Quantcast

'ടീം ഇന്ത്യയില്‍ അവൻ ഇടം അർഹിക്കുന്നു'; സഞ്ജുവിന് വേണ്ടി വാദിച്ച് കോൺഗ്രസ് നേതാവ്

ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല

MediaOne Logo

Web Desk

  • Published:

    28 May 2022 6:43 AM GMT

ടീം ഇന്ത്യയില്‍ അവൻ ഇടം അർഹിക്കുന്നു; സഞ്ജുവിന് വേണ്ടി വാദിച്ച് കോൺഗ്രസ് നേതാവ്
X

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിന്റെ മലയാളി നായകൻ സഞ്ജു വി സാംസൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം അർഹിക്കുന്നതായി പ്രമുഖ കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് സിങ്‌വി. ട്വിറ്ററിലാണ് സിങ്‌വിയുടെ പ്രതികരണം.

'ഓരോ സീസണിലും 350ന് അടുത്ത റൺസ്. 150ന് മുകളിൽ സ്‌ട്രൈക്ക് റേറ്റ്. എന്നിട്ടും ഇന്ത്യൻ ടീമിൽ ഇടമില്ല. എന്റെ അഭിപ്രായത്തിൽ സഞ്ജു വേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ഇഷാന്ത് കിഷനിൽനിന്ന് വ്യത്യസ്തനായി ആസ്ത്രേലിയയിലേക്ക് അദ്ദേഹം അനുയോജ്യനാണ്. റോയൽസ് ക്യാപ്റ്റൻ അതർഹിക്കുന്നുണ്ട്.' - സിങ്‌വി പറഞ്ഞു.


ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരായ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന് ഇടം ലഭിച്ചിരുന്നില്ല. ഫോമിലല്ലാത്ത വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങൾക്ക് ഇടം കിട്ടിയ വേളയിലാണ് സഞ്ജുവിനെ തഴഞ്ഞത്. ഇതിന് പിന്നാലെ, മലയാളി താരം വിവേചനം നേരിടുന്നു എന്നാരോപിച്ച് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയര്‍ന്നിരുന്നു.

സഞ്ജുവിന് ടീമിൽ സ്ഥാനം ലഭിക്കേണ്ടിയിരുന്നു എന്ന് സ്‌പോർട്‌സ് കമന്റേറ്റർ ഹർഷ് ഭോഗ്‌ലയും പ്രതികരിച്ചു. ആസ്ത്രേലിയയ്ക്കെതിരെയുള്ള പരമ്പരയിൽ സഞ്ജു ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഭോഗ്ലെ കൂട്ടിച്ചേർത്തു.



ഇന്ത്യക്കായി 12 ടി 20 മത്സരങ്ങൾ മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. 2015ൽ സിംബാബ്വെക്കെതിരെയായിരുന്നു ആദ്യ മത്സരം. പിന്നീട് അഞ്ചു വർഷത്തിന് ശേഷമാണ് സഞ്ജുവിന് ദേശീയ ജഴ്സി അണിയാനുള്ള ഭാഗ്യമുണ്ടായത്. 2020 ജനുവരിയിൽ ലങ്കയ്ക്കെതിരെ. അതേ വർഷം ഫെബ്രുവരിയിൽ ന്യൂസിലാൻഡിനെതിരെ രണ്ടു കളികളിലും ഡിസംബറിൽ ആസ്ത്രേലിയയ്ക്കെതിരെ മൂന്നു കളിയിലും സഞ്ജുവിറങ്ങി. പിന്നീട് 2021 ജൂലൈയിൽ ലങ്കയ്ക്കെതിരെ മൂന്നു മത്സരങ്ങൾ. കഴിഞ്ഞ ഫെബ്രുവരിയിൽ ലങ്കയ്ക്കെതിരെ ആയിരുന്നു അവസാന അന്താരാഷ്ട്ര ടി 20.

അതിനിടെ, രണ്ടാം പ്ലേ ഓഫിൽ അനായാസ ജയം നേടി രാജസ്ഥാൻ റോയൽസ് ഐപിഎൽ ഫൈനലിലെത്തി. ജോസ് ബട്ലറിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് ടീം അനായാസ ജയം നേടിയത്. ബട്ലർ പുറത്താകാതെ 108 റൺസെടുത്തപ്പോൾ ക്യാപ്റ്റൻ സജ്ഞു സാംസൺ 22 റൺസെടുത്ത് പുറത്തായി. 7 വിക്കറ്റും 11 പന്തും ബാക്കി നിർത്തിയാണ് രാജസ്ഥാൻ ഫൈനലിൽ പ്രവേശിച്ചത്. ബാംഗ്ലൂരിന് വേണ്ടി ജോസ് ഹെയ്സൽവുഡ് രണ്ടും വനിദു ഹസരങ്ക ഒരു വിക്കറ്റും നേടി.

TAGS :

Next Story