'മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നു',ആരോപണ വിധേയര്‍ മാറിനിൽക്കണം: രവീന്ദ്രൻ
മോഹൻലാൽ മത്സര രംഗത്ത് ഉണ്ടെങ്കിൽ മറ്റാരും മത്സരിക്കാൻ നിൽക്കില്ല

കൊച്ചി: താരസംഘടനയായ അമ്മ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മോഹൻലാൽ മത്സരിക്കാത്തതിൽ പ്രതികരണവുമായി നടൻ രവീന്ദ്രൻ. മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയതെന്നും രവീന്ദ്രൻ പറഞ്ഞു. മോഹൻലാൽ മത്സര രംഗത്ത് ഉണ്ടെങ്കിൽ മറ്റാരും മത്സരിക്കാൻ നിൽക്കില്ല. ആരോപണ വിധേയർ മത്സരിക്കരുതെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു. എഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരണം.
“മോഹൻലാൽ മത്സരിക്കില്ലെന്ന് ജനറൽ ബോഡിയിൽ തന്നെ അറിയിച്ചിരുന്നു. മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് അദ്ദേഹം പഴി കേൾക്കേണ്ടി വരികയാണ്. അത് ന്യായമല്ലാത്തതാണെന്ന് പലർക്കും തോന്നിയിട്ടുണ്ട്. ആരോപണ വിധേയർ തെറ്റുകാരാവണമെന്നില്ല. പക്ഷേ പൊതുമണ്ഡലത്തിൽ അങ്ങനെയുള്ളവർ മാറി നിൽക്കലാണ് അഭികാമ്യം. അത് പിന്നീട് മാധ്യമങ്ങളുൾപ്പെടെ ക്രൂശിക്കും. അങ്ങനെയുള്ളവർ മാറി നിൽക്കണമെന്ന് ഒരുപാട് പേർക്ക് അഭിപ്രായമുണ്ടെന്നും” രവീന്ദ്രൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഘടനയിലേക്കുള്ള പോരാട്ടം കടുക്കുകയാണ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ 74 പേർ പത്രിക സമർപ്പിച്ചു. നടൻ ജഗദീഷ് അടക്കം 6 പേരാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്. ആരോപണ വിധേയർ മത്സരിക്കുന്നതിൽ സംഘടനയ്ക്കുള്ളിൽ രണ്ട് അഭിപ്രായമാണുള്ളത്.
മത്സരരംഗത്തേക്കില്ലെന്ന് മോഹൻലാൽ അറിയിച്ചതിന് പിന്നാലെ 6 പേരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക നൽകിയത്. ജഗദീഷ്, ശ്വേതാ മേനോൻ, രവീന്ദ്രൻ, ദേവൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരാണ് മത്സര രംഗത്തുള്ളവർ. ജോയ് മാത്യു നാമനിർദ്ദേശ പത്രിക സമർപ്പിച്ചെങ്കിലും പേരിലെ പ്രശ്നം കാരണം പത്രിക തള്ളി. യുവാക്കളും സ്ത്രീകളും കൂടുതലായി ഇത്തവണ മത്സര രംഗത്തുണ്ട്. നടൻ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. നടി നവ്യാ നായർ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും അൻസിബ ജോയിൻ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നു.
Adjust Story Font
16

