Quantcast

ഇനിയെങ്കിലും എന്നെ ക്യാരക്ടര്‍ റോളുകളിലേക്ക് വിളിക്കുമായിരിക്കും; അബു സലിം

1978ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടന്‍..പൊലീസില്‍ നിന്നും വെള്ളിത്തിരയിലെത്തിയിട്ട് വര്‍ഷം നാല്‍പതിലധികമായി

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2021-07-05 05:37:45.0

Published:

10 Nov 2020 7:56 AM GMT

ഇനിയെങ്കിലും എന്നെ ക്യാരക്ടര്‍ റോളുകളിലേക്ക് വിളിക്കുമായിരിക്കും; അബു സലിം
X

1978ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടന്‍..പൊലീസില്‍ നിന്നും വെള്ളിത്തിരയിലെത്തിയിട്ട് വര്‍ഷം നാല്‍പതിലധികമായി. അന്ന് തൊട്ടിന്നുവരെ നായകന്‍റെ ഇടി വാങ്ങിക്കൂട്ടുകയായിരുന്നു അയാള്‍. ചെറിയ ചെറിയ വേഷങ്ങള്‍...ഒന്നുകില്‍ ഗുണ്ട, അല്ലെങ്കില്‍ നായകന്‍റെ നിഴല്‍. ഇടക്കാലത്ത് അദ്ദേഹം കോമഡി പറഞ്ഞു നാട്ടുകാരെ രസിപ്പിച്ചു. പക്ഷെ അതൊന്നും അയാളിലെ നടനെ പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിവാക്കുന്നതായിരുന്നില്ല. എന്നാല്‍ ഈയിടെ അദ്ദേഹം സിനിമാലോകത്തിന് ഒരു 'ഷോക്ക്' നല്‍കി..ഷോക്ക് എന്ന ഷോര്‍ട്ട് ഫിലിമിലൂടെ...പക്വതയാര്‍ന്ന പ്രകടനം കൊണ്ട് അബു സലിം എന്ന നടന്‍ മലയാളികളെ വിസ്മയിപ്പിച്ചിരിക്കുകയാണ്. പ്രകൃതി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ശരത് ചന്ദ്രന്‍ വയനാട് കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തില്‍ അബു സലിമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷോക്കിനെക്കുറിച്ചും 40 വര്‍ഷം നീണ്ട സിനിമാ ജീവിതത്തെക്കുറിച്ചും അബു സലിം മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

ചെറിയ വേഷങ്ങളാണെങ്കിലും സിനിമയില്‍ നിറഞ്ഞു നിന്ന നടന്‍..എങ്ങിനെയാണ് ഷോര്‍ട്ട്ഫിലിമിലേക്ക് വന്നത്?

ഷോക്കിന്‍റെ പ്രൊഡ്യൂസറായ മുനീര്‍ എന്‍റെ സുഹൃത്താണ്. അദ്ദേഹമാണ് ഇങ്ങിനെയൊരു സബ്ജക്ട് ഉണ്ട്. ചെയ്യണമെന്ന് പറഞ്ഞ് എന്നെ സമീപിച്ചത്. മാത്രമല്ല ഉരുള്‍ പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ സിനിമയൊന്നും എടുത്തിട്ടില്ല. അതാണ് ഈ വിഷയത്തിലേക്ക് എന്നെ ആകര്‍ഷിച്ചത്. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച വയനാട്ടിലെ പുത്തുമല ഭാഗത്താണ് ഷോക്കിന്‍റെ ഭൂരിഭാഗവും ചിത്രീകരിച്ചത്. എന്‍റെ കഴിവിന്‍റെ പരമാവധി ഞാനാ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുവരെ ചെയ്യാത്ത ഒരു റോളായതുകൊണ്ട് അതിനുമുള്ള അവസരം ലഭിച്ചു. പ്രളയത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് പേരക്കുട്ടിയോടൊപ്പം കഴിയുന്ന ഒരാളുടെ ജീവിതമായിരുന്നു ഷോക്കിന്‍റെ പ്രമേയം. പ്രകൃതി ദുരന്തമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റുമായി എല്ലാവരും കൈ കോര്‍ക്കും എന്നാല്‍ ദുരന്തമുണ്ടാകാതിരിക്കാനായി പ്രകൃതിയെ സംരക്ഷിക്കാനാണ് നാം കൈ കോര്‍ക്കേണ്ടതെന്ന സന്ദേശമാണ് ഷോക്ക് നല്‍കുന്നത്.

