Quantcast

നീറ്റ് യുജി പരീക്ഷ ജൂണ്‍ 21ന്; വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല

22 ലക്ഷം വിദ്യാര്‍ഥികള്‍ മെയ് മൂന്നിന് എഴുതിയ പരീക്ഷയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്

MediaOne Logo
നീറ്റ് യുജി പരീക്ഷ ജൂണ്‍ 21ന്; വിദ്യാര്‍ഥികള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല
X

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് പിന്നാലെ റദ്ദാക്കിയ ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് ജൂണ്‍ 21ന് വീണ്ടും നടത്തും. വിദ്യാര്‍ഥികള്‍ പരീക്ഷക്കായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. 22 ലക്ഷം വിദ്യാര്‍ഥികള്‍ മെയ് മൂന്നിന് എഴുതിയ പരീക്ഷയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കിയത്.

നീറ്റ് പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങള്‍ മാത്രമേ ആശ്രയിക്കാവൂവെന്നും അഭ്യൂഹങ്ങള്‍ ഒഴിവാക്കണമെന്നും എന്‍ടിഎ അറിയിച്ചു. പഴയ രജിസ്ട്രേഷന്‍, പരീക്ഷാ കേന്ദ്രങ്ങള്‍, വിദ്യാര്‍ഥികള്‍ നല്‍കിയ വിവരങ്ങള്‍ എന്നിവ നിലനില്‍ക്കുമെന്നും പുതിയ രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നും പരീക്ഷക്ക് അധിക ഫീസ് ഈടാക്കില്ലെന്നും എന്‍ടിഎ നേരത്തെ അറിയിച്ചിരുന്നു.

കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെ നടന്ന സുപ്രധാന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം പരീക്ഷാ നടത്തിപ്പിലെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ജിപിഎസ് ട്രാക്കിങ് ഉള്ള വാഹനങ്ങള്‍, സിസിടിവി നിരീക്ഷണം, ബയോമെട്രിക് വെരിഫിക്കേഷന്‍, പരീക്ഷാ ഹാളുകളില്‍ 5ജി ജാമറുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു പരീക്ഷ നടത്തിയത്.

720 മാര്‍ക്കിന്റെ ചോദ്യങ്ങളില്‍ ഏകദേശം 600 മാര്‍ക്കിന്റെ ചോദ്യങ്ങളും വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിച്ചതായി കണ്ടെത്തുകയായിരുന്നു. നിരവധി ചോദ്യങ്ങളിലെ ഉത്തര ഓപ്ഷനുകളുടെ ക്രമം പോലും സമാനമാണ്. ചോദ്യപേപ്പര്‍ 20,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വിലയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് വിറ്റതായും പറയപ്പെട്ടിരുന്നു.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജസ്ഥാനില്‍ യുവമോര്‍ച്ച നേതാവും സഹോദരനും അറസ്റ്റിലായിട്ടുണ്ട്. യുവമോര്‍ച്ച നേതാവ് ദിനേശ് ബിവാള്‍, സഹോദരന്‍ മാംഗിലാല്‍ ബിവാള്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തതത്. ജയ്പൂരില്‍ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിന്നായി രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്.

TAGS :

Next Story