Quantcast

വാങ്കഡെയിൽ സൂര്യാട്ടം, സെഞ്ച്വറി; മുംബൈയ്ക്ക് കൂറ്റൻ സ്‌കോർ

രോഹിത് ശർമ, ഇഷൻ കിഷൻ, ഇൻ ഫോം ബാറ്റർ നേഹൽ വധേര, അരങ്ങേറ്റ ഇന്നിങ്‌സ് ഗംഭീരമാക്കിയ വിഷ്ണു വിനോദ് എന്നിവരെയെല്ലാം കൂടാരം കയറ്റി റാഷിദ് ഖാൻ മത്സരം ഗുജറാത്തിന്റെ വരുതിയിലാക്കുമെന്ന് തോന്നിച്ചെങ്കിലും സൂര്യ ഒറ്റക്കൊമ്പനായി ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-12 17:10:16.0

Published:

12 May 2023 4:05 PM GMT

Mumbai Indians vs Gujarat Titans match live updates, Mumbai Indians vs Gujarat Titans, MI vs GT, Suryakumar Yadav, Mumbai Indians, Gujarat Titans
X

മുംബൈ: വാങ്കഡെയിൽ സംഹാരതാണ്ഡവമായി സൂര്യകുമാർ യാദവ്. റാഷിദ് ഖാന്റെ മികച്ച ബൗളിങ്ങിനെ നിഷ്പ്രഭമാക്കിക്കളഞ്ഞ സെഞ്ച്വറി ഇന്നിങ്‌സിന്റെ കരുത്തിൽ 219 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് മുംബൈ ഗുജറാത്തിനുമുൻപിൽ ഉയർത്തിയത്. 103 റൺസുമായാണ് സൂര്യ മുംബൈ ആക്രമണം ഒറ്റയ്ക്കു നയിച്ചത്. ഐ.പി.എല്‍ കരിയറിലെ കന്നി ശതകമാണ് താരം അടിച്ചെടുത്തത്. നാലു വിക്കറ്റ് നേടിയെങ്കിലും സൂര്യയുടെ തേരോട്ടം പിടിച്ചുകെട്ടാൻ റാഷിദിനുമായില്ല.

സ്വന്തം തട്ടകത്തിൽ നടന്ന നിർണായക മത്സരത്തിൽ മോശം ഫോമിന്റെ പഴിമാറ്റിയായിരുന്നു ഹിറ്റ്മാന്റെ തുടക്കം. പവർപ്ലേയിൽ ഗുജറാത്ത് ബൗളർമാരെ തുടരെ ബൗണ്ടറി കടത്തി ഫോമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമയും ഓപണർ ഇഷൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്കു നൽകിയത്. എന്നാൽ, ഇരുവർക്കുമൊപ്പം ഇൻഫോം ബാറ്ററായ നേഹൽ വധേരയെയും കന്നി ഇന്നിങ്‌സ് ഗംഭീരമാക്കിയ വിഷ്ണു വിനോദിനെയും കൂടാരം കയറ്റി റാഷിദ് ഖാൻ മത്സരം ഗുജറാത്തിന്റെ വരുതിയിലാക്കുമെന്ന് തോന്നിച്ചെങ്കിലും സൂര്യ ഒറ്റക്കൊമ്പനായി ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു.

പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ഇന്ന് മുംബൈയ്ക്ക് ജയം അനിവാര്യമാണ്. ഗുജറാത്തിന് ജയിച്ചാൽ ആദ്യ രണ്ടുറപ്പിക്കാം. ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹർദിക് പാണ്ഡ്യ മുംബൈയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഒരു മാറ്റവുമില്ലാതെയാണ് മുംബൈ ഇന്ന് ഇറങ്ങിയത്. മുംബൈയിൽ ട്രിസ്റ്റൻ സ്റ്റബ്‌സിനു പകരം മലയാളി താരം വിഷ്ണു വിനോദ് ആദ്യ ഇലവനിൽ ഇടംപിടിച്ചു. മുംബൈയ്ക്കായി വിഷ്ണുവിന്റെ അരങ്ങേറ്റമാണിന്ന്.