അബു സലിമിന്‍റെ ഷോക്ക് കണ്ട് ശരിക്കും ഷോക്കായി എന്നാണ് നടന്‍ ദേവന്‍ പറഞ്ഞത്. സിനിമയില്‍ നിന്നും മറ്റാരെങ്കിലും വിളിച്ച് അഭിനന്ദിച്ചിരുന്നോ?

ഒരുപാട് പേര്‍ വിളിച്ചിരുന്നു. മമ്മൂക്ക, ജയസൂര്യ, കലാഭാവന്‍ ഷാജോണ്‍, സംവിധായകന്‍ മാര്‍ത്താണ്ഡ‍ന്‍ തുടങ്ങിയവരൊക്കെ വിളിച്ച് നന്നായി എന്ന് പറഞ്ഞു. ഡബ്ബിംഗ് ചെയ്തതൊക്കെ നന്നായിട്ടുണ്ടെന്നും മോഡുലേഷന്‍ നന്നായിട്ടുണ്ടെന്നും മമ്മൂക്ക പറഞ്ഞു.

രാഹുല്‍ ഗാന്ധിയൊക്കെ ഷോക്കിന് ആശംസകള്‍ നേര്‍ന്നിരുന്നല്ലോ?

ഷോക്കിന്‍റെ ടീസര്‍ ഇറങ്ങിയ സമയത്ത് അദ്ദേഹം വയനാടുണ്ടായിരുന്നു. അപ്പോള്‍ ടീസര്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തിരുന്നു. കണ്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. പ്രളയം പ്രമേയമായ ചിത്രമായതുകൊണ്ട് തന്നെ ഷോക്ക് കാണണമെന്ന് അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പ്രളയത്തിന്‍റെ ദോഷവശങ്ങള്‍ അദ്ദേഹം കണ്ടറിഞ്ഞതു കൂടിയാണല്ലോ. പിന്നീട് ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്‍റെ സ്റ്റാഫിന് അയച്ചുകൊടുത്തിരുന്നു. കണ്ടിട്ടുണ്ടോന്ന് അറിയില്ല. ഇതുവരെ മറുപടിയൊന്നുമുണ്ടായിട്ടില്ല.

രണ്ട് പ്രളയവും വയനാടിനെ തളര്‍ത്തിയിരുന്നു. വയനാട്ടുകാരനായ താങ്കളെ പ്രളയം ഏതെങ്കിലും രീതിയില്‍ ബാധിച്ചിരുന്നോ?

പ്രളയം എന്നെ വ്യക്തിപരമായി ബാധിച്ചിട്ടില്ല. എന്‍റെ വീടിനടുത്ത് നിന്നും 10-16 കിമീ അകലെയാണ് ദുരന്തം സംഭവിച്ചത്. ആ സമയത്ത് ഞാനവിടെയൊക്കെ പോയിരുന്നു. പിന്നെ നമ്മുടെ നാട്ടുകാര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അത് നമ്മളെയും ബാധിക്കുമല്ലോ. ശരിക്കും ഭീകരമായ അവസ്ഥ തന്നെയായിരുന്നു. അവിടെയുള്ള ആളുകള്‍ക്ക് ഇപ്പോഴും അതിന്‍റെ നടുക്കം വിട്ടുമാറിയിട്ടില്ല.

