ദ ആക്സിഡെന്‍റല്‍ പ്രൈം മിനിസ്റ്ററുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം
ഗാന്ധി കുടുംബത്തിന്‍റെ ദുര്‍ഭരണം കാണൂ എന്ന തലക്കെട്ടോടെയാണ് സിനിമയുടെ ട്രെയിലര്‍ ബി.ജെ.പി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ, ദ ആക്സിഡെന്‍റല്‍ പ്രൈം മിനിസ്റ്ററുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം. നിലവില്‍ നടക്കുന്നത് ഭരണ പരാജയങ്ങളില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള ബി.ജെ.പി ശ്രമമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ഗാന്ധി കുടുംബത്തിന്‍റെ ദുര്‍ഭരണം കാണൂ എന്ന തലക്കെട്ടോടെയാണ് സിനിമയുടെ ട്രെയിലര്‍ ബി.ജെ.പി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദ ആക്സിഡെന്‍റല്‍ പ്രൈം മിനിസ്റ്ററിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ആരോപണ പ്രത്യാരോപണങ്ങളും ശക്തമായിരിക്കുകയാണ്. എന്നാല്‍ 5 വര്‍ഷം ഭരണം പൂര്‍ത്തിയാക്കിയ ബി.ജെ.പി ഭരണ പരാജയത്തില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയ പ്രതികരിച്ചു.
എ.ഐ.സി.സി ആസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാപന ദിനാഘോഷ ചടങ്ങിനെത്തിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിമര്‍ശനങ്ങളില്‍ പ്രതികരിച്ചില്ല. റിലീസിന് മുമ്പ് കോണ്‍ഗ്രസ് നേതാക്കളെ സിനിമ കാണിക്കണമെന്ന ആവശ്യം മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് നേതാവ് സത്യജിത്ത് താംബെ ഉന്നയിച്ചിട്ടുണ്ട്.
2014ല്‍ പുറത്തിറങ്ങിയ സഞ്ജയ് ബാരുവിന്‍റെ പുസ്തകം ദ ആക്സിഡെന്‍റല്‍ പ്രൈം മിനിസ്റ്ററിനെ ആസ്പദമാക്കി വിജയ് ഗുട്ടയാണ് സിനിമ സംവിധാനം ചെയ്യുന്നത്. മന്‍മോഹന്‍സിങ് എന്ന പ്രധാനമന്ത്രി എന്നതിലേക്കും കോണ്‍ഗ്രസിനകത്തെ രാഷ്ട്രീയ നീക്കങ്ങളിലേക്കും ആഴ്ന്നിറങ്ങുന്നതാണ് സിനിമ. അനുപം ഖേറാണ് മന്‍മോഹന്‍ സിങായി എത്തുന്നത്. ജനുവരി 11നാണ് സിനിമ റിലീസ്.
Adjust Story Font
16