മോഹിത് ശർമ എറിഞ്ഞ രണ്ടാം ഓവറിലായിരുന്നു രോഹിത് അഴിഞ്ഞാട്ടത്തിനു തുടക്കമിട്ടത്. ഇതേ ഓവറിൽ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും പറത്തി രോഹിത് അടിച്ചെടുത്തത് 14 റൺസായിരുന്നു. ഇതോടെ ആദ്യ ഓവർ ഗംഭീരമായി എറിഞ്ഞ മുഹമ്മദ് ഷമിക്കും നിയന്ത്രണം നഷ്ടമായി. 17 റൺസാണ് മൂന്നാം ഓവറിൽ പിറന്നത്. അഫ്ഗാന്റെ സ്പിൻ ദ്വയമായ റാഷിദ് ഖാനെയും നൂർ അഹ്മദിനെയും ഇറക്കി മുംബൈ ആക്രമണം തടയാനുള്ള പാണ്ഡ്യയുടെ തന്ത്രം ഫലിച്ചില്ല. പവർപ്ലേ അവസാനിക്കുമ്പോൾ 61 റൺസായിരുന്നു മുംബൈ അടിച്ചുകൂട്ടിയത്.

എന്നാൽ, പവർപ്ലേ അവസാനിച്ചതിനു തൊട്ടുപിന്നാലെ മുംബൈയ്ക്ക് റാഷിദ് ഖാന്റെ ഷോക്ക്. മികച്ച ഫോമിൽ നിന്നിരുന്ന രണ്ട് ഓപണർമാരെയും റാഷിദ് ഒരേ ഓവറിൽ കൂടാരം കയറ്റി. സ്ലിപ്പിൽ രാഹുൽ തെവാട്ടിയയ്ക്ക് ക്യാച്ച് നൽകി രോഹിതാണ് ആദ്യം മടങ്ങിയത്. പിന്നാലെ വിക്കറ്റിനുമുന്നിൽ കുരുങ്ങി ഇഷനും മടങ്ങി. രോഹിത് 18 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ഫോറും അടിച്ച് 29 റൺസാണെടുത്തത്. 20 പന്തിൽ ഒരു സിക്‌സും നാല് ഫോറും സഹിതം 31 റൺസായിരുന്നു ഇഷന്റെ സമ്പാദ്യം.

തൊട്ടടുത്ത ഓവറിൽ വീണ്ടും റാഷിദ് ഖാന്റെ പ്രഹരം. ഇത്തവണ ഇൻഫോം ബാറ്റർ നേഹാൽ വധേരയായിരുന്നു താരത്തിന്റെ ഇര. ഏഴു പന്തിൽ 15 റൺസെടുത്ത് വധേരയുടെ സ്റ്റംപ് തെറിപ്പിക്കുകയായിരുന്നു റാഷിദ്.

പിന്നീടങ്ങോട്ട് മലയാളി താരം വിഷ്ണുവുമായി ചേർന്ന് സൂര്യ കളിയുടെ ഗിയർ മാറ്റുകയായിരുന്നു. ഗുജറാത്ത് ബൗളർമാരെ നിലംതൊടാൻ അനുവദിക്കാതെ ബൗണ്ടറിയിലേക്ക് പറത്തി സൂര്യ. അപ്പുറത്ത് തുടക്കക്കാരന്റെ പതർച്ചയില്ലാതെ വിഷ്ണു വിനോദും തകർത്തടിച്ചു. ഇതിനിടെ മോഹിത് ശർമയുടെ ഓഫ് പേസ് പന്തിൽ അഭിനവ് മനോഹർ പിടിച്ച് വിഷ്ണു പുറത്തായി. ആറാമനായെത്തിയ ടിം ഡേവിഡ് വന്ന വഴിക്കു തന്നെ റാഷിദ് പിടിച്ചുപുറത്തായെങ്കിലും സൂര്യ മറുവശത്ത് സംഹാരം തുടർന്നു.

ഒടുവിൽ കാമറോൺ ഗ്രീനിനെ സാക്ഷിനിർത്തി അൽസാരി ജോസഫ് എറിഞ്ഞ അവസാന പന്ത് സിക്‌സർ പറത്തി സൂര്യ സെഞ്ച്വറിയും പിന്നിട്ടു. 49 പന്തിലായിരുന്നു സൂര്യയുടെ സെഞ്ച്വറി. ആറ് സിക്‌സറും 11 ബൗണ്ടറിയും ഇന്നിങ്‌സിനു കൊഴുപ്പേകി.

Summary: Mumbai Indians vs Gujarat Titans match live updates

TAGS :

Next Story