പ്ലസ് ടുവിൽ ഇനി ഡിജിറ്റൽ മൂല്യനിർണയം; മാറ്റം പ്രഖ്യാപിച്ച് സിബിഎസ്ഇ
പത്താം ക്ലാസ് പരീക്ഷ മൂല്യ നിർണയത്തിന് നിലവിലുള്ള രീതി തുടരും

- Published:
10 Feb 2026 11:39 AM IST

ന്യുഡൽഹി: മൂല്യ നിർണയത്തിൽ സൂതാര്യതയും വേഗതും കാര്യക്ഷമതയും ലക്ഷ്യമിട്ട് പ്ലസ് ടു പരീക്ഷയുടെ മൂല്യനിർണയത്തിന് ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) രീതി നടപ്പാക്കുമെന്ന് സിബിഎസ്ഇ. ഈ വർഷം മുതൽ ഒഎസ്എം നടപ്പാക്കുമെന്നും പത്താം ക്ലാസ് പരീക്ഷ മൂല്യ നിർണത്തിന് നിലവിലെ രീതി പിന്തുടരണമെന്നും കാണിച്ച് സ്കൂൾ അധികൃതർക്ക് സിബിഎസ്ഇ അറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി ഏകദേശം 46 ലക്ഷം വിദ്യാർഥികളാണ് സിബിഎസ്ഇയുടെ പത്താം തരം, പ്ലസ് ടു ബോർഡ് പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 17 ന് ആരംഭിച്ച് ഏപ്രിൽ 10 ന് അവസാനിക്കുന്ന രീതിയിലാണ് ഇത്തവണത്തെ പത്താം തരം പ്ലസ് ടു പരീക്ഷകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. പത്താം ക്ലാസ് പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്താനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിലെ രണ്ടാമത്തെ പരീക്ഷ മെയ് 15 മുതൽ ജൂൺ 1 വരെ നടക്കും. രണ്ട് പരീക്ഷകൾക്കും ഒരേ സിലബസായിരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.
പ്ലസ് ടു ബോർഡ് പരീക്ഷ മൂല്യ നിർണയം ഡിജിറ്റലാവുന്നത് പ്രക്രിയ കൂടുതൽ ലഘൂകരിക്കുമെന്നും പിഴവ് കുറയുമെന്നുമാണ് സിബിഎസ്ഇ വിലയിരുത്തൽ. ഓൺ-സ്‌ക്രീൻ മാർക്കിംഗ് വരുന്നതോടെ മാർക്കുകൾ കൂട്ടി ഇടുന്നതിലെ തെറ്റുകൾ ഒഴിവാക്കാനാവും. കൂടുതൽ എളുപ്പത്തിൽ മൂല്യനിർണയ നടപടികൾ ഏകോപിപ്പിക്കാൻ സാധിക്കുമെന്നും ബോർഡ് കരുതുന്നുണ്ട്. ഡിജിറ്റൽ മൂല്യ നിർണയത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സിബിഎസ്ഇ സ്‌കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മൂല്യനിർണയത്തിനായി പബ്ലിക് സ്റ്റാറ്റിക് ഐപി ഉള്ള കമ്പ്യൂട്ടർ ലാബ്, വിൻഡോസ് 8-ഓ അതിന് മുകളിലോ ഉള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലാപ്‌ടോപ്/ പിസി, അപ്ഡേറ്റ് ചെയ്ത ഇന്റർനെറ്റ് ബ്രൗസറുകൾ, അഡോബ് റീഡർ, കുറഞ്ഞത് 2 എംബിപിഎസ് വേഗതയുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി, തടസ്സമില്ലാത്ത വൈദ്യുതി വിതരണം എന്നിവ ഉറപ്പാക്കണമെന്നാണ് സിബിഎസ്ഇ സ്കൂളുകളെ അറിയിച്ചിരിക്കുന്നത്.
മൂല്യ നിർണയത്തിലെ മാറ്റവുമായി പൊരുത്തപ്പെടാൻ അധ്യപകർക്ക് ആവശ്യമായ പരിശീലനം നൽകും. ഒയാസിസ് ഐഡി ഉള്ള എല്ലാ അധ്യാപകർക്കും ലോഗിൻ ചെയ്യാനും സംവിധാനം പരിചയപ്പെടാനുമുള്ള സൗകര്യമുണ്ടാവും. പരിശീലന പരിപാടികൾ, നിർദ്ദേശങ്ങൾ അടങ്ങിയ വിഡിയോകൾ എന്നിവ പുറത്തിറക്കുകയും സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു കോൾ സെന്റർ സജ്ജമാക്കുകയും ചെയ്യുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16
