Quantcast

സൂര്യയ്ക്ക് ഗോൾഡൻ ഡക്ക് റെക്കോർഡ്; സഞ്ജുവിനായി വീണ്ടും മുറവിളി- ട്വിറ്ററില്‍ ട്രെൻഡിങ്

ആദ്യ ഏകദിനത്തിനു സമാനമായി ഇന്നും മിച്ചൽ സ്റ്റാർക്കിന്റെ പേസിനു കീഴടങ്ങിയാണ് സൂര്യ ഗോൾഡൻ ഡക്കായി പുറത്തായത്

MediaOne Logo

Web Desk

  • Published:

    19 March 2023 2:04 PM GMT

SanjuSamsontwittertrending, SuryakumarYadavgoldenduck
X

വിശാഖപട്ടണം: രണ്ടാം ഏകദിനത്തിൽ ആസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ നാണംകെട്ട തോൽവിക്കു പിന്നാലെ ട്വിറ്ററിൽ വീണ്ടും ട്രെൻഡായി മലയാളി താരം സഞ്ജു സാംസൺ. സൂര്യകുമാർ യാദവ് ഒരിക്കൽകൂടി പരാജയമായ മത്സരത്തിൽ ഇന്ത്യ 117 റൺസിനാണ് ഓൾഔട്ടായത്. ആദ്യ ഏകദിനത്തിനു സമാനമായി ഇന്നും ഗോൾഡൻ ഡക്കായിരുന്നു സൂര്യ.

ഗോൾഡൻ ഡക്കിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് സൂര്യ. രണ്ട് ഡക്കും മിച്ചൽ സ്റ്റാർക്കിനു വിക്കറ്റ് നൽകിയായിരുന്നു എന്ന കൗതുകവുമുണ്ട്. ഇടങ്കയ്യൻ പേസർമാരെ നേരിടാൻ താരം പ്രയാസപ്പെടുന്നുവെന്ന വിമർശനം ഉയരുകയാണ്.

വിശാഖപട്ടണത്തെ സൂര്യയുടെ മോശം പ്രകടനത്തിനു പിന്നാലെയാണ് ഏകദിനത്തിൽ മികച്ച കരിയർ ട്രാക്ക് റെക്കോർഡുള്ള സഞ്ജുവിനെ തിരിച്ചുവിളിക്കാൻ സോഷ്യൽ മീഡിയയിൽ ആരാധകരുടെ മുറവിളി ഉയരുന്നത്. നാലാം നമ്പറിൽ ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതോടെയാണ് സൂര്യയ്ക്ക് അവസരം ലഭിച്ചത്. എന്നാൽ, ശ്രേയസിനു പകരക്കാരനായി മറ്റൊരു താരത്തെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത് സഞ്ജു വരുന്നത് തടയാനുള്ള ബി.സി.സി.ഐ നീക്കമാണെന്നാണ് ആരാധകർ ആരോപിക്കുന്നത്.

ടി20യിൽ ലോക ഒന്നാം നമ്പർ താരമായിരിക്കുമ്പോഴും ഏകദിനത്തിലും ടെസ്റ്റിലും കാര്യമായ പ്രകടനം പുറത്തെടുക്കാൻ സൂര്യയ്ക്ക് ഇതുവരെ ആയിട്ടില്ല. ഏകദിനത്തിൽ സഞ്ജുവിന് സൂര്യയെക്കാളും മികച്ച റെക്കോർഡുമുണ്ട്. 21 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമിട്ട സൂര്യയുടെ സമ്പാദ്യം 433 റൺസാണ്. വെറും 25.47 ആണ് ശരാശരി. രണ്ട് അർധസെഞ്ച്വറികളാണ് പ്രധാന സമ്പാദ്യം.

സൂര്യ അവസാനമായി ഒരു അർധശതകം കണ്ടെത്തുന്നത് ഒരു വർഷംമുൻപാണ്. അവസാന 13 മത്സരങ്ങളിൽ വെറും 166 റൺസാണ് താരത്തിന് നേടാനായത്. ശരാശരി 13.83 ശതമാനം!

എന്നാൽ, വല്ലപ്പോഴും അവസരം ലഭിക്കുന്ന സഞ്ജുവിന്റെ ഏകദിന കരിയർ മികച്ചതാണ്. 11 ഇന്നിങ്‌സിൽ മാത്രം ഇന്ത്യയ്ക്കായി കളിക്കാൻ അവസരം ലഭിച്ച താരം 330 റൺസും അടിച്ചെടുത്തിട്ടുണ്ട്. ശരാശരി 66 ശതമാനവും! രണ്ട് അർധശതകങ്ങളും കൂട്ടത്തിലുണ്ട്. പലപ്പോഴും അഞ്ച്, ആറു നമ്പറുകളിൽ ഫിനിഷർ റോളിലും താരം മികച്ച പ്രകടനമാണ് ടീമിനായി പുറത്തെടുത്തിട്ടുള്ളത്.

*******

വിശാഖപട്ടണത്ത് നടന്ന ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ അഞ്ചുവിക്കറ്റ് നേട്ടത്തിൽ 26 ഓവറിലാണ് ഇന്ത്യൻ ബാറ്റിങ്നിര ഒന്നാകെ കൂടാരം കയറിയത്. ആകെ നേടാനായത് 117 റൺസും. 31 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ്സ്‌കോറർ. മറുപടി ബാറ്റിങ്ങിൽ വെറും 11 ഓവറിൽ ആസ്‌ട്രേലിയ വിജയം അടിച്ചെടുക്കുകയും ചെയ്തു. പത്തു വിക്കറ്റിനാണ് ഓസീസ് ജയം. വെടിക്കെട്ടുമായി ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് അർധസെഞ്ച്വറികൾ അടിച്ചാണ് ട്രാവിസ് ഹെഡും മിച്ചൽ മാർഷും സന്ദർശകരെ അനായാസജയത്തിലേക്ക് നയിച്ചത്.

Summary: Sanju Samson trends in social media after Suryakumar Yadav's failure in ODI contines with second golden duck in a row

TAGS :

Next Story