കേരളത്തിൽ ശബരിമല, തമിഴ്നാട്ടിൽ ദീപാവലി; ട്വന്‍റി 20 ക്ലൈമാക്സ് ഷൂട്ട് സമയത്ത് ജയറാം എവിടെയായിരുന്നുവെന്ന് സോഷ്യൽമീഡിയ,ട്രോളുകളിൽ നിറഞ്ഞ് താരം
ട്വന്റി 20യിൽ അവസാന ഭാഗത്ത് ഞാൻ മാത്രം ഉണ്ടാവില്ല

ചെന്നൈ: മലയാളത്തിലെ എക്കാലത്തെയും വലിയ മൾട്ടിസ്റ്റാര്‍ ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത 'ട്വന്‍റി ട്വന്‍റി'. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മോളിവുഡിലെ വലുതും ചെറുതുമായ താരങ്ങളെ അണിനിരന്ന സൂപ്പര്‍ഹിറ്റ് ചിത്രം. ഇപ്പോഴും റിപ്പീറ്റഡ് വാല്യുവുള്ള ചിത്രത്തിന്‍റെ ക്ലൈമാക്സിൽ ജയറാം ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് താരം രണ്ട് വ്യത്യസ്ത അഭിമുഖങ്ങളിൽ നൽകിയ മറുപടിയാണ് ഇപ്പോൾ ട്രോളുകൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്.
മുൻപ് ശബരിമലക്ക് പോയതുകൊണ്ടാണ് താൻ ട്വന്‍റി ട്വന്‍റിയുടെ ക്ലൈമാക്സിൽ ഇല്ലാതിരുന്നതെന്നാണ് ഒരു ഓൺലൈൻ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
അവതാരക: ട്വന്‍റി 20 പടത്തിലെ ക്ലൈമാക്സിൽ സുരേഷ് ഗോപി, ലാലേട്ടൻ എല്ലാവരും കൂടി നടന്നു വരുന്ന ഒരു സീൻ ഉണ്ട്. അപ്പോൾ അതിൽ ജയറാമേട്ടൻ മിസ്സിംഗ് ആണ്. അപ്പോൾ ഞാൻ കേട്ടത്, ജയറാമേട്ടന് അപ്പോൾ ശബരിമലയ്ക്ക് പോകാൻ ഉള്ള തീയതി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു, അതുകൊണ്ട് ഇതിനേക്കാൾ വലുത് അതാണെന്ന് പറഞ്ഞ് പോയതാണെന്നാണ്. അത് ശരിയാണോ ?
ജയറാം : സത്യം! ശരിയാണ്.. ഞങ്ങൾ അഞ്ചു പേരും കൂടി നടന്നുവരുന്ന ഒരു സീൻ കൂടി എടുക്കാം എന്ന് ജോഷി സാർ പറഞ്ഞു, പക്ഷേ അതിന്‍റെ ഷൂട്ട് നീണ്ടുനീണ്ടു പോയി... എനിക്കാണെങ്കിൽ ശബരിമലയ്ക്ക് പോകാനുള്ള തീയതിയും അടുത്തു അപ്പോൾ അഞ്ചു പേര് നടന്നുവരുന്ന സീൻ വേണോ ശബരിമലയ്ക്ക് പോകുന്നതാണോ പ്രധാനം എന്ന് ഞാൻ ആലോചിച്ചപ്പോൾ എനിക്ക് ശബരിമലയാണ് വലുതെന്ന് തോന്നി.
എന്നാൽ ഇതേ ചോദ്യത്തിന് ഒരു തമിഴ് ചാനലിന് നൽകിയ മറുപടിയിലെ വൈരുധ്യമാണ് ചര്‍ച്ചയായത്. " ട്വന്റി 20യിൽ അവസാന ഭാഗത്ത് ഞാൻ മാത്രം ഉണ്ടാവില്ല.. കാരണം അതിന്‍റെ ക്ലൈമാക്സ് ഷൂട്ട് നടക്കുമ്പോൾ ദീപാവലി സമയമായിരുന്നു. ഞങ്ങളുടെ വീട്ടിൽ ദീപാവലി ആഘോഷിക്കാൻ എനിക്ക് ചെന്നൈയിലേക്ക് പോകണമായിരുന്നു."
"അപ്പോൾ ജോഷി സാർ എന്നോട് ചോദിച്ചു, 'നിനക്ക് ദീപാവലിയാണോ വലുത്, അതോ അവസാനം അഞ്ച് പേരും ഒന്നിച്ച് നടന്നു വരുന്ന ഈ ഷോട്ട് ആണോ വലുത്?' എന്ന്.. ഞാൻ കുറച്ചുനേരം ആലോചിച്ചു... എന്നിട്ട് ഞാൻ പറഞ്ഞു, 'സാർ എനിക്ക് ദീപാവലി തന്നെയാണ് പ്രധാനം' എന്ന്.." എന്നായിരുന്നു ജയറാമിന്‍റെ മറുപടി. 20 വർഷങ്ങൾക്ക് ശേഷം ഉർവശിയും ജയറാമും ഒന്നിക്കുന്ന പരിമള ആൻഡ് കോ സിനിമയുടെ പ്രമോഷൻ അഭിമുഖത്തിനിടെയായിരുന്നു ജയറാം ഇങ്ങനെ പറഞ്ഞത്.
ഇതിന് പിന്നാലെ താരത്തിന് ട്രോളോട് ട്രോളായിരുന്നു. ശരിക്കും യഥാര്‍ഥ കാരണം എന്തായിരുന്നു ജയറാമേട്ടാ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇനി ഇന്‍റര്‍വ്യൂ ഹൈദരാബാദിലാണെങ്കിൽ ഉഗാധി ആഘോഷിക്കാൻ പോയി എന്നായിരിക്കും താരം പറയുന്നതെന്നായിരുന്നു ചിലരുടെ പരിഹാസം.
സംഭവത്തിൽ സംവിധായകനും നടനുമായ എം.എ. നിഷാദും പരിഹാസവുമായി പ്രതികരിച്ചു. ജയറാമിന്റെ അഭിമുഖങ്ങൾ പാഠ്യവിഷയമാക്കേണ്ടതാണെന്നും, അദ്ദേഹം വിനയം അഭിനയിക്കുന്നതിൽ വലിയ കഴിവുള്ള ആളാണെന്നും പരിഹസിച്ചായിരുന്നു നിഷാദിന്റെ പ്രതികരണം.
Adjust Story Font
16

