Quantcast

രക്ഷകനായി പവല്‍; ആവേശപ്പോരില്‍ കൊല്‍ക്കത്തയെ നാല് വിക്കറ്റിന് കീഴടക്കി ഡല്‍ഹി

ചെറിയ സ്കോറിന് കൊല്‍ക്കത്തയെ ഒതുക്കിയതിന്‍റെ ആത്മവിശ്വാസത്തില്‍ ബാറ്റിങിനിറങ്ങിയ ഡല്‍ഹിയെ അതേ നാണയത്തില്‍ അയ്യരും കൂട്ടരും വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്.

MediaOne Logo

Web Desk

  • Updated:

    2022-04-28 18:05:37.0

Published:

28 April 2022 4:17 PM GMT

രക്ഷകനായി പവല്‍; ആവേശപ്പോരില്‍ കൊല്‍ക്കത്തയെ നാല് വിക്കറ്റിന് കീഴടക്കി ഡല്‍ഹി
X

തുടര്‍ച്ചയായ മൂന്ന് തോല്‍വിക്കു പിന്നാലെ ആശ്വാസ ജയം തേടിയിറങ്ങിയ കൊല്‍ക്കത്തക്ക് വീണ്ടും പിഴച്ചു. ജയസാധ്യത മാറിമറിഞ്ഞ മത്സരത്തില്‍ ഡല്‍‌ഹിക്ക് നാല് വിക്കറ്റിന്‍റെ ആവേശ ജയം. ചെറിയ സ്കോറിന് കൊല്‍ക്കത്തയെ ഒതുക്കിയതിന്‍റെ ആത്മവിശ്വാസത്തില്‍ ബാറ്റിങിനിറങ്ങിയ ഡല്‍ഹിയെ അതേ നാണയത്തില്‍ വിറപ്പിച്ച ശേഷമാണ് അയ്യരും കൂട്ടരും കീഴടങ്ങിയത്.

147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് ഇന്നിങ്സിന്‍റെ ആദ്യ പന്തില്‍ തന്നെ അവരുടെ ഓപ്പണറെ നഷ്ടമായി. പൃഥ്വി ഷായെ റിട്ടേണ്‍ ക്യാച്ചിലൂടെ ഉമേഷ് യാദവാണ് പിടികൂടിയത്. പിന്നാലെ രണ്ടാം ഓവറിലും വിക്കറ്റ് വീണു. 13 റണ്‍സോടെ മിച്ചല്‍ മാര്‍ഷാണ് കൂടാരം കയറിയത്. പിന്നീട് ശ്രദ്ധിച്ച് ബാറ്റ് വീശിയ ഡല്‍ഹി വിക്കറ്റുപോകാതെ 80 റണ്‍സ് വരെയെത്തി. അപ്പോഴേക്കും വിജയപ്രതീക്ഷയിലെത്തിക്കഴിഞ്ഞിരുന്നു ഡല്‍ഹി. എന്നാല്‍ വാര്‍ണറെ വിക്കറ്റാക്കി ഉമേഷ് യാദവ് വീണ്ടും കൊല്‍ക്കത്ത് ബ്രേക് ത്രൂ നല്‍കുന്നു. 26 പന്തില്‍ 42 റണ്‍സ് നേടി മികച്ച ഫോമില്‍ ബാറ്റുവീശവേയാണ് വാര്‍ണര്‍ മടങ്ങിയത്. മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൊല്‍ക്കത്തക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. ലളിത് യാദവും ക്യാപ്റ്റന്‍ ഋഷഭ് പന്തുമാണ് തുടരെ പുറത്തായത്. കൊല്‍ക്കത്ത 84 ന് അഞ്ച് വിക്കറ്റെന്ന നിലയില്‍ തകരുന്ന കാഴ്ച.

പിന്നീടൊത്തുചേര്‍ന്ന പവലും അക്സര്‍ പട്ടേലും ചേര്‍ന്ന് ടീമിനെ രക്ഷിക്കുമെന്ന് തോന്നിയെങ്കിലും പകുതി വഴിയില്‍ അക്സര്‍ വീണു. എന്നാല്‍ കൂടുതല്‍ നഷ്ടം വരുത്താതെ പവല്‍ ഡല്‍ഹിയെ വിജയതീരത്തെത്തിച്ചു. 16 പന്തില്‍ 33 റണ്‍സെടുത്ത പവലാണ് ടീമിന്‍റെ വിജയശില്‍പി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ഡല്‍ഹിക്കെതിരെ ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയെ കാത്തിരുന്നത് കൂട്ടത്തകര്‍ച്ചയായിരുന്നു. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാനായാത്.

ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത പന്തിന്‍റെ തീരുമനാനം ശരിയായിരുന്നെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഡല്‍ഹി ബൌളര്‍മാര്‍ കാഴ്ചവെച്ചത്. ഒട്ടും സുഖകരമായിരുന്നില്ല കൊല്‍ക്കത്തയുടെ തുടക്കം. കളിയുടെ ആദ്യ ഓവറുകളി‍ല്‍ തന്നെ കൊല്‍ക്കത്തക്ക് പ്രഹരമേറ്റു. രണ്ടാം ഓവറില്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ അവര്‍ക്ക് നഷ്ട്പ്പെട്ടു. സ്കോര്‍കാര്‍ഡില്‍ 22 റണ്‍സെത്തിയപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടമായി. ആറ് റണ്‍സെടുത്ത വെങ്കടേഷ് അയ്യരും മടങ്ങിയതോടെ കൊല്‍ക്കത്ത പരുങ്ങലിലായി. എട്ടാം ഓവറില്‍ കുല്‍ദീപ് യാദവ് കൊല്‍ക്കത്തക്ക് കൂടുതല്‍ നാശം വിതച്ചു. തുടരെ രണ്ടു വിക്കറ്റുകളാണ് കുല്‍ദീപ് ആ ഓവറില്‍ വീഴ്ത്തിയത്.

പിന്നീടൊത്തുചേര്‍ന്ന ശ്രേയസ് അയ്യരും നിതീഷ് റാണയും ചേര്‍ന്ന് കൊല്‍ക്കത്തയുടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് ടീമിനെ കരകയറ്റുമെന്ന് തോന്നിച്ചപ്പോള്‍ വീണ്ടും കുല്‍ദീപ് യാദവെത്തി. തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി. 42 റണ്‍സെടുത്ത ശ്രേയസ് അയ്യരും റണ്‍സൊന്നുമെടുക്കാതെ ആന്ദ്രെ റസലും കൂടാരം കയറി. 15 ഓവറില്‍ 89 റണ്‍സിന് ആറെന്ന നിലയിലേക്ക് കൊല്‍ക്കത്ത കൂപ്പുകുത്തി.

ഒരറ്റത്ത് രക്ഷകനായി നിതീഷ് റാണ നിലയുറപ്പിച്ചതോടെ കൊല്‍ക്കത്തയുടെ സ്കോര്‍ കാര്‍ഡ‍് വീണ്ടും ചലിച്ച് തുടങ്ങി. റാണക്ക് എട്ടാമനായി ഇറങ്ങിയ റിങ്കുവും പിന്തുണ നല്‍കിയതോടെ വലിയ പരിക്കില്ലാതെ അവസാന ഓവറുകള്‍ കൊല്‍ക്കത്തയുടെ വരുതിയിലായെന്ന് കരുതി. പക്ഷേ അവസാന ഓവറെറിയാനെത്തിയ മുസ്തഫിസുര്‍ കൊല്‍ക്കത്തെയെ വീണ്ടും നിരാശയിലേക്ക് തള്ളിയിട്ടു. 150 കടക്കേണ്ട കൊല്‍ക്കത്തയെ പിടിച്ചുകെട്ടിയ മുസ്തഫിസുര്‍ അവസാന ഓവറില്‍ നിതീഷ് റാണയുടെയും റിങ്കുവിന്‍റെയും ഉള്‍പ്പടെ മൂന്ന് വിക്കറ്റാണ് പിഴുതത്.

നാല് വിക്കറ്റോടെ കുല്‍ദീപ് സെന്നും മൂന്ന് വിക്കറ്റോടെ മുസ്തഫിസുറും ഡല്‍ഹിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കൊല്‍ക്കത്തക്കായി രണ്ടക്കം കടന്നത് മൂന്ന് പേര്‍ മാത്രമാണ്. 57 റണ്‍സെടുത്ത നിതീഷ് റാണ ടോപ് സ്കോററായപ്പോള്‍ 42 റണ്‍സുമായി ശ്രേയസ് അയ്യരും 23 റണ്‍സുമായി റിങ്കുവും മാത്രമാണ് കൊല്‍ക്കത്തന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്.



TAGS :

Next Story