വര്‍ഷങ്ങളായി സിനിമയിലുള്ള ആളാണ് താങ്കള്‍, പൊലീസ് ഉദ്യോഗസ്ഥന്‍, പക്ഷെ സിനിമയിലെത്തുമ്പോള്‍ സ്ഥിരം വില്ലന്‍ വേഷങ്ങള്‍, ഒരേ ഗണത്തിലുള്ള റോളുകള്‍..നിരാശ തോന്നിയിരുന്നോ?

ഒരിക്കലുമില്ല. സിനിമ എന്നു പറഞ്ഞാല്‍ അതാണല്ലോ. ഒരു സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ അതിലെ കഥാപാത്രത്തിന് പറ്റിയ അഭിനേതാക്കളെയാണല്ലോ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടായിരിക്കാം എനിക്ക് വില്ലന്‍ വേഷങ്ങള്‍ തന്നെ ലഭിച്ചത്. കന്നഡ,ഹിന്ദി,തെലുങ്ക് ഭാഷകളിലും വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആദ്യം വില്ലന്‍ വേഷമാണെങ്കിലും പിന്നെ കോമഡി വേഷങ്ങളും ലഭിച്ചുതുടങ്ങിയിരുന്നു. സെന്‍റിമെന്‍റലായിട്ടുള്ള ഒരു റോള്‍ അഭിനയിച്ചു ഫലിപ്പിക്കാനുള്ള അവസരം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷേ ഷോക്കിലൂടെ അത് സാധിച്ചു. സ്ഥിരം വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നതുകൊണ്ട് നിരാശയൊന്നും തോന്നിയിട്ടില്ല. ഏത് റോളുകളാണെങ്കിലും ചെയ്യുന്നതില്‍ മടിയൊന്നുമില്ല. വില്ലനാണെങ്കില്‍ തിയറ്ററുകളിലൊക്കെ അവനെ കൊല്ലടാ എന്നൊക്കെ വിളിച്ചു പറയുന്നതു കേള്‍ക്കുമ്പോള്‍ ആ കഥാപാത്രം വിജയിച്ചു എന്നു കരുതുന്നയാളാണ് ഞാന്‍. അതും അഭിനയമാണ്. യഥാര്‍ത്ഥത്തിലല്ലാത്ത ഒരു സംഭവത്തെയാണ് നമ്മള്‍ അഭിനയിച്ചു കാണിക്കുന്നത്. എല്ലാം അഭിയത്തിന്‍റെ ഓരോ തലങ്ങളാണ്. കോമഡി ചെയ്ത് ആളുകളെ ചിരിപ്പിക്കുക എന്നത് നിസാര സംഭവമല്ല. അമര്‍ അക്ബര്‍ ആന്‍റണി, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്, ജോണി ജോണി എസ് അപ്പാ എന്നീ ചിത്രങ്ങളില്‍ ഞാന്‍ കോമഡി ചെയ്തിരുന്നു.

ഇടി വാങ്ങുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണോ സെന്‍റിമെന്‍റല്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍?

