കുടുംബത്തെ കാണാതെ ഒൻപതു വർഷം; കാത്തിരിപ്പിനൊടുവില്‍ അമ്മയെ കണ്ടു; വൈകാരികനിമിഷം പങ്കിട്ട് മുംബൈ ഇന്ത്യൻസ് താരം

ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് കാർത്തികേയ വീട്ടിലെത്തി അമ്മയെയും അച്ഛനെയുമെല്ലാം നേരിൽകണ്ടത്. ഏറെ വൈകാരികമായ നിമിഷം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്

MediaOne Logo

Web Desk

  • Updated:

    2022-08-05 02:44:35.0

Published:

4 Aug 2022 11:52 AM GMT

കുടുംബത്തെ കാണാതെ ഒൻപതു വർഷം; കാത്തിരിപ്പിനൊടുവില്‍ അമ്മയെ കണ്ടു; വൈകാരികനിമിഷം പങ്കിട്ട് മുംബൈ ഇന്ത്യൻസ് താരം
X

ഭോപ്പാൽ: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കായിക താരങ്ങൾക്ക് ഏറെനാള്‍ കുടുംബത്തെ കാണാനാവാതെ ബയോബബിളിൽ കഴിയേണ്ടിവരുന്നത് കോവിഡ് കാലത്ത് പുതിയൊരു വാർത്തയല്ല. മാസങ്ങളോളം കുടുംബത്തെ വിട്ടകന്നാണ് മിക്ക താരങ്ങളും തങ്ങളുടെ ടീമുകൾക്കായി കളിക്കുന്നത്. എന്നാൽ, ഒൻപതു വർഷവും മൂന്നു മാസവും കുടുംബത്തെ വിട്ടകന്നു കഴിഞ്ഞൊരു താരമുണ്ട് ഇവിടെ! മുംബൈ ഇന്ത്യൻസ്, മധ്യപ്രദേശ് ഓൾറൗണ്ടർ കുമാർ കാർത്തികേയ!

ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്നലെയാണ് കാർത്തികേയ വീട്ടിലെത്തി അമ്മയെയും അച്ഛനെയുമെല്ലാം നേരിൽകണ്ടത്. ഏറെ വൈകാരികമായ നിമിഷം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ''ഒൻപതു വർഷത്തിനും മൂന്നു മാസത്തിനുശേഷം അമ്മയെയും കുടുംബത്തെയും കണ്ടു. എന്റെ വികാരം പറഞ്ഞറിയിക്കാനാകില്ല!''-അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു.

ഇത്രയും കാലം എവിടെയായിരുന്നുവെന്ന് സ്വാഭാവികമായും ഉയരാനിടയുള്ള ചോദ്യമാണ്. എന്നാൽ, അതിന്റെ കാരണമറിഞ്ഞാൽ ആരും മൂക്കത്തു വിരൽവച്ചു പോകും. ജീവിതത്തിൽ എന്തെങ്കിലും സാധിച്ച ശേഷമേ ഇനി വീട്ടിലേക്ക് തിരിച്ചുവരൂ എന്ന ദൃഢനിശ്ചയവുമായി ഒൻപതു വർഷംമുൻപ് വീട്ടിൽനിന്ന് ഇറങ്ങിയതാണ് താരം. കഴിഞ്ഞ ജൂണോടെയാണ് ആ വ്രതത്തിന് അന്ത്യംകുറിക്കുന്നത്. മുംബൈയെ തോൽപിച്ച് കന്നി രഞ്ജി ട്രോഫി കിരീടം നേടിയ മധ്യപ്രദേശ് ടീമിലെ സൂപ്പർ താരമായിരുന്നു കാർത്തികേയ. നാല് വിക്കറ്റ് നേട്ടമടക്കം അഞ്ചു വിക്കറ്റുമായി മത്സരത്തിൽ നിർണായക പ്രകടനം പുറത്തെടുത്തു താരം.

ഈ വർഷം ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് കുപ്പായത്തിലും കാർത്തികേയ അരങ്ങേറ്റം കുറിച്ചു. ഏപ്രിൽ 30ന് ഡി.വൈ പാട്ടീൽ സ്‌പോർട്‌സ് അക്കാഡമി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയായിരുന്നു കന്നിയങ്കം. ടൂർണമെന്റിൽ നാല് മത്സരങ്ങളിൽനിന്നായി 7.85 എക്കോണമിയിൽ അഞ്ചു വിക്കറ്റും നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

രണ്ടു പ്രകടനങ്ങൾക്കും പിന്നാലെയാണ് വീട്ടിലേക്ക് മടങ്ങുകയാണെന്ന് താരം വെളിപ്പെടുത്തിയത്. ''ഒൻപതു വർഷമായി വീട്ടിൽ പോയിട്ട്. ജീവിതത്തിൽ എന്തെങ്കിലും സ്വന്തമാക്കിയേ വീട്ടിലേക്ക് മടക്കമുള്ളൂവെന്ന് തീരുമാനിച്ചിരുന്നു. അമ്മയും അച്ഛനും നിരന്തരം വിളിച്ചു. എന്നാൽ, ഞാൻ ഉറച്ചുതന്നെയായിരുന്നു. ഈ ഐ.പി.എല്ലിനുശേഷം വീട്ടിലേക്കു മടങ്ങുകയാണ്. എന്റെ കോച്ചായ സഞ്ജയ് സാർ മധ്യപ്രദേശ് ടീമിലേക്ക് എന്റെ പേര് നിർദേശിച്ചിട്ടുണ്ട്. പട്ടികയിൽ എന്റെ പേര് കാണാനായതിൽ ഏറെ ആശ്വാസമുണ്ട്.''-കഴിഞ്ഞ ഐ.പി.എല്ലിന്റെ അവസാനത്തിൽ ദേശീയ മാധ്യമമായ 'ദൈനിക് ജാഗരണി'നു നൽകിയ അഭിമുഖത്തിൽ കുമാർ കാർത്തികേയ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

ഐ.പി.എല്ലും രഞ്ജി ട്രോഫിയും കഴിഞ്ഞ് ഏറെനാളുകൾക്കു ശേഷമാണ് ഒടുവിൽ കാർത്തികേയ വീട്ടിൽ തിരിച്ചെത്തിയത്. ആ വൈകാരിക നിമിഷം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മുംബൈ ഇന്ത്യൻസും ഈ ധന്യമുഹൂർത്തം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പുറത്തുവിട്ടിട്ടുണ്ട്. ഇതാണ് യഥാർത്ഥ വീട്ടിലേക്കുള്ള മടക്കം എന്ന അടിക്കുറിപ്പോടെയാണ് കാർത്തികേയയുടെയും അമ്മയുടെയും ചിത്രം മുംബൈ ഇന്ത്യൻസ് പങ്കുവച്ചത്.

Summary: Mumbai Indians' star Kumar Kartikeya meets his family after 9 years and 3 months

TAGS :

Next Story