്നുപേരും. ആസ്‌ട്രേലിയ പോലുള്ള പിച്ചിൽ ഏതു പന്തിനെയും നേരിടാൻ കരുത്തുള്ളവരാണ് കൂട്ടത്തിൽ സഞ്ജുവും ഷായും. പരിചയത്തിലും പ്രായത്തിലും ചെറുപ്പമാണെങ്കിലും ഗ്രൗണ്ടിൽ ഇവർ ഉണ്ടാക്കുന്ന ഇംപാക്ട് ചില്ലറയല്ല.

ടി20യുടെ മറ്റൊരു സവിശേഷത ഓൾറൗണ്ടർ താരങ്ങളാണ്. എവിടെയും ഏതു സമയത്തും ഏതു രീതിയിലും കളി തിരിക്കാൻ കരുത്തുള്ള താരങ്ങളാണവർ. ഇത്തവണ വമ്പൻ ടീമുകളെ ഞെട്ടിച്ച ചെറുടീമുകളായ നെതർലൻഡ്‌സ്, അയർലൻഡ്, സിംബാബ്‌വേ, അഫ്ഗാനിസ്താൻ തുടങ്ങിയ ടീമുകളെ മാത്രം നോക്കിയാൽ മതി. അവരുടെയെല്ലാം കരുത്തായത് ഓൾറൗണ്ടർമാരായിരുന്നു.

ഇക്കാര്യത്തിൽ ഇന്ത്യയുടെ കാര്യമാണെങ്കിൽ പരിതാപകരമാണ്. ഹർദിക് പാണ്ഡ്യയ്ക്കപ്പുറം നല്ലൊരു ഓൾറൗണ്ടറില്ലാതെയാണ് ഇന്ത്യ കളിച്ചത്. പാണ്ഡ്യയാണെങ്കിൽ ടൂർണമെന്റിൽ ആകെ നല്ലൊരു ഇന്നിങ്‌സ് കളിക്കുന്നത് ഇന്ന് ഇംഗ്ലണ്ടിനെതിരെയാണ്. മറ്റൊരു ഓൾറൗണ്ടർ അക്‌സർ പട്ടേലാണ്. പന്ത് കൊണ്ട് മോശമല്ലെങ്കിലും ബാറ്റിങ്ങിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. പകരം ടെസ്റ്റിൽ ബാറ്റ് കൊണ്ട് നിർണായകമായ ചില ഇന്നിങ്‌സുകൾ കളിച്ച പാരമ്പര്യമുള്ള അശ്വിനെയാണ് ഇന്ത്യ മൂന്നാം ഓൾറൗണ്ടറെ പോലെ കണ്ടതെന്നതു മാത്രം മതി ഇന്ത്യയുടെ ദയനീയ സ്ഥിതി മനസിലാക്കാൻ.

എക്‌സ്പ്രസ് പേസാണ് മറ്റൊരു കാര്യം. ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് യൂനിറ്റായ പാകിസ്താന്റെ ബൗളിങ് നിരയെ നോക്കുക. എല്ലാവരും എക്‌സ്പ്രസ് വേഗക്കാരാണ്. 140 കി.മീറ്റർ വേഗതയ്ക്കു മുകളിൽ എറിയും എല്ലാവരും. 150നു മുകളിൽ എറിയുന്ന ഹാരിസ് റഊഫും. ഇന്ത്യയുടെ എക്‌സ്പ്രസ് പേസർ വല്ലപ്പോഴും 140നു മുകളിൽ എറിയുന്ന മുഹമ്മദ് ഷമിയാണ്. ജസ്പ്രീത് ബുംറയുടെ അഭാവം ഇവിടെ നിഴലിച്ചുകണ്ടു. അപ്പോഴും പുറത്ത് മുഹ്‌സിൻ ഖാൻ, ഉംറാൻ മാലിക് തുടങ്ങിയ താരങ്ങൾ ഇരിക്കുന്നു. അവരെ വളർത്തിക്കൊണ്ടുവരാനോ കൂടുതൽ അവസരങ്ങൾ നൽകി മിനുക്കിയെടുക്കാനോ ടീം മുതിരുന്നില്ല.

2007ൽ കന്നി ടി20 ലോകകപ്പിൽ പ്രമുഖരായ മുതിർന്ന താരങ്ങളെ പുറത്തിരുത്തി എം.എസ് ധോണിയെ നായകനാക്കി ബി.സി.സി.ഐ കാണിച്ച ഹീറോയിസമാണ് ഇന്ത്യയ്ക്ക് അന്ന് ലോകകപ്പ് സമ്മാനിച്ചത്. എന്നാൽ, അതിനുശേഷം ഇന്ത്യ വീണ്ടും പരമ്പരാഗത ശൈലിയിലേക്ക് തിരിച്ചുപോയി. ഒരിക്കൽകൂടി 'ഏകദിന വസന്തങ്ങളെ' മാറ്റിനിർത്തി യുവതുർക്കികള്‍ക്കു വഴി തുറക്കാന്‍ ടീം മാനേജ്‌മെന്റ് ധൈര്യപ്പെടുമോ? എങ്കില്‍ ഇനിയും ടി20യിൽ ഇന്ത്യൻ വിപ്ലവങ്ങൾക്കു കാത്തിരിക്കാം.

Summary: Key reasons behind India's failed T20 World Cup campaign in Australia

TAGS :

Next Story