Quantcast

ദിശ രവിയുടെ അഭിഭാഷകൻ കോടതിയിൽ മനഃപൂർവം ഹാജരായില്ല: ഡൽഹി പൊലീസിന്റെ വിശദീകരണം

മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപിച്ച് നിയമവിദഗ്ധർ രംഗത്തെത്തിയിരുന്നു

MediaOne Logo

  • Published:

    15 Feb 2021 4:43 PM IST

ദിശ രവിയുടെ അഭിഭാഷകൻ കോടതിയിൽ മനഃപൂർവം ഹാജരായില്ല: ഡൽഹി പൊലീസിന്റെ വിശദീകരണം
X

ഡൽഹി പൊലീസ് അറസ്റ്റുചെയ്ത പരിസ്ഥിതി പ്രവർത്തക ദിശ രവിയെ കസ്റ്റഡിയിൽ വിട്ടതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി ഡൽഹി പൊലീസ്. കർഷക സമരത്തെ പിന്തുണച്ചുളള ' ടൂൾകിറ്റ് ' സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്.

നിരോധിത സംഘടനയായ ഖലിസ്ഥാന്‍ അനുകൂല കൂട്ടായ്മകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ ശത്രുതയുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ദിശ രവിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിൽ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപിച്ച് നിയമവിദഗ്ധർ രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഡൽഹി പോലീസിന്റെ വിശദീകരണം. ദിശ രവിയെ പട്യാല കോടതിയിലെത്തിച്ച സമയം അവരുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായില്ലെന്ന് ഡൽഹി പൊലീസ് പറയുന്നു. അഞ്ചുദിവസത്തേക്കാണ് ദിശയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

അഭിഭാഷകൻ ഹാജരാകാതിരുന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. അഭിഭാഷകർ ഹാജരാകാത്തതു കൊണ്ടാണ് കോടതി ദിശയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ദിശയെ ഡൽഹി പൊലീസ് സൈബർ സെല്ലിന്റെ കസ്റ്റഡിയിൽ വിട്ടതിനുശേഷമാണ് അഭിഭാഷകർ കോടതിയിലെത്തിയതെന്നും ഡൽഹി പൊലീസ് വ്യക്തമാക്കുന്നു. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന് ആരോപിച്ചായിരുന്നു നിയമവിദഗ്ധർ രംഗത്തെത്തിയത്. അഭിഭാഷകർ ഹാജരാകാത്ത സാഹചര്യത്തിൽ ജുഡിഷ്യൽ കസ്റ്റഡിക്ക് പകരം പൊലീസ് കസ്റ്റഡിയിൽ വിട്ട മജിസ്‌ട്രേറ്റിന്റെ നടപടി തെറ്റാണെന്നും മുതിർന്ന അഭിഭാഷക റബേക്ക ജോൺ പറഞ്ഞു. ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത ദിശയെ ട്രാൻസിറ്റ് റിമാൻഡ് ഇല്ലാതെ ഡൽഹിയിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്നും റബേക്ക ജോൺ ചോദിച്ചു. ഒരു അക്രമത്തിനും ആഹ്വാനം ചെയ്യാത്ത ടൂൾ കിറ്റിന്റെ പേരിലുളള അറസ്റ്റ് നിയമവിരുദ്ധമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ദിശക്കെതിരെ കേസെടുക്കാൻ നേരത്തെയും കേന്ദ്രസർക്കാർ നീക്കം നടത്തിയിരുന്നു. പരിസ്ഥിതി ആഘാത പഠനത്തിന്റെ കരട് വിജ്ഞാപനത്തെ എതിർത്തതിനായിരുന്നു നടപടി. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെ പരാതിയെ തുടർന്നായിരുന്നു നീക്കം. ഡൽഹി സൈബർ സെൽ അയച്ച നോട്ടീസിന്റെ പകർപ്പ് പുറത്ത് വന്നു.

അറസ്റ്റ് ചെയ്ത ദിശയെ അന്വേഷണ സംഘം ഇന്ന് കൂടുതൽ ചോദ്യം ചെയ്യും. കർഷക സമരത്തിനുള്ള ഐക്യദാർഢ്യ പ്രതിഷേധ പരിപാടിയായ ടൂൾകിറ്റ് തയ്യാറാക്കിയത് ആരൊക്കെ എന്നതിൽ ദിശയിൽ നിന്ന് വിവരം തേടും. കേസിലെ ആദ്യ അറസ്റ്റാണിത്. കർഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിത പ്രവർത്തകയായ ഗ്രേറ്റ തുൻബെർഗിന്റെ ട്വീറ്റാണ് കേസിന് കാരണം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ഗ്രേറ്റ ഒരു ടൂൾകിറ്റ് രേഖ ട്വീറ്റ് ചെയ്തിരുന്നു.

ടൂൾ കിറ്റിലെ രണ്ട് വരി എഡിറ്റ് ചെയ്യുക മാത്രമാണ് താൻ ചെയ്തത് എന്നും കർഷക സമരത്തെ പിന്തുണക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും കോടതിയിൽ ദിശ പറഞ്ഞു. 2018 ൽ ആരംഭിച്ച ഫ്രെയ്‌ഡേസ് ഫോർ ഫ്യൂച്ചർ സംഘടനയുടെ സഹസ്ഥാപകയാണ് ദിശ.

TAGS :

Next Story