നമ്മള്‍ മനസറിഞ്ഞ് ഒരു കഥാപാത്രത്തിലേക്ക് പ്രവേശിച്ചാല്‍ മാത്രമേ ആ കഥാപാത്രമായി മാറാന്‍ സാധിക്കൂ. ഏത് റോള്‍ ചെയ്താലും അതിന്‍റെതായ ബുദ്ധിമുട്ടുണ്ട്. പിന്നെ കുറെ ചെയ്ത് കഴിഞ്ഞാല്‍ അത് അനായാസമായി മാറും. ഈ ഷോര്‍ട്ട് ഫിലിം കണ്ടിട്ട് ക്യാരക്ടര്‍ റോളുകള്‍ വരുമെന്ന് പ്രതീക്ഷയുണ്ട്. നമുക്കും ഇങ്ങിനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് സംവിധായകര്‍ മനസിലാക്കിയാല്‍ പിന്നെ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തേടിവരുമെന്നാണ് പ്രതീക്ഷ. അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഒമര്‍ ലുലു ചിത്രം പവര്‍ സ്റ്റാറിലും വലിയ പ്രതീക്ഷയുണ്ട്. ഞാനും ബാബു ആന്‍റണിയും ബാബുരാജുമാണ് അതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്ന ആളാണ് താങ്കള്‍. മിസ്റ്റര്‍, കാലിക്കറ്റ്, മിസ്റ്റര്‍ കേരള, മിസ്റ്റര്‍ സൌത്ത് ഇന്ത്യ, മിസ്റ്റര്‍ ഇന്ത്യ തുടങ്ങിയ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ലോക്ഡൌണ്‍ കാലത്തെ ശരീരസംരക്ഷണം എങ്ങിനെയായിരുന്നു?

ലോക്ഡൌണ്‍ കാലം ഫിറ്റ്നസിന് വേണ്ടിയാണ് കൂടുതല്‍ ചെലവഴിച്ചത്. ഞാന്‍ മാത്രമല്ല വീട്ടില്‍ ചെറിയ കുട്ടികള്‍ തൊട്ട് കുടുംബത്തില്‍ എല്ലാവരും എല്ലാവരും ശരീരസംരക്ഷണത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. ഭാര്യയും മരുമകളുമൊക്കെ എയറോബിക് ചെയ്യുന്നുണ്ട്. പ്രതിരോധ ശേഷിക്ക് ഫിറ്റ്നസ് വളരെയധികം അത്യാവശ്യമുള്ള കാലഘട്ടമാണിത്. ഒരു പാട് അസുഖങ്ങളെ പ്രതിരോധിക്കാന്‍ ഫിറ്റ്നസിനെക്കൊണ്ട് സാധിക്കും.

കോവിഡായതിന് ശേഷം വീട്ടിലിരുന്നാണ് വ്യായാമം. രാവിലെ കുറച്ച് നേരം ഷട്ടില്‍ കളിക്കും. ഷൂട്ടിംഗുണ്ടായാലും എത്ര തിരക്കായാല്‍ പോലും വ്യായാമം ചെയ്യാന്‍ മറക്കാറില്ല. ഷൂട്ട് കഴിഞ്ഞ് രാത്രി രണ്ട് മണിക്ക് വന്ന് കിടന്നാലും രാവിലെ 6 മണിക്ക് കളിക്കാന്‍ പോകാറുണ്ട്. അതിനായി സമയം കണ്ടെത്താറുണ്ട്. വ്യായാമം ചെയ്യുന്ന സമയത്ത് ആവശ്യത്തിനുള്ള ഭക്ഷണം കഴിക്കണം. ഭൂരിഭാഗം ആളുകളും ഭക്ഷണം കൂടുതലും വ്യായാമം കുറവും എന്ന രീതിയാണ് പിന്തുടരുന്നത്. പ്രായത്തിന് അനുസരിച്ചുള്ള വ്യായാമം ചെയ്യണം, അത് അധികമാകാനും പാടില്ല. എല്ലാവരും പറയുന്ന ഒരു കാര്യമാണ്. വ്യായാമം ചെയ്യാന്‍ സമയമില്ലെന്ന്. ബാക്കിയെല്ലാത്തിനും സമയമുണ്ട്. എന്നാല്‍ എക്സര്‍സൈസ് ചെയ്യാന്‍ മാത്രം സമയമില്ല. എന്നിട്ട് എന്തെങ്കിലും രോഗം വരുമ്പോള്‍ ആശുപത്രികള്‍ കയറിയിറങ്ങും. ജീവിതശൈലീ രോഗങ്ങള്‍ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താന്‍ എപ്പോഴും ഫിറ്റ്നസില്‍ ശ്രദ്ധിക്കണം.

TAGS :

Next Story