'കുഞ്ഞിനെ കൊന്നത് കഴുത്ത് ഞെരിച്ച്'; കണ്ണൂരിൽ അമ്മ കസ്റ്റഡിയിൽ
കുട്ടിയുടെ മരണത്തിന് പിന്നാലെ പിതാവ് തന്നെ സംഭവത്തില്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു

ഇന്ന് ഉച്ചയ്ക്കാണ് കണ്ണൂരിലെ ചാലാട്ടിൽ രാജേഷ്-വാഹിദ ദമ്പതികളുടെ മകൾ ഒൻപതുവയസുകാരി അവന്തികയെ അവശനിലയിൽ കണ്ടെത്തിയത്. പുറത്തുപോയി വീട്ടില്‍ തിരിച്ചെത്തിയപ്പോൾ പിതാവ് രാജേഷാണ് കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണത്തിന് പിന്നാലെ തന്നെ പിതാവ് സംഭവത്തില്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചിരുന്നു. മാതാവ് തന്നെയായിരിക്കും സംഭവത്തിനു പിന്നിലെന്നാണ് രാജേഷ് പൊലീസിന് മൊഴിനൽകിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാഹിദ കുട്ടിയെ മർദിക്കുകയും കുട്ടിയുമായി വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് സംശയത്തിലേക്ക് നയിച്ചത്.
പിന്നാലെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അമ്മയെ ചോദ്യം ചെയ്തു. ആദ്യഘട്ടത്തിൽ ചോദ്യംചെയ്യലുമായി സഹകരിക്കാതിരുന്ന അമ്മ ഒടുവിൽ, താനാണ് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് സമ്മതിച്ചു- പൊലീസ് പറഞ്ഞു.
കുടക് സ്വദേശികളാണ് രാജേഷും വാഹിദയും. കുഞ്ഞ് മരിക്കുന്നതിനുമുൻപ് മാതാപിതാക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോയാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇവർക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നുവെന്നും ഇതിന് മരുന്നുകഴിച്ചുവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Adjust Story Font
16

