Quantcast

ഹെഡ്‌ഗെവാർ അകത്ത്, ഗുരുവും പെരിയാറും പുറത്ത്; വിവാദമായി കർണാടക പാഠപുസ്തക പരിഷ്‌കാരം

'ഗുരുവിന്റെ കണ്ണുകളിൽ നോക്കാൻപോലും കെൽപ്പില്ലാത്തവരാണ് ആ മനുഷ്യനെ പാഠപുസ്തകത്തിൽ നിന്ന് മായ്ക്കുന്നത്...' മന്ത്രി ശിവൻകുട്ടി

MediaOne Logo

Web Desk

  • Published:

    19 May 2022 2:01 PM GMT

ഹെഡ്‌ഗെവാർ അകത്ത്, ഗുരുവും പെരിയാറും പുറത്ത്; വിവാദമായി കർണാടക പാഠപുസ്തക പരിഷ്‌കാരം
X

ശ്രീനാരായണ ഗുരു, പെരിയാർ

ബെംഗളുരു: ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗെവാറിനെ ഉൾപ്പെടുത്തിയും സാമൂഹ്യപരിഷ്‌കർത്താക്കളായ ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയും കർണാടകയിലെ പത്താം ക്ലാസ് പാഠപുസ്തകങ്ങൾ. സ്റ്റേറ്റ് സിബലസിലെ പത്താം ക്ലാസ് കന്നട പുസ്തകത്തിൽ ഹെഡ്‌ഗെവാറിന്റെ പ്രസംഗത്തിന്റെ പരിഭാഷ ഉൾപ്പെടുത്തിയതിന്റെ വിവാദം അവസാനിക്കുംമുമ്പാണ് സാമൂഹ്യശാസ്ത്ര പുസ്തകത്തിൽ നിന്ന് ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയിരിക്കുന്നത്.

കർണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സാമൂഹ്യപാഠ പുസ്തകത്തിലെ അഞ്ചാം അധ്യായമായ 'സാമൂഹിക, മത പരിഷ്‌കരണ പ്രസ്ഥാനങ്ങൾ' എന്ന പാഠത്തിലാണ് നിർണായക മാറ്റം. രാജാറാം മോഹൻ റോയ്, സ്വാമി ദയാനന്ദ സരസ്വതി, ആത്മാറാം പാണ്ഡുരംഗ്, ജ്യോതിബാ ഫൂലെ, സർ സയ്യിദ് അഹ്‌മദ് ഖാൻ, രാമകൃഷ്ണ പരമഹംസ, സ്വാമി വിവേകാനന്ദൻ, ആനി ബസന്റ് എന്നിവർ സ്ഥാപിച്ച പ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്ന അധ്യായത്തിൽ, ഇവർക്കൊപ്പം ഉൾപ്പെടുത്തിയിരുന്ന നാരായണ ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കുകയായിരുന്നു.

നേരത്തെ, കന്നട ഭാഷാപുസ്തകത്തിൽ ഹെഡ്‌ഗെവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയതിനെതിരെ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ രംഗത്തുവന്നിരുന്നു. ആർ.എസ്.എസ് സ്ഥാപകന്റെ പ്രസംഗം ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങളുടെ പ്രിന്റിങ് നിർത്തിവെക്കണമെന്നും വിദ്യാഭ്യാസ വിദഗ്ധരുമായും എഴുത്തുകാരുമായും ചർച്ച നടത്തി പുസ്തകം പരിഷ്‌കരിക്കണമെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ സമരപോരാളി ഭഗത് സിങ്ങിന്റെ പ്രസംഗവും പുസ്തത്തിൽ നിന്നൊഴിവാക്കിയതായി വാർത്തയുണ്ടായിരുന്നെങ്കിലും ഇത് നിഷേധിച്ച് കർണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റി പത്രക്കുറിപ്പിറക്കി.

പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണഗുരുവിനെ ഒഴിവാക്കിയതിനെതിരെ കേരള വിദ്യാഭ്യാസ വി. ശിവൻകുട്ടിയും പെരിയാറിനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് ഡി.എം.കെ നേതാവ് ഡോ. ആർ മഹേന്ദ്രനും രംഗത്തുവന്നു.

'ചരിത്രം മായ്ക്കാനും മറയ്ക്കാനും ശ്രമിക്കാം; എന്നാൽ മാറ്റാനാവില്ല... ശ്രീനാരായണ ഗുരുവിന്റെ കണ്ണുകളിൽ നോക്കാൻ പോലും കെൽപ്പില്ലാത്തവരാണ് ആ മഹാമനുഷ്യനെ ടെക്സ്റ്റ് ബുക്കുകളിൽ നിന്ന് മായ്ക്കുന്നത്. പത്താം തരം ടെക്സ്റ്റ് ബുക്കിൽ നിന്ന് ശ്രീനാരായണ ഗുരുവിനെ ബിജെപി ഭരിക്കുന്ന കർണാടക വിദ്യാഭ്യാസ വകുപ്പ് മാറ്റി നിർത്തിയിട്ടുണ്ടെങ്കിൽ അതിനെ ശക്തമായി അപലപിക്കുന്നു. ഇക്കാര്യം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു.' മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഗുരുവിന്റെയും പെരിയാറിന്റെയും സാമൂഹ്യ സമത്വ സന്ദേശങ്ങൾ കേരളത്തിലെയും തമിഴ്‌നാട്ടിലെയും സാമൂഹ്യ, സാമ്പത്തിക മേഖലകളിൽ പ്രതിഫലനങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും സാമൂഹ്യപരിഷ്‌കർത്താക്കളെ അവമതിക്കുന്ന സമൂഹം പുരോഗമിക്കുയോ പരിഷ്‌കരിക്കുകയോ ചെയ്യില്ലെന്നും ആർ മഹേന്ദ്രൻ ട്വീറ്റ് ചെയ്തു.

TAGS :

Next Story