‘കങ്കണയുടെ ചെയ്തികള്‍ ക്രൂരമാണ്’ രൂക്ഷവിമര്‍ശനങ്ങളുമായി സഹപ്രവര്‍ത്തകര്‍
സിമ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയില്‍ കങ്കണ മാറ്റങ്ങള്‍ വരുത്തിയത് വേദനിപ്പിച്ചുവെന്നും അസ്രാണി പറയുന്നു

നടി കങ്കണ റണോത്തിനെതിരെ സംവിധായകന്‍ കൃഷിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി തിരക്കഥാകൃത്ത് അപൂര്‍വ അസ്രാണിയും രംഗത്ത്. കങ്കണയുടെ ചെയ്തികള്‍ ക്രൂരമാണെന്ന് അസ്രാണി വിമര്‍ശിച്ചു. സിമ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയില്‍ കങ്കണ മാറ്റങ്ങള്‍ വരുത്തിയത് വേദനിപ്പിച്ചുവെന്നും അസ്രാണി പറയുന്നു.
മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി പുറത്തിറങ്ങിയതിന് പിന്നാലെയാണ് കങ്കണക്കെതിരെ ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്നത്. മണികര്‍ണിക സംവിധാനം ചെയ്ത കൃഷ് ആയിരുന്നു പരാതിയുമായി ആദ്യം രംഗത്തെത്തിയത്. മണികര്‍ണിക ആദ്യം സംവിധാനം ചെയ്തത് കൃഷ് ആയിരുന്നു. എന്നാല്‍ അവസാനഘട്ടം എത്തിയപ്പോള്‍ കൃഷ് സിനിമയില്‍ നിന്ന് പിന്‍മാറുകയും കങ്കണ സംവിധാനച്ചുമതല ഏറ്റെടുക്കുകയും ചെയ്തു. വളരെ മോശം രീതിയിലാണ് മണികര്‍ണികയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നടന്നത് എന്ന് സംവിധായകന്‍ കൃഷ് ആരോപിച്ചിരുന്നു.
കൃഷിനെ പിന്തുണച്ചും ഒരാളുടെ കഴിവിനെ മാനിക്കാതിരിക്കുന്നത് ശരിയല്ലെന്നും വിമര്‍ശിച്ച് പൂജ ഭട്ട് ട്വീറ്റ് ചെയ്തു. പൂജയെ അഭിനന്ദിച്ചുള്ള ട്വീറ്റിലാണ് കങ്കണയുടെ സിമ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അപൂര്‍വ അസ്രാണി കൂടുതല്‍ ആരോപണങ്ങള്‍ നടത്തിയത്. ഹന്‍സല്‍ മേത്ത സംവിധാനം ചെയ്ത സിമ്രനില്‍ കങ്കണയായിരുന്നു നായിക. സിനിമക്കായി അപൂര്‍വ അസ്രാണി എഴുതിയ തിരക്കഥയില്‍ കങ്കണ തിരുത്തലുകള്‍ വരുത്തിയെന്നാണ് പരാതി. അതുകൊണ്ടാണ് സിനിമയുടെ ട്രെയിലറില്‍ സംഭാഷണം എഴുതിയത് കങ്കണ എന്ന് ചേര്‍ത്തത്.
കങ്കണയുടെ ചെയ്തികള്‍ ക്രൂരമാണ്. അവര്‍ ആദ്യം ഇരയെന്ന് നടിച്ച് നിങ്ങളുടെ സഹതാപം പിടിച്ചുപറ്റും. അവര്‍ക്ക് വേണ്ടി നിങ്ങള്‍ എല്ലാ ത്യാഗവും ചെയ്യും. അവസാനം നിങ്ങളുടെ ചിത്രത്തില്‍ നിന്ന് അവര്‍ നിങ്ങളെ തൂക്കിയെറിയും. ഇതായിരുന്നു അപുര്‍വയുടെ ആരോപണം. സംവിധായകന്‍ ഹന്‍സല്‍ മേത്ത ഇത് തുറന്നുപറയാത്തതിനെയും അപൂര്‍വ വിമര്‍ശിച്ചു. വളരെ ദുഖമുണ്ടാക്കിയ രണ്ടുവര്‍ഷങ്ങളാണ് കടന്നുപോയതെന്നും അതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഹന്‍സല്‍ മേത്തയുടെ പ്രതികരണം.
വിവാദത്തില്‍ സംവിധായകന്‍ ബിജോയ് നമ്പ്യാരും കങ്കണയെ വിമര്‍ശിച്ചു. സംഭവം വേദനാജനകമാണെന്നും ഇത്തരം ഒരു സാഹചര്യത്തിലൂടെ ആരും കടന്നുപോകരുതെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ബിജോയ് ട്വീറ്റ് ചെയ്തു. ഇത് രണ്ടാം തവണയാണ് കങ്കണക്കെതിരെ ഇത്തരം ആരോപണം ഉയരുന്നത്. അര്‍ഹിക്കുന്നവര്‍ക്കാണ് അംഗീകാരം കൊടുക്കേണ്ടതെന്നും ബിജോയ് നമ്പ്യാര്‍ വിമര്‍ശിച്ചു. കങ്കണ തിരക്കഥകളില്‍ ഇടപെടുന്നുവെന്ന് നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദങ്ങള്‍ക്കിടയിലും ബോകസ് ഓഫീസില്‍ ഭേദപ്പെട്ട പ്രതികരണം നേടുന്നുണ്ട് മണികര്‍ണിക. നാലുദിവസം കൊണ്ട് 47.65 കോടി സിനിമ നേടിക്കഴിഞ്ഞു.
Adjust Story Font
16

