Quantcast

വാങ്കഡെയിൽ തലയുടെ ആറാട്ട്; കൊൽക്കത്തയ്ക്ക് 132 വിജയലക്ഷ്യം

താളം കണ്ടെത്തി തുടങ്ങിയതോടെ തുടരെത്തുടരെ ബൗണ്ടറികളുമായി ധോണി കത്തിക്കയറുകയായിരുന്നു. പുതിയ നായകൻ രവീന്ദ്ര ജഡേജയെ കാഴ്ചക്കാരനായി അർധശതകവും നേടിയാണ് ധോണി ചെന്നൈയുടെ രക്ഷകനായത്

MediaOne Logo

Web Desk

  • Published:

    26 March 2022 4:18 PM GMT

വാങ്കഡെയിൽ തലയുടെ ആറാട്ട്; കൊൽക്കത്തയ്ക്ക് 132 വിജയലക്ഷ്യം
X

കിരീടം കൈമാറിയെങ്കിലും ചെന്നൈ സൂപ്പർ കിങ്‌സിന്റെ താരരാജാവായി ഇനിയുമൊരങ്കത്തിനുള്ള ആയുസുണ്ടെന്ന് തെളിയിച്ച് മുൻ നായകൻ മഹേന്ദ്ര സിങ് ധോണി. വാങ്കഡെ സ്‌റ്റേഡിയത്തിൽ യുവതാരങ്ങളൊന്നും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയ മത്സരത്തിൽ ഒടുവിൽ രക്ഷകനായി ധോണിയെത്തി. ധോണിയുടെ അർധശതകത്തിന്റെ കരുത്തിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് ചെന്നൈ നേടിയത്.

ടോസ് നേടി കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അയ്യരുടെ കണക്കുകൂട്ടൽ ശരിയാണെന്നു തെളിയിക്കുന്ന തരത്തിലായിരുന്നു ചെന്നൈയുടെ തുടക്കം. ആദ്യ ഓവറിൽ തന്നെ വിശ്വസ്തനായ ഓപണർ ഋതുരാജ് ഗെയ്ക്ക്‌വാദിനെ നഷ്ടപ്പെട്ടു. നോബൗൾ കൊണ്ട് തുടങ്ങിയ ഉമേഷ് യാദവാണ് ഗെയ്ക്ക്‌വാദിനെ നിതീഷ് റാണയുടെ കൈയിലെത്തിച്ച് തിരിച്ചയച്ചത്.

മൂന്നാമനായി ഇറങ്ങിയ റോബിൻ ഉത്തപ്പ ഒരുവശത്ത് കത്തിക്കയറാൻ തുടങ്ങിയെങ്കിലും മറുവശത്ത് ചെന്നൈ ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച ന്യൂസിലൻൻഡ് താരം ഡേവൻ കോൺവേ തപ്പിത്തടയുകയായിരുന്നു. പിന്നാലെ ഉമേഷ് യാദവിന് രണ്ടാം വിക്കറ്റ് നൽകി താരം മടങ്ങി. നാലാമനായെത്തിയ അമ്പാട്ടി റായ്ഡുവുമായി ചേർന്ന് ഉത്തപ്പ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. വരുൺ ചക്രവർത്തിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഷെൽഡൻ ജാക്‌സന്റെ മിന്നൽ സ്റ്റംപിങ്ങിൽ ഉത്തപ്പയുടെ പോരാട്ടം അവസാനിച്ചു. 21 പന്തിൽ രണ്ടുവീതം ബൗണ്ടറിയും സിക്‌സറും സഹിതം 28 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

തൊട്ടടുത്ത ഓവറിൽ പുതിയ നായകൻ രവീന്ദ്ര ജഡേജയുടെ ക്ഷണത്തിൽ അനാവശ്യ റണ്ണിനായോടി റായിഡുവും(15) പുറത്തായി. പിന്നാലെയെത്തിയ ഓൾറൗണ്ടർ ശിവം ദുബേക്ക് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

പിന്നാലെയാണ് എം.എസ് ധോണി ക്രീസിലെത്തിയത്. തുടക്കത്തിൽ പതിഞ്ഞ തുടക്കമായിരുന്നു. എന്നാൽ, താളം കണ്ടെത്തി തുടങ്ങിയതോടെ പിന്നീട് തുടരെത്തുടരെ ബൗണ്ടറികളുമായി ധോണി കത്തിക്കയറുകയായിരുന്നു പിന്നീടങ്ങോട്ട്. പുതിയ നായകൻ രവീന്ദ്ര ജഡേജ താളം കണ്ടെത്താൻ പാടുപെടുമ്പോഴായിരുന്നു മുൻ നായകന്റെ ആക്രമണം. ജഡേജയെ കാഴ്ചക്കാരനാക്കി ബൗണ്ടറികളുമായി കളംവാണു ധോണി; പിന്നാലെ അർധശതകവും കടന്നു. ജഡേജ 28 പന്തിൽ ഒരു സിക്‌സറിന്റെ മാത്രം അകമ്പടിയോടെ 26 റൺസെടുത്തപ്പോൾ ധോണി 38 പന്ത് നേരിട്ട് ഏഴ് ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് 50 കടന്നത്.

Summary: MS Dhoni comeback with half-century against KKR in IPL Opener

TAGS :

Next Story