Quantcast

ലൈംഗിക പീഡനം; ശ്രീലങ്കൻ താരം ധനുഷ്‌ക ഗുണതിലക ആസ്‌ട്രേലിയയിൽ അറസ്റ്റിൽ

ശ്രീലങ്കയുടെ ടി20 ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ധനുഷ്‌ക പരിക്കിനെ തുടർന്ന് ടീമിൽനിന്ന് പുറത്തായെങ്കിലും ആസ്‌ട്രേലിയയിൽ തന്നെ തുടരുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-11-06 05:13:14.0

Published:

6 Nov 2022 5:10 AM GMT

ലൈംഗിക പീഡനം; ശ്രീലങ്കൻ താരം ധനുഷ്‌ക ഗുണതിലക ആസ്‌ട്രേലിയയിൽ അറസ്റ്റിൽ
X

സിഡ്‌നി: ശ്രീലങ്കയുടെ ടി20 ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ധനുഷ്‌ക ഗുണതിലക പീഡനക്കേസിൽ അറസ്റ്റിൽ. സിഡ്‌നി പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ലോകകപ്പിൽനിന്ന് പുറത്തായ ശ്രീലങ്കൻ സംഘം ധനുഷ്‌കയെ കൂട്ടാതെയാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആസ്‌ട്രേലിയൻ പൗരയായ 29കാരിയെയാണ് ധനുഷ്‌ക ലൈംഗികമായി പീഡിപ്പിച്ചത്. റോസ് ബേയിലെ വീട്ടിലെത്തിയായിരുന്നു പീഡനമെന്നാണ് റിപ്പോർട്ട്. ഇന്ന് സിഡ്‌നിയിലെ സസക്‌സ് സ്ട്രീറ്റിലുള്ള ടീം ഹോട്ടലിലെത്തിയാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും ദിവസങ്ങൾക്കുമുൻപ് ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടതാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് വാർത്താകുറിപ്പിൽ പറഞ്ഞു. നമ്പർ കൈമാറിയ ശേഷം പലതവണ ഫോണിൽ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനുശേഷമായിരുന്നു രണ്ടിന് റോസ് ബേയിൽ യുവതിയെ കാണാനെത്തിയത്. ഇവിടെവച്ച് പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്ന് വാർത്താകുറിപ്പിൽ പറയുന്നു.

അറസ്റ്റ് ചെയ്ത ശേഷം ധനുഷ്‌കയെ സിഡ്‌നി സിറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഉഭയസമ്മതമില്ലാതെ ലൈംഗിക പീഡനം നടത്തിയ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിട്ടുണ്ട്.

ശ്രീലങ്കയുടെ ഓപണിങ് ബാറ്ററാണ് ധനുഷ്‌ക. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ചിരുന്നു. പിന്നീട് പരിക്കിനെ തുടർന്ന് പുറത്തായെങ്കിലും ടീമിനൊപ്പം ആസ്‌ട്രേലിയയിൽ തുടരുകയായിരുന്നു. ലോകകപ്പിൽനിന്ന് പുറത്തായ ശ്രീലങ്ക ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന മത്സരത്തിലും തോറ്റു.

Summary: Sri Lankan cricketer Danushka Gunathilaka arrested in Sydney on rape charge

TAGS :

Next Story