ലോകകപ്പിനുശേഷം ടി20 നായകസ്ഥാനമൊഴിയും; പ്രഖ്യാപനവുമായി വിരാട് കോഹ്ലി

ജോലിഭാരത്തെത്തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്ന് താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ സൂചിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2021-09-16 16:21:35.0

Published:

16 Sep 2021 1:09 PM GMT

ലോകകപ്പിനുശേഷം ടി20 നായകസ്ഥാനമൊഴിയും; പ്രഖ്യാപനവുമായി വിരാട് കോഹ്ലി
X

ടി20 നായകസ്ഥാനത്തുനിന്നു മാറാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോകകപ്പിനുശേഷമാണ് സ്ഥാനത്തുനിന്നു മാറുന്നത്. കോഹ്ലി തന്നെ സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജോലിഭാരത്തെത്തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്നാണ് താരം ഇന്‍സ്റ്റഗ്രാം കുറിപ്പിൽ അറിയിച്ചത്. പരിശീലകൻ രവിശാസ്ത്രി, ബിസിസിഐ നേതാക്കള്‍, സെലക്ടര്‍മാര്‍ അടക്കമുള്ളവരുമായി ചർച്ച ചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് കോഹ്ലി പറഞ്ഞു. അതേസമയം, ടെസ്റ്റിലും ഏകദിനത്തിലും നായകനായിത്തന്നെ തുടരും.

ഇത്തരമൊരു തീരുമാനത്തിലെത്താൻ ഏറെ സമയമെടുത്തു. അടുത്ത ആളുകളുമായും രവി ശാസ്ത്രിയുമായും ടീം നായകസംഘത്തിലെ പ്രധാനിയായ രോഹിതുമായുമെല്ലാം ചർച്ച ചെയ്ത ശേഷമാണ് ഒക്ടോബറിൽ ദുബൈയിൽ നടക്കുന്ന ടി20 ലോകകപ്പിനുശേഷം നായകസ്ഥാനമൊഴിയാൻ തീരുമാനിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് സൗരവ് ഗാംഗുലി, സെലക്ടർമാർ എന്നിവരുമായെല്ലാം ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എന്‍റെ കഴിവിന്റെ പരമാവധി ഇന്ത്യൻ ടീമിന്റെയും ഇന്ത്യൻ ക്രിക്കറ്റിന്റെയും സേവനത്തിൽ തുടരും-കോഹ്ലി ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി നയം ഉടന്‍ നടപ്പാക്കുമെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. കോഹ്ലിയെ ടെസ്റ്റ് നായകസ്ഥാനത്ത് നിലനിര്‍ത്തി ഏകദിന, ടി20 ക്യാപ്റ്റന്‍സി രോഹിത് ശര്‍മയെ ഏല്‍പിക്കണമെന്ന് പ്രമുഖ കളി വിദഗ്ധരും മുന്‍താരങ്ങളും ആവശ്യമുയര്‍ത്തുകയും ചെയ്തിരുന്നു. ഇതോടെ കോഹ്ലി ഏകദിന, ടി20 ക്യാപ്റ്റന്‍സി ഒഴിയുന്നതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍, വാര്‍ത്തകള്‍ ബിസിസിഐ നിഷേധിച്ചിരുന്നു. ക്യാപ്റ്റന്‍സി മാറ്റത്തിനുള്ള നീക്കം നേരിട്ട് തള്ളിക്കളയാതെയായിരുന്നു ബിസിസിഐയുടെ പ്രതികരണം.

TAGS :

Next Story