Quantcast

'ഐ.പി.എൽ പണം ഇന്ത്യൻ താരങ്ങളെ അഹങ്കാരികളാക്കി'; കപിൽദേവിന്‍റെ വിമര്‍ശനത്തിനെതിരെ ജഡേജ

എല്ലാം തികഞ്ഞവരാണെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വിചാരമെന്നും തങ്ങൾക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്നാണ് അവർ ചിന്തിക്കുന്നതെന്നും കപില്‍ദേവ് വിമര്‍ശിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    1 Aug 2023 8:28 AM GMT

Ravindra Jadeja responds to Kapil Devs IPL money making players arrogant remark, Ravindra Jadeja against Kapil Dev, Ravindra Jadeja, Kapil Dev
X

രവീന്ദ്ര ജഡേജ, കപില്‍ദേവ്

ബ്രിഡ്ജ്ടൗൺ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരായ മുൻ നായകൻ കപിൽദേവിന്റെ വിമർശനത്തിൽ പ്രതികരിച്ച് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ആരും വെറുതെ ടീമിലെത്തിയവരല്ലെന്നും അവസരം ലഭിക്കുമ്പോഴെല്ലാം ടീമിന്റെ ജയത്തിനായി പൂർണമായി അധ്വാനിക്കുന്നവരാണ് എല്ലാവരുമെന്നും ജഡേജ പറഞ്ഞു. ഐ.പി.എല്ലിൽനിന്നു ലഭിക്കുന്ന വമ്പൻ പണം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ അഹങ്കാരികളാക്കിയിരിക്കുകയാണെന്നും എല്ലാം തികഞ്ഞവരാണെന്നാണ് അവർ ചിന്തിക്കുന്നതെന്നും കപിൽദേവ് വിമർശിച്ചിരുന്നു.

''അദ്ദേഹം എപ്പോഴാണ് ഇതെല്ലാം പറഞ്ഞതെന്ന് അറിയില്ല. സോഷ്യൽ മീഡിയയിൽ ഇങ്ങനെ അധികം തപ്പിക്കൊണ്ടിരിക്കാറില്ല. എല്ലാവർക്കും സ്വന്തമായ അഭിപ്രായമുണ്ടാകും. എല്ലാവരും ആസ്വദിച്ചും അധ്വാനിച്ചുമാണു കളിക്കുന്നത്. വെറുതെ ടീമിൽ ഇടംലഭിച്ചവരല്ല ആരും. അവസരം ലഭിക്കുമ്പോഴെല്ലാം ഇന്ത്യയെ ജയിപ്പിക്കാനായി 100 ശതമാനം പരിശ്രമിക്കുന്നവരാണ് എല്ലാവരും''-ജഡേജ പ്രതികരിച്ചു.

ഇന്ത്യ ഒരു മത്സരം തോറ്റാൽ ഇങ്ങനെ ഓരോ ചോദ്യങ്ങൾ പൊങ്ങിവരുന്നതു പതിവാണെന്നും താരം കുറ്റപ്പെടുത്തി. മികച്ചൊരു താരനിരയാണിത്. നല്ലൊരു സംഘമാണ്. അവരാരും അഹങ്കാരികളല്ല. എല്ലാവരും ഇന്ത്യയെയാണു പ്രതിനിധീകരിക്കുന്നത്. കഠിനാധ്വാനം ചെയ്താണ് ഞങ്ങളെല്ലാം ഇപ്പോൾ രാജ്യത്തിനു വേണ്ടി കളിക്കുന്നത്. ഇവിടെ വ്യക്തിപരമായൊരു അജണ്ടയുമില്ലെന്നും രവീന്ദ്ര ജഡേജ കൂട്ടിച്ചേർത്തു.

ദേശീയ മാധ്യമമായ 'ദി വീക്കി'നു നൽകിയ അഭിമുഖത്തിലാണ് കപിൽദേവ് ഇന്ത്യൻ ടീമിനെതിരെ രൂക്ഷമായ വിമർശനം നടത്തിയത്. പുതിയ താരങ്ങളെല്ലാവർക്കും നല്ല ആത്മവിശ്വാസമുണ്ടെന്നതു നല്ലൊരു കാര്യമാണ്. എന്നാൽ, എല്ലാം തികഞ്ഞവരാണെന്നൊരു ചിന്തയും അവർക്കുണ്ട്. അതു തെറ്റായ കാര്യമാണെന്ന് കപിൽ ചൂണ്ടിക്കാട്ടി. 'തങ്ങൾക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്നാണ് അവർ ചിന്തിക്കുന്നത്. പരിചയസമ്പത്തുള്ളയാൾക്ക് എപ്പോഴും വേണ്ട സഹായങ്ങൾ നൽകാനാകും. അതിന് ആധുനിക ക്രിക്കറ്റ് കളിക്കണമെന്നൊന്നുമില്ല.'-അഭിമുഖത്തിൽ കപിൽദേവ് പറഞ്ഞു.

ഒരുപാട് പണം വരുമ്പോൾ ചിലപ്പോൾ ആളുകൾ അഹങ്കാരികളാകുമെന്നും കപിൽ വിമർശിച്ചു. എല്ലാം അറിയുന്നവരാണെന്നാണ് ഈ താരങ്ങളുടെ വിചാരം. പണമുണ്ടെങ്കിലേ മാറ്റമുണ്ടാകൂ എന്നത് യാഥാർത്ഥ്യമാണ്. പണം എപ്പോഴും നല്ലതാണെന്നു വിചാരിക്കുന്ന ആളാണു ഞാൻ. അതു നമുക്ക് ആത്മവിശ്വാസം തരും. ഇപ്പോൾ താരങ്ങളെ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം ക്രിക്കറ്റ് ബോർഡിനുണ്ട്. താഴേക്കിടയിൽനിന്നു വരുന്നവരാണ് ഇവരെല്ലാം. ഒരുപാട് പണം കിട്ടുമ്പോൾ ചിലപ്പോൾ ആകെ കേടായിപ്പോകും. എല്ലാവർക്കും അതു കൃത്യമായി കൈകാര്യം ചെയ്യാനാകില്ല. അതിന് ഗൈഡൻസ് ആവശ്യമുണ്ട്. താരങ്ങൾക്കു മാർഗനിർദേശം നൽകാനായി ആളുകളെ ക്രിക്കറ്റ് ബോർഡ് കൊണ്ടുവരേണ്ടതുണ്ടെന്നും കപിൽദേവ് കൂട്ടിച്ചേർത്തു.

Summary: Ravindra Jadeja responds to Kapil Dev's 'IPL money making players arrogant' remark

TAGS :

Next Story