Quantcast

ഉത്തേജക പരിശോധനയിൽ വിരാട് കോഹ്ലി ഉൾപ്പെടെ 12 ക്രിക്കറ്റ് താരങ്ങളെ തൊടാതെ ഏജൻസി; റിപ്പോർട്ട് പുറത്ത്

1,717 അത്‌ലറ്റിക്‌സ് താരങ്ങൾ 2021നും 2022നും ഇടയിൽ ഉത്തേജക പരിശോധനയ്ക്കു വിധേയരായപ്പോഴാണ് 'ഗ്ലാമർ' പരിവേഷമുള്ള ക്രിക്കറ്റ് താരങ്ങളിലേക്ക് ഏജൻസിയുടെ കണ്ണ് തിരിയാത്തത്

MediaOne Logo

Web Desk

  • Updated:

    2023-07-20 12:04:07.0

Published:

20 July 2023 11:58 AM GMT

Kohli and Hardik Pandya tested zero times by the anti-doping agency, Virat Kohli and Hardik Pandya tested zero times by the anti-doping agency, National Anti-Doping Agency, Indian cricketers in in anti-doping test, BCCI, Rohit Sharma
X

വിരാട് കോഹ്ലിയും ഹര്‍ദിക് പാണ്ഡ്യയും

ന്യൂഡൽഹി: വിരാട് കോഹ്ലി ഉൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റിലെ നിരവധി താരങ്ങൾക്ക് ഉത്തേജക പരിശോധന നടത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. ലോക ഉത്തക വിരുദ്ധ സമിതിയാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. വിരാട് കോഹ്ലിക്കു പുറമെ ഹർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരെല്ലാം ഒരു തവണ പോലും പരിശോധനയ്ക്കു വിധേയരാകാത്ത താരങ്ങളുടെ കൂട്ടത്തിലുണ്ട്.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ ലഭിച്ച ഗൗരവമേറിയ വിവരങ്ങളാണ് ദേശീയ മാധ്യമമായ 'ദ ഇന്ത്യൻ എക്‌സ്പ്രസ്' പുറത്തുവിട്ടിരിക്കുന്നത്. 2019 ആഗസ്റ്റ് മുതൽ കേന്ദ്ര സർക്കാർ ക്രിക്കറ്റിനെയും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക്(നാഷനൽ ആന്റി ഡോപിങ് ഏജൻസി-നാഡ) കീഴിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2021 മുതൽ 2022 വരെയുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജക പരിശോധനാ വിവരങ്ങൾ മാധ്യമം തേടിയത്.

ഈ കാലയളവിൽ 5,961 പരിശോധനകളാണ് 'നാഡ' നടത്തിയത്. ഇതിൽ 114 ക്രിക്കറ്റ് താരങ്ങൾ മാത്രമാണുള്ളത്. അതേസമയം, 1,717 അത്‌ലറ്റിക്‌സ് താരങ്ങൾ പരിശോധനയ്ക്കു വിധേയരായിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമയാണ് കൂടുതൽ പരിശോധനയ്ക്കു വിധേയനായത്; ആറു തവണ. മുംബൈ, അഹ്മദാബാദ്, ചെന്നൈ, യു.എ.ഇ എന്നിവിടങ്ങളിലെല്ലാം രോഹിതിനെ സംഘം പരിശോധിച്ചു. ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ചേതേശ്വർ പുജാര ഉൾപ്പെടെ ഏഴു താരങ്ങൾ ഒറ്റ തവണ മാത്രം പരിശോധനയ്ക്കു വിധേയരായി.

ബി.സി.സി.ഐ കരാറുള്ള 25 പുരുഷതാരങ്ങളിൽ 12 പേർക്ക് പരിശോധനയേ നടന്നിട്ടില്ല. ഇതിൽ വിരാട് കോഹ്ലി തന്നെയാണ് പ്രമുഖൻ. ഹർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ഷർദുൽ താക്കൂർ, അർശ്ദീപ് സിങ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, സഞ്ജു സാംസൺ, ശ്രീകാർ ഭരത്, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ഈ താരങ്ങൾ.

എന്നാൽ, വനിതാ താരങ്ങളിൽ കരാറുള്ള എല്ലാ താരങ്ങളും ഒരു തവണയെങ്കിലും പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. കൂട്ടത്തിൽ മുന്നിലുള്ളത് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സ്മൃതി മന്ഥാനയുമാണ്. രണ്ടുപേർക്കും മൂന്നു തവണ പരിശോധന നടന്നു.

അതേസമയം, താരങ്ങളുടെ ഭാഗത്തുനിന്നുള്ള വീഴ്ചയോ നിയമലംഘനമോ അല്ല ഉത്തേജക പരിശോധനയിൽനിന്നു രക്ഷപ്പെടാൻ കാരണമെന്നാണ് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. പകരം, താരങ്ങളെ കൃത്യമായി പരിശോധന നടത്തി നിയമലംഘനം കണ്ടെത്തുന്ന കാര്യത്തിൽ നാഡയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ലോക ഉത്തേജക വിരുദ്ധ സമിതി അടിവരയിടുന്നു. അത്‌ലെറ്റിക്‌സ് താരങ്ങൾക്കിടയിൽ നിരന്തരം പരിശോധന നടക്കുമ്പോൾ ക്രിക്കറ്റ് താരങ്ങളെ കാര്യമായി തൊടാൻ പോലും ഏജൻസി ശ്രമിക്കുന്നില്ലെന്നും കണ്ടെത്തലുണ്ട്.

Summary: 12 Indian cricketers including Virat Kohli and Hardik Pandya tested zero times by the national anti-doping agency, while captain Rohit Sharma tested 6 times

TAGS :

Next